ഭരണഘടനയുടെ ഉപോദ്ഘാതം ഇങ്ങനെ: ”നമ്മള് ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായി നീതിചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും, വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടന സഭയില്‍ വച്ച് 1949 നവംബറിന്റെ ഈ 26-ാം ദിവസം ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായി തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.”
ഒരു ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ രാജ്യത്തെ പരമാധികാരി ആര് എന്ന ചോദ്യം പലതലങ്ങളില്‍ പലപ്പോഴും ഉയര്‍ന്നുവന്നിട്ടുണ്ട്. ഭരണഘടനയുടെ ആമുഖം പ്രസ്താവിക്കും വിധം നമ്മള് ഇന്ത്യയിലെ ജനങ്ങളാണ് ഈ രാജ്യത്തിലെ പരമാധികാരികള്‍. രാജ്യത്തെ പരമോന്നത നിയമമായ ഭരണഘടന രൂപപ്പെടുത്തുകയും നമുക്കായി നാംതന്നെ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ള ഒരു രാജ്യമാണ് ഇന്ത്യ.
പരമാധികാരം കയ്യാളുന്ന ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികള്‍ അടങ്ങിയ പാര്ലമെന്റിനാണോ പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന നിയമങ്ങളുടെ മേല്‍ ‘ജുഡീഷ്യല്‍ റിവ്യൂ’ നടത്തുന്ന ജുഡീഷ്യറിക്കാണോ യഥാര്‍ത്ഥ പരമാധികാരം എന്നു ചിന്തിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുകയാണ് ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ച സംഭവം.
പ്രസിദ്ധമായ മിനര്‍വാ മില്‍സ് കേസിലൂടെ സുപ്രീം കോടതി ഭരണഘടനയ്ക്കാണ് മേല്‍ക്കോയ്മ എന്ന് അരക്കിട്ടുറപ്പിച്ചിട്ടുള്ളതാണ്. പാര്‍ലമെന്റ് നിര്‍മ്മിക്കുന്ന ഏതു നിയമവും ഭരണഘടനയുടെ അടിസ്ഥാനഘടനയെ (Basic Structure) ലംഘിക്കുന്നതാകരുത് എന്ന് ഗോലക്നാഥ്, കേശവാനന്ദ ഭാരതി പോലുള്ള പല കേസുകളുടെയും വിധിന്യായങ്ങളിലൂടെ പരമോന്നത നീതിപീഠം പറഞ്ഞിട്ടുള്ളതാണ്.
ഭരണഘടനയുടെ അടിസ്ഥാന ഘടന എന്താണ് എന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ജുഡീഷ്യല്‍ അവലോകനം (Judicial Review) എന്ന ജുഡീഷ്യല്‍ ആയുധവും!
സ്വാതന്ത്ര്യത്തിനുശേഷം 1950ല്‍ ഇന്ത്യ ഭരണഘടനയെ സ്വീകരിച്ചു. ഭരണഘടനയുടെ 124-ാം അനുച്ഛേദപ്രകാരം രാജ്യത്ത് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ ഉള്ള ഒരു സുപ്രീം കോടതി ഉണ്ടായിരിക്കണം. ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം മാനിച്ചു മാത്രമേ രാഷ്ട്രപതിക്ക് ജഡ്ജിമാരെ നിയമിക്കാനാവൂ. അങ്ങനെ സ്വതന്ത്ര ഇന്ത്യയില്‍ 1950 മുതല്‍ 1973 വരെ രാഷ്ട്രപതി പരമോന്നത ന്യായാധിപനെയും പരമോന്നത നീതിപീഠത്തിലെ മറ്റു ജഡ്ജിമാരെയും നിയമിച്ചുപോന്നു. 1973 വരെ ഗവണ്മെന്റും സുപ്രീം കോടതിയും തമ്മില്‍ സമവായം ഉണ്ടായിരുന്നു.
1973ല്‍ മൂന്ന് സീനിയര്‍ ജഡ്ജിമാരെ മറികടന്ന് എ.എന്‍ റെയ് (A.N Ray) ചീഫ് ജസ്റ്റിസ് ആയപ്പോള്‍ മുതിര്‍ന്ന ജഡ്ജിമാരില്‍ നിന്ന് മുഖ്യന്യായാധിപനെ തിരഞ്ഞെടുക്കുക എന്ന ചട്ടം ലംഘിക്കപ്പെടുകയുണ്ടായി. 1977ലും ഇത്തരത്തില്‍ മുതിര്‍ന്ന ജഡ്ജിമാരെ മറികടന്ന് ഒരു ചീഫ് ജസ്റ്റിസ് നിയമിതനായപ്പോഴും ചട്ടം ലംഘിക്കപ്പെടുകയുണ്ടായി. നീതിന്യായ വ്യവസ്ഥയും സര്‍ക്കാരും തമ്മിലുള്ള വടംവലിയുടെ തുടക്കം അങ്ങനെ ആരംഭിച്ചു.
1982ലെ എസ്.പി ഗുപ്ത കേസിലൂടെ ജഡ്ജിമാരുടെ നിയമനത്തില്‍ ചീഫ് ജസ്റ്റിസുമായും മറ്റു ജഡ്ജിമാരുമായും സര്‍ക്കാര്‍ കൂടിയാലോചന നടത്തേണ്ടതുണ്ടെങ്കിലും സര്‍ക്കാരിന് സ്വതന്ത്രമായ തീരുമാനം എടുക്കുന്നതിനുള്ള അധികാരം ഉറപ്പിച്ചു. 1993ലെ സുപ്രീം കോര്‍ട്ട് അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന് (SCARA) കേസിലൂടെ പ്രസിഡന്റ് സുപ്രീം കോടതി മുഖ്യന്യായാധിപനും മറ്റു ന്യായാധിപന്മാരുമായി നടത്തുന്ന പര്യാലോചനയ്ക്കുശേഷം ന്യായാധിപന്മാരുടെ ശുപാര്‍ശയ്ക്കു വഴങ്ങുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
അതുതന്നെയാണ് സുപ്രീം കോടതി ഇപ്പോള്‍ കേന്ദ്രത്തെ അനുസ്മരിപ്പിച്ചുകൊണ്ടിരിക്കുന്നത്: കൊളീജിയം നിര്‍ദേശിക്കുന്ന ജഡ്ജിമാരുടെ നിയമനം നടത്താന്‍ കേന്ദ്രത്തിനു ബാധ്യതയുണ്ട് എന്ന കാര്യം.
മുഖ്യന്യായാധിപനും മറ്റു മുതിര്‍ന്ന നാല് ജഡ്ജിമാരും അടങ്ങുന്ന കൊളീജിയത്തിന്റെ അഭിപ്രായം മാനിക്കാന്‍ ഗവണ്മെന്റിനു ബാധ്യതയുണ്ട്. കൊളീജിയത്തിലെ രണ്ട് ജഡ്ജിമാരുടെയെങ്കിലും അഭിപ്രായങ്ങള്‍ എതിരായാല്‍ ശുപാര്‍ശ ഗവണ്മെന്റിന് അയക്കുകയില്ല. കൊളീജിയം കേന്ദ്രത്തിന് ജഡ്ജിമാരാകാനുള്ളവരുടെ പേരുവിവരം ശുപാര്‍ശ ചെയ്യും. കേന്ദ്രവും ചില പേരുകള്‍ ജഡ്ജ് നിയമനത്തിന് ശുപാര്‍ശ ചെയ്യും. എന്നാല്‍ കൊളീജിയം നിര്‍ദേശിക്കുന്ന പട്ടിക കേന്ദ്രം അംഗീകരിക്കുകയാണ് പതിവ്.
ഒരുവട്ടം നിരസിച്ചാലും രണ്ടാമത്തെ വട്ടം കൊളീജിയത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിക്കും. കൊളീജിയത്തിന്റെ പ്രവര്‍ത്തനം സുതാര്യമല്ല എന്നുള്ള ഒരു വിമര്‍ശനത്തിന്റെ പേരില്‍ 2014ല്‍ 99-ാമത് ഭരണഘടന ഭേദഗതി നിയമം നിലവില്‍ വന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിന് കൊളീജിയത്തിന്റെ സ്ഥാനത്ത് സുതാര്യമായ ഒരു നാഷണല്‍ ജുഡീഷ്യല്‍ കമ്മീഷന് (NJAC) രൂപപ്പെടുകയുണ്ടായി. എന്നാല്‍ എന്‍ജെഎസി ഭരണഘടനാ വിരുദ്ധമായി വ്യാഖ്യാനിക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്തു. ജുഡീഷ്യല്‍ അവലോകനത്തിന്റെ – ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ മറ്റൊരു മുഖം!
പരമാധികാരിയായ പൗരന്റെ ചോദ്യം:
വക്കീലന്മാരായ സൗരഭ് കൃപാല്‍, സോമശേഖര്‍ സുന്ദരേശന്, ആര്. ജോണ്‍ സത്യന് എന്നിവരെ ജഡ്ജിമാര്‍ ആക്കാന്‍ കൊളീജിയം നല്കിയ ശുപാര്‍ശകള്‍ എന്തിനാണ് കേന്ദ്രം തള്ളിയത്?
സൗരഭ് സ്വവര്ഗ്ഗസ്നേഹിയായതും സ്വിസ് പൗരനെ ജീവിതപങ്കാളിയാക്കിയതും ആണോ ഹൈക്കോടതി ജഡ്ജി ആവാന്‍ അദ്ദേഹത്തെ അയോഗ്യനാക്കിയത്? എല്‍ജിബിടിക്യു വ്യക്തികളുടെ അവകാശങ്ങള്‍ സംസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഈ ആധുനികയുഗത്തിലും കേന്ദ്രം അയോഗ്യതയായി ഗണിക്കുന്നുവോ?
സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ജഡ്ജി ആവാനുള്ള അയോഗ്യതയായി കരുതുന്ന കേന്ദ്രം സോമശേഖറിനെ ഭയക്കുന്നുവോ?
ഷെയിം ഓഫ് യു ഇന്ത്യ എന്ന ഹാഷ് ടാഗ് സൃഷ്ടിച്ചതാണോ ജോണിന്റെ അയോഗ്യത?
എന്തായാലും പരമാധികാരിയായ ചിന്തകള്‍ക്ക് അതിരുകള്‍ നിശ്ചയിക്കാത്ത ആധുനിക കാലഘട്ടത്തിന്റെ മര്‍മ്മമറിയുന്ന ഒരു ഇന്ത്യക്കാരന് യോജിക്ക വയ്യ. മാപ്പാക്കുക.