ഓര്‍മകളുണ്ടായിരിക്കണം
”റെറ്റി ടീച്ചറേ, മൂന്ന് പെണ്മക്കളാണ് വളര്‍ന്നുവരുന്നത്. ഇനി എല്ലാം സൂക്ഷിച്ചും കണ്ടും മതി; ഓര്‍മവേണം കേട്ടോ…!” ഇളയ മകള്‍ പിടിച്ചു നില്ക്കാന് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്ന കമന്റാണിത്. സത്യമായിട്ടും എനിക്ക് വല്ലാത്ത അസ്വസ്ഥതയാണ് ഇങ്ങനെ കേള്‍ക്കുന്നത്. എല്ലാം മെച്ചമായിട്ടും മിച്ചം വന്നിട്ടും മാത്രം മതി മറ്റുള്ളവരെക്കുറിച്ചുള്ള ചിന്ത എന്നത് അപകടകരമാണ്. നമ്മുടെ ഉദ്ദേശ്യം നല്ലതെങ്കില്‍ ഉദ്ദേശിക്കാത്ത വഴിയിലൂടെ ദൈവം എല്ലാം ക്രമീകരിക്കും എന്നതാണ് എന്റെ അനുഭവം.
കാരണവര്‍മാരാണ് കാരണഭൂതര്‍
വലിയ ധര്മിഷ്ഠയായിരുന്നു എന്റെ അപ്പന്റെ അമ്മ. കല്യാണങ്ങള്‍ നടക്കുമ്പോള്‍ ആളുകള്‍ പള്ളിയില്‍ നിന്നെത്തും മുന്‍പേ വന്നു നില്ക്കുന്ന പാവങ്ങള്‍ക്കു ഭക്ഷണം കൊടുത്തുവിടണമെന്നു അമ്മാമ്മയ്ക്കു നിര്‍ബന്ധമായിരുന്നു. കിടപ്പുരോഗികള്‍ക്കുള്ള പാര്‍സലുകള്‍ പന്തിയില്‍ ഭക്ഷണം വിളമ്പും മുന്‍പേ അമ്മാമ്മ കൊടുത്തുവിട്ടിരിക്കും.
വലിയ പ്രതാപമുള്ള തറവാട്ടുകാരായിരുന്നെങ്കിലും എന്നും ഉച്ചയ്ക്കു അമ്മാമ്മ താഴെ മുറ്റത്തുവന്നു നില്ക്കും. പറമ്പിലെ എല്ലാ പണിക്കാര്‍ക്കും സ്വന്തം മേല്‍നോട്ടത്തില്‍ ഭക്ഷണം കൊടുത്തു വയര്‍ നിറച്ചുവിട്ടിട്ടേ വീട്ടുകാര്‍ക്കുള്ള ഭക്ഷണം പോലും വിളമ്പിയിരുന്നുള്ളൂ.
അമ്മയുടെ അപ്പന് നീണ്ടകാലം കോതാട് സ്കൂളിലെ അധ്യാപകനായിരുന്നു. 75 പൈസ ശമ്പളമുണ്ടായിരുന്ന കാലം. കടത്തുവഞ്ചിക്ക് മാസം 5 പൈസ മാത്രം കൊടുക്കേണ്ടിയിരുന്ന കാലത്തും എന്നും കൂനമ്മാവു നിന്നും കോതാട് വരെ നടന്നു പോകുമായിരുന്നു അപ്പൂപ്പന്.
പള്ളിയുടെ തൊട്ടടുത്തായിരുന്നു എന്റെ വീട്. കുര്‍ബാന കഴിഞ്ഞ് ധാരാളം അമ്മച്ചിമാര് വീട്ടില്‍ കയറി വരും. അമ്മച്ചി ഞങ്ങളെ പറഞ്ഞു ശീലിപ്പിച്ചിരുന്ന ഒരു കാര്യമുണ്ട്, ”മോളേ, ആരുവന്നാലും ചായ തിളപ്പിച്ചതിരിപ്പുണ്ട് എടുക്കട്ടേ..? എന്നു ചോദിച്ചേക്കണം.”ഇവിടൊന്നുമില്ല, തീര്‍ന്നുപോയി എന്നു പറയാന്‍ പാടില്ല എന്ന ശീലം തന്നത് അമ്മച്ചിയാണ്. ഇത്തരം ചിട്ടവട്ടങ്ങളൊക്കെ ചെറുപ്പം മുതലേ കണ്ടുവളര്‍ന്നതു കൊണ്ടായിരിക്കണം ഒരാവശ്യം കണ്ടാല്‍ എനിക്കു വെറുതെ ഇരിക്കാനാവില്ല. കൂടുതലൊന്നും ആലോചിക്കാറില്ല. ചെന്നങ്ങ് തുടക്കമിടും. സന്മനസുള്ളവര് കൂടെക്കൂടും. കാര്യങ്ങള്‍ ഭംഗിയായി നടക്കും എന്നതാണ് എന്റെ അനുഭവം.
കൊവിഡ് കാലത്തെ അവാര്‍ഡു വിശേഷങ്ങള്‍
ചേരാനെല്ലൂര്‍ സ്കൂളില്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന സമയത്താണ് കൊവിഡ് വ്യാപനമുണ്ടാകുന്നത്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ മുന്നിട്ടിറങ്ങി. അധ്യാപകരും മാതാപിതാക്കളും ഒപ്പമിറങ്ങി. എല്ലാ കുട്ടികളുടേയും അക്കൗണ്ടിലേക്ക് നെറ്റ് ചാര്‍ജ് ചെയ്യാന്‍ അഞ്ഞൂറു രൂപ വീതം അയക്കുമായിരുന്നു.
15 ടെലിവിഷനുകളും 20 മൊബൈല്‍ ഫോണുകളും കുട്ടികളുടെ വീടുകളിലെത്തിച്ചു. മാതൃഭൂമിയുടെ ‘സ്വീഡി’ന്റേന്റെയും മനോരമ ‘നല്ലപാഠ’ത്തിന്റെയും അവാര്‍ഡുകള്‍ കിട്ടി.
അക്കാലത്താണ് കുറുമ്പന്തുരുത്ത് സ്കൂള്‍ ചരിഞ്ഞുതാണു എന്നു കേട്ടത്. സാധിക്കുന്ന സഹായം അവിടെ ചെന്നു ചെയ്തു. പ്രളയകാലത്താണ് ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റിലെ കുറെയധികം തുണി ഉപയോഗിക്കാനാവാത്ത വിധം നശിച്ചു കിടക്കുന്നതറിഞ്ഞത്. അവ സ്കൂളിലെത്തിച്ച് തുണിപ്പാവകള്‍ ഉണ്ടാക്കി കുട്ടികളെക്കൊണ്ട് അതെല്ലാം ഉപയോഗപ്രദമാക്കാനായി.
കുട്ടികളെ കൃഷിപ്പണി പഠിപ്പിച്ച് കൃഷി നടത്തിയിരുന്നു. മണ്ണിനോടും സ്കൂളിനോടുമെല്ലാം അവരെ അടുപ്പിച്ചുനിര്ത്താനായത് ഒത്തിരി സംതൃപ്തി നല്കിയ കാര്യമാണ്.
കൂടെ നിന്നു പ്രവര്‍ത്തിക്കാന്‍ എല്ലാ കാലത്തും സഹഅധ്യാപകരും മാതാപിതാക്കളും നിറഞ്ഞ മനസോടെ ഒപ്പമുണ്ടായതാണ് എന്റെ ധൈര്യം.
എറണാകുളം കണ്ടെയ്നര്‍ റോഡിന്റെ വശത്ത് കാടുപിടിച്ചിരുന്ന ഒരു സ്ഥലം എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. എന്റെ യു.പി സ്കൂളിലെ കുട്ടികള്‍ അവിടെ വെട്ടിത്തെളിച്ച് ഒരു പാര്‍ക്ക് തന്നെ സജ്ജീകരിച്ചു. മനോരമ പത്രം 50,000 രൂപയുടെ അവാര്‍ഡുകള്‍ സമ്മാനിച്ചാണ് എന്റെ കുട്ടികളെ അംഗീകരിച്ചത്.
സീറോ ജന്‍ഡര്‍ എന്ന ഹീറോ തീരുമാനം
ചേരാനല്ലൂര്‍ ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂളില്‍ ചെന്ന ഉടനെ തന്നെ വിപ്ലവകരമായ ഒരു കാര്യം ഞാന്‍ ചെയ്തു. ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം. പലരും ചോദിച്ചു, ”ടീച്ചറേ, പെണ്‍കുട്ടികള്‍ പാന്റ്സ് ഇടുന്നത് ഭംഗികേടാവില്ലേ…?”
അതിന്റെ നല്ല വശങ്ങളെക്കുറിച്ചു ഉറച്ച ബോധ്യമുണ്ടായിരുന്നതുകൊണ്ട് ഞാന്‍ പറഞ്ഞു, ”എന്തായാലും ഞാന്‍ എന്റെ തീരുമാനവുമായി മുന്നോട്ടു പോകുകയാണ്.” അഞ്ചു വര്‍ഷം മുന്‍പ് നടപ്പിലാക്കിയ കാര്യമാണിത്. ഇന്ന് അത് ചുറ്റും വലിയ ചര്‍ച്ചാ വിഷയമാണ്- ‘സീറോ ജന്‍ഡര്‍’ എന്ന പേരില്‍.
മനസ്സു മുറിഞ്ഞു; മണ്ണു മുറിച്ചു
നീറിക്കോട് പള്ളിയുടെ അടുത്താണ് എന്റെ സ്വന്തം വീട്. മെയിന്‍ റോഡിന്റെ 50 മീറ്ററോളം മാത്രം ദൂരത്തുള്ള ഒറ്റ പ്ലോട്ടാണ് 4 കുടുംബങ്ങള്‍ക്കു നല്കാന് തയ്യാറാക്കിയത്. ഒരാള്‍ക്ക് 3 സെന്റ് വീതം. ഓരോ പ്ലോട്ടിലേക്കുള്ള വഴിയും കോണ്‍ക്രീറ്റ് ചെയ്ത് ഭംഗിയാക്കി കൈമാറാനായത് വലിയ സന്തോഷമാണ്. വഴിയുള്‍പ്പെടെ 16 സെന്റ് സ്ഥലം.
സത്യത്തില്‍ ഇങ്ങനെ ഒരാശയം പെട്ടെന്നുണ്ടായതല്ല. ടീച്ചറെന്ന നിലയില്‍ എന്നെ കാണാന്‍ വരുന്ന അനേകം മാതാപിതാക്കന്മാര് സ്വന്തമായി വീടില്ലാത്തതിന്റെ സങ്കടം പങ്കുവയ്ക്കാറുണ്ടായിരുന്നു. പ്രത്യേകിച്ച്, പൊന്നുരുന്നി സെന്റ് റീത്താസ് സ്കൂളിലുണ്ടായിരുന്ന 17 വര്‍ഷക്കാലം ഇത്തരം അനേകം ദുരിതകഥകള്‍ കേട്ടിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ മനസു നീറുമായിരുന്നു. ഇപ്പോഴാണ് അതിന് ഒരു കൃത്യമായ തീരുമാനമെടുക്കാനായതെന്നു മാത്രം.
നീറിക്കോടും കോട്ടുവള്ളിയിലുമുള്ള ഓരോ കുടുംബങ്ങള്‍ക്കും ചേരാനല്ലൂര്‍ ഉള്ള രണ്ടു കുടുംബങ്ങള്‍ക്കുമാണ് സ്ഥലം കൊടുക്കാനായത്. പാലത്തിന്റെ കീഴെ ഷീറ്റു വലിച്ചുകെട്ടി താമസിക്കുകയാണ് ഒരു കുടുംബം. ബാക്കി എല്ലാവരും വാടകയ്ക്കു താമസിക്കുന്നവര്‍. അനാഥാലയത്തില്‍ ജനിച്ചു വളര്‍ന്നതാണ് ഒരു വീട്ടിലെ അമ്മ. ഏതെങ്കിലും വിധത്തില്‍ എനിക്കറിയാവുന്ന എന്റെ തന്നെ അധ്യാപനവുമായി ബന്ധപ്പെട്ട നൂറു ശതമാനം അര്‍ഹരായവര്‍ തന്നെയായിരുന്നു എല്ലാവരും.
കൈയടിക്കാന്‍ വരുന്നവര്‍ കൈകോര്‍ക്കട്ടെ
ഇതിനൊരു പബ്ലിസിറ്റി ഒട്ടും ആഗ്രഹിച്ചയാളല്ല ഞാന്‍. മനോരമയിലും മാതൃഭൂമിയിലുമൊക്കെ വാര്‍ത്തവന്നതോടെ പലരും എന്നെ വിളിച്ചു. ഡോ. ജോസ് പെരിയപ്പുറത്തെപ്പോലെയുള്ള ചില പ്രമുഖര്‍ ഇവരുടെ വീടു നിര്‍മാണത്തിന് സഹായം ചെയ്യാമെന്നറിയിച്ചിട്ടുണ്ട്. അനുമോദിക്കാന്‍ വിളിക്കുന്നവരോടും എന്നെ ആദരിക്കാന്‍ തയ്യാറാവരോടും എനിക്കൊന്നേ പറയാനുള്ളൂ, വീടുനിര്‍മാണത്തിനായി ഈ കുടുംബങ്ങളെ സഹായിക്കാന്‍ കൂടണം.
ഭ്രമം മാറിയാന്‍ ക്രമം വരും
കൂട്ടത്തിലൊരു വീട്ടുകാര്‍ 2 സെന്റ് സ്ഥലമുണ്ടായിരുന്നതാണ്. മക്കളെ കെട്ടിക്കാന്‍ അത് വിറ്റ് അവര്‍ വാടക വീട്ടിലേയ്ക്കു മാറി. ഇനി ജീവിതകാലം മുഴുവന്‍ അവര്‍ അങ്ങനെ തന്നെ വാടക വീടുകള്‍ മാറി മാറി ജീവിക്കേണ്ടിവരും.
കുട്ടികളോടു സംസാരിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്, ”നിങ്ങളുടെ ആഭരണഭ്രമവും ആഢംബരത്തോടുള്ള കൊതിയും മാറ്റിവച്ചാല്‍ തന്നെ ജീവിതം എത്ര സുന്ദരമാകുമെന്നറിയാമോ? നിങ്ങളുടെ മാതാപിതാക്കളോടു ചെയ്യാവുന്ന സത്കൃത്യമാണത്. ഇന്ന് എത്ര പെണ്മക്കള്ക്കു പറയാനാവും, എന്നെ കെട്ടിച്ചുവിടുമ്പോള്‍ എനിക്കു പൊന്നും പണവും ഒന്നും വേണ്ടാ… എത്ര ആണ്മക്കള്ക്കു പറയാനാവും പെണ്ണിന്റെ പൊന്നും പണവും നോക്കി എനിക്കു കല്യാണം വേണ്ടാ… ഇതു സാധ്യമായാല്‍ നമ്മുടെ കുടുംബങ്ങള്‍ക്കു ക്രമവും സമാധാവും സ്വസ്ഥതയുമുണ്ടാകും.
പടിയിറങ്ങി; ഇനി പണി തുടരണം.
എന്റെ രീതികളറിയാവുന്ന പലരും ആകാംക്ഷയോടെ ചോദിക്കാറുണ്ട്: ”റെറ്റി ടീച്ചറേ. റിട്ടയേര്‍ഡ് ആയല്ലോ…. ഇനി എന്താ പരിപാടി” ?
റിട്ടയേര്‍ഡ് ആയതുകൊണ്ട് പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. പാട്ടുകളെഴുതാറുണ്ട്. കഥകളും കൊച്ചുനാടകങ്ങളും എഴുതിയിട്ടുണ്ട്. വെറുതെ കളയുന്ന വെയ്സ്റ്റ് സാധനങ്ങള്‍ക്കൊണ്ട് ക്രാഫ്റ്റ് മെറ്റീരിയല്‍സ് ചെയ്യാറുണ്ട്. പച്ചക്കറി കൃഷി വീടിനു ചുറ്റിലുമുണ്ട്. ഇതിലേക്കൊക്കെ കൂടുതല്‍ ഇറങ്ങാന്‍ ഇനി സമയമേറെ കിട്ടും എന്നു പ്രതീക്ഷിക്കുന്നുണ്ട്.
കാഴ്ചപ്പാടുമാറട്ടെ, കഷ്ടപ്പാടു മാറും
അതിനെല്ലാമപ്പുറത്ത് പെണ്‍കുട്ടികളെ ശക്തിപ്പെടുത്താനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ആക്കം കൂട്ടണമെന്നുണ്ട്. പെണ്‍കുട്ടി എന്നു കേട്ടാല്‍ തന്നെ ഒതുങ്ങിക്കൂടി മാറി നില്‍ക്കേണ്ടവളാണ് എന്ന ചിന്ത സമൂഹം എന്നാണാവോ മാറ്റുന്നത്..?
എന്നോട് ചോദിക്കുന്നവരോട്, എനിക്കു മൂന്നു മക്കളാണ് എന്നു പറയാനാണ് എനിക്കിഷ്ടം. ആണ്, പെണ്ണ് എന്നു വേര്‍തിരിച്ചു കാണാന്‍ എനിക്കിഷ്ടമല്ല.
ഞാന്‍ ചോദിക്കാറുണ്ട്… എന്റെ പെണ്മക്കള്ക്ക് ഭയപ്പെട്ട് ഒരുങ്ങിക്കൂടി ജീവിക്കേണ്ടിവരുന്നുണ്ടെങ്കില് ആരൊക്കെയോ അവരുടെ ആണ്മക്കളെ എല്ലാവരേയും ഒരുപോലെ കണ്ടു ബഹുമാനിക്കണം എന്നു പഠിപ്പിക്കാത്തതുകൊണ്ടല്ലേ…?
എന്റെ മക്കള്‍ക്ക്, സാധ്യമായ വിദ്യാഭ്യാസം ഞാന്‍ കൊടുക്കും. സ്വതന്ത്ര്യരായി ചിന്തിക്കാന്‍ അവരെ പഠിപ്പിക്കും. നടന്നു കയറാനുള്ള വഴികള്‍ അവര്‍ക്കു കാണിച്ചു കൊടുക്കും. ബാക്കി അവര്‍ തീരുമാനിക്കട്ടെ. അതിന് എന്റെ പിന്തുണ ഉണ്ടാവും. ഇങ്ങനെ ഓരോ മാതാപിതാക്കളും ചിന്തിച്ചു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ സ്വപ്നം കാണാറുണ്ട്.