ലുനാന: എ യാര്ക്ക് ഇന്‍ ദ ക്ലാസ് റൂം
സംവിധായകന് പാവോ ചോയ്നിംഗ് ഡോര്‍ജി
അയാളുടെ ഹെഡ്ഫോണുകളുടെ ബാറ്ററി തീര്‍ന്നുകഴിയുമ്പോള്‍ അയാളുടെ ഇന്ദ്രിയങ്ങള്‍ ചുറ്റുമുള്ള പരിസ്ഥിതിയുടെ ശബ്ദങ്ങളിലേക്ക് തുറക്കാന്‍ തുടങ്ങുന്നു. പക്ഷിപ്പാട്ടിന്റെ അതിലോലമായ അലകള്‍ മുതല്‍ യാക്ക് ഇടയന്മാരുടെ നാടന്‍പാട്ടുകള്‍ വരെ അയാളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു.
സമൃദ്ധമായ വനസമ്പത്ത് നഷ്ടപ്പെടുത്താതെ അതിന്റെ ആവരണം കൊണ്ട് കാര്‍ബണ്‍ ഡയോക്സൈഡിനെ പ്രതിരോധിക്കുന്ന രാജ്യമാണ് ഭൂട്ടാന്. കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് അവിടെ നെഗറ്റീവായതില്‍ അദ്ഭുതമില്ല. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഹിമാലയത്തിന്റെ കിഴക്കന്‍ ചരിവുകളില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ രാജ്യം. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) വികസനം അളക്കുന്നതിനുപകരം ഭൂട്ടാന് അതിന്റെ വളര്‍ച്ചയെ വിലയിരുത്തുന്നത് സംസ്കാരം, സാമുദായിക ചൈതന്യം തുടങ്ങിയ വ്യവസ്ഥകള്‍ക്കനുസൃതമായാണ്; ജനത്തിന്റെ സംതൃപ്തി സൂചികയായ ഗ്രോസ് നാഷണല്‍ ഹാപ്പിനസ് ആവിഷ്കരിച്ച് നടപ്പാക്കിയ ബുദ്ധിസ്റ്റ് രാജ്യം.
ഭൂട്ടാനീസ് എഴുത്തുകാരനും സംവിധായകനുമായ പാവോ ചോയ്നിംഗ് ഡോര്‍ജിയുടെ ആദ്യ സിനിമയാണ് ‘ലുനാന: എ യാര്ക്ക് ഇന്‍ ദ ക്ലാസ് റൂം’. 2021ലെ മികച്ച സിനിമയ്ക്കുള്ള ഓസ്കര് നോമിനേഷന് നേടുന്ന ഭൂട്ടാനില്‍ നിന്നുള്ള ആദ്യചിത്രമായിരുന്നു ഇത്. 11,000 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ താമസിക്കുന്ന നാടോടികളായ യാക്ക് ഇടയന്മാരുടെ ഒരു വിദൂരസമൂഹമായ ലുനാന എന്ന യഥാര്‍ത്ഥ ഗ്രാമത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
തന്റെ അധ്യാപന പരിശീലനത്തിന്റെ അവസാന വര്‍ഷങ്ങളിലാണ് യുവാവായ ഉഗ്യെന്‍ ദോര്‍ജി (ഷെറാബ് ദോര്‍ജി). അഞ്ചാമത്തെ വര്‍ഷം ഒരു സ്കൂളില്‍ അധ്യാപനവൃത്തി ചെയ്യണം. തലസ്ഥാനമായ തിമ്പുവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഉഗ്യെനെ ഹിമാലയത്തിന്റെ താഴ് വരയിലേക്കാണ് പറഞ്ഞയക്കുന്നത്. കഴിയുന്നത്ര വേഗത്തില്‍ ഭൂട്ടാന് വിട്ട് ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നയാളാണ് നായകന്. കഠിനമായ തണുപ്പില്‍ തനിക്ക് അസുഖം പിടിപെടാന്‍ സാധ്യതയുണ്ടെന്നെല്ലാം ഒഴിവുകഴിവ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണയാള്‍. അയാള്‍ നല്ലൊരു ഗായകനാണ്. തന്റെ സിദ്ധി കരിയറില്‍ ഉപയോഗപ്പെടുത്താനാകുമെന്ന് ആഗ്രഹിച്ച ഉഗ്യെന്‍ മേലധികാരികളുടെ ഈ തീരുമാനം വലിയ നിരാശയുണ്ടാക്കി. അയാള്‍ തൊഴില്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു. പക്ഷേ അവന്റെ അധ്യാപന പഠനം പൂര്‍ത്തിയാക്കാന്‍ മുത്തശ്ശി അവനെ പ്രേരിപ്പിക്കുന്നു. നിവൃത്തിയില്ലാതെ ഇരുണ്ട താഴ് വര എന്നു വിളിക്കപ്പെടുന്ന ലുനാനയിലേക്കയാള് പോകുകയാണ്.
ഭൂട്ടാനിലെ ഉയര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് ‘ലുനാന: എ യാര്ക്ക് ഇന്ദ ക്ലാസ് റൂം’ എന്ന സിനിമ. മന്ദഗതിയിലാണ് സിനിമയുടെ ചലനം. എന്നാല്‍ പ്രേക്ഷകനെ അതു ബാധിക്കുന്നേയില്ല. വിദ്യാഭ്യാസത്തിലാണ് ഭൂട്ടാന് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എല്ലാ പൗരന്മാരും വിദ്യാഭ്യാസം നേടിയിരിക്കണമെന്നാണ് ഭരണകൂടം ആഗ്രഹിക്കുന്നത്. അത്തരം വിദ്യാഭ്യാസ ആവശ്യം നിറവേറ്റുന്നതിനാണ് കഴിയുന്നത്ര അധ്യാപകരെ വിദൂരഗ്രാമങ്ങളിലേക്ക് അയക്കുന്നത്. രാത്രി ഗുഹകളില്‍ ചെലവഴിച്ച് അഞ്ചു ദിവസത്തെ ട്രെക്കിംഗിനു ശേഷമാണ് അയാള്‍ ലുനാനയില് എത്തുന്നത്.
ലുനാനയില് കാലുകുത്തിയ ഉഗ്യെനെ അവിടുത്തെ അസൗകര്യങ്ങള്‍ നിരാശപ്പെടുത്തി. മണ്ണുകൊണ്ടും തടികൊണ്ടും നിര്‍മിച്ച സ്കൂളും താമസസ്ഥലവും നഗരവാസിയായ അയാള്‍ക്ക് ഒട്ടും ചേരുന്നതായിരുന്നില്ല. പുറത്ത് കാലാവസ്ഥ കടുക്കുമ്പോള്‍ യാക്കിനെ ക്ലാസ് മുറിയിലാക്കുന്ന ഇടയന്മാര്. ഇന്റര്‍നെറ്റ്, സെല്‍ ഫോണ്‍ ഒന്നും അവിടെയില്ല. എന്തിന്, വൈദ്യുതി പോലും എത്തിയിട്ടില്ല. മരം കോച്ചുന്ന തണുപ്പില്‍ നിന്ന് അല്പം മോചനം വേണമെങ്കില്‍ യാക്കിന്റെ ചാണകം വാരി ഉണക്കി കത്തിക്കണം. കഴിയുന്നത്ര വേഗത്തില്‍ ഭൂട്ടാന് വിടാന്‍ പദ്ധതിയിടുന്ന ഒരു സംഗീതജ്ഞനായ താന്‍, വന്നുപെട്ടിരിക്കുന്നത് ഒരു ഓണംകോറാമൂലയിലാണെന്നത് അയാളുടെ വിഷമം പര്‍വതീകരിക്കുന്നു. ഒരു അധ്യാപകന്റെ ഗ്രാമത്തിലേക്കുള്ള വരവില്‍ ഗ്രാമവാസികള്‍ ആവേശഭരിതരാണ്, എന്നാല്‍ ഗ്രാമത്തിന്റെ മോശം അവസ്ഥയില്‍ പരിഭ്രാന്തനായ ഉഗ്യെന്‍, തന്നെ തിരികെ കൊണ്ടുപോകാന്‍ അഭ്യര്‍ത്ഥിക്കുന്നു. യാത്രാസഹായികളായ കോവര്‍കഴുതകള്‍ക്ക് വിശ്രമിക്കാന്‍ സമയം ആവശ്യമാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉഗ്യെനെ തിരികെ കൊണ്ടുപോകാമെന്നും ഗ്രാമമുഖ്യനായ ആഷ (കുന്‍സാങ് വാങ്ഡി) സമ്മതിക്കുന്നു. പിറ്റേന്ന് രാവിലെ, ക്ലാസിലെ ലീഡറായ പെം സാം എന്ന കുട്ടി ഉഗ്യെനെ ഉണര്‍ത്തുന്നു. ക്ലാസ് മുറിയില്‍ കുട്ടികള്‍ അവനെ കാത്തിരിക്കുകയാണെന്ന് അവനോടു പറയുന്നു. ക്ലാസില്‍ അയാള്‍ വിദ്യാര്‍ഥികളോടു ചേദിക്കുന്നു, ഒരു അധ്യാപകനില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? പെം സാം പറയുന്നു, ഒരു അധ്യാപകന് ഭാവിയെ സ്പര്‍ശിക്കുന്നവനാണ്. ഒരാളെ ശരിയായ പാതയിലേക്ക് നയിക്കാന്‍ അധ്യാപകര്‍ക്ക് കഴിവുണ്ട്. തനി ഗ്രാമീണനായ ഒരു കുട്ടിയില്‍ നിന്ന് ഇത്തരമൊരു ഉത്തരം അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. യാക്കിനെ മേയ്ക്കുന്ന ഇടയന്മാരെക്കാള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നിങ്ങളീ കുട്ടികള്‍ക്കു നല്‍കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്ന് ഗ്രാമമുഖ്യനായ ആഷ പറയുന്നു. തന്നോടുള്ള അവരുടെ വാത്സല്യത്തിലും സ്നേഹത്തിലും പ്രതീക്ഷയിലും അയാള്‍ അമ്പരന്നുപോയി. ഈ വര്‍ഷം മുഴുവന്‍ അവിടെ താമസിച്ച് പഠിപ്പിക്കാന്‍ തന്നെ അയാള്‍ തീരുമാനിക്കുന്നു.
അയാളുടെ ഹെഡ്ഫോണുകളുടെ ബാറ്ററി തീര്‍ന്നുകഴിയുമ്പോള്‍ അയാളുടെ ഇന്ദ്രിയങ്ങള്‍ ചുറ്റുമുള്ള പരിസ്ഥിതിയുടെ ശബ്ദങ്ങളിലേക്ക് തുറക്കാന്‍ തുടങ്ങുന്നു. പക്ഷിപ്പാട്ടിന്റെ അതിലോലമായ അലകള്‍ മുതല്‍ യാക്ക് ഇടയന്മാരുടെ നാടന്‍പാട്ടുകള്‍ വരെ അയാളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു.
സാവധാനത്തില്‍ ഉഗ്യെന്റെ ജീവിതം പരിവര്‍ത്തനപ്പെടുകയാണ്. ഒരു കുന്നിന്മുകളില് ഒരു പരമ്പരാഗത ഗാനം ആലപിക്കുന്ന ആഷയുടെ ബന്ധുവായ സാല്‍ഡന്‍ എന്ന കുട്ടിയെ ഉഗ്യെന്‍ കണ്ടുമുട്ടുന്നു. ഗ്രാമത്തിന് ഒരു വഴിപാടായി താന്‍ ഇത് ദിവസവും പാടാറുണ്ടെന്ന് അവള് അവനോടു പറയുന്നു. അത് അവനെ പഠിപ്പിക്കാന്‍ അവന് അവളോട് ആവശ്യപ്പെടുന്നു; അവര്‍ ദിവസവും കണ്ടുമുട്ടുന്നു. അവന് അത് എങ്ങനെ പാടണമെന്ന് സാവധാനം പഠിക്കുന്നു. യാക് ലെബി ലാദര്‍ എന്നാണ് ഈ പാട്ടിന്റെ പേര്. ഗ്രാമത്തിന്റെ നന്മയ്ക്കായി തന്റെ പ്രിയപ്പെട്ട യാക്കിനെ ബലി കൊടുക്കേണ്ടിവരുമെന്നു വിലപിക്കുന്ന ഒരു യാക്ക് ഇടയനാണ് ഇത് എഴുതിയതെന്നും അവള് പറയുന്നു. സാല്‍ഡന്‍ പിന്നീട് ഉഗ്യെന്‍ നോര്‍ബു എന്ന യാക്കിനെ സമ്മാനമായി നല്‍കുന്നുണ്ട്. അയാള്‍ക്ക് അതിന്റെ ചാണകം തീ കത്തിക്കാന്‍ ഉപയോഗിക്കാം. ഉഗ്യെന്‍ നോര്‍ബുവിനെ ക്ലാസ് മുറിയില്‍ നിര്‍ത്തുന്നു. അവന് കുട്ടികളുടെ പാഠങ്ങളുടെ ഒരു ഘടകമായി മാറുന്നു.
സംഗീതം ഗ്രാമവാസികള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഉഗ്യെനും യാക്ക് ഇടയന്മാരും കുട്ടികളോടൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന രംഗം അതീവചേതോഹരമാണ്. ക്ലാസ് മുറികളില്‍ അസൗകര്യങ്ങള്‍ ധാരാളമുണ്ട്. എഴുതാന്‍ ഒരു ബോര്‍ഡ് പോലുമില്ല. എന്നാല്‍ ഉഗ്യെന്‍ സാവധാനം ക്ലാസ് മുറികള്‍ തന്റെ കഴിവുകള്‍ കൊണ്ട് മെച്ചപ്പെടുത്തുകയാണ്. ഗിറ്റാറില്‍ പാട്ടുകള്‍ പാടി കുട്ടികളെ കണക്കും ഇംഗ്ലീഷും പഠിപ്പിച്ചുകൊണ്ട് അവന് പെട്ടെന്നു തന്നെ കുട്ടികളുടെ പ്രിയങ്കരനായി മാറുന്നു. പ്രകൃതിയും മൃഗങ്ങളും കാലാവസ്ഥയും എല്ലാം ചേര്‍ന്നുള്ള ഒരു പാഠമാണ് അവിടെ പഠിപ്പിക്കുന്നത്. ഉഗ്യെനുതന്നെ അതു പുതുമയുള്ളതായി.
ശീതകാലം ആസന്നമായിരിക്കുന്നുവെന്നും ചുരം മഞ്ഞുമൂടുന്നതിനു മുമ്പ് അയാള്‍ക്ക് പോകാനുള്ള സമയമായെന്നുമുള്ള വാര്‍ത്തയുമായി ആഷ വരുന്നു. അടുത്ത വസന്തകാലത്ത് തിരികെ വരാന്‍ അദ്ദേഹം ഉഗ്യെനോട് അപേക്ഷിക്കുന്നു. എന്നാല്‍ ഭൂട്ടാന് വിട്ടുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നതായി ഉഗ്യെന്‍ പറയുന്നു. ഗ്രാമവാസികളെ അതു നിരാശപ്പെടുത്തി. വസന്തകാലത്ത് ഒരു മികച്ച അധ്യാപിക വരുമെന്ന് ഉറപ്പുനല്‍കി അവന് സാല്ഡനോട് യാത്ര പറഞ്ഞു. അവന് എന്നെങ്കിലും തിരിച്ചുവന്ന് അവള്‍ക്കായി യാക് ലെബി ലാദര്‍ അവതരിപ്പിക്കുമെന്ന് അവള് പ്രതീക്ഷിക്കുന്നു. ഗ്രാമവാസികളുടെ ഹൃദയംഗമമായ യാത്രയയപ്പാണ് പിന്നീട്. ക്ലാസ് ലീഡര്‍ പെം സാം അദ്ദേഹത്തിന് എല്ലാ കുട്ടികളുടെയും വകയായി ഒരു കത്ത് നല്കുന്നു. സാല്ഡണ് അദ്ദേഹത്തിന് ഒരു സ്കാര്‍ഫ് സമ്മാനിച്ചു. പോകുമ്പോള്‍ ആഷ, ഉഗ്യെന്റെ ബഹുമതിക്കായി യാക് ലെബി ലാദര്‍ പാടുന്നു.
ഉഗ്യെന്‍ ഓസ്ട്രേലിയയിലേക്കു പോകുന്നു. അവിടെ അദ്ദേഹം ഒരു ബാറില്‍ തന്റെ സംഗീതജ്ഞാനം അവതരിപ്പിക്കുന്നു. പക്ഷേ ആരും അവനെ ശ്രദ്ധിക്കുന്നില്ല. അവന് പാട്ടുപാടുന്നത് നിര്‍ത്തി കൂട്ടുകാരി സാല്‍ഡന്‍ തന്നെ പഠിപ്പിച്ച യാക് ലെബി ലാദര്‍ പാടുകയാണ്.