ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ജനാധിപത്യവ്യവസ്ഥിതിയെ ദുഷിപ്പിക്കുന്ന സമഗ്രാധിപത്യ ശക്തികള്‍ക്കെതിരായ ജനകീയ പോരാട്ടം ശ്രീനഗറില്‍ അവസാനിക്കേണ്ടതല്ല. അമേരിക്കന്‍ ഗാനരചയിതാവ് ഓസ്കര് ഹാമര്‍സ്റ്റൈന്റെ വരികള്‍ ഭാരത് ജോഡോ യാത്രയിലും ഉയര്‍ന്നുകേള്‍ക്കുന്നു: നിന്റെ ഹൃദയത്തില്‍ പ്രത്യാശയുമായി മുന്നേറൂ, പിന്നെ ഒരുനാളും നിനക്ക് ഒറ്റയ്ക്ക് നടക്കേണ്ടിവരില്ല.
വയനാട്ടില്‍ നിന്നുള്ള നമ്മുടെ ലോക്സഭാംഗവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമായ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്കുള്ള ഭാരത് ജോഡോ യാത്ര എന്ന മഹാതീര്‍ത്ഥാടനത്തിന്റെ അന്ത്യപാദത്തിലെത്തിയിരിക്കുന്നു. മിലേ കദം ജുഡേ വതന്‍ (ഒരുമിച്ച് ചുവടുവച്ച് രാജ്യത്തെ ഒന്നിപ്പിക്കാം) എന്ന പ്രയാണഗീതത്തിന്റെ അകമ്പടിയോടെ 13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും താണ്ടി, നാലു മാസവും 23 ദിവസവും കൊണ്ട് 3,970 കിലോമീറ്റര്‍ ജനങ്ങളോടൊപ്പം നടന്ന് അന്പത്തിരണ്ടുകാരനായ ആ ദേശീയ നേതാവ് ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തുമ്പോള്‍, ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ബഹുജന മുന്നേറ്റത്തിന്റെ, സാമൂഹിക പരിവര്‍ത്തനത്തിന്റെ അതിബൃഹത്തും അത്യന്തം വിലോഭനീയവുമായ ഒരു ആഖ്യാനം കൂടി രൂപപ്പെടുകയാണ്.
വിദ്വേഷത്തിന്റെ കമ്പോളത്തില്‍ സ്നേഹത്തിന്റെ കട തുറക്കാനിറങ്ങുകയാണു ഞാന്‍ (നഫ്രത്ത് കേ ബാസാര്‍ മേം, മൊഹബത്ത് കി ദുകാന്‍ ഖോല്നേ നികലാ ഹൂം മേ) എന്ന രാഹുലിന്റെ വാക്കുകളില്‍ ഈ യാത്രയുടെ വശ്യതയാകെ തുളുമ്പിനില്ക്കുന്നു. ഹൃദയംകൊണ്ട് ചിന്തിക്കുന്ന സ്നേഹത്തിന്റെ പ്രവാചകനെപോലെ, ആത്മസമര്‍പ്പണത്തിന്റെയും ത്യാഗസന്നദ്ധതയുടെയും ദൃഢനിശ്ചയത്തിന്റെയും തേജോമയബിംബമായി രൂപാന്തരപ്പെട്ട പുതിയൊരു രാഹുലാണ് ശ്രീനഗറില്‍ ചരിത്രദൗത്യം പൂര്‍ത്തിയാക്കി ഡല്‍ഹിയിലേക്കു മടങ്ങുക. മോദിയും അമിത് ഷായും സംഘപരിവാറിന്റെ സമൂഹമാധ്യമശൃംഖലകളിലെ സുസംഘടിതരായ വ്യാജനിര്മിതിപ്പടയും ഇത്രയും കാലം ‘പപ്പു’, ‘ബാബാ’ തുടങ്ങിയ പരിഹാസപ്പേരുവിളിച്ച് അപമാനിച്ചുവന്ന പ്രതിപക്ഷത്തെ പ്രമുഖ ദേശീയ നേതാവിന്റെ അതിശയകരമായ പ്രതിച്ഛായമാറ്റം, പുതുവര്‍ഷത്തില്‍ ജി20 പ്രസിഡന്‍സിയുടെ പ്രഭാവത്തില്‍ ‘വിശ്വഗുരു’ പരിവേഷം എടുത്തങ്ങുവീശാന് ഒരുങ്ങിനിന്ന പ്രധാനമന്ത്രി മോദിക്ക് കുറച്ചൊക്കെ അസ്വാരസ്യത്തിന് ഇടയാക്കിയേക്കും. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മോയ്ത്രാ ചോദിക്കുന്നതുപോലെ, ആരാണിപ്പോള്‍ ശരിക്കും പപ്പു?
ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച്, പൂര്‍ണ സ്വരാജ് എന്ന സ്വപ്നസാക്ഷാത്കാരത്തിനായി സാബര്‍മതി ആശ്രമത്തില്‍ നിന്ന് 75 സത്യഗ്രഹികളോടൊപ്പം 385 കിലോമീറ്റര്‍ അകലെ ദണ്ഡിയിലേക്ക് 1930 മാര്‍ച്ച്-ഏപ്രില്‍ കാലത്ത് മഹാത്മാ ഗാന്ധി നടത്തിയ 24 ദിവസത്തെ ഉപ്പുസത്യഗ്രഹ യാത്രയുമായി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കോണ്‍ഗ്രസുകാര്‍ കൂട്ടിവായിക്കുന്നുണ്ട്. അന്ന് ദണ്ഡി തീരത്ത് ബ്രിട്ടീഷ് നികുതിക്കെതിരേ ആദ്യസമരം നടത്തുമ്പോള്‍ സത്യഗ്രഹികളുടെ എണ്ണം 50,000 ആയി ഉയര്‍ന്നിരുന്നു. 2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരി ഗാന്ധി മണ്ഡപത്തില്‍ നിന്ന് 150 സ്ഥിരംയാത്രികരോടൊപ്പം പുറപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പദയാത്ര കേരളത്തിലും കര്‍ണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും മഹാരാഷ്ട്രയിലും മറ്റും പ്രധാന നഗരകേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോഴത്തെ ഡ്രോണ്‍ ഷോട്ടുകളില്‍ നോക്കെത്താദൂരത്തോളം അനുയാത്ര ചെയ്യുന്ന പതിനായിരകണക്കിനാളുകളെ കാണാം. യാത്രികര്‍ക്ക് ഉറങ്ങാനും വിശ്രമിക്കാനുമായി രൂപകല്പന ചെയ്ത കണ്ടെയ്നറുകളും ക്യാംപ്സൈറ്റ് ഒരുക്കാനുള്ള വെള്ള ടെന്റുകളും ഫ്ളഡ് ലൈറ്റും, മെഡിക്കല്‍, പാചകം, അലക്കല്‍, ശുചീകരണം തുടങ്ങി 60 ട്രക്കുകള്‍ നിറയെ ലോജിസ്റ്റിക്കല്‍ സന്നാഹങ്ങള്‍ 145 ദിവസത്തെ രാഹുലിന്റെ യാത്രയ്ക്കായി ഒരുക്കിയിരുന്നു. ഉത്തരേന്ത്യയില്‍, നാലു ഡിഗ്രി സെല്‍ഷ്യസ് ശൈത്യത്തിലും വെള്ള ടീഷര്‍ട്ട് അണിഞ്ഞ്, ശീതക്കാറ്റും മഴയും നോക്കാതെ സാധാരണക്കാരോടൊപ്പം പ്രതിദിനം ഏഴുമണിക്കൂറോളം 20 – 25 കിലോമീറ്റര്‍ രാഹുല്‍ നടന്നു.
മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ 1983-ല്‍ കന്യാകുമാരിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കു നടത്തിയ ഭാരത് യാത്രയും, 1990-ല്‍ ഗുജറാത്തിലെ സോമനാഥില്‍ നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് എയര്‍കണ്ടീഷന്‍ ചെയ്ത ടൊയോട്ട രഥത്തില്‍ ലാല്‍ കൃഷ്ണ അദ്വാനി നടത്തിയ യാത്രയും ഇന്ത്യ കണ്ട രാഷ്ട്രീയ യാത്രകളില്‍ എന്നും ഓര്‍ക്കപ്പെടുന്നവയാണ്. ഗുജറാത്തിലെ 600 ഗ്രാമങ്ങളിലൂടെ രാം രഥയാത്ര കടന്നുപോകുമ്പോള്‍ അദ്വാനിയുടെ ഏറ്റവും അടുത്ത സഹായിയായി നരേന്ദ്ര മോദി കൂടെയുണ്ടായിരുന്നു. അദ്വാനിയുടെ രഥയാത്ര കടന്നുപോയ ഇടങ്ങളില്‍ പലയിടത്തും വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഓരോ ഭാരതീയന്റെയും ഹൃദയത്തിലേക്കും മനസിലേക്കും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം എത്തിക്കുന്ന രാഹുല്‍ ഗാന്ധിയുടെ യാത്ര ജമ്മുവില്‍ എത്തുന്നതിന് രണ്ടുനാള്‍ മുന്‍പ് ജമ്മുവിലെ നര്‍വാല്‍ ട്രാന്‍സ്പോര്‍ട്ട് നഗറില്‍ ഇരട്ടസ്ഫോടനമുണ്ടായതൊഴിച്ചാല് ഒരിടത്തും യാതൊരു അനിഷ്ടസംഭവവും ഉണ്ടായില്ല.
ആര്‍എസ്എസും ബിജെപിയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ഭൂരിപക്ഷ ആധിപത്യത്തിന്റെ ഭാഗമായ വംശവിദ്വേഷത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും വെറുപ്പിന്റെയും വിവേചനത്തിന്റെയും പ്രത്യയശാസ്ത്രത്തെ നേരിടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പുനഃസംഘടനയും പ്രതിപക്ഷ ഐക്യവും ഭരണഘടനാസ്ഥാപനങ്ങളുടെ സ്വത്വനിര്ദ്ധാരണവും മാത്രമല്ല, ജനാധിപത്യത്തിലും ധാര്‍മികതയിലും മാനവികതയിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന വിശാല സിവില്‍ സമൂഹത്തിന്റെ പിന്തുണയും ഐക്യദാര്‍ഢ്യവും കൂടി അനിവാര്യമാണെന്ന് ഭാരത് ജോഡോ യാത്രയിലെ വന്‍ ജനപങ്കാളിത്തം ഓര്‍മിപ്പിക്കുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെക്കാള്‍ വലിയ സാമൂഹിക പരിവര്‍ത്തന ലക്ഷ്യങ്ങള്‍ രാഹുലിന്റെ യാത്രയ്ക്കുണ്ട്.
ദേശീയ ഐക്യത്തിന്റെയും സാമൂഹിക മൈത്രിയുടെയും ബഹുസ്വരതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം വര്‍ഗീയ ധ്രുവീകരണം, സാമ്പത്തിക അസമത്വം, വിലക്കയറ്റം, തൊഴിലില്ലായ്മ, സമഗ്രാധിപത്യ രാഷ്ട്രീയം എന്നീ പ്രശ്നങ്ങളെ നേരിടുന്നതിന് ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തേണ്ടതുണ്ട്.
ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും അടുപ്പമുള്ള പ്രതിപക്ഷ നേതാവ് ഒരുപക്ഷേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാകും. യച്ചൂരിയെ ചീഫ് എന്നാണ് രാഹുല്‍ അഭിസംബോധന ചെയ്യാറുള്ളത്. ത്രിപുരയില്‍ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കുകയാണ്. എങ്കിലും ശ്രീനഗറില്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 23 പ്രതിപക്ഷ കക്ഷികളില്‍ ഒന്നായ സിപിഎം അതില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ കേരളഘടകമാണ് എതിരുനില്‍ക്കുന്നത്. ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു-കശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനയുടെ 370-ാം അനുഛേദം 2019 ഓഗസ്റ്റില്‍ റദ്ദാക്കിയതോടൊപ്പം, ഒറ്റയടിക്ക് പുനഃസംഘടനാ നിയമത്തിലൂടെ അമിത് ഷാ ആ സംസ്ഥാനത്തെ തന്റെ നിയന്ത്രണത്തിലുള്ള രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്നതിനു മുന്‍പ് കശ്മീരിലെ ഏക സിപിഎം നിയമസഭാംഗമായിരുന്ന മൊഹമ്മദ് യൂസഫ് താരിഗാമി യാത്രയില്‍ പങ്കുചേരുകയുണ്ടായി. സിപിഐയില്‍ നിന്ന് ബിനോയ് വിശ്വം ശ്രീനഗറിലെ ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്.
ഡിഎംകെ പ്രസിഡന്റും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിന് ത്രിവര്‍ണ പതാക കൈമാറിയാണ് കന്യാകുമാരിയില്‍ നിന്ന് യാത്ര ആരംഭിച്ചത്. സ്റ്റാലിന്റെ സഹോദരിയും എംപിയുമായ കനിമൊഴി ഹരിയാനയില്‍ യാത്രയില്‍ പങ്കുചേര്‍ന്നു. തെക്കെ ഇന്ത്യയില്‍, കര്‍ണാടകയില്‍ ജനതാദള്‍ (സെക്യുലര്‍), തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതി, ആന്ധ്രയില്‍ തെലുഗു ദേശം പാര്‍ട്ടി എന്നിവ യാത്രയില്‍ നിന്നു വിട്ടുനിന്നു. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒഴിഞ്ഞുമാറി (2017ല്‍ കോണ്‍ഗ്രസുമായി യുപിയില്‍ സമാജ് വാദി പാര്‍ട്ടി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയപ്പോള്‍ ”യുപി കേ ദോ ലഡ്കേ” എന്നാണ് അഖിലേഷ് യാദവിനെയും രാഹുല്‍ ഗാന്ധിയെയും ബിജെപി പരിഹസിച്ചത്). രാഷ്ട്രീയ ലോക്ദള്‍ പ്രവര്‍ത്തകര്‍ പശ്ചിമയുപിയില്‍ യാത്രയില്‍ പങ്കുചേര്‍ന്നു. എന്‍സിപിയുടെ സുപ്രിയ സുലേയും ശിവസേനയുടെ ആദിത്യ താക്കറേയും സഞ്ജയ് റാവുത്തും, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ല, വൈസ് പ്രസിഡന്റ് ഓമര്‍ അബ്ദുല്ല, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് മെഹബൂബാ മുഫ്തി എന്നിവരും രാഹുലിനൊപ്പം ചേര്‍ന്നു. മേഘാലയ, നാഗാലാന്‍ഡ്, മിസോറം, കര്‍ണാടക, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളില്‍ ഇക്കൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിച്ചുപോകാതിരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ കോണ്‍ഗ്രസിന് മുന്‍കൈ എടുക്കാനുള്ള സാഹചര്യം ഇപ്പോള്‍ സംജാതമായിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളിലും ആറു ലക്ഷം ഗ്രാമങ്ങളിലെ പത്തു ലക്ഷം പോളിങ് ബൂത്തുകളിലും ഓരോ വീട്ടിലും സമ്പര്‍ക്ക പരിപാടിയുമായി രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന് യാത്ര ജനുവരി 26ന് ആരംഭിക്കുന്നുണ്ട്.
2002-ലെ ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെയും ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിം സമൂഹവും മോദിയും തമ്മിലുള്ള സംഘര്‍ഷങ്ങളെയും സംബന്ധിച്ച ബിബിസി ഡോക്യുമെന്ററി നിരോധിക്കാനും ട്വിറ്റര്‍, യുട്യൂബ് അക്കൗണ്ടുകളില്‍ നിന്ന് അതിന്റെ വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്യാനും ജി 20 നേതാവിന്റെ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥയുടെ അടവുകള്‍ പ്രയോഗിക്കുന്നത് രാജ്യാന്തരശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ഗുജറാത്തിലെ പത്തു കലാപക്കേസുകള്‍ അന്വേഷിച്ചു തള്ളിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതി ശരിവച്ചു എന്നതിനാല്‍ ആ സംഭവങ്ങളൊന്നും ഇനി ഒരു കൊളോണിയല്ശക്തിയും ചികഞ്ഞെടുക്കേണ്ടതില്ല എന്നാണ് നമ്മുടെ രാജ്യസ്നേഹികളുടെ നിലപാട്. ബിബിസി ഡോക്യുമെന്ററി വിലക്കപ്പെടുമ്പോള്‍, ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയ്ക്കെന്നപോലെ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്സേയെക്കുറിച്ചുള്ള രാജ്കുമാര് സന്തോഷിയുടെ ‘ഗാന്ധി ഗോഡ്സേ: ഏക് യുദ്ധ്’ എന്ന ചിത്രത്തിന് കേന്ദ്രത്തിന്റെ എല്ലാ പ്രോത്സാഹനവും ഉറപ്പാണ്. മോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ എസ്ഐടി മേധാവി ആര്.കെ രാഘവനെ സൈപ്രസിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി മോദി നിയമിച്ചത് ആനുഷംഗികമായി ചിലര്‍ ഓര്‍ക്കുന്നു. അയോധ്യയിലെ രാം ജന്മഭൂമി-ബാബ്റി മസ്ജിദ് കേസില്‍, തര്‍ക്കഭൂമിയില്‍ രാമക്ഷേത്രനിര്‍മാണത്തിന് അനുകൂലമായി വിധിപറഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭാംഗത്വം നല്കിയതും പ്രത്യുപകാരമായി ചിലര്‍ വിലയിരുത്തുന്നു.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ജനാധിപത്യവ്യവസ്ഥിതിയെ ദുഷിപ്പിക്കുന്ന സമഗ്രാധിപത്യ ശക്തികള്‍ക്കെതിരായ ജനകീയ പോരാട്ടം ശ്രീനഗറില്‍ അവസാനിക്കേണ്ടതല്ല. അമേരിക്കന്‍ ഗാനരചയിതാവ് ഓസ്കര് ഹാമര്‍സ്റ്റൈന്റെ വരികള്‍ ഭാരത് ജോഡോ യാത്രയിലും ഉയര്‍ന്നുകേള്‍ക്കുന്നു: നിന്റെ ഹൃദയത്തില്‍ പ്രത്യാശയുമായി മുന്നേറൂ, പിന്നെ ഒരുനാളും നിനക്ക് ഒറ്റയ്ക്ക് നടക്കേണ്ടിവരില്ല.