യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറമുള്ള കാഴ്ചകള്‍ തേടുന്നവര്‍ക്കും അപരനില്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഈ പുസ്തകം.
നോക്കലും കാണലും തമ്മില്‍ വ്യത്യാസമുണ്ട്. ഈ വ്യത്യാസത്തെക്കുറിച്ച് ‘സാഹിത്യത്തിന്റെ താത്ത്വികാഖ്യാനങ്ങള്’ എന്ന പുസ്തകത്തിന് എഴുതിയ അവതാരികയില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ പ്രഫ. എം തോമസ് മാത്യു നല്കുന്ന വിവരണം ഇങ്ങനെയാണ്. കാണല്‍ വെറും കണ്ണില്പ്പെടലാണ്. നോക്കിക്കാണല്‍ ഒരു നോട്ടസ്ഥാനത്ത് നിന്നുകൊണ്ടുള്ള കാണലാണ്. നാം നിത്യവും നടക്കുന്നതിനിടയില്‍ എത്രയോ പൂക്കള്‍ അടര്‍ന്ന് മണ്ണില്‍ വീണു കിടക്കുന്നത് കാണുന്നു. എത്രയോ എണ്ണം കണ്ണില്‍പ്പെടാതെ പോയിട്ടുമുണ്ടാകും? കണ്ണില്‍ പെട്ടതും കണ്ണില്‍ പെടാതെ പോയതും തമ്മില്‍ ഗുണപരമായ വ്യത്യാസമൊന്നുമില്ല. അവയുടെ സത്തയും നമ്മുടെ സത്തയും തമ്മില്‍ സംവാദമില്ല. അവ ഉണ്ടായിരുന്നാലും ഇല്ലാതിരുന്നാലും നമുക്ക് ഒരുപോലെ. എന്നാല്‍, ഒരിക്കല്‍ ഒരു പൂ വീണു കിടക്കുന്നത് നമ്മുടെ ഒരു കവിയുടെ കണ്ണില്‍ പതിഞ്ഞു. കണ്ണില്‍ പെട്ടിട്ടും കണ്ണില്‍ പതിയാതെ പോയ എത്രയോ പൂവുകള്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍, ഈ ഒരെണ്ണത്തിന്റെ മുമ്പില്‍ കവി നിന്നു. കവി അതിനെ നോക്കി. അപ്പോള്‍ ജീവിതത്തെക്കുറിച്ച്, പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ച്, ഔപനിഷദിക ദര്‍ശനം വെളിവാകുന്ന സത്യം ആ പൂവിന്റെ ‘കരിഞ്ഞു മലിഞ്ഞും മണ്ണാകാന്‍’ ഒരുങ്ങി നില്ക്കുന്ന ദളങ്ങളില്‍ സ്ഫുടമായി എഴുതി വച്ചിരിക്കുന്നത് കവി വായിച്ചു. അതാണ് ‘ വീണ പൂവ്’ എന്നു നമുക്കറിയാം. ഇതുപോലെ മറ്റൊരു പൂവ് വീണു കിടക്കുന്ന കാഴ്ച മറ്റൊരു കവിയെ -അക്കിത്തത്തെ- നിര്‍ത്തിയത്
‘നിന്നെ കൊന്നവര്‍ കൊന്നു പൂവേ
തന്നുടെ തന്നുടെ മോക്ഷത്തെ’
എന്ന കാഴ്ചയുടെ മുമ്പിലാണ്.
കുറവല്ലാത്ത ഏകാഗ്രതയും സൂക്ഷ്മമായ ജാഗ്രതയും ആവശ്യപ്പെടുന്ന പുസ്തകമാണ് ഡോ. പോള്‍ തേലക്കാട്ട് എഴുതിയിട്ടുള്ള ‘സാഹിത്യത്തിന്റെ താത്വികാഖ്യാനങ്ങള്‍.’ തത്ത്വചിന്തയുടെയും ദൈവശാസ്ത്രത്തിന്റെയും വഴിയിലാണ് തേലക്കാട്ടച്ചന്റെ യാത്ര. കാവ്യസ്വഭാവം, കാവ്യദര്‍ശനം. കാവ്യവിമര്‍ശനം, ദുരന്തപരിഹാസങ്ങള് എന്നിങ്ങനെ പുസ്തകത്തെ നാലായി തരംതിരിച്ചിരിക്കുന്നു. അറുപതിയഞ്ച് അധ്യായങ്ങളാണ് ഇങ്ങനെ ക്രമീകരിച്ചിട്ടുള്ളത്. കവി എന്താണ് കണ്ടത്? ഏത് നോട്ടസ്ഥാനത്തുനിന്ന് നോക്കിയിട്ടാണ് ഈ കാഴ്ച ഒരുക്കിയത്? എന്ന അന്വേഷണമാണ് ഗ്രന്ഥകര്‍ത്താവ് നിര്‍വഹിക്കുന്നത്. അതാകട്ടെ സമ്പന്നമായ ആശയങ്ങളിലേക്കും ആഴമാര്‍ന്ന വിജ്ഞാന ഭൂവിലേക്കും നമ്മെ നയിക്കും.
കാഴ്ചയും നോട്ടവും എന്ന അധ്യായം പഠിപ്പിക്കുന്നത് ഇങ്ങനെയാണ്.
പ്രപഞ്ചം കാണിക്കലിന്റേതാണ്. കാലപ്രവാഹത്തിന്റെ നിതാന്തനൃത്തം. എല്ലാം വെളിവാക്കുന്ന; എല്ലാം തങ്ങളെത്തന്നെ വെളിവാ ക്കുകയാണ്. പൂക്കള്‍ കാണിക്കലിന്റെ ആഘോഷമാണ്, കാണിക്കലിനെ വശ്യവും ഹൃദ്യവുമാക്കുന്നത് അതിന്റെ സൗന്ദര്യത്തിലാണ്, മഴവില്ലിന്റെയും താരാപഥത്തിന്റെയും യുവാക്കളുടെയും വിസ്മയം കാഴ്ചയുടെ മാസ്മരിക അത്ഭുതങ്ങളാണ്. ”താരനിബിഡമായ ആകാ ശവും ധര്‍മ്മബോധത്തിന്റെ ആന്തരികതയും വിസ്മയിപ്പിക്കുന്നു’ എന്നു കാന്റ് എഴുതി. പാശ്ചാത്യ ചരിത്രത്തില്‍ കണ്ണും കാഴ്ചയും ദര്‍ശനവും മനനവിഷയമായിരുന്നു. അവിടെ രണ്ട് ലത്തീന്‍ പദങ്ങള്‍ ശ്രദ്ധേയമാണ്. പ്രപഞ്ചത്തിന്റെ കാണിക്കല്‍ പ്രക്രിയ കണ്ണുള്ളവന്റെ കണ്ണിലേക്ക് ഇടിച്ചു കയറുകയാണ്. ആ കടന്നുവരവ് വലിയ സൗന്ദര്യത്തിന്റെ മാടിവിളിക്കലിലാണ്.
അപ്പോള്‍ ഒരു കാഴ്ചയില്‍ നോക്കുന്നവന്റെ വെളിച്ചവും കാണിക്കുന്നവന്റെ വെളിപാടുമാണ്. കാഴ്ചക്കാരന്റെ വ്യക്തിഗതമായ വെളിച്ച (Lumen)മല്ല കാഴ്ചവസ്തുവിന്റെ വെളിവാകലിന്റെ വെളിച്ചം (Lux). നോട്ടം പലവിധമുണ്ട്. കോപത്തോടെയും കാമത്തോടെയും കൊല്ലുന്നവിധവും കരുണയോടെയും കണ്ണീരോടെയും കാണാം. ഒരു വസ്തു പലവിധം കാണുമ്പോള്‍ കാഴ്ചപ്പാടുകള്‍ ഭിന്നമാകുന്നു. വീക്ഷണ കോണുകള്‍ കാഴ്ച മാറ്റുന്നു. അങ്ങനെ ദര്‍ശനങ്ങള്‍ പലവിധമായി. നോട്ടത്തിന്റെ വ്യക്തിനിഷ്ഠതയും കാണിക്കലിന്റെ വസ്തുനിഷ്ഠതയും കാഴ്ചയിലുണ്ട്.
ലെവിനാസ്, ധര്‍മ്മം കാഴ്ചശാസ്ത്രമാണ് എന്ന് എഴുതി. നോക്കുന്നവന്റെ അഹത്തിന്റെ ആധിപത്യമായി നോട്ടം മാറി. ദര്‍ശനം സര്‍വാധിപത്യമായി മാറിയെന്ന ആക്ഷേപമുയര്‍ന്നു. കാഴ്ചക്കാരന്റെ നോട്ട ത്തില്‍ മതമുണ്ട്, ധര്മ്മമുണ്ട്, സാഹിത്യമുണ്ട്. വിശ്വാസങ്ങള്‍ കാണുന്ന വിധങ്ങളായി. സാഹിത്യം കാഴ്ചയിലെ സൗന്ദര്യത്തിന്റെയും അതിന്റെ സത്യത്തിന്റെയും ആവിഷ്കാരമാക്കി. കവി ടി.എസ്. എലിയട്ട് എഴുതി. ”ഞാന്‍ ആ കണ്ണുകള്‍ കാണുന്നു, കണ്ണീരു കാണു ന്നില്ല. അതാണ് എന്റെ രോഗം”. കവി കരച്ചിലിന്റെ പിന്നാലെ യാത്ര ചെയ്യുന്നവനായി.
പക്ഷേ, ബൈബിള്‍ കണ്ണിനെ വിശ്വസിക്കാന്‍ വിസമ്മതിക്കുന്നു.
അതുകൊണ്ട് ദൈവത്തെ കാണാനാവില്ല, ദൈവത്തെ കേള്‍ക്കാം.
അതാണ് ഏറ്റവും ധാര്‍മ്മികമായ ഇന്ദ്രിയം. ഗ്രീക്കു പാരമ്പര്യത്തില്‍
തത്ത്വചിന്ത ദര്‍ശനമാണ്. അതു കാണുംവിധമാണ്. പക്ഷേ, അതിന്റെ
അപകടവും അവര്‍ തിരിച്ചറിയുന്നു. അതുകൊണ്ടു കണ്ണു കാണാത്തത് ആത്മാവിന്റെ അക്ഷി കാണുന്നു എന്ന് പ്ലേറ്റോ പറഞ്ഞു. കണ്ണിന്റെ വഞ്ചനാത്മകമായ മാനം ലെവിനാസ് വ്യക്തമാക്കി. ”അപരന്റെ മുഖത്തിന് എന്റേതില്‍ നിന്നു പൊരുത്തക്കേടുണ്ടായിട്ടുപോലും അപരന്റെ മുഖം കേള്‍ക്കാതിരിക്കാനാവില്ല.” അപരന്റെ മുഖം പ്രാഥമിക വേദമായി കണ്ട അദ്ദേഹത്തിന് മുഖം കാണിക്കുകയല്ല, മുഖം മൊഴിയുകയാണ്.
യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറമുള്ള കാഴ്ചകള്‍ തേടുന്നവര്‍ക്കും അപരനില്‍ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഈ പുസ്തകം.