കണ്ണൂര്/പരിയാരം: അളവില്ലാത്ത ജീവകാരുണ്യ പ്രവര്ത്തനങ്ങള്കൊണ്ട് മലബാറിന്റെ മഹാമിഷണറിയായി മാറിയ ഫാ. ലീനസ് മരിയ സുക്കോള് ഇനി ദൈവദാസന്. അച്ചന്റെ പ്രവര്ത്തനകേന്ദ്രവും അന്ത്യവിശ്രമസങ്കേതവുമായ മരിയാപുരം തീര്ത്ഥാടന ദേവാലയത്തില് തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷിനിര്ത്തി സുക്കോളച്ചനെ ദൈവദാസ പദത്തിലേക്കുയര്ത്തുന്ന വത്തിക്കാന് ഡിക്രി കണ്ണൂര് ബിഷപ് ഡോ. അലക്സ് വടക്കുംതല വായിച്ചു. സുക്കോളച്ചന്റെ ഒന്പതാം ചരമവാര്ഷികദിനമായിരുന്ന ജനുവരി ആറിന് കബറിടത്തിലെത്തി പ്രാര്ത്ഥനാഞ്ജലിയോടെയാണ് ചടങ്ങുകള് ആരംഭിച്ചത്.
സിബിസിഐ വൈസ് പ്രസിഡന്റ് ഡോ. ജോസഫ് മാര് തോമസ് കബറിടത്തിലെ പ്രാര്ഥനകള്ക്കു നേതൃത്വം നല്കി. തുടര്ന്ന് അര്പ്പിച്ച പൊന്തിഫിക്കല് കുര്ബാനയ്ക്ക് സുക്കോളച്ചന്റെ ജന്മനാടായ ത്രെന്തോ അതിരൂപതയുടെ ആര്ച്ച്ബിഷപ് എമരിറ്റസ് ഡോ. ലൂയിജി ബ്രെസാന് മുഖ്യകാര്മികത്വം വഹിച്ചു. കോഴിക്കോട് ബിഷപ് ഡോ. വര്ഗീസ് ചക്കാലക്കല്, തലശേരി ആര്ച്ച്ബിഷപ് മാര് ജോസഫ് പാംപ്ലാനി എന്നിവര് സഹകാര്മികരായി. പൊതുസമ്മേളനത്തില് രാമചന്ദ്രന് കടന്നപ്പള്ളി എംഎല്എ, ദീനസേവന സഭ സുപ്പീരിയര് ജനറല് സിസ്റ്റര് എമെസ്റ്റിന, കണ്ണൂര് രൂപത വികാരി ജനറല് മോണ്. ക്ലാരന്സ് പാലിയത്ത്, സാമൂഹിക പ്രവര്ത്തകന് വി.ആര്.വി ഏഴോം, ഫാ. ജോ മാത്യു, മരിയാപുരം ഇടവക പ്രതിനിധി ജോസ് തങ്കപ്പന് എന്നിവര് പ്രസംഗിച്ചു. സുക്കോളച്ചന്റെ ബന്ധുക്കളടക്കം ഇറ്റലിയില് നിന്നുള്ള 11 പേരുടെ പ്രതിനിധി സംഘവും ചടങ്ങിനു സാക്ഷിയായി. ആറരപ്പതിറ്റാണ്ടു ദൈവത്തിനും മനുഷ്യര്ക്കുംവേണ്ടിയുള്ള സുക്കോളച്ചന്റെ ആത്മസമര്പ്പണത്തിനു സഭ നല്കിയ അംഗീകാരമാണ് വിശുദ്ധപദത്തിലേക്കുള്ള ചവിട്ടുപടിയായ ദൈവദാസ പ്രഖ്യാപനം.
സുക്കോളച്ചന് ദൈവദാസന്
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2025 ThemeSphere. Designed by ThemeSphere.

