ഐതിഹാസികമായ മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യമായിരുന്നു വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രത്യാഘാതങ്ങളും അതുവഴി സംഭവിക്കുന്ന തീരശോഷണം സംബന്ധിച്ചും ശാസ്ത്രീയ പഠനം നടത്തുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കുക എന്നത്. പ്രക്ഷോഭത്തിനിടയിൽ തന്നെയാണ് 2022 ഒക്ടോബർ ആറാം തീയതി പൂന കേന്ദ്രമാക്കിയുള്ള സിഡബ്ള്യുപിആർഎസ് സ്ഥാപനത്തിന്റെ മുൻ അഡിഷണൽ ഡയറക്ടർ ആയിരുന്ന എം ടി കൂടലെ അധ്യക്ഷനായ ഒരു വിദഗ്ധസമിതിയെ സർക്കാർ നിയോഗിക്കുന്നത്. എന്നാൽ ഈ സമിതിയുടെ പരിഗണനാ വിഷയങ്ങൾ പിന്നീട് നിശ്ചയിക്കും എന്നാണ് പറഞ്ഞിരുന്നത്.
തീരാശോഷണത്തിന്റെ ഇരകളായി ഗോഡൗണുകളിൽ താമസിക്കുന്ന 126 പേർ ചേർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച പരാതി ഡിസംബർ 15ന് കോടതി പരിഗണിച്ചപ്പോൾ ഈ സമിതിയുടെ പരിഗണന വിഷയങ്ങൾ നിശ്ചയിച്ചു നൽകാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ജനുവരി 9 ന് കോടതി വീണ്ടും കേസ് പരിഗണിച്ചപ്പോൾ സർക്കാർ സമിതിയുടെ പരിഗണന വിഷയങ്ങൾ നിശ്ചയിച്ച ഉത്തരവ് കോടതിയിൽ സമർപ്പിക്കുകയുണ്ടായി.
വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചതിനു ശേഷം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആഘാത പരിധിയിലെ തീരശോഷണത്തിന്റെ വ്യപ്തി തിട്ടപ്പെടുത്തുകയാണ് പ്രധാന പരിഗണനാ വിഷയം.
ഇത്തരത്തിൽ തീരശോഷണം കണ്ടെത്തിയാൽ തുറമുഖ നിർമ്മാണം ഉൾപ്പടെയുള്ള കൃത്യവും വ്യക്തവുമായ കാരണങ്ങൾ കണ്ടെത്താനും ഈ പ്രത്യാഘാതങ്ങളെ മറികടക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സ്യബന്ധന പ്രവർത്തനങ്ങൾ, കപ്പൽ ചാലുകൾ, സമുദ്ര ആവാസ വ്യവസ്ഥകൾ എന്നിവിടങ്ങളിൽ തുറമുഖ നിർമ്മാണം ഉളവാക്കുന്ന പ്രത്യാഘാതങ്ങളും അവയുടെ പരിഹാര നടപടികളും സമിതിയുടെ പരിഗണനാ വിഷയങ്ങളാണ്. ആവശ്യമുള്ള ഘട്ടങ്ങളിൽ സമിതി പദ്ധതിയുടെ ആഘാതം നേരിടുന്നവരുമായി കൂടിയാലോചിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നാല് മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും ആറ് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സർക്കാരിന് സമർപ്പിക്കണം.