ശബ്ദത്തിന്റെ വിവിധ രൂപഭാവനിറങ്ങള് വിളയിച്ചു വിളമ്പുന്ന സംഗീതത്തില്‍ ശബ്ദത്തിന്റെ അതേ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു ഘടകമുണ്ട്: നിശബ്ദത! സംഗീതത്തില്‍ സംവിധായകര്‍ ചിട്ടപ്പെടുത്തുന്ന സ്വരങ്ങള്‍ക്കിടയില്‍ അവര്‍തന്നെ ചിട്ടപ്പെടുത്തിയിടുന്ന ശൂന്യസ്വരങ്ങള് വളരെ അര്‍ത്ഥഗര്‍ഭമാണ്. അത് അര്‍ത്ഥമില്ലാത്ത ഒരു ഇടവേളയല്ല, സ്വരമില്ലാത്ത സംഗീതമാണ്. തൊടാന്‍ കഴിയാത്ത, കൈകാര്യം ചെയ്യാന്‍ കഴിയാത്ത ആ നിശബ്ദത പുതിയ സ്വരങ്ങളെ ജനിപ്പിക്കുന്ന ഒരു തുറന്നയിടമാണ്. സത്യത്തില്‍ സംഗീതം നിശബ്ദതയെ ആശ്രയിച്ചാണിരിക്കുന്നത്. ആ നിശബ്ദതയില്‍ ഒരു സിംഫണി ഒളിഞ്ഞിരിക്കുന്നു. ഒരു പിയാനിസ്റ്റുകൂടിയായിരുന്ന ബെനഡിക്ട് പിതാവ് ഇക്കാര്യം സംഗീതത്തില്‍ മാത്രമല്ല, ജീവിതത്തിലും പകര്‍ത്തി നമ്മെ അത്ഭുതപ്പെടുത്തിയ ഒരു വ്യക്തിത്വമായിരുന്നു. പഠിച്ചതു മുഴുവന്‍ ജീവിക്കുകയും ജീവിച്ചു പഠിപ്പിക്കുകയും ചെയ്ത മഹദ്പ്രതിഭ!
”നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ക്രിസ്തുവിനെ നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമാക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം എന്നും അനുഭവിക്കാന്‍ നിങ്ങള്‍ക്കിടയാകട്ടെ!” പാപ്പാ എന്ന നിലയിലുള്ള ബെനഡിക്ട് പതിനാറാമന്റെ അവസാന സന്ദേശങ്ങളില്‍ ഒന്നായിരുന്നു ആ ട്വീറ്റ്. കത്തോലിക്കാ സഭയുടെ അത്യുന്നതസ്ഥാനം ഉപേക്ഷിച്ചിറങ്ങുമ്പോള്‍ പിതാവിന് ആശംസിക്കാനുണ്ടായിരുന്നത് ഇതു മാത്രമായിരുന്നു: ”ക്രിസ്തുവിനെ ജീവിതത്തിന്റെ കേന്ദ്രമാക്കുക.” ഇത് സത്യത്തില്‍ ഓരോ ക്രൈസ്തവനും കാലം കൊള്ളയടിക്കാത്ത അനശ്വരമായ ആശംസയായി തീരട്ടെ!
സ്വരം നിലച്ച നിമിഷം
ഒരുതരം മരവിപ്പാര്‍ന്ന നിശബ്ദതയിലാണ് സ്ഥാനം ത്യജിക്കാനുള്ള അദ്ദേഹത്തിന്റെ ആ തീരുമാനം ലോകം കേട്ടത്. ആധുനിക കാലത്ത് കേട്ടുകേള്‍വിയില്ലാത്ത ഒരു പ്രവൃത്തി. സഭാചരിത്രത്തില്‍ വിരളങ്ങളില്‍ വിരളം! പ്രായാധിക്യംകൊണ്ടുള്ള ക്ഷീണം ശരിയായ കൃത്യനിര്‍വഹണത്തിന് തടസ്സമാകുന്നു എന്ന ബോധ്യമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് അദ്ദേഹം വിശദീകരിച്ചു. ആ പ്രസ്താവന മനസ്സിരുത്തി പിന്നീട് വീണ്ടും വായിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് അദ്ദേഹത്തിന്റെ സത്യസന്ധതയാണ്. തന്നോടും, തന്നെ ഏല്‍പ്പിച്ച ദൗത്യത്തോടും അദ്ദേഹം നടത്തിയ ദൈവശാസ്ത്രപരമായ ആത്മീയ സത്യസന്ധത. ലോകത്തില്‍ സംഭവിക്കുന്ന അതിവേഗ മാറ്റങ്ങളോടും വിശ്വാസജീവിതത്തെ പിടിച്ചുകുലുക്കുന്ന സുപ്രധാന ചോദ്യങ്ങളോടും ശരിയായ രീതിയില്‍ പ്രതികരിക്കാന്‍, തന്റെ മനസ്സിനും ശരീരത്തിനും കഴിയാതെ വന്ന ക്ഷീണം തിരിച്ചറിഞ്ഞ് – തന്റെ പ്രവൃത്തിയുടെ ഗൗരവം മനസ്സിലാക്കിക്കൊണ്ടുതന്നെ – പരിപൂര്‍ണ സ്വാതന്ത്ര്യത്തോടെ റോമിന്റെ മെത്രാനും പത്രോസിന്റെ പിന്‍ഗാമിയും എന്ന സ്ഥാനം അദ്ദേഹം ത്യജിക്കുകയായിരുന്നു.
വാര്‍ദ്ധക്യം വരുത്തുന്ന വ്യത്യാസങ്ങളെ തിരിച്ചറിഞ്ഞ പരമാധികാരി. അധികാര സ്ഥാനത്തിന്റെ ആസ്വാദനത്തേക്കാള്‍ അതിലടങ്ങിയ സേവനത്തിന്റെ കടമ കര്ത്തവ്യമാക്കിയ ക്രിസ്തുശിഷ്യന്. തന്നെ ഭരമേല്പ്പിച്ച ദൗത്യത്തിന്റെ ഔന്നത്യവും ഉത്തരവാദിത്വവും മനസ്സിലാക്കി, തന്റെ കുറവുകള്‍ സഭയുടെ മുന്നേറ്റത്തിനു തടസ്സമാകാതിരിക്കാന്‍ വഴിമാറിയ ഭരണാധികാരി. തന്റെ സ്ഥാനത്യാഗത്തിന്റെ വിദൂരഫലങ്ങളെ കുറിച്ച് അവബോധമുണ്ടായിരുന്ന ഇടയന്.
അസാധാരണമായ ഈ പ്രവൃത്തിക്കു കാരണം കണ്ടെത്താന്‍ ലോകമാധ്യമങ്ങള്‍ ഊഹാപോഹങ്ങളില്‍ മുങ്ങിത്തപ്പി. വാറ്റീലീക്സ് മുതല്‍ സമര്‍പ്പിതരുടെ ലൈംഗികപീഡനം വരെ കീറിമുറിച്ച് അവലോകനം നടത്തിയ മാധ്യമങ്ങള്‍, ബെനഡിക്ട് പതിനാറാമന്റെ ആത്മാര്‍ത്ഥതയ്ക്കു മുകളില്‍ സഭയുടെ ബലഹീനതകളെ ഉയര്‍ത്തിപ്പിടിച്ച് അഴിഞ്ഞാടി. അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തിനു പിന്നില്‍ തന്നോടുതന്നെയുള്ള സത്യസന്ധതയും ഉത്തരവാദിത്വബോധവും സഭയോടുള്ള അഗാധമായ സ്നേഹവുമാണെന്നു കണ്ടെത്താന്‍ ലൗകിക മൂല്യങ്ങള്‍ മാത്രം കൊണ്ടുള്ള ശസ്ത്രക്രിയകള്‍ ബുദ്ധിമുട്ടി.
ബെനഡിക്ട് പതിനാറാമന്‍ പാപ്പാ
2005ല്‍ ജോണ്‍ പോള്‍ രണ്ടാമന്റെ മരണത്തെത്തുടര്‍ന്ന് കര്‍ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നത് 78 വയസ്സുള്ളപ്പോഴായിരുന്നു. 24 വര്‍ഷത്തോളം താന്‍ അധ്യക്ഷതവഹിച്ചുപോന്ന വിശ്വാസ തിരുസംഘത്തിന്റെ തലപ്പത്തുനിന്ന് വിരമിക്കാന്‍ രണ്ടു പ്രാവശ്യമെങ്കിലും അപേക്ഷ സമര്‍പ്പിച്ച അദ്ദേഹത്തിന്റെ വിരമിക്കല്‍, പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാകണം എന്നതായിരുന്നു അന്നു രാജി നിരസിച്ച ജോണ്‍ പോള്‍ രണ്ടാമനിലൂടെ തമ്പുരാന്റെ നിയോഗം.
പ്രായാധിക്യം മൂലം തിരഞ്ഞെടുക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് കര്‍ദിനാള്‍ റാറ്റ്സിംഗര്‍ കോണ്‍ക്ലേവിലേക്ക് പോയത്. മെത്രാന്മാര് 75 വയസ്സില്‍ വിരമിക്കുമ്പോള്‍ ഒരു എഴുപത്തെട്ടുകാരന് പത്രോസിന്റെ പിന്‍ഗാമിയായി വരുക എന്നത് യുക്തിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. പാപ്പാ ആയതിനു ശേഷം നല്കിയ ഒരു നീണ്ട അഭിമുഖത്തില്‍ അദ്ദേഹം തന്നെ അതു സൂചിപ്പിച്ചിട്ടുണ്ട്. ആത്മീയതയുടെ അന്വേഷണങ്ങള്‍ പരിചിന്തനം ചെയ്തു ധ്യാനിക്കുന്ന ഒരു അധ്യാപകനാണ് താനെന്നും പ്രായോഗിക ഭരണം തനിക്ക് അത്ര എളുപ്പമല്ല എന്നറിയാമായിരുന്നിട്ടും, വയോധികനായ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരുടെ നേര്‍ക്കുള്ള നിര്‍ബന്ധിത കടമയായി ആ സ്ഥാനം താന്‍ ഏല്‍ക്കുകയായിരുന്നെന്നും ആ അഭിമുഖത്തില്‍ അദ്ദേഹം തന്റെ തിരഞ്ഞെടുപ്പിനെ കുറിച്ച് പറയുന്നുണ്ട്.
തനിമയാര്‍ന്ന പാണ്ഡിത്യം
ബെനഡിക്ട് പതിനാറാമന്‍ വളരെ വ്യത്യസ്തമായ ഒരു തനിമ ഉണ്ടായിരുന്നു. ഏതൊരു ജര്‍മന്‍കാരനെയും പോലെ കൃത്യതയും കഠിനാധ്വാനവും ഉല്‍കൃഷ്ടതയും സ്വന്തം ജീവിതത്തില്‍ സൂക്ഷിക്കുമ്പോഴും തന്റെ വിശ്വാസങ്ങളെ അളന്ന് പരീക്ഷിച്ച് പാകപ്പെടുത്തിയ ഒരു ഗവേഷണ പാണ്ഡിത്യം അദ്ദേഹത്തില്‍ നിറഞ്ഞുനിന്നു. മുപ്പതാം വയസ്സില്‍ ജര്‍മ്മന്‍ കലാശാലകളില്‍ ദൈവശാസ്ത്ര പ്രൊഫസര്‍ ആയി സേവനം തുടങ്ങിയ അദ്ദേഹത്തിന്റെ ദൈവശാസ്ത്ര അവഗാഹവും അത് സുദൃഢമാക്കിയ വിശ്വാസങ്ങളും സഭാശുശ്രൂഷയില്‍ ശ്രേഷ്ഠ സംഭാവനകള്‍ നല്കാന് മാത്രമല്ല, സ്വയം കണ്ടെത്താനും അറിയാനും അദ്ദേഹത്തെ പ്രാപ്തനാക്കി.
ക്രിസ്തു – പരമ സത്യം
കത്തോലിക്കാ വിശ്വാസം പഠിപ്പിച്ചും അത് വിവേചിച്ചറിയാനും ജീവിക്കാനും പ്രതിവിധികള്‍ നല്‍കിയും വിശ്വാസ തിരുസംഘത്തെ നീണ്ട വര്‍ഷങ്ങള്‍ നയിച്ച അദ്ദേഹം, ക്രിസ്തുവാണ് പരമ സത്യം എന്ന് ഉറച്ചു വിശ്വസിച്ചു. ”ഭയപ്പെടേണ്ട! ക്രിസ്തുവിന് വാതിലുകള്‍ മലര്‍ക്കെ തുറന്നുകൊടുക്കുവിന്” എന്ന തന്റെ മുന്‍ഗാമി ജോണ്‍ പോള്‍ രണ്ടാമന്റെ വളരെ സുപ്രസിദ്ധമായ വാക്കുകളോട്, ”ക്രിസ്തു നമ്മുടെ ജീവിതത്തില്‍ ഇടപെടുമ്പോള്‍” ജീവിതം സ്വതന്ത്രവും സുന്ദരവും മഹത്വമേറിയതുമാക്കുന്നവയെല്ലാം നൂറുമടങ്ങായി അനുഭവിക്കാന്‍ കഴിയുമെന്നും അപ്രകാരം ”യഥാര്‍ത്ഥ ജീവന് കണ്ടെത്താന്‍ കഴിയും” എന്ന് കൂട്ടിച്ചേര്‍ത്താണ് പാപ്പാ എന്ന നിലയിലെ തന്റെ ആദ്യ പ്രസംഗം അദ്ദേഹം നടത്തിയത്.
യേശുവുമായുള്ള സൗഹൃദം
യേശുവുമായുള്ള സൗഹൃദം ബെനഡിക്ട് പാപ്പായുടെ ജീവിതത്തിന്റെ ചാലകശക്തിയായിരുന്നു. ഇന്നത്തെ ലോകത്തിന്റെ പ്രലോഭനങ്ങളില്‍ ഒന്നായ ‘ദൈവത്തിന്റെ അഭാവം’ എന്ന ചിന്തയെ ചെറുക്കാന്‍ യേശുവുമായുള്ള സൗഹൃദം സുപ്രധാന മാര്‍ഗ്ഗമായി അദ്ദേഹം നിര്‍ദ്ദേശിച്ചു. ‘നസ്രായനായ യേശു’ എന്ന ഗ്രന്ഥത്തില്‍ യേശുക്രിസ്തുവുമായി ജീവിക്കുന്ന ഒരു ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വിശ്വാസവും യുക്തിയും സമന്വയിപ്പിച്ച് സത്യസന്ധമായ വിശ്വാസവും ഗൗരവമായ പാണ്ഡിത്യവും തമ്മില്‍ വേര്‍തിരിവ് വേണ്ടെന്നു തെളിയിക്കുന്ന ആ ഗ്രന്ഥം ചരിത്ര, ദൈവശാസ്ത്ര, കാനോനിക വിശകലനങ്ങളിലൂടെ നാലു സുവിശേഷങ്ങളും പഠിച്ച് യേശുവിന്റെ ജീവിതം വിശദീകരിച്ചുകൊണ്ട് യേശുവിനെ പരിചയപ്പെടുത്തുകയാണ്. യേശുവുമായുള്ള സൗഹൃദം വളര്‍ത്തുക എന്നതായിരുന്നു ആ അമൂല്യ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. ഇന്നത്തെ മതനിരാസത്തിന്റെയും പ്രായോഗികതാവാദത്തിന്റെയും മുന്നില്‍ ക്രൈസ്തവന് അവന്റെ സ്വത്വം നഷ്ടമാകാതിരിക്കാന്‍ ”യേശുവുമായി ഹൃദയംഗമമായ സൗഹൃദം തീര്‍ക്കുന്ന പ്രാര്‍ത്ഥന” അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അപേക്ഷികത
ഒരു ദൈവശാസ്ത്രജ്ഞന് എന്ന നിലയില്‍ വിശ്വാസജീവിതത്തിന്റെ ഏറ്റവും വലിയ ആനുകാലിക പ്രശ്നമായി അദ്ദേഹം കണ്ടത് ആപേക്ഷികതയുടെ സ്വേച്ഛാധിപത്യമാണ് . ഒന്നും തീര്‍ച്ചയില്ലാത്ത സ്വന്തം മോഹങ്ങള്‍ തീരുമാനമെടുക്കുന്ന അഹം മാത്രം എല്ലാറ്റിന്റെയും മാനദണ്ഡമാക്കി തീര്‍ക്കുന്ന ആപേക്ഷികത. സ്വാതന്ത്ര്യം എന്ന ധാരണയില്‍ ഇത് വ്യക്തികളിലും സമൂഹത്തിലും ഒരു തടവറ തീര്‍ക്കുകയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ കണ്ടു. സഭയെയും മനുഷ്യകുലത്തെയും വെല്ലുവിളിക്കുന്ന ആപേക്ഷികത യുക്തിയുടെ ഒരുതരം സ്വയവിച്ഛേദമാണെന്നും അത് മതത്തെ തീവ്രവാദമാക്കുകയും ശാസ്ത്രത്തെ പരിസ്ഥിതി നാശത്തിലെത്തിക്കുകയും ചെയ്യുന്ന രോഗമാണെന്നും ആപേക്ഷികമായ ഒന്നിനെ പരമ സത്യമാക്കി മാറ്റുന്നത് ഏകാധിപത്യമാണെന്നും അദ്ദേഹം ലോകത്തിനു മുന്നറിയിപ്പ് നല്കി.
ഈ ഒരു അടിത്തറയില്‍ നിന്നുകൊണ്ടാണ് ആധുനിക സമൂഹത്തില്‍ കണ്ടുവരുന്ന പ്രവണതകളെ അദ്ദേഹം വിശകലനം ചെയ്തത്. മനുഷ്യസമൂഹത്തിന്റെ അടിത്തറയായ കുടുംബത്തിന് തുരങ്കം വയ്ക്കുന്ന അടിസ്ഥാന ബന്ധങ്ങളില്‍ ആപേക്ഷികത പകരുന്ന തിന്മകള് നമ്മെ ഭയപ്പെടുത്തുന്നവയാണ്. വൈവാഹിക ബന്ധങ്ങള്‍ ആപേക്ഷികതയില്‍ ഊന്നുമ്പോള്‍ വിവാഹമോചനങ്ങളും പരീക്ഷണ വിവാഹങ്ങളും വിവാഹം കഴിക്കാതെയുള്ള ഒന്നിച്ചുജീവിക്കലും ഒരേ ലിംഗ വിവാഹങ്ങളും തെറ്റല്ലാത്ത ശരികളായി മാറുന്നു. ഇത് യഥാര്‍ത്ഥ മനുഷ്യ സ്വാതന്ത്ര്യത്തെ അരാജകത്വത്തില്‍ എത്തിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്ത്രീയും പുരുഷനും എന്ന മനുഷ്യന്റെ ആഴമായ വിളിയും ജീവന് സമ്മാനിക്കുന്ന ഒരുമിക്കലും സമൂഹത്തിന്റെ നിലനില്‍പ്പിനുതന്നെ അത്യാവശ്യമാണ്. അതിനാല്‍ ഈ ചിന്താഗതിക്കെതിരെയുള്ള പോരാട്ടത്തില്‍ അക്ഷീണനായി അവസാനം വരെ അദ്ദേഹം നിലകൊണ്ടു.
വിശ്വാസത്തിലെ യുക്തി
അന്ധമായ ഒരു എടുത്തുചാട്ടമാണ് വിശ്വാസം എന്നു കേട്ടിട്ടുണ്ട്, എന്നാല്‍ ആ ചാട്ടത്തിനും ഒരു യുക്തി വേണമെന്ന് വിശ്വസിക്കുന്ന ദൈവശാസ്ത്രജ്ഞനായിരുന്നു റാറ്റ്സിംഗര്‍. വിശ്വാസത്തിന് ഒരു കാര്യകാരണ പ്രക്രിയ (യുക്തി) വേണം. ക്രൈസ്തവര്‍ ‘ലോഗോസി’ല്‍ നിന്നു വരുന്ന ഒരു വിശ്വാസം ജീവിക്കുന്നതില്‍ വിശ്വസ്തരായിരിക്കണം. ലോഗോസ് എന്ന ഗ്രീക്ക് പദത്തിന് വാക്ക്, കാരണം, അര്‍ത്ഥം, ബുദ്ധി എന്നൊക്കെയാണ് പരിഭാഷകള്‍. ആദ്യം മുതലേ ക്രൈസ്തവ മതം യുക്തിക്ക് അനുസൃതമായ ഒരു മതമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ ക്രൈസ്തവര്‍ ജീവിക്കേണ്ട വിശ്വാസത്തിന് ബുദ്ധിപരമായ ഒരു കാരണം വേണം എന്ന് അദ്ദേഹം മനസ്സിലാക്കിത്തരാന്‍ പരിശ്രമിച്ചു.
സകലവും നിര്‍വചിക്കുന്ന കൃപ
എഴുപതിലധികം ദൈവശാസ്ത്ര ഗ്രന്ഥങ്ങളും നൂറുകണക്കിന് പ്രബന്ധങ്ങളും എഴുതിയ റാറ്റ്സിംഗറുടെ ദൈവശാസ്ത്ര ചിന്താധാരയിലെ പ്രധാന വിഷയം ദൈവവും മനുഷ്യനുമായുള്ള ബന്ധമാണ്. അദ്ദേഹത്തിന് മനുഷ്യന് ഒരു അന്ധമായ അവസരത്തിന്റെ ഉല്‍പ്പന്നമല്ല, മറിച്ച് സ്രഷ്ടാവായ ദൈവത്തിന്റെ സ്നേഹപദ്ധതിയാണ്. നമ്മുടെ ജന്മം നമ്മള് സ്വീകരിക്കുന്നത് നമ്മെ സ്നേഹിക്കുന്ന ദൈവത്തില്‍ നിന്നാണ്. ഈ ലോകത്തില്‍ നമ്മള് എത്തിയത് സ്നേഹത്തിലൂടെയും ജീവിക്കുന്നത് സ്നേഹത്തിനായുമാണ്. അതില്ലാതെ നമ്മുടെ അസ്തിത്വം ശൂന്യമാണ്. എന്നാല്‍ നമ്മുടെ അസ്തിത്വം നമുക്ക് സ്വയം നല്കാവുന്നതല്ല. അതിനായി നാം ദൈവത്തിലും മറ്റുള്ളവരിലും ആശ്രയിക്കണം. അതിനാല്‍ നമ്മള് നമ്മുടെ അസ്തിത്വത്തിന്റെ നിര്‍മ്മാതാക്കളോ രൂപകര്ത്താക്കളോ അല്ല. അമ്പത് കൊല്ലത്തോളം കത്തോലിക്കാ ദൈവശാസ്ത്രത്തെ മുന്‍നിരയില്‍ നിന്ന് നയിച്ച അദ്ദേഹം നമ്മുടെ അസ്തിത്വം നമുക്ക് സ്വയം രൂപീകരിക്കാനാവും എന്ന് വാദിക്കുന്നവര്‍ക്കെതിരെ അത് സ്വീകരിക്കാന്‍ മാത്രമേ കഴിയൂ എന്ന വാദത്തെ ഉയര്‍ത്തിപ്പിടിച്ചു.
ക്രിസ്തീയ വിശ്വാസത്തിന്റെ ഈ കേന്ദ്രദര്ശനം അദ്ദേഹം ആവിഷ്കരിക്കുന്നത് മാനവികതയെ കുറിച്ചുള്ള സത്യത്തെ വളച്ചൊടിക്കുകയും വെട്ടിമാറ്റുകയും മാറ്റിമറിക്കുകയും ചെയ്യുന്ന ഇസ്സങ്ങള്ക്കെതിരെയാണ്. അസ്തിത്വം ദാനമായി സ്വീകരിക്കുന്നവരാണ് നമ്മള്, അല്ലാതെ അസ്തിത്വത്തിന്റെ നിര്‍മ്മാതാക്കള്‍ അല്ല എന്ന ക്രൈസ്തവ സത്യം മുറുകെപ്പിടിച്ച് പല തത്ത്വചിന്തകളെയും വിചാരധാരകളെയും അദ്ദേഹം എതിര്‍ത്തു. നമ്മള് ആരെന്നും എന്തെന്നും വിഭാവന ചെയ്യുന്നത് നമ്മുടെ പ്രവൃത്തികള്‍ വഴിയാണെന്ന സാര്‍ത്രെയുടെ ചിന്തയെയും , സത്യത്തെ പ്രായോഗികമായി വിഭാവന ചെയ്യാന്‍ ശ്രമിക്കുന്ന ആധുനിക ചിന്തയെയും ദൈവരാജ്യം ചരിത്രപരമായി ഉടന്‍ സ്ഥാപിതമാക്കാന്‍ പരിശ്രമിക്കുന്ന മാര്‍ക്സിസത്തിന്റെ നിഴല്‍ പതിഞ്ഞ വിമോചന ദൈവശാസ്ത്രത്തെയും ധാര്‍മിക മൂല്യങ്ങളെ ആപേക്ഷികമാക്കുന്ന സമകാലീന ഉത്തരാധുനിക സംസ്കാരത്തെയും അദ്ദേഹം എതിര്‍ത്തു.
അസ്തിത്വത്തെക്കുറിച്ച് മാത്രമല്ല പുരോഗമനത്തെക്കുറിച്ചും മറിച്ചല്ല അദ്ദേഹത്തിന്റെ അഭിപ്രായം. പുരോഗമനം എന്നത് അഹങ്കാരവും അമിതവിശ്വാസവും കൈമുതലായ മനുഷ്യന്റെ നിര്മ്മാണശേഷിയുടെ ഉല്പ്പന്നമായല്ല, ഒരു ദാനമായി കാണണം എന്നാണ് അദ്ദേഹത്തിന്റെ മതം. ദൈവത്തിന്റെ കരുണയില്‍ എല്ലാ നിമിഷവും ആശ്രയിച്ചുനില്ക്കുന്ന നമ്മള് സ്വീകരിക്കുന്നവരാണ്, നിര്‍മ്മാതാക്കളല്ല; നിര്‍മ്മാണ സഹകാരികളാണ്. ക്രിസ്തീയ അസ്തിത്വത്തിന്റെ അടയാളമായാണ് ഇതിനെ അദ്ദേഹം കണ്ടത്.
സഭാപിതാക്കന്മാര് മുതല്‍ ക്രിസ്തീയ ദൈവശാസ്ത്ര ചിന്തകളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു ദര്‍ശനം ഉണ്ട്: ലോകത്തില്‍ മറഞ്ഞിരിക്കുന്ന മാംസാവതാര ദൈവസന്നിധ്യത്തിന്റെ കൃപാന്വേഷകരാണ് ക്രിസ്ത്യാനികള്‍. ആ കൃപയുടെ നിറവിലാണ് ക്രൈസ്തവ ജീവിതം മുന്നോട്ടുപോകുന്നതെന്ന സത്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ക്രിസ്തീയ അനുകമ്പയുടെ അടയാളം
അദ്ദേഹം സഭയുടെ ചുക്കാന്‍ ഏല്ക്കുമ്പോള് മേലെ അടിഞ്ഞുകൂടിയ കാര്‍മേഘങ്ങള്‍ക്കും താഴെ കലുഷിതമായ കടലിലും ചുറ്റിലും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനുമിടയില്‍ സഭാനൗക ആടിയുലഞ്ഞുതുടങ്ങിയിരുന്നു. സഭയിലെ ലൈംഗിക ചൂഷണ കഥകളും, അതിനെ മൂടിവയ്ക്കാന്‍ ശ്രമിച്ച പ്രാദേശിക സഭകളുടെ വാര്‍ത്തകളും, വത്തിക്കാന്‍ ബാങ്കില്‍ നടന്ന പ്രശ്നങ്ങളും, വത്തിക്കാനിലെ തന്നെ അധികാരമോഹ വടംവലികളും എല്ലാം കൊടുങ്കാറ്റായി സഭയെ ഉലച്ച സമയം. പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് ആത്മാര്‍ത്ഥമായ ഒരു ആത്മപരിശോധനയ്ക്ക് ബെനഡിക്ട് പതിനാറാമന്‍ ശ്രമിച്ചു. ”എത്രമാത്രം മലിനതകള്‍… പുരോഹിതരില്‍ പോലും…” എന്ന് അദ്ദേഹം പരിതപിച്ചു. പീഡിപ്പിക്കപ്പെട്ടവരെ നേരില്‍കണ്ട് അദ്ദേഹം മാപ്പുപറഞ്ഞു. മൂടിവയ്ക്കല്‍ നിര്‍ത്താനും കുറ്റം ചെയ്തവര്‍ക്കെതിരെ നടപടികള്‍ എടുക്കാനും ത്വരിത നിയമങ്ങള്‍ അദ്ദേഹം നിര്‍ദേശിച്ചു. വിശ്വാസത്തിന്റെയും ധാര്‍മ്മികയുടെയും കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ച വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളാല്‍ ‘ദൈവശാസ്ത്ര യാഥാസ്ഥിതികന്’ എന്ന് പേരുകേട്ടെങ്കിലും അദ്ദേഹം ക്രിസ്തീയ അനുകമ്പയുടെ അടയാളമായിരുന്നു. ലോകത്തിലെ ധാര്‍മ്മിക മൂല്യച്യുതികള്‍ കണ്ടു വേദനിച്ച അദ്ദേഹം അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളുടെ സംരക്ഷകനായി നിലകൊണ്ടു. അദ്ദേഹം ശാന്തശീലനും സൗമ്യനും എളിമയുള്ളവനും എന്നാല്‍ ഉറച്ച ധാര്‍മ്മിക ഹൃദയത്തിന് ഉടമയുമായ ഒരു നല്ല ഇടയനായിരുന്നു.
ഉപസംഹാരം
ബെനഡിക്ട് പാപ്പായുടെ ആരോഗ്യനില മോശപ്പെട്ടു വരുകയാണെന്നും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഡിസംബര്‍ 28ന് പൊതുദര്‍ശനവേളയില്‍ വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ച ഫ്രാന്‍സിസ് പാപ്പാ, ”നിശബ്ദമായ സാന്നിധ്യത്താലും പ്രാര്‍ത്ഥനയാലും സഭയെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്ന നമ്മുടെ ബെനഡിക്ട് പിതാവ്” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1951ല്‍ വൈദികനായതു മുതല്‍ ദൈവജനത്തിനു മധ്യേയും, പിന്നെ മുന്നിലും, പിന്നിലും നിന്ന് തന്നെ ദൈവമേല്‍പ്പിച്ച കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ച് കഴിഞ്ഞ 10 വര്‍ഷം നിശബ്ദനായി പ്രാര്‍ത്ഥനയിലൂടെ സഭാഗാത്രത്തെ ശക്തിപ്പെടുത്തിയ ആ ശുശ്രൂഷ വിശ്വസ്തതയോടെ നിര്‍വ്വഹിച്ച് ”തന്റെ ഭവനത്തിലേക്കുള്ള തീര്‍ത്ഥാടനം” നടത്തിയ ബെനഡിക്ട് പതിനാറാമനെ കുറിച്ച് പല കാര്യങ്ങളും ഭാവി സമൂഹം ചര്‍ച്ച ചെയ്തേക്കാം. ചിലര്‍ അദ്ദേഹത്തിന്റെ ദൈവശാസ്ത്ര യാഥാസ്ഥിതികതയെക്കുറിച്ചും ക്ലാസിക് ക്രിസ്തീയ ബോധങ്ങളുടെ സ്ഥിരീകരണത്തെക്കുറിച്ചുമായിരിക്കും പറയുക. മറ്റു ചിലര്‍ അദ്ദേഹം വിശ്വാസത്തിന്റെയും യുക്തിയുടെയും ജനാധിപത്യത്തിന്റെയും വിശകലനങ്ങളില്‍ കൊണ്ടുവന്ന ബൗദ്ധികമായ അടിത്തറകളെ കുറിച്ചാവും ചര്‍ച്ച ചെയ്യുക. അതുമല്ലെങ്കില്‍ ജീവനുവേണ്ടിയും സമാധാനത്തിനും നീതിക്കുമായുള്ള അദ്ദേഹത്തിന്റെ കത്തോലിക്ക ചിന്തകളെ കുറിച്ചാവാം പരാമര്‍ശിക്കുക. ഒരുപക്ഷേ അധികാരത്തെയും പാപ്പാപദത്തെയും തിരുത്തി നിര്‍വചിച്ച അദ്ദേഹത്തിന്റെ മാനുഷികമായ എളിമയും സത്യസന്ധതയും ഓര്‍ത്തുമാവാം അദ്ദേഹം സ്മരിക്കപ്പെടുക. എന്നാല്‍ ബെനഡിക്ട് പിതാവ് ഈ ചര്‍ച്ചകളില്‍ ഒന്നും ഒരുപക്ഷേ ഒരു താല്പര്യമില്ലാത്തവനായിരിക്കും. ”ദൈവത്തിന്റെ മുന്തിരിത്തോപ്പിലെ എളിയ തൊഴിലാളി” എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹത്തിന് തന്നാല്‍ ആവുന്നത്ര താന്‍ പരിശ്രമിച്ചു എന്നും, കഴിയുന്നില്ല എന്ന് കണ്ടപ്പോള്‍ മതിയാക്കാനുള്ള ധൈര്യം ഉണ്ടായി എന്നതും മാത്രം മതിയായിരുന്നു പ്രാര്‍ത്ഥനയില്‍ തന്റെ ദൈവത്തിന് സ്തുതികള്‍ അര്‍പ്പിച്ച് സമാധാനമായി കിടന്നുറങ്ങാന്‍. അതാണ് അദ്ദേഹം ഒരുക്കിയ സിംഫണിയിലെ നിശബ്ദ സംഗീതം, അനേകം സിംഫണികള്‍ നമ്മില്‍ പിറക്കാന്‍ ഇടം തരുന്ന ശൂന്യ സ്വരം!