എറണാകുളം: ഛത്തീസ്ഘട്ടിലെ നാരായണ്‍പൂരില്‍ കത്തോലിക്കാ ദേവാലയം അക്രമികള്‍ തകര്‍ത്ത സംഭവം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി) പറഞ്ഞു. ഛത്തീസ്ഘട്ടിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രണാതീതമാവുകയാണ്. രാഷ്ട്രീയ താല്പര്യങ്ങളോടെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം അക്രമസംഭവങ്ങള്‍. പ്രത്യേകിച്ച്, തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താനുമുള്ള ശ്രമങ്ങള്‍ ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമാകുന്നു.
നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം എന്ന ദുരാരോപണം നിരന്തരം ഉയര്‍ത്തി ക്രൈസ്തവ വിരുദ്ധ വികാരം സൃഷ്ടിക്കാനും, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ദുരുപയോഗിച്ചുകൊണ്ട് നിരപരാധികളെ കേസുകളില്‍ അകപ്പെടുത്താനും, മാധ്യമങ്ങളും സോഷ്യല്‍മീഡിയയും വഴിയായി അവാസ്തവങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു.
ഇഷ്ടമുള്ള മതത്തില്‍ അംഗമാകുവാനും സ്വാതന്ത്ര്യത്തോടെ ആ വിശ്വാസത്തില്‍ ജീവിക്കുവാനും ഏതൊരു ഇന്ത്യന്‍ പൗരനും ഭരണഘടന പ്രകാരം പൂര്‍ണ്ണഅവകാശമുണ്ട്. എന്നാല്‍, ക്രിസ്തുമതം സ്വീകരിച്ചു എന്ന കാരണത്താല്‍ ഛത്തീസ്ഘട്ടിലെ നിരവധി ഗ്രാമങ്ങളില്‍ അനേകര്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും നാടുവിടാന്‍ നിര്‍ബ്ബന്ധിതരാവുകളും ചെയ്യുന്നു. ഇതേ കാരണത്താല്‍ ഹിന്ദുത്വ വര്‍ഗീയ സംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ ആക്രമണങ്ങളും കലാപശ്രമങ്ങളും ഉണ്ടായിട്ടും അവയെ പ്രതിരോധിക്കാനോ കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനോ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ലെന്നും കെസിബിസി കുറ്റപ്പെടുത്തി.
Trending
- ശുഭാംശു… യാത്ര ശുഭം
- ശുഭാൻഷുവും സംഘവും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി
- “സഭയെ അറിയാൻ വിശ്വാസത്തിൽ ജീവിക്കാൻ”
- ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിതദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം:കെസിബിസി ജാഗ്രത കമ്മീഷൻ
- നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു
- 50 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയ്ക്ക്കനത്ത തീരുവ-ട്രംപ്
- സ്റ്റണ്ട് മാസ്റ്റർ എസ്.എം.രാജു സിനിമ ചിത്രീകരണത്തിനിടെ മരിച്ചു.
- നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള പരിശ്രമങ്ങൾ യമനിൽ തുടരുന്നു