Browsing: waqf

വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, എറണാകുളം ജില്ലയിലെ പള്ളിപ്പുറം മുനമ്പം തീരത്തെ ലത്തീന്‍ കത്തോലിക്ക, ഹൈന്ദവ സമൂഹങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 610 കുടുംബങ്ങള്‍ വിലകൊടുത്ത് തീറാധാരപ്രകാരം വാങ്ങിയ 404 ഏക്കര്‍ വരുന്ന പുരയിടങ്ങളും ക്രൈസ്തവ ദേവാലയവും മഠവും ഡിസ്‌പെന്‍സറിയുമൊക്കെ അടങ്ങുന്ന ഗ്രാമപ്രദേശത്തെ അശാന്തിയിലാഴ്ത്തിയിരിക്കുന്ന വഖഫ് അവകാശവാദ പ്രശ്‌നം ഏറെ ആപല്‍ക്കരമായ വര്‍ഗീയ വിദ്വേഷപ്രചാരണത്തിനും രാഷ്ട്രീയ ധ്രുവീകരണത്തിനും വഴിതെളിക്കുകയാണ്.

വൈപ്പിന്‍-മുനമ്പം തീരദേശത്തിന്റെ വടക്കേ അറ്റത്ത്, ടൂറിസം മേഖലയായ ചെറായി ബീച്ചിനടുത്തായി മുനമ്പം കടപ്പുറം ഭാഗത്ത്, മത്സ്യത്തൊഴിലാളികളായ ലത്തീന്‍ കത്തോലിക്കരും ഹൈന്ദവരും ഉള്‍പ്പെടുന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 610 കുടുംബങ്ങള്‍ തലമുറകളായി അധിവസിച്ചുവരുന്ന തീറുഭൂമി ഓര്‍ക്കാപ്പുറത്ത് ഒരുനാള്‍ ‘വഖഫ്’ വസ്തുവായി ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ടതോടെ ജീവിതം വഴിമുട്ടി ആധിപൂണ്ടും വേവലാതിപ്പെട്ടും കഴിഞ്ഞുവരുന്ന സഹോദരങ്ങളുടെ നീതിക്കുവേണ്ടിയുള്ള മുറവിളി കേരളസമൂഹം ഉല്‍ക്കടമായ ഉള്ളുരുക്കത്തോടെയും ഉശിരോടെയും ഏറ്റെടുക്കുകയാണ് – വഖഫിന്റെ പേരില്‍ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ ഇനിയും വീഴ്ചവരുത്തിയാല്‍ പ്രത്യാഘാതങ്ങള്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പോടെ.

കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പം – കടപ്പുറം മേഖലയില്‍ ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലും കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ 2024 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സമ്മേളനം നടത്തുന്നു.