Browsing: Pope makes surprise appearance in St Peter’s Square

വത്തിക്കാന്‍ സിറ്റി: രോഗികളുടെയും ആരോഗ്യപ്രവര്‍ത്തരുടെയും ജൂബിലിയാഘോഷവേളയില്‍ അപ്രതീക്ഷിതമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കാ അങ്കണത്തില്‍ പ്രത്യക്ഷപ്പെട്ട് വിശ്വാസികളെയും തീര്‍ഥാടകരെയും ആനന്ദതുന്ദിലരാക്കി.

ഗുരുതരമായ ശ്വാസകോശരോഗബാധയ്ക്ക് റോമിലെ അഗൊസ്തീനോ ജെമെല്ലി പോളിക്ലിനിക്കില്‍ അഞ്ച് ആഴ്ച നീണ്ട ചികിത്സകള്‍ക്കുശേഷം രണ്ടു മാസത്തേക്ക് തുടര്‍ചികിത്സയും പൂര്‍ണവിശ്രമവും നിര്‍ദേശിക്കപ്പെട്ട് രണ്ടാഴ്ച മുന്‍പ് വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ തിരിച്ചെത്തിയ പരിശുദ്ധ പിതാവ് മാര്‍ച്ച് 23ന് ആശുപത്രിയുടെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ ഹ്രസ്വമായി പൊതുദര്‍ശനം നല്‍കിയതിനു ശേഷം ആദ്യമായി ഇന്ന് വത്തിക്കാനില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു മുന്നറിയിപ്പും കൂടാതെയാണ്.

സഹനം, രോഗീപരിചരണം, നമ്മെ പരിവര്‍ത്തനം ചെയ്യാനുള്ള രോഗാവസ്ഥയുടെ കഴിവ്, പീഡകളുടെയും സൗഖ്യത്തിന്റെ ആധ്യാത്മിക മാനങ്ങള്‍ എന്നീ വിഷയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ധ്യാനവിചിന്തനമായ പാപ്പായുടെ സുവിശേഷ സന്ദേശം രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള ജൂബിലി ദിവ്യബലിയില്‍ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രോ-പ്രീഫെക്ട് ആര്‍ച്ച്ബിഷപ് റീനൊ ഫിസിക്കേല്ല വായിക്കുകയുണ്ടായി. തിരുകര്‍മങ്ങളുടെ സമാപനത്തില്‍, പ്രാദേശിക സമയം 11.45ന് ഫ്രാന്‍സിസ് പാപ്പായെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ നഴ്‌സ് മസിമിലാനോ സ്ത്രപ്പേത്തി ഒരു വീല്‍ചെയറിലിരുത്തി കൊണ്ടുവരികയായിരുന്നു.

ജനക്കൂട്ടം ആശ്ചര്യഭരിതരായി ഹര്‍ഷാരവത്തോടെയാണ് പരിശുദ്ധ പിതാവിനെ വരവേറ്റത്. ‘വിവാ ഇല്‍ പാപ്പാ’ (പാപ്പാ നീണാള്‍ വാഴട്ടെ!) ‘പാപ്പാ ഫ്രാന്‍ചെസ്‌കോ’ എന്നിങ്ങനെ ഉറക്കെ വിളിച്ചും കരഘോഷം മുഴക്കിയും അവര്‍ സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു.

ശ്വസനപ്രക്രിയയ്ക്ക് സഹായകമായ സപ്ലിമെന്റല്‍ ഓക്‌സിജന്‍ ലഭിക്കാനുള്ള കന്യൂല ട്യൂബ് പാപ്പായുടെ മൂക്കില്‍ കാണപ്പെട്ടു.

”സന്തോഷം നിറഞ്ഞ ഒരു ഞായറാഴ്ച നിങ്ങള്‍ക്കേവര്‍ക്കും നേരുന്നു. വളരെ നന്ദി,” ദിവ്യബലിയുടെ സമാപന ആശീര്‍വാദം നല്‍കിയതിനെ തുടര്‍ന്ന് പാപ്പാ ബസിലിക്കാ അങ്കണത്തിലെ തീര്‍ഥാടകരെയും വിശ്വാസികളെയും നേരിട്ട് അഭിസംബോധന ചെയ്തു. ജെമെല്ലി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനു തൊട്ടുമുന്‍പ് പാപ്പാ ആശുപത്രി അങ്കണത്തില്‍ തടിച്ചുകൂടിയിരുന്നവരെ അഭിവാദ്യം ചെയ്തപ്പോള്‍ കേട്ടതിനെക്കാള്‍ മെച്ചപ്പെട്ടതായിരുന്നു ഇന്ന് അദ്ദേഹത്തിന്റെ ശബ്ദം. മൈക്രോഫോണില്‍ തട്ടി ശബ്ദം പരിശോധിച്ച് ‘ഹാപ്പി സണ്‍ഡേ’ ആശംസ പാപ്പാ ആവര്‍ത്തിച്ചതായി ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സി ആന്‍സ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ന്യൂമോണിയ രോഗബാധയുടെയും തുടര്‍ച്ചയായുള്ള ഓക്‌സിജന്‍ തെറപ്പിയുടെയും അനന്തരഫലമായി ശബ്ദവും സംസാരശേഷിയും വീണ്ടെടുക്കാന്‍ കുറച്ചുനാള്‍ കൂടി വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതാണ്.

പൊതുദര്‍ശനം നല്‍കുന്നതിനു മുന്‍പായി പാപ്പാ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ അനുരഞ്ജന കൂദാശ സ്വീകരിച്ച് പ്രാര്‍ഥിക്കുകയും വിശുദ്ധവാതിലിലൂടെ കടക്കുകയും ചെയ്തതായി വത്തിക്കാന്‍ മാധ്യമകാര്യാലയം വെളിപ്പെടുത്തി.

ഏതാണ്ട് 90 രാജ്യങ്ങളില്‍ നിന്നായി എത്തിയ രോഗികളും ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും ഫാര്‍മസിസ്റ്റുകളും ഫിസിയോതെറപ്പിസ്റ്റുകളും രോഗികള്‍ക്ക് ആധ്യാത്മികശുശ്രൂഷ നല്‍കുന്ന ചാപ്ലിന്‍മാരും, ഫ്രാന്‍സിലെ ലൂര്‍ദ്മാതാവിന്റെ തീര്‍ഥാടനകേന്ദ്രത്തില്‍ സൗഖ്യം തേടിയെത്തുന്ന തീര്‍ഥാടകരെ സഹായിക്കുന്ന സന്നദ്ധസേവകരും അവരുടെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തരും ഉള്‍പ്പെടെ 20,000 തീര്‍ഥാടകരോടൊപ്പം, രോഗിയായ പരിശുദ്ധ പാപ്പായും പ്രത്യാശയുടെ ജൂബിലിയുടെ ദണ്ഡവിമോചനത്തിനായുള്ള പ്രക്രിയകളില്‍ പങ്കുചേരുകയായിരുന്നു.

രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായുള്ള ജൂബിലിയുടെ തിരുകര്‍മങ്ങള്‍ നടക്കുമ്പോള്‍ പാപ്പായുടെ ആത്മീയസാന്നിധ്യത്തിന്റെ അടയാളമായി പരിശുദ്ധ പിതാവിന്റെ സ്ഥാനികചിഹ്നത്തിന്റെ ബാനര്‍ ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ കാണാമായിരുന്നു.

”വേദനാപൂര്‍ണമാണെങ്കിലും രോഗാവസ്ഥയ്ക്ക് ഓരോ നാളും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും നമ്മെ പഠിപ്പിക്കാനാവും – കൂടുതലായൊന്നും ആവശ്യപ്പെടാതെ, പിടിവാശിയില്ലാതെ, തിരസ്‌കരിക്കാതെ, പശ്ചാത്താപമില്ലാതെ, നിരാശയില്ലാതെ. വേദനയുടെയും അസുഖങ്ങളുടെയും മാനുഷിക ബലഹീനതകളുടെയും നടുവിലും ദൈവം നമ്മെ ഒറ്റയ്ക്കാക്കുന്നില്ല. നമ്മുടെ ശക്തി ക്ഷയിക്കുമ്പോള്‍, നാം നമ്മെ പൂര്‍ണമായും അവനു സമര്‍പ്പിച്ചുകഴിയുമ്പോള്‍, അവന്റെ സാന്ത്വന സാമീപ്യം നമുക്ക് അനുഭവപ്പെടും,” പാപ്പാ സുവിശേഷ സന്ദേശത്തില്‍ കുറിച്ചു. ”മനുഷ്യനായതിലൂടെ അവന്‍ നമ്മുടെ ബലക്കുറവുകളിലെല്ലാം പങ്കുചേരുകയായിരുന്നു. സഹനമെന്തെന്ന് അവന് അറിയാം.”

ബലഹീനരെയും വ്രണിതരെയും സമൂഹത്തിന്റെ അരുകുകളിലേക്കു മാറ്റരുതെന്നും അവരെ സമൂഹത്തിലെ ഏറ്റവും ആവശ്യമുള്ള അംഗങ്ങളായി പരിഗണിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. വേദന അനുഭവിക്കുന്ന അംഗങ്ങളെ സ്വീകരിക്കാന്‍ കഴിയാത്ത സമൂഹം ക്രൂരവും മനുഷ്യത്വഹീനവുമായതുമാണെന്ന ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിച്ചു.

”പ്രിയപ്പെട്ടവരേ, ആശുപത്രിവാസത്തിലും ഇപ്പോള്‍ സുഖംപ്രാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലും, ദൈവത്തിന്റെ കരസ്പര്‍ശം ഞാന്‍ അറിയുന്നുണ്ട്, അവന്റെ കരുതലിന്റെ തലോടല്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. രോഗികളുടെയും ആരോഗ്യമേഖലയിലെ ശുശ്രൂഷകരുടെയും ജൂബിലിദിനത്തില്‍, ഈ സ്‌നേഹസ്പര്‍ശം വേദനകള്‍ സഹിക്കുന്നവരും അവരെ പരിപാലിക്കുന്നവരുമെല്ലാം അനുഭവിക്കാന്‍ ഇടയാകട്ടെയെന്ന് ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,” ഞായറാഴ്ച മധ്യാഹ്നപ്രാര്‍ഥനാവേളയില്‍ നല്‍കാറുള്ള സന്ദേശത്തില്‍ പാപ്പാ ഇന്നലെ പറഞ്ഞു. ഫെബ്രുവരി 14ന് ബ്രോങ്കൈറ്റിസ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം കഴിഞ്ഞ ഏഴു ഞായറാഴ്ചകളിലും പാപ്പായുടെ ആഞ്ജലുസ് സന്ദേശം വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വഴി പുറത്തുവിടുകയായിരുന്നു. ഇന്നലെയും ആ പതിവ് തുടര്‍ന്നു.

”നമുക്ക് സമാധാനത്തിനായി പ്രാര്‍ഥിക്കാം: പീഡിതയായ യുക്രെയ്‌നുവേണ്ടി, ഒട്ടേറെ കുട്ടികള്‍ ഉള്‍പ്പെടെ അവിടെ സിവിലിയന്‍ ഇരകള്‍ ആക്രമണത്തിന് ഇരകളായിക്കൊണ്ടിരിക്കയാണ്. അതിനു സമാനമാണ് ഗാസയിലെ അവസ്ഥയും. അവിടെ ജനങ്ങള്‍ നമുക്ക് സങ്കല്പിക്കാനാവാത്ത ദുരിതാവസ്ഥയിലാണ് – കിടക്കാനിടമില്ല, ഭക്ഷണമില്ല, കുടിനീരില്ല. ആയുധങ്ങള്‍ നിശബ്ദമാകട്ടെ, സംഭാഷണം ആരംഭിക്കട്ടെ. ബന്ദികളെല്ലാം മോചിതരാകട്ടെ, ജനങ്ങള്‍ക്ക് സഹായമെത്തട്ടെ.”

”മധ്യപൂര്‍വദേശത്തു മുഴുവന്‍ സമാധാനമുണ്ടാകാനായി പ്രാര്‍ഥിക്കാം: സുഡാനിലും, തെക്കന്‍ സുഡാനിലും, കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലും, കനത്ത ഭൂകമ്പത്താല്‍ പരീക്ഷിക്കപ്പെട്ട മ്യാന്‍മറിലും, അക്രമങ്ങള്‍ പെരുകുന്ന ഹെയ്റ്റിയിലും – അവിടെ ഏതാനും ദിവസം മുന്‍പ് രണ്ട് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു,” പാപ്പാ സന്ദേശത്തില്‍ അനുസ്മരിച്ചു.

ഇരുശ്വാസകോശങ്ങളിലെയും ന്യൂമോണിയ ശമിച്ചുവെങ്കിലും പാപ്പായ്ക്ക് രോഗാണുബാധയില്‍ നിന്നു പൂര്‍ണമുക്തിക്ക് കുറച്ചുനാള്‍ കൂടി വേണ്ടിവരുമെന്ന് ജെമെല്ലിയിലെ മെഡിക്കല്‍ സംഘം വ്യക്തമാക്കിയിരുന്നു. അണുബാധയെ സംബന്ധിച്ച സൂചകങ്ങള്‍ നേരിയ പുരോഗതി കാണിക്കുന്നതായി സമീപ ദിവസങ്ങളില്‍ നടത്തിയ രക്തപരിശോധനകള്‍ വ്യക്തമാക്കുന്നുണ്ടെന്നും, മരുന്നുചികിത്സ, ചലന-ശ്വസന ഫിസിയോതെറപ്പി എന്നിങ്ങനെ വിവിധതരം ചികിത്സകള്‍ തുടരുന്നതായും വെള്ളിയാഴ്ച വത്തിക്കാന്‍ മാധ്യമകാര്യാലയം അറിയിച്ചു. സപ്ലിമെന്റല്‍ ഓക്സിജന്‍ നല്കുന്നത് നേരിയതോതില്‍ കുറച്ചിട്ടുണ്ടെന്നും പകല്‍ സമയത്ത് സാധാരണ രീതിയിലും രാത്രിയില്‍ ആവശ്യമായി വരുന്ന പക്ഷം, ഉയര്‍ന്ന പ്രവാഹത്തോടെയും ഓക്സിജന്‍ നല്കുന്നുണ്ടെന്നും അതില്‍ സൂചിപ്പിക്കുകയുണ്ടായി.

വെള്ളിയാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അപ്പസ്‌തോലിക അരമനയിലെ കപ്പുച്ചിന്‍ ധ്യാനപ്രസംഗകന്‍ ഫാ. റൊബേര്‍ത്തൊ പസൊളീനി നടത്തിയ നോമ്പുകാലധ്യാനപ്രസംഗം പാപ്പാ ദൃശ്യമാധ്യമത്തിലൂടെ ശ്രവിക്കുകയും, കഴിഞ്ഞ ബുധനാഴ്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഇരുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രൊ പരോളിന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ മാധ്യമസഹായത്തോടെ പാപ്പാ പങ്കുചേരുകയും ചെയ്തു.