കൊടുംകാടുകള്‍ വെട്ടിത്തെളിച്ച് വന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും മലമ്പനിയോടും പൊരുതി പരദേശത്ത് പുതുജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെട്ട പാവപ്പെട്ട മനുഷ്യരുടെ യാതനകളില്‍ അവരെ അനുയാത്ര ചെയ്ത കോഴിക്കോട് രൂപതയിലെ യൂറോപ്യന്‍ മിഷണറിമാരുടെയും തദ്ദേശീയ വൈദികരുടെയും സന്ന്യസ്തരുടെയും കാരുണ്യശുശ്രൂഷയുടെ മഹാസുവിശേഷം കൂടിയാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളസഭയുടെ ആ ചരിത്രഗാഥ.
വടക്കന്‍ കേരളത്തിന്റെ മാതൃരൂപതയായ കോഴിക്കോട്ടെ (ലത്തീനില്‍, കാലികുത്തെന്‍സിസ്) റോമന്‍ കത്തോലിക്കാ സമൂഹത്തിന്റെ അജപാലകനായി 32 കൊല്ലം കൃപാപൂരിതമായ ശുശ്രൂഷ ചെയ്ത പത്രോണി പിതാവില്‍ നിന്ന് ഡീക്കന്‍ പട്ടം സ്വീകരിച്ച വര്‍ഗീസ് ചക്കാലക്കലിന് വൈദികപട്ടം ലഭിച്ചത് രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാന്‍ മാക്‌സ് വെല്‍ വാലന്റൈന്‍ നൊറോണ പിതാവില്‍ നിന്നാണ്.