Browsing: international

”കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ മെച്ചപ്പെട്ട നിലയില്‍ വ്യതിയാനങ്ങളില്ലാതെ തുടരുകയാണ്. ചികിത്സാവിധികളോട് നന്നായി പ്രതികരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.” ശ്വാസനാളവീക്കത്തിനും ന്യൂമോണിയയ്ക്കും 23 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പാ ശനിയാഴ്ച രാവിലെ ആശുപത്രിയിലെ തന്റെ മുറിയോടു ചേര്‍ന്നുള്ള ചാപ്പലില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച് കുറച്ചുനേരം പ്രാര്‍ഥിക്കുകയും, പകല്‍ ശ്വസനവും ചലനശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള ഫിസിയോതെറപ്പിക്കും മറ്റു പരിചരണങ്ങള്‍ക്കുമിടയില്‍ ചില ഔദ്യോഗിക കൃത്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തതായി 48 മണിക്കൂര്‍ ഇടവേളയ്ക്കുശേഷം ഇറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

ശ്വാസകോശ അണുബാധയും ബ്രോങ്കൈറ്റിസും ബാധിച്ച് ഫെബ്രുവരി 14ന് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം ഫ്രാന്‍സിസ് പാപ്പായ്ക്ക് പൊതുദര്‍ശനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ നിന്നുള്ള പാപ്പായുടെ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ 12 വര്‍ഷത്തെ പേപ്പല്‍ശുശ്രൂഷയില്‍ പൊതുവേദിയില്‍ നിന്ന് ഇത്രയും ദിനങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ മാറിനില്‍ക്കുന്നത് ആദ്യമായാണ്.

വലിയനോമ്പിനു തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി ബുധന്‍ ശുശ്രൂഷയില്‍ ആശുപത്രിയിലെ പേപ്പല്‍ ചേംബറില്‍ പങ്കുചേര്‍ന്ന പരിശുദ്ധ പിതാവിന്റെ ശിരസ്സില്‍ കാര്‍മികന്‍ ചാരം പൂശി. തുടര്‍ന്ന് പാപ്പാ ദിവ്യകാരുണ്യം സ്വീകരിച്ചു. രാവിലെ ഗാസാ മുനമ്പിലെ തിരുകുടുംബ ദേവാലയത്തിലെ ഇടവക വികാരി അര്‍ജന്റീനക്കാരനായ മിഷനറി വൈദികന്‍ ഗബ്രിയേല്‍ റോമനെല്ലിയെ പാപ്പാ ഫോണില്‍ വിളിച്ചു സംസാരിക്കുകയും കുറച്ചുനേരം ഔദ്യോഗിക ജോലിയില്‍ മുഴുകുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ ശ്വസനയന്ത്രത്തിന്റെ സഹായമില്ലാതെ, മൂക്കിലെ ട്യൂബിലൂടെ ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ (ഹൈഫ്‌ളോ ഓക്‌സിജന്‍ തെറാപ്പി) നല്‍കുകയും ചില ശ്വസനവ്യായാമങ്ങള്‍ (റെസ്പിറേറ്ററി ഫിസിയോതെറാപ്പി) നടത്തുകയും ചെയ്തു. ചികിത്സാവിധികളോട് പാപ്പാ ഉണര്‍വോടെ, കാര്യങ്ങളെല്ലാം ഗ്രഹിച്ച്, നന്നായി സഹകരിക്കുന്നുണ്ടെന്ന് ജെമെല്ലി ആശുപത്രിയിലെ മെഡിക്കല്‍ സംഘം അറിയിച്ചു. ഹൃദയം, വൃക്ക, രക്തപരിശോധനാ സൂചകങ്ങള്‍ എന്നിവ ഉള്‍പ്പെടെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ ഭേദപ്പെട്ട നിലയിലാണ്.

ശ്വാസകോശത്തിലേക്കു പോകുന്ന ബ്രോങ്കി ട്യൂബുകളില്‍ കഫം കൂടുതലായി അടിഞ്ഞുകൂടിയാണ് തിങ്കളാഴ്ച രണ്ടു പ്രാവശ്യവും അതിതീവ്രമായ ശ്വസന ‘ന്യൂനത’ പ്രതിസന്ധി മൂര്‍ച്ഛിച്ചത്.  ബ്രോങ്കോസ്‌കോപ്പിയിലൂടെ ശ്വാസകോശത്തിന്റെ വായുമാര്‍ഗങ്ങള്‍ പരിശോധിച്ച്, അമിതമായി അടിഞ്ഞുകൂടിയിരുന്ന കഫവും സ്രവങ്ങളും വലിച്ചെടുത്തുകളഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേറ്റര്‍ (എന്‍ഐവി) സംവിധാനത്തിലൂടെ ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നല്‍കി വായുസഞ്ചാരം ക്രമീകരിക്കുകയായിരുന്നു.

ഴിഞ്ഞ വെള്ളിയാഴ്ച പെട്ടെന്ന് കലശലായ ചുമയും വിമ്മിട്ടവുമുണ്ടായി ഛര്‍ദിച്ച് വമനാംശങ്ങള്‍ ശ്വാസനാളിയിലേക്കു കടന്നുചെന്നതിനെത്തുടര്‍ന്നുണ്ടായ ‘ബ്രോങ്കോസ്പാസത്തിന്റെ’ കടുത്ത ശ്വസന പ്രതിസന്ധിയുടെ ദൂഷ്യഫലങ്ങളോ പനിയോ കാണുന്നില്ല. രണ്ടു ദിവസമായി പൊതുവെ ശാന്തമായ അവസ്ഥ തുടരുകയാണെങ്കിലും അപകടനില പൂര്‍ണമായും തരണം ചെയ്തു എന്നു പറയാറായിട്ടില്ലെന്ന് വിദഗ്ധ ചികിത്സകര്‍ ചൂണ്ടിക്കാട്ടുന്നു.

”തലേന്നതിനെക്കാള്‍ സ്ഥിതി മോശമായി. പാപ്പാ അപകടനിലയില്‍ തന്നെ തുടരുകയാണ്. രക്തത്തിന് ഓക്‌സിജന്‍ വഹിക്കാനുള്ള കഴിവു കുറയുന്ന അനീമിയയുമായി ബന്ധപ്പെട്ട് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്ന ത്രോംബോസൈറ്റോപീനിയയും കണ്ടതിനാല്‍ രക്തപ്പകര്‍ച്ച (ബ്ലെഡ് ട്രാന്‍സ്ഫ്യൂഷന്‍) വേണ്ടിവന്നു. കൂടുതല്‍ അളവില്‍ പ്രാണവായുവും നല്‍കേണ്ടതായി വന്നു” – ശനിയാഴ്ച വൈകീട്ട് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം അറിയിച്ചു.