ജെയിംസ് അഗസ്റ്റിന്
ആഹ്ളാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍
ദൈവത്തെ വാഴ്ത്തീടുവിന്‍
ശക്തിസങ്കേതമാം ഉന്നതനീശനെ
പാടിപ്പുകഴ്ത്തീടുവിന്‍ …..
മലയാളത്തില്‍ പ്രചാരമാര്‍ജ്ജിച്ച ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ഏറിയ പങ്കും ശോകരസം പ്രദാനം ചെയ്യുന്നതാണ്. പാപബോധവും അനുരഞ്ജനവുമായിരുന്നു നമ്മുടെ രചനകളില്‍ കൂടുതലും കടന്നുവന്നത്. ശോകഗാനങ്ങളോട് അതു സിനിമയിലായാലും നാടകത്തിലായാലും മലയാളിക്ക് പ്രത്യേക അടുപ്പമുള്ളതു കൊണ്ട് കൂടിയാകാം ഭക്തിഗാനങ്ങള്‍ പ്രാദേശിക ഭാഷയില്‍ ഇറങ്ങിത്തുടങ്ങിയപ്പോള്‍ അതിനും ശോകരസം സ്വീകരിച്ചത്.
സങ്കീര്‍ത്തകന്‍ പറയുന്നത് ‘നൃത്തം ചെയ്തുകൊണ്ട് അവര്‍ അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ! തപ്പു കൊട്ടിയും കിന്നരം മീട്ടിയും അവര്‍ അവിടുത്തെ സ്തുതിക്കട്ടെ !’ (സങ്കീ. 149:3). ‘തപ്പു കൊട്ടിയും കിന്നരവും വീണയും ഇമ്പമായ് മീട്ടിയും ഗാനമുതിര്‍ക്കുവിന്‍ ‘ എന്നു എണ്‍പത്തിയൊന്നാം സങ്കീര്‍ത്തനത്തിലും നമുക്ക് വായിക്കാം. വീണ, കൊമ്പ്, കുഴല്‍, കിന്നരം, തപ്പ് , കാഹളം, തംബുരു, കൈത്താളം തുടങ്ങിയ സംഗീതോപകരണങ്ങളുപയോഗിച്ചു ദൈവത്തെ വാഴ്ത്താന്‍ സങ്കീര്‍ത്തകന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. വീണയ്ക്കു എത്ര തന്ത്രി വേണമെന്നു പോലും നിഷ്കര്‍ഷിക്കുന്നതും കാണാം. ‘പത്തു കമ്പിയുള്ള വീണ മീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍ !'(സങ്കീ. 33:2).
സങ്കീര്‍ത്തകന്‍ പറയുന്നതു പ്രകാരം സൃഷ്ടിക്കപ്പെട്ട ഒരു ഗാനമാണ് ആഹ്ളാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ എന്നു തുടങ്ങുന്ന ഗാനം.
ചാലക്കുടി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും 1990 -ല്‍ പ്രകാശനം ചെയ്ത വചനസന്ദേശം എന്ന കസ്സെറ്റിലെ ഗാനമാണിത്. കസ്സെറ്റിലെ 16 പാട്ടുകളും എഴുതിയത് ഫാ. ജോസഫ് മനക്കിലാണ്. ബേണി -ഇഗ്നേഷ്യസ് സഹോദരന്മാര് സംഗീതം നല്കിയ കസ്സെറ്റിലെ എല്ലാ ഗാനങ്ങളും അതീവമേന്മ പുലര്‍ത്തുന്നവയാണ്. ആഹ്ളാദചിത്തരായ് എന്നു തുടങ്ങുന്ന ഗാനം പാടിയത് മിന് മിനിയാണ്.
ഈ പാട്ടിന്റെ സംഗീതസംവിധായകരില്‍ ഒരാളായ ബേണി പി.ജെ. അന്നത്തെ ഓര്‍മ്മകള്‍ പങ്കു വയ്ക്കുന്നു:
‘ ഇന്നത്തെപ്പോലെ ആശയവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്തകാലം. ഒരു ദിവസം രാവിലെ ഫാ. ജോസഫ് മനക്കില് ഞങ്ങളുടെ വീട്ടിലേക്കു വന്നു. പതിനാറു പാട്ടുകള്‍ എഴുതിയ ഫയല്‍ എന്റെയും ചേട്ടന്റെയും കൈകളില്‍ വച്ചുതന്നു. ധ്യാനകേന്ദ്രത്തിനു വേണ്ടിയാണെന്നും എല്ലാവര്ക്കും പാടാന്‍ പറ്റിയ ഈണമായാല് നല്ലതെന്നും പറഞ്ഞു. ഇതിലെ ആഹ്ളാദചിത്തരായ് എന്ന പാട്ടിനെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ആഹ്ളാദവും നന്ദിയും നിറയുകയാണ്. ഞങ്ങള്‍ക്ക് ക്രിസ്തീയ ഭക്തിഗാനമേഖലയില്‍ വലിയ അംഗീകാരവും ജീവിതത്തില്‍ വലിയ അനുഗ്രഹവും തന്നൊരു ആല്‍ബമായിരുന്നു വചനസന്ദേശം. പരിശുദ്ധാത്മാവിന്റെ കൃപാകടാക്ഷം ഈ പാട്ടുകളുടെ സൃഷ്ടിയില്‍ ഞങ്ങളെല്ലാവരും അനുഭവിച്ച ദിനങ്ങളായിരുന്നു അതെല്ലാം. അനായാസം സംഗീതം നല്‍കാനും റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞു. ഈ പാട്ടുകള്‍ക്ക് എന്തോ പ്രത്യേകതയുണ്ടല്ലോ അച്ചാ എന്നു ഞങ്ങളുടെ പരാമര്‍ശത്തിനു അച്ചന് മറുപടി നല്കി. ‘ഇതെല്ലാം വചനാധിഷ്ഠിത വരികളാണ്.’
എന്നിട്ടു ഓരോ പാട്ടുകളുടെയും മുകളില്‍ പ്രസ്തുത ബൈബിള്‍ വചനങ്ങള്‍ അദ്ദേഹം എഴുതി തന്നു. അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള വരികള്‍ ഇന്നും ഞങ്ങള്‍ നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
എല്ലാവര്ക്കും സന്തോഷത്തോടെ ആര്‍പ്പുവിളിച്ചു പാടാന്‍ കഴിയണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം.
എറണാകുളത്തെ ആലാപ് സ്റ്റുഡിയോയില്‍ സൗണ്ട് എന്‍ജിനീയര്‍ ദേവസ്സിയാണ് ഈ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തത്. മിന് മിനി, ഫ്രഡി പള്ളന്‍, മേബിള്‍, സിറിയക് ടി.എസ്, ഷീലാ, സിബിള്‍, പരേതനായ മനോജ് കൃഷ്ണന് എന്നിവരായിരുന്നു പ്രധാന ഗായകര്‍. ഞങ്ങളുടെ സ്വന്തം ഗാനമേള സംഘമായ കൊച്ചിന് മെലഡീസിലെ കലാകാരന്മാരായിരുന്നു വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്തത്. ഈ പാട്ടുകള്‍ ഇന്ന് പലരും പാടി യൂട്യൂബ് പോലുള്ള നൂതന മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും പാട്ടിന്റെ സൃഷ്ടാക്കളെ ആരും ഓര്‍ക്കുന്നില്ല എന്നത് സങ്കടകരമാണ്. ഇന്നും ഈ പാട്ടുകള്‍ ദിവ്യബലിയിലും ആരാധനകളിലും പാടി കേള്‍ക്കുമ്പോള്‍ ഫാ. ജോസഫ് മനക്കിലിനെ ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കും. എളിയവരായ ഞങ്ങളെ ഉന്നതമായ കീര്‍ത്തനങ്ങള്‍ ഒരുക്കാന്‍ തെരഞ്ഞെടുത്ത ദൈവത്തിനു ഉള്ളാലെ നന്ദി പറഞ്ഞു കൊണ്ട് പാട്ടു കേള്‍ക്കും.’
ആദ്യ പാട്ടു പടിക്കഴിഞ്ഞു ഗായിക മിന്മിനി സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങാന്‍ നേരം സംഗീതസംവിധായകരായ ബേണി -ഇഗ്നേഷ്യസ് സഹോദരങ്ങളോടു പറഞ്ഞു. ‘ നാളെ എനിക്കു പാട്ടില്ലെങ്കിലും ഞാന്‍ വരും. അത്രയേറെ ആത്മീയതയുള്ള പാട്ടുകളാണെല്ലാം. ‘ അങ്ങനെ മിന്മിനി ഈ ആല്‍ബത്തില്‍ നിറഞ്ഞു നില്ക്കുന്നു. അന്നത്തെ ഓര്‍മ്മകള്‍ മിന്മിനിയുടെ വാക്കുകളിലൂടെ:
‘മനസ്സിന് വലിയ സന്തോഷം നല്കിയ ഒരു ആല്‍ബമാണ് വചനസന്ദേശം. പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താലാണ് നന്നായി പാടാന്‍ കഴിഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബേണിച്ചേട്ടനും ഇഗ്നേഷ്യസ് ചേട്ടനും കൂടി പാട്ടുകള്‍ പഠിപ്പിച്ചപ്പോള്‍ തന്നെ പാട്ടുകളുടെ പ്രത്യേകത ഞങ്ങള്‍ തിരിച്ചറിഞ്ഞു. മുപ്പത്തിനാലു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ പാട്ടുകള്‍ പള്ളികളില്‍ പാടുന്നത് കേള്‍ക്കുമ്പോള്‍ അതിയായ സന്തോഷം തോന്നും. എളിയവളായ എന്റെ സ്വരത്തിലൂടെ ഈ പാട്ടുകള്‍ പുറത്തിറങ്ങിയല്ലോ എന്നോര്‍ത്തു ദൈവത്തിനു നന്ദി പറയും. എനിക്ക് ഏറെ പ്രിയപ്പെട്ട ജോസഫ് മനക്കിലച്ചന്റെ അനവധി പാട്ടുകള്‍ പാടാന്‍ ഭാഗ്യമായുണ്ടായി. അതില്‍ ഏറ്റം പ്രിയപ്പെട്ട ഗാനമാണ് ആഹ്ളാദചിത്തരായ് എന്ന് തുടങ്ങുന്ന പാട്ട്.
ദൈവത്തെ വാഴ്ത്താന്‍ കാരണമാക്കിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു .’ ആര്‍ത്തുഘോഷിച്ചു, കിന്നരം മീട്ടി ദൈവത്തെ പുകഴ്ത്താന്‍ നമുക്കു കൂടുതല്‍ പാട്ടുകള്‍ സൃഷ്ടിക്കാന്‍ ഇങ്ങനെയുള്ള ഗാനങ്ങള്‍ വഴിതെളിക്കട്ടെ.