ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയ മാനിഫെസ്റ്റോയില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കല്‍, അയോധ്യയിലെ രാമക്ഷേത്രം എന്നിവ കഴിഞ്ഞാല്‍ മൂന്നാമത്തെ മുഖ്യ അജണ്ടയായ ഏകീകൃത സിവില്‍ കോഡിന്റെ രാജ്യത്തെ ആദ്യ പതിപ്പ് ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയിരിക്കുന്നു. ഹിമാലയന്‍ പ്രകൃതിദുരന്തങ്ങളുടെ കനത്ത ആഘാതങ്ങളെല്ലാം മറികടന്നാണ് ദേവഭൂമിയില്‍ 20 മാസം കൊണ്ട് ബിജെപി മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി വര്‍ഗീയ ധ്രുവീകരണത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആ വജ്രായുധം തിടുക്കത്തില്‍ മോദിക്കു കാഴ്ചവയ്ക്കുന്നത്.
ലിംഗസമത്വവും തുല്യനീതിയും സ്ത്രീകളുടെ അവകാശങ്ങളും മുന്‍നിര്‍ത്തി വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍, പിന്തുടര്ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങള്‍ സമാനമാക്കുക എന്നതാണ് പൊതു സിവില്‍ നിയമത്തിന്റെ (സമാന് നാഗരിക് സംഹിത എന്നു ഹിന്ദി ഭാഷ്യം) കാതല്‍. മതസ്വാതന്ത്ര്യം, വിശ്വാസപാരമ്പര്യം, ആചാരാനുഷ്ഠാനങ്ങള്‍, സാംസ്കാരിക പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 25, 29 അനുച്ഛേദങ്ങളാണ് വിവിധ ജനസമൂഹങ്ങളുടെ കുടുംബനിയമങ്ങളുടെയും വ്യക്തിനിയമങ്ങളുടെയും ആധാരം.
രാജ്യത്തെ മതനിരപേക്ഷതയും സാംസ്കാരിക ബഹുസ്വരതയും ഹിന്ദുത്വ ഭൂരിപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ചുവടുപിടിച്ച് നടപ്പാക്കുന്ന ഏക സിവില്‍ കോഡിലൂടെ (യുസിസി) അപകടത്തിലാവുകയാണ്. മുസ്ലിംകളുടേതു മാത്രമല്ല, ഹിന്ദു, ക്രൈസ്തവ, സിഖ്, ജൈന, ബൗദ്ധ, പാര്‍സി, യഹൂദ മതക്കാരുടെയെല്ലാം തനത് വ്യക്തിനിയമങ്ങളുടെ പരിരക്ഷ ഇല്ലാതാകുന്നു.
മുസ് ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹമോചന രീതികള്‍ ഉത്തരാഖണ്ഡിലെ പൊതു സിവില്‍ കോഡ് കുറ്റകരമായി പ്രഖ്യാപിക്കുന്നു. നിക്കാഹ് ഹലാല, തലാഖ്-ഇ-ഹസന്, തലാഖ്-ഇ-അഹ്സന്, തലാഖ്-ഇ-തൗഫ് വീസ്, ഇദ്ദത്ത്, ഖുല തുടങ്ങി മുസ് ലിം വ്യക്തിനിയമപ്രകാരമുള്ള ബന്ധംവേര്പെടുത്തല് നിയമവിരുദ്ധമാണ്. കോടതി ഉത്തരവിലൂടെ മാത്രമേ വിവാഹബന്ധം വേര്‍പെടുത്താനാകൂ. മൂന്നു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്നതാണ് ജുഡീഷ്യറിക്കു പുറത്തുള്ള വിവാഹമോചനം.
വിവാഹമോചനത്തിന് പുരുഷനും സ്ത്രീക്കും തുല്യ കാരണങ്ങള്‍ക്കു വകുപ്പുണ്ട്.
മുത്തലാഖ് നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി 2017 ഓഗസ്റ്റില്‍ പ്രഖ്യാപിച്ച് നിരോധിച്ചതിനുശേഷം, സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന ആ മൊഴിചൊല്ലലിനെ ക്രിമിനല്‍ കുറ്റമായി നിര്‍വചിച്ച് ഒരു കൊല്ലത്തിനിടെ മൂന്നു തവണ ഓര്‍ഡിനന്‍സ് ഇറക്കിയ മോദി ഗവണ്മെന്റ് 2019 ജൂലൈയില്‍ അത് മുസ് ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമം എന്ന പേരില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിച്ചു പാസാക്കിയിരുന്നു.
ബഹുഭാര്യത്വം ഹിന്ദു, സിഖ്, ജൈന, ബൗദ്ധ, ക്രൈസ്തവ, പാര്‍സി വ്യക്തിനിയമങ്ങളില്‍ വിലക്കിയിട്ടുണ്ടെങ്കിലും മുസ് ലിംകള്‍ക്ക് 1937-ലെ ശരീഅത്ത് നിയമപ്രകാരം നാലു ഭാര്യമാര്‍ ആകാം. എന്നാല്‍ ഉത്തരാഖണ്ഡിലെ പുതിയ സിവില്‍ കോഡില്‍ ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ട്. ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ പാടില്ല. രണ്ടോ അതിലധികമോ സ്ത്രീകളെ വിവാഹം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.
ഉത്തരാഖണ്ഡ് യുസിസിയില്‍ വിവാഹപ്രായം പെണ്ണിന് 18 വയസും ആണിന് 21 വയസുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഹിന്ദു വിവാഹ നിയമം, സ്പെഷല്‍ മാരേജ് ആക്ട്, ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, പാര്‍സി വിവാഹ, വിവാഹമോചന നിയമം എന്നിവയുമായി പൊരുത്തപ്പെടുന്നതാണിത്. എന്നാല്‍ മുസ് ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടി ഋതുമതിയായാല്‍ – അല്ലെങ്കില്‍ 15 വയസ് പൂര്‍ത്തിയായാല്‍ – വിവാഹിതയാകാം. ഉത്തരാഖണ്ഡില്‍ പുതിയ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാതെ കല്യാണം കഴിച്ചാല്‍ ആറുമാസം തടവും പിഴയുമാണു ശിക്ഷ.
പാരമ്പര്യസ്വത്തില്‍ ആണ്മക്കള്ക്കും പെണ്മക്കള്ക്കും തുല്യ അവകാശം ഉത്തരാഖണ്ഡ് സിവില്‍ കോഡില്‍ വ്യവസ്ഥ ചെയ്യുന്നു. വിവാഹബന്ധത്തിലും വിവാഹേതര ബന്ധത്തിലുമുള്ള കുട്ടികള്‍ക്കും വാടകഗര്‍ഭപാത്രം വഴി ജനിച്ചവര്‍ക്കും ദത്തെടുക്കപ്പെട്ടവര്ക്കും ഇത് ഒരുപോലെ ബാധകമാണ്. ദത്തെടുക്കാന്‍ സ്ത്രീക്കും അവകാശമുണ്ട്. ജനനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കുട്ടികളുടെ എണ്ണം നിയന്ത്രിക്കുമെന്നും ബില്ലില്‍ പറയുന്നുണ്ട്.
കോഡിഫൈ ചെയ്യാത്ത മുസ് ലിം വ്യക്തിനിയമങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള വര്‍ഗീയ ധ്രുവീകരണത്തിന്റെ വിദ്വേഷ പ്രചാരണങ്ങളുടെ തോതില്‍ കാര്യമായ കുറവൊന്നുമില്ലെങ്കിലും, ഉത്തരാഖണ്ഡിലെ അപ്രതീക്ഷിത സംഗതി, വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കുന്ന ലിവ്-ഇന്‍ റിലേഷന്‍സിന് നിയമപരമായ അംഗീകാരം ലഭിക്കുന്നു എന്നതാണ്. ഏക സിവില്‍ സംഹിതയില്‍ ഇതിന് ഒരു അധ്യായം തന്നെ നീക്കിവച്ചിട്ടുണ്ട്. പങ്കാളികള്‍, വിവാഹസ്വഭാവത്തിലുള്ള പങ്കാളിത്ത കുടുംബത്തില്‍ സഹവസിക്കുന്നവര്‍ എന്നെല്ലാമാണ് ഇക്കൂട്ടരെ നിര്‍വചിക്കുന്നത്.
മുഖ്യധാരാ മാധ്യമങ്ങള്‍ ലിവ്-ഇന്‍ റിലേഷനിലാണ് കൂടുതല്‍ ത്രില്ലടിച്ചു കാണുന്നത്.
ലിവ്-ഇന്‍ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികളെ അവിഹിത സന്താനങ്ങളായി കാണാതെ, അവര്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ അവകാശവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നു എന്നതും ശ്രദ്ധേയമാണ്. പങ്കാളി ഉപേക്ഷിച്ചുപോകുന്ന സ്ത്രീക്ക് ജീവനാംശത്തിന് അവകാശമുണ്ട്.
ഉത്തരാഖണ്ഡിലെ വിവാഹങ്ങളെല്ലാം രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്. അതേസമയം, ലിവ്-ഇന്‍ റിലേഷനില്‍ ഒരുമിച്ചു കഴിയുന്ന പങ്കാളികള്‍ രജിസ്ട്രാര്‍ക്ക് ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യത എന്നീ ഭരണഘടനാപരമായ അവകാശങ്ങളുടെ കാര്യത്തില്‍ ആശങ്ക ഉണര്‍ത്തുന്നു. ഒന്നിച്ചുപാര്ക്കാന് തുടങ്ങി ഒരു മാസത്തിനകം രജിസ്ട്രാര്‍ക്ക് സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ കുറ്റമാകും, മൂന്നുമാസം വരെ തടവും പതിനായിരം രൂപ വരെ പിഴയുമാണ് ശിക്ഷ. ജീവിതപങ്കാളികള്‍ക്ക് 21 വയസില്‍ കുറവാണെങ്കില്‍ രജിസ്ട്രാര്‍ അവരുടെ മാതാപിതാക്കളെ വിവരം അറിയിക്കും. തെറ്റായ വിവരങ്ങള്‍ നല്കിയാല് മൂന്നുമാസം തടവും 25,000 രൂപ പിഴയുമുണ്ട്. ബന്ധം അവസാനിപ്പിക്കുകയാണെങ്കിലും രജിസ്ട്രാറെ രേഖാമൂലം അറിയിക്കണമെന്നാണ് വ്യവസ്ഥ.
ലിവ്-ഇന്‍ റിലേഷനില്‍ ആണിന്റെയും പെണ്ണിന്റെയും കാര്യം മാത്രമാണ് പറയുന്നത്, ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് (എല്‍ജിബിടിക്യുഐഎ+) പരാമര്‍ശിക്കുന്നതേയില്ല. സ്വവര്‍ഗ വിവാഹത്തെ സുപ്രീം കോടതിയില്‍ കേന്ദ്രത്തിലെ ബിജെപി ഗവണ്മെന്റ് എതിര്‍ത്തത് വിവാഹം ആത്യന്തികമായി മതവും സംസ്കാരവുമായി ബന്ധപ്പെട്ടതാണ് എന്ന വാദഗതിയിലാണ്. എന്നാല്‍ യുസിസിയുടെ കാര്യത്തില്‍ മതവും സാംസ്കാരിക പാരമ്പര്യവുമൊന്നും പരിഗണിക്കുന്നില്ലല്ലോ!
മുതലാഖിന്റെ കാര്യത്തില്‍ സുപ്രീം കോടതി വിധിയെ ബിജെപി സഹര്‍ഷം സ്വാഗതം ചെയ്തു, എന്നാല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ എതിര്‍ത്തു. മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടരുത് എന്നാണ് അപ്പോള്‍ അവര്‍ വാദിച്ചത്.
മുതലാഖിനെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുന്ന മുസ് ലിം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമത്തിന്റെ ആവശ്യം തന്നെയില്ല എന്നാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്, കാരണം സുപ്രീം കോടതി അത് നേരത്തെതന്നെ നിരോധിച്ചതാണ്. അതേസമയം, വിവാഹമോചിതനായ ഭര്‍ത്താവില്‍ നിന്നു ജീവനാംശത്തിനായി അറുപത്തിരണ്ടുകാരിയായ ഷാബാനുവിന് അനുകൂലമായ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ 1986-ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി മുസ് ലിം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമം കൊണ്ടുവന്നതും ഓര്‍ക്കുക!
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയുള്ള പൊതു സിവില്‍ നിയമം എന്ന് അവകാശപ്പെടുമ്പോഴും ഉത്തരാഖണ്ഡിലെ ജനസംഖ്യയുടെ 2.9% വരുന്ന പട്ടികവര്‍ഗക്കാരെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും സാമൂഹികവ്യവസ്ഥകളും സവിശേഷ പരിഗണന അര്ഹിക്കുന്നുപോലും! ബിജെപി ഭരിക്കുന്ന, അല്ലെങ്കില്‍ സഖ്യകക്ഷിയായിരിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെയും ഗോത്രവര്‍ഗക്കാരും ആദിവാസികളും യുസിസിക്കെതിരെ പരസ്യമായി രംഗത്തിറങ്ങുകയും നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഗോത്രവര്‍ഗക്കാരെ മാറ്റിനിര്‍ത്തിയാല്‍ എങ്ങനെ ഇത് സാര്‍വത്രിക സിവില്‍ കോഡാകും? അവിഭക്ത ഹിന്ദു കുടുംബങ്ങളെയും ഒഴിവാക്കുന്നതാണ് ഉത്തരാഖണ്ഡിലെ സിവില്‍ സംഹിത. മുസ് ലിംകളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കളെതന്നെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും തിരിച്ചടി രൂക്ഷമായിരിക്കുമെന്നും പലരും മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ നാലാം ഭാഗത്തെ മാര്‍ഗനിര്‍ദേശകതത്ത്വങ്ങളില്‍, ഏകീകൃത സിവില്‍ നിയമ സംഹിത പാര്‍ലമെന്റ് കാലക്രമേണ കൊണ്ടുവരുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ഭരണഘടന രൂപംകൊണ്ട കാലത്ത് ഹിന്ദു കോഡ് ബില്‍ ഉണ്ടായിരുന്നില്ല. അക്കാലത്ത് സ്ത്രീകള്‍ക്ക് വിവാഹമോചനത്തിന് അവകാശമില്ലായിരുന്നു. പ്രധാനമന്ത്രി നെഹ്റുവും കേന്ദ്ര നിയമമന്ത്രിയായിരുന്ന ബി.ആര് അംബേദ്കറും പുരോഗതി, പരിഷ്കാരം, സമത്വം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ബഹുഭാര്യത്വം നിരോധിക്കാനും, സ്വത്തിനും വിവാഹമോചനത്തിനും സ്ത്രീകള്‍ക്ക് അവകാശം നല്‍കാനും, അനന്തരാവകാശ നിയമങ്ങള്‍ ഭേദഗതി ചെയ്യാനും, വിവിധ ജാതികള്‍ തമ്മിലുള്ള മിശ്രവിവാഹം അനുവദിക്കാനുമായി ഹിന്ദു നിയമങ്ങള്‍ കോഡിഫൈ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, ഹിന്ദു ധര്മ്മശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗവണ്മെന്റിന് എന്തുകാര്യം എന്ന ചോദ്യവുമായി ഹിന്ദു മഹാസഭയും ജനസംഘവും രാമരാജ്യ പരിഷത്തും അതിനെ എതിര്‍ത്തു.
1949 മാര്‍ച്ചില്‍ ഭരണഘടനാ നിര്‍മാണസഭ ചേരുമ്പോള്‍ തന്നെ അഖിലേന്ത്യാ തലത്തില്‍ ഹിന്ദു കോഡ് ബില്ലിനെതിരെ ആര്‍എസ്എസ് ധര്മ്മവീരന്മാര് ധര്‍മ്മയുദ്ധം പ്രഖ്യാപിച്ചു. തന്റെ മകള്‍ ഇന്ദിരാഗാന്ധിക്ക് വിവാഹമോചനത്തിനു വഴിതുറക്കാനാണ് നെഹ്റു ഈ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് ഹിന്ദുത്വ വക്താക്കള്‍ അന്ന് ആരോപിച്ചത്!
പൊതു സിവില്‍ കോഡ് വരാതെ രാജ്യത്ത് ലിംഗസമത്വവും തുല്യനീതിയും സാധ്യമാവുകയില്ല എന്നാണ് ബിജെപിയുടെ ഇന്നത്തെ വാദം. 2016 ജൂണില്‍ കേന്ദ്ര നിയമകാര്യ മന്ത്രാലയം രാജ്യത്തെ ലോ കമ്മിഷനോട് ഏകീകൃത സിവില്‍ കോഡിന്റെ കാര്യം വിശദമായി പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ബല്‍ബീര്‍ സിങ് ചൗഹാന് ചെയര്‍മാനായ ഇന്ത്യയുടെ 21-ാമത് നിയമ കമ്മിഷന് രണ്ടുവര്‍ഷത്തെ പഠനത്തിനൊടുവില്‍ 2018 ഓഗസ്റ്റില്‍, രാജ്യത്തെ കുടുംബ നിയമങ്ങള്‍ പരിഷ്കരിക്കുന്നതു സംബന്ധിച്ച് 185 പേജ് വരുന്ന നയരേഖ കേന്ദ്രത്തിനു സമര്‍പ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ നിയമം ”ആവശ്യമോ അഭികാമ്യമോ അല്ല” എന്നാണ് അതില്‍ അസന്ദിഗ്ധമായി രേഖപ്പെടുത്തിയത്.
മതങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കുന്നതിനു പകരം വ്യക്തിനിയമങ്ങളിലെ എല്ലാത്തരം വിവേചനങ്ങള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകളെ ബാധിക്കുന്നവയ്ക്ക്, അറുതിവരുത്തുകയും എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയങ്ങളില്‍ വിവാഹം, വിവാഹമോചനം എന്നിവ സംബന്ധിച്ച് പൊതുതത്ത്വങ്ങള്‍ അംഗീകരിക്കുകയും വേണം എന്ന് കമ്മിഷന് നിര്‍ദേശിച്ചു. മുസ് ലിം വ്യക്തിനിയമങ്ങള്‍ ക്രോഡീകരിക്കുന്നത് അടക്കം ലിംഗനീതി നടപ്പാക്കാനായി 21-ാമത് നിയമ കമ്മിഷന് ശുപാര്‍ശ ചെയ്ത ഒരു കാര്യവും മോദി സര്‍ക്കാര്‍ നടപ്പാക്കിയില്ല.
2020 ഫെബ്രുവരിയില്‍ മൂന്നു വര്‍ഷത്തേക്ക് 22-ാമത് കമ്മിഷന് രൂപീകരിച്ചെങ്കിലും ചെയര്‍മാനായി കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന റിതുരാജ് അവസ്തി ചുമതലയേറ്റത് 2022 നവംബറിലാണ്. കഴിഞ്ഞ ഫെബ്രുവരി 20ന് അവസാനിക്കേണ്ടിയിരുന്ന കമ്മിഷന്റെ കാലാവധി 2024 ഓഗസ്റ്റ് അവസാനം വരെ നീട്ടിയത് ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് യുസിസിയുടെ കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കാനാകണം! കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ ഹിജാബ് നിരോധന കേസ് കൈകാര്യം ചെയ്തത് ജസിറ്റിസ് അവസ്തിയാണ്. ലോ കമ്മിഷന് അംഗമായ ജസ്റ്റിസ് കെ.ടി ശങ്കരന് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ 2009-ല്‍ ആദ്യമായി ‘ലൗ ജിഹാദ്’ എന്ന പ്രയോഗം കോടതിവ്യവഹാരഭാഷയ്ക്കു സംഭാവനചെയ്തതായി പറയുന്നുണ്ട്. എന്തായാലും, 21-ാമത് ലോ കമ്മിഷന് വിശദമായി പഠിച്ച് അന്തിമമായി തള്ളിക്കളഞ്ഞ ഏകീകൃത സിവില്‍ കോഡ് നിര്‍ദേശം മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചുകൊണ്ട് കഴിഞ്ഞ ജൂലൈയില്‍ 22-ാമതു ലോ കമ്മിഷന് വീണ്ടും കണ്സള്ട്ടേഷന് തുടങ്ങി. ദേശീയതലത്തില്‍ യുസിസി നടപ്പാക്കുന്നതിനുള്ള ബില്ല് അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മേഘ് വാല് സൂചിപ്പിക്കുന്നത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഗുജറാത്തിലും യുസിസി നടപ്പാക്കുന്നതിന് മുന്നൊരുക്കങ്ങള്‍ക്കായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അസമിലും രാജസ്ഥാനിലും കോഡ് കൊണ്ടുവരുമെന്ന് പ്രഖ്യാപനമുണ്ട്.
ഗോവയില്‍ 1870ല്‍ പോര്‍ച്ചുഗീസ് ഭരണകാലത്ത് നടപ്പാക്കിയ പൊതു സിവില്‍ നിയമം ഇപ്പോഴും നിലവിലുണ്ട്. ചില സാഹചര്യങ്ങളില്‍ ഹിന്ദുക്കള്‍ക്കും മുസ് ലിംകള്‍ക്കും ബഹുഭാര്യത്വം അനുവദിക്കുന്നതാണ് ഗോവ കോഡ്. കത്തോലിക്കര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സഭയില്‍ വിവാഹിതരായവരുടെ വിവാഹബന്ധം വേര്‍പെടുത്താന്‍ കത്തോലിക്കാ വൈദികര്‍ക്ക് അവകാശമുണ്ട്.
രാജ്യത്തെ കോടാനുകോടി മതവിശ്വാസികളും നൂറുകണക്കിന് ജാതിവിഭാഗങ്ങളും ഇക്കാലമത്രയും പിന്തുടര്ന്നുവന്ന ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സാമൂഹികവ്യവസ്ഥകളും ഹിന്ദുത്വ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ കോഡ് റെഡ് അലെര്‍ട്ടില്‍ അങ്ങനെ കുത്തിയൊലിച്ചുപോകാനുള്ളതാണോ! ലിവ്-ഇന്‍ സംഘി കോഡ് ബ്ലൂപ്രിന്റ് ഇതൊന്നും പോരെന്ന് ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇരമ്പിയാര്ത്തുകൊണ്ടിരിക്കുന്ന ‘ഇവിഎം ഹഠാവോ, ദേശ് ബചാവോ’ ജനപ്രതിരോധ മുന്നേറ്റത്തിലെ അംബേദ്കര്‍വാദികളും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരും കര്‍ഷക മോര്‍ച്ച പോരാളികളും ഉണര്‍ത്തുന്നത് മോദിയും കൂട്ടരും കേള്ക്കാതെവരുമോ?