കേരളത്തിലെ പിന്നാക്ക ജലവിഭാഗങ്ങള് പ്രത്യേകമായി ഓര്‍ക്കേണ്ട ഒരു കാലഘട്ടം ഉണ്ട്. 1930 മുതല്‍ 35 വരെയുള്ള വര്‍ഷങ്ങളില്‍ തിരുവിതാംകൂറില്‍ നടന്ന സാമൂഹ്യനീതിക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ് ഓര്‍മ്മകളിലേക്ക് തിരിച്ചെത്തിക്കേണ്ടത്. സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയുള്ള സമരം മുന്നേറ്റങ്ങളുടെ കഥയാണ് ഈ കാലഘട്ടം പങ്കുവെക്കുന്നത്. സമര്‍പ്പിച്ച മലയാളി മെമ്മോറിയലും 1896ലെ ഈഴവ മെമ്മോറിയലിനും തുടര്‍ന്നുണ്ടായ ഭരണത്തിലും നിയമസഭയിലും പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ മുന്നേറ്റങ്ങള്‍ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. അതിന്റെ പരിണിതഫലമായി 1932 ലെ ഭരണഘടന പരിഷ്കരണ പ്രഖ്യാപനവും തുടര്‍ന്നുണ്ടായ ക്ഷേത്രപ്രവേശന വിളംബരവും 1935ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗ സംവരണത്തിനായി രൂപീകരിച്ച പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റും (ഇന്നത്തെ പി.എസ്.സിയുടെ ആദ്യരൂപം) ഓര്‍മ്മിക്കേണ്ടതാണ്. 1931 ലെ സെന്‍സസും തിരുവിതാംകൂറിലെ ജനസംഭവങ്ങളാണ്.
ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ചരിത്രപരമായ കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഡോ. അഞ്ചയില്‍ രഘുവിന്റെ നിവര്‍ത്തനം സാമൂഹ്യനീതിയുടെ ഇതിഹാസം എന്ന പുസ്തകം വായിച്ചിരിക്കേണ്ട ഒന്നുതന്നെയാണ്. നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ സാമുദായിക സാംസ്കാരിക ഘടകങ്ങളെ വിശദമായി ചര്‍ച്ച ചെയ്യുകയും തുടര്‍ന്നുണ്ടായ സാമൂഹ്യപരിവര്‍ത്തനത്തെ പുസ്തകം വിലയിരുത്തുകയും ചെയ്യുന്നു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകരന്റെ മുഖമൊഴി ഇങ്ങനെയാണ്. നൂറ്റാണ്ടുകളായി സാമൂഹികനീതി നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങള്‍ ഭരണ സാമൂഹിക രംഗത്തെ പരിഷ്കരണത്തിന് സംഘടിതമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഇതിഹാസതുല്യമായ ഏടാണ് കേരളചരിത്രത്തില്‍ ‘നിവര്‍ത്തനം’. 1930 കളില്‍ ഈഴവര്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ തുടങ്ങിയ സാമൂഹികനീതി നിഷേധിക്കപ്പെട്ട സമുദായങ്ങള്‍ സംയുക്തമായി നടത്തിയ പ്രക്ഷോഭം കേരളചരിത്രത്തില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ ഉണ്ടാക്കി. ഈ വിഭാഗങ്ങളുടെ ദീര്‍ഘകാലമായുള്ള ആവലാതികളെ തെല്ലും പരിഗണിക്കാതെയായിരുന്നു 1932ലെ ഭരണപരിഷ്കാരം മഹാരാജാവ് വിളംബരം ചെയ്തതത്. ഇതില്‍ പ്രതിഷേധിച്ച്, തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ നിന്ന് ഈ വിഭാഗം ‘സ്വമേധയാ മാറിനില്‍ക്കുന്ന’ (നിവര്‍ത്തനം) ഒരു നവീന സമരമാര്‍ഗം സ്വീകരിച്ചു. ഈ പ്രക്ഷോഭത്തിന് ‘നിവര്‍ത്തനം’ എന്ന അര്‍ഥവത്തായ പദം സംഭാവന ചെയ്തത് മഹാപണ്ഡിതനും ഭാഷാ ശാസ്ത്രജ്ഞനുമായിരുന്ന ഐ.സി.ചാക്കോയാണ്.
ചുരുക്കത്തില്‍ സാമൂഹികനീതിയും സമത്വവും നേടിയെടുക്കുന്നതിനായുള്ള ഒരു പ്രസ്ഥാനത്തിന്റെ പര്യായമായിത്തീര്‍ന്നു നിവര്‍ത്തനം.
തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ പങ്കിടുന്നതിനായി സമുദായങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട വഴക്കുകള്‍ ആരംഭിക്കുന്നത് നായര്‍ വിഭാഗം മുന്‍കൈയെടുത്ത് സമര്‍പ്പിച്ച 1891ലെ മലയാളി മെമ്മോറിയലോടുകൂടിയാണ്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസില്‍ പരദേശികളായ ബ്രാഹ്മണരെ നിയമിക്കുന്നത് അവസാനിപ്പിച്ച് വിദ്യാസമ്പന്നരായ തിരുവിതാംകൂറുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അത്. ജാതി പരിഗണനയില്ലാതെ തിരുവിതാംകൂറില്‍ എല്ലാ വിഭാഗം ജനങ്ങളും മെമ്മോറിയലില്‍ ഒപ്പുവച്ചിരുന്നെങ്കിലും ഇതിന്റെ മുഖ്യ ഗുണഭോക്താക്കള്‍ നായര്‍ വിഭാഗം ആയിരുന്നു. ഇതിനെത്തുടര്‍ന്ന് ജനസംഖ്യയുടെ ആറിലൊന്നുമാത്രം വരുന്ന നായര്‍ സമുദായത്തിന് തിരുവിതാംകൂറിലെ സര്‍ക്കാര്‍ സര്‍വീസില്‍ സമ്പൂര്‍ണ്ണ ആധിപത്യം കൈവന്നു. എന്നാല്‍ അവര്‍ണരായ ഈഴവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും നാമമാത്രമായ പ്രാതിനിധ്യമേ ലഭിച്ചിരുന്നുള്ളൂ. തിരുവിതാംകൂറിലെ നിയമനിര്‍മാണ സഭയിലും ഇവര്‍ക്കുണ്ടായിരുന്ന പ്രാതിനിധ്യത്തിന്റെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 1888ല്‍ ഒരു ലജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപീകരിച്ചിരുന്നു എങ്കിലും 1917 വരെയും ഈഴവര്‍ക്കും മുസ്ലിങ്ങള്‍ക്കും യാതൊരു പ്രാതിനിധ്യവും ലഭിച്ചിരുന്നില്ല. അക്കാലത്ത് വോട്ടവകാശം സ്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നതു കാരണം നിയമനിര്‍മാണസഭയില്‍ നായന്മാര്ക്ക് അര്‍ഹിക്കുന്നതിലുമധികം പ്രാതിനിധ്യം ലഭിച്ചിരുന്നു. ഇത് തിരുവിതാംകൂറിലെ നിയമ നിര്‍മാണസഭയിലും സര്‍ക്കാര്‍സര്‍വീസിലും വിവിധ സമുദായങ്ങള്‍ക്കിടയില്‍ വര്‍ധിച്ച അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത ആ വിഭാഗങ്ങള്‍ക്ക് സാമൂഹികനീതിയും സാമുദായികസമത്വവും ലഭ്യമാക്കുന്ന കാര്യത്തില്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചത് ഈഴവരും എസ്എന്‍ഡിപി യോഗവുമാണ്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും അനവധി മെമ്മോറിയലുകളും ഹര്‍ജികളും പ്രമേയങ്ങളും മഹാരാജാവിനും ദിവാനും സമര്‍പ്പിച്ചിരുന്നു. ഇതിന് നേതൃത്വം കൊടുത്തത്, ജാതിവിവേചനത്തിന് വിധേയനായ, തിരുവിതാംകൂറില്‍ വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ട ഡോ. പല്പു ആയിരുന്നു. അദ്ദേഹത്തിന്റേതായി അന്നത്തെ ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ലേഖനങ്ങളും പ്രസ്താവനകളും അക്കാലത്ത് ഈഴവര്ക്കുണ്ടായിരുന്ന അവശതകളുടെ ദയനീയാവസ്ഥ വെളിവാക്കുന്ന സാക്ഷ്യപത്രങ്ങളാണ്. 1895 ല്‍ ദിവാന് ശങ്കരസുബ്ബയ്യര്‍ക്കു സമര്‍പ്പിച്ച പൊതുജനഹര്ജിയും 1896ല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവിനു സമര്‍പ്പിച്ച ഈഴവ മെമ്മോറിയലും 1900 ത്തില്‍ വൈസ്രോയി ലോര്‍ഡ് കഴ്സന് സമര് പ്പിച്ച മെമ്മോറിയലും ഈഴവരുടെ അവശതകള്‍ എണ്ണിയെണ്ണിപ്പറയുന്നവയാണ്. ഇവയൊക്കെ തിരുവിതാംകൂറിലെ സാമൂഹികരംഗത്ത് നിലനിന്ന അനീതിയുടെയും അസമത്വത്തിന്റെയും ആധികാരികമായ രേഖകളാണ്.
1900നു ശേഷം സമുദായ സംഘടനകള്‍ രൂപീകരിക്കപ്പെടുന്നതോടുകൂടി സാമൂഹികാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. 1903-ല്‍ എസ്എന്‍ഡിപി, പിന്നിട് ഉണ്ടായ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ്, സാധുജന പരിപാലന സംഘം, കേരള പുലയ മഹാസഭ, തിരുവതാംകൂര്‍ ലത്തീന്‍ കത്തോലിക്ക മഹാജനസഭ ഇവയൊക്കെ ആ നവോത്ഥാന പ്രക്രിയയ്ക്ക് ശക്തി പകര്‍ന്നു. ശ്രീമൂലം പോപ്പുലര്‍ അസംബ്ലിയില്‍ മഹാകവി കുമാരനാശാന്, അയ്യങ്കാളി, ടി.കെ മാധവന് തുടങ്ങിയവര്‍ നടത്തിയ പ്രസംഗങ്ങളും അവിടെ ഉന്നയിച്ച ചോദ്യങ്ങളും കാലാകാലങ്ങളില്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ച നിവേദനങ്ങളും തിരുവിതാംകൂറില്‍ നിലനിന്ന അസമത്വങ്ങളും മനുഷ്യാവകാശ നിഷേധം ഉള്‍പ്പെടെയുള്ള അനീതികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. വിദ്യാലയങ്ങള്‍ വിവേചനങ്ങളില്ലാതെ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുന്നതിനും, സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നതിനും, സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം നല്‍കുന്നതിനും തിരുവിതാംകൂര്‍ സര്‍ക്കാര്‍ സവര്‍ണരെ ഭയക്കുന്നതുപോലെ തോന്നി. അതുകാരണം അവകാശം നിഷേധിക്കപ്പെട്ട ഭൂരിപക്ഷത്തിന് അവ നല്‍കണമെന്ന ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ ഗവണ്മെന്റ് ചെവിക്കൊണ്ടില്ല.
ഇന്ത്യയില്‍ ആദ്യമായി തിരുവിതാംകൂറില്‍ 1888-ല്‍ നിയമസഭ രൂപീകരിച്ചതിനുശേഷം അതിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഈഴവര്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ മറ്റ് അധഃകൃതവര്‍ഗക്കാര്‍ എന്നിവരുടെ അംഗസംഖ്യ വളരെ പരിമിതമായിരുന്നു. അടുത്ത നിയമനിര്മാണപരിഷ്കാരമുണ്ടായത് 1919 ല്‍, കൊല്ല വര്‍ഷം 1095 ലെ ഒന്നാം റഗുലേഷന് പ്രകാരമായിരുന്നു. അതനുസരിച്ച് 25 അംഗങ്ങളെ ഉള്‍പ്പെടുത്തി കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു; അതില്‍ പകുതിയില്‍ താഴെ അനൗദ്യോഗികാംഗങ്ങളും. എന്നാല്‍ കൗണ്‍സിലുമായി ആലോചിക്കാതെ പരമാധികാരിയായ രാജാവിന് സ്വതന്ത്രമായി നിയമനിര്‍മാണം നടത്തുന്നതിനുള്ള അധികാരം സംവരണം ചെയ്യപ്പെട്ടു. ഈ രീതിയിലുള്ള പുനഃസംഘടന സംസ്ഥാനത്തെ ജനങ്ങളെ തൃപ്തരാക്കിയില്ല. 1921-ല്‍ മലയാളവര്‍ഷം 1097-ലെ രണ്ടാം റഗുലേഷന് പ്രാബല്യത്തില്‍ വരുത്തികൊണ്ടുള്ള മറ്റൊരു പ്രഖ്യാപനം പുറപ്പെടുവിച്ചു. അത് 1933 ജനുവരി ഒന്നുവരെ നിലനിന്നു. തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ പിതാവായ ശ്രീമൂലം തിരുനാളിന്റെ അവസാനത്തെ ഭരണഘടനാ പരിഷ്കാരമായിരുന്നു അത്. ഈ റഗുലേഷന് പ്രകാരം കൗണ്‍സിലിന്റെ അംഗസംഖ്യ 50 ആക്കി വര്‍ധിപ്പിച്ചു. അതില്‍ 28 പേര് തിരഞ്ഞെടുക്കപ്പെട്ടവരും, 22 പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടവരും. നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ 15 പേര് ഔദ്യോഗികാംഗങ്ങള്‍. ദിവാനോ, അദ്ദേഹത്തിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഒരു ഡെപ്യൂട്ടി പ്രസിഡന്റോ കൗണ്‍സില്‍ യോഗങ്ങളില്‍ അധ്യക്ഷം വഹിച്ചു. മുന്‍ പരിഷ്കാരങ്ങളെ അപേക്ഷിച്ച് ഇതിന് എടുത്ത് പറയാവുന്ന ചില സവിശേഷതകളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട അനൗദ്യോഗികാംഗങ്ങളുടെ നിര്‍ണായക ഭൂരിപക്ഷം, സംസ്ഥാന ബജറ്റ് രണ്ടുഘട്ടങ്ങളിലായി ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക അവകാശം, പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിനും ഉപചോദ്യങ്ങള്‍ ചോദിക്കുന്നതിനുമുള്ള അവകാശം തുടങ്ങിയവായിരുന്നു അവ. കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം ജനങ്ങള്‍ക്ക് അനുവദിച്ചുകൊടുക്കുന്നത് ഇദംപ്രഥമമായിട്ടായിരുന്നു. വോട്ടവകാശം പ്രധാനമായും ഭൂസ്വത്തിന്റെ അടിസ്ഥാ നത്തിലാക്കി. ഗ്രാമങ്ങളില്‍ 5 രൂപയും, പട്ടണങ്ങളില്‍ 3 രൂപയും കരമൊടുക്കുന്നവര്ക്കാണ് സമ്മതിദാനയോഗ്യത. ആ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ 2.89 ശതമാനം പേര്‍ക്ക് സമ്മതിദാനാവകാശം ലഭിച്ചു. സംസ്ഥാനത്തെ ഭൂസ്വത്തില്‍ ഭൂരിഭാഗവും സവര്‍ണ ഹിന്ദുക്കളുടെ കൈവശമായതുകൊണ്ട് ഈ പരിഷ്ക്കാരവും നിയമനിര്‍മ്മാണ സഭയില്‍ ക്രിസ്ത്യന്‍ ഈഴവ മുസ്ലിം പങ്കാളിത്തം ഉറപ്പാക്കിയില്ല.
1933 ജനുവരി 9ന് വിവിധ സമുദായ സംഘടനാഭാരവാഹികള്‍ ചേര്‍ന്ന് എന്‍.വി. ജോസഫിന്റെ നേത്യത്വത്തില്‍ ദിവാന് നിവേദനം നല്കി. ലത്തീന്‍ കത്തോലിക്ക നേതാവ് ഇ.പി വര്‍ഗീസ് നിവേദനം തയ്യാറാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. അതിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് 1933 ജനുവരി 25ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് സമരം പ്രഖ്യാപിച്ചു. ഈഴവ ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങള്‍ നിയമസഭയില്‍ പ്രാതിനിധ്യം നേടിയത് നിവര്‍ത്തന പ്രക്ഷോഭം വഴിയാണ്. ഇതിന്റെ തുടര്‍ നേട്ടങ്ങള്‍ തന്നെയാണ് സംയുക്ത രാഷ്ട്രീയ കോണ്‍ഗ്രസും ഉത്തരവാദഭരണത്തിന് നേതൃത്വം കൊടുത്ത തിരുവതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപികരണവും.
നിരവധി കണക്കുകള്‍ വിഷയത്തെ ആഴത്തില്‍ അപഗ്രഥിക്കാന്‍ ഗ്രന്ഥകാരന് പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ജാതിവിവേചന ചിന്തയിലൂടെ മഹാകവി കുമാരനാശാനെ വരെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച മലയാളക്കരയുടെ ചരിത്രം പുസ്തകം അനാവരണം ചെയ്യുന്നു.