അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയതിനു പിറ്റേന്ന് മോദി സര്‍ക്കാര്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും പിന്നാക്ക സംവരണത്തിന്റെ ആദ്യ പ്രയോക്താവുമായ സോഷ്യലിസ്റ്റ് നേതാവ് കര്‍പൂരി ഠാക്കൂറിന് നൂറാം ജന്മവാര്ഷികത്തില് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചത് രാമന്റെ പേരിലുള്ള ഹിന്ദുത്വ മുന്നേറ്റത്തിന് ആക്കം കൂട്ടാനായി സാമൂഹികനീതി രാഷ്ട്രീയത്തിന്റെ പൈതൃകത്തിലും ഒന്നു കയറി വിലസാന്‍ വേണ്ടിയാകണം.
ബിജെപിയുടെ മുന്‍ അവതാരമായ ജനസംഘിന്റെ പിന്തുണയോടെ ബിഹാറില്‍ രണ്ടുവട്ടം ഭാരതീയ ക്രാന്തി ദള്‍, ജനതാപാര്‍ട്ടി മന്ത്രിസഭകളെ നയിച്ച കര്‍പൂരി ഠാക്കൂര്‍ 1978 നവംബറില്‍, രാജ്യത്ത് ആദ്യമായി പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 26 ശതമാനം സംവരണം നടപ്പാക്കിയ ‘ജനനായകന്’ ആണ്. മുസ് ലിംകള്‍ ഉള്‍പ്പെടെ അതിപിന്നാക്ക വിഭാഗങ്ങള്‍ക്കായി 12 ശതമാനം, ഇതര പിന്നാക്ക വിഭാഗങ്ങള്‍ക്ക് എട്ടു ശതമാനം, സ്ത്രീകള്‍ക്ക് മൂന്നു ശതമാനം, മുന്നാക്കവിഭാഗങ്ങളില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് മൂന്നു ശതമാനം എന്ന കര്‍പൂരിയുടെ സംവരണ ഫോര്‍മുലയെ അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ബി.പി മണ്ഡല് അപ്രായോഗികമെന്നു വിമര്‍ശിച്ചിരുന്നു. ധനമന്ത്രിയായിരുന്ന ജനസംഘ നേതാവ് കൈലാശ് പതി മിശ്രയും കൂട്ടരും ആര്‍എസ്എസ് നേതൃത്വത്തിലുള്ള മുന്നാക്കക്കാരും സംവരണത്തിനെതിരെ കലാപം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് മന്ത്രിസഭ വീണു.
നയ് എന്ന അതിപിന്നാക്കവിഭാഗത്തില് ക്ഷുരകന്റെ മകനായി ജനിച്ച്, 12-ാം വയസില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരത്തിനിറങ്ങുകയും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ പങ്കെടുക്കാനായി ബിരുദപഠനം ഉപേക്ഷിച്ച് 26 മാസം തടവുശിക്ഷ അനുഭവിക്കുകയും ചെയ്ത കര്‍പൂരി ഠാക്കൂര്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായി വളര്‍ന്ന് ബിഹാറിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി എന്ന നിലയില്‍ ദരിദ്രജനവിഭാഗങ്ങള്‍ക്കുവേണ്ടി നടപ്പാക്കിയ വിപ്ലവകരമായ പദ്ധതികളെ വാഴ്ത്തി പ്രധാനമന്ത്രി മോദി ഭാരതരത്ന പ്രഖ്യാപനവേളയില്‍ കുറിച്ച അസാധാരണമായ ശ്രദ്ധാഞ്ജലിയില്‍ അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണവും നിസ്വാര്‍ഥവുമായ ജീവിതം വരച്ചുകാട്ടുന്നുണ്ട്. പട്നയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കായി വിശിഷ്ട കോളനി ഉണ്ടാക്കിയപ്പോഴും അദ്ദേഹം സ്ഥലമോ വീടോ സ്വന്തമാക്കിയില്ല. മഹാനായ നേതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് കര്‍പൂരി ഗ്രാമത്തിലെത്തിയവര് അദ്ദേഹത്തിന്റെ പഴയ വീടിന്റെ അവസ്ഥ കണ്ട് പൊട്ടിക്കരഞ്ഞുവെന്ന് മോദി അനുസ്മരിക്കുന്നു. 1977-ല്‍ പട്നയില്‍ ജയപ്രകാശ് നാരായന്റെ ജന്മവാര്‍ഷികം സംഘടിപ്പിച്ചപ്പോള്‍ കീറിയ കുര്‍ത്ത ധരിച്ചാണ് മുഖ്യമന്ത്രി കര്‍പൂരി ഠാക്കുര്‍ എത്തിയത്. പ്രധാനമന്ത്രി ചന്ദ്രശേഖര്‍, കര്പൂരിക്ക് പുതിയ കുര്‍ത്ത വാങ്ങാന്‍ ജനങ്ങള്‍ സംഭാവന നല്‍കണമെന്ന് നിര്‍ദേശിച്ചു. കര്‍പൂരി ആ സംഭാവന സ്വീകരിച്ചു, പക്ഷെ കുര്‍ത്ത വാങ്ങാതെ ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലാണ് നിക്ഷേപിച്ചത്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന ഡിസൈനര്‍ ഡ്രെസുകള്‍ മാറിമാറി ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രി മോദി, കര്‍പൂരി ഠാക്കൂറിന്റെ കീറിയ കുര്ത്തയെക്കുറിച്ചും പിന്നാക്കക്കാര്‍ക്കുവേണ്ടി അദ്ദേഹം അനുഭവിച്ച ത്യാഗങ്ങളെക്കുറിച്ചും നൊമ്പരപ്പെടുന്നത് കൗതുകകരമാണ്.
പിന്നാക്ക സംവരണ നയത്തിന്റെ പേരില്‍ സംഘപരിവാറിന്റെ അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന കര്‍പൂരി ഠാക്കൂറിന് മരണാനന്തരം ഭാരതരത്ന പുരസ്കാരം നല്‍കുകയും അദ്ദേഹത്തിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പും നാണയവും ഇറക്കുകയും ചെയ്യുമ്പോള്‍, ഹിന്ദി ഹൃദയഭൂമിയില്‍ 1990കളില്‍ അരങ്ങേറിയ ‘മണ്ഡല്-കമണ്ഡല്‍’ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ചരിത്രം അപ്പാടെ വിസ്മൃതിയില്‍ മറയുമോ? ബിജെപി പ്രസിഡന്റായിരുന്ന എല്‍.കെ അദ്വാനി രഥയാത്ര നടത്തിയത് അയോധ്യ രാമജന്മഭൂമിക്കുവേണ്ടി മാത്രമായിരുന്നില്ല, ഒബിസി സംവരണത്തിനായുള്ള ‘മണ്ഡല് രാഷ്ട്രീയ’ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ കൂടിയായിരുന്നു. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും പഴയ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനവലയത്തില്‍ നിന്ന് പിന്നാക്കവിഭാഗങ്ങളെ അടര്‍ത്തിമാറ്റാനുള്ള സംഘപരിവാറിന്റെ സോഷ്യല്‍ എന്‍ജിനിയറിങ് തന്ത്രങ്ങള്‍ സാമൂഹികനീതിക്കായുള്ള പോരാട്ടങ്ങളെ കുറെയൊക്കെ തളര്‍ത്തിയെങ്കിലും, ജാതി സെന്‍സസ് എന്ന രാഷ്ട്രീയ മുദ്രാവാക്യം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ‘ഇന്ത്യ’ സഖ്യത്തിലെ പ്രതിപക്ഷ കക്ഷികളില്‍ പുത്തന്‍ ഉണര്‍വ് പടര്‍ത്തുന്നതിനിടെയാണ് മോദി കര്പൂരിയെ പുനരുജ്ജീവിപ്പിച്ച് പുതിയൊരു അങ്കം കുറിക്കുന്നത്.
ഏഴു മാസം മുന്‍പ് ബിജെപിക്കെതിരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ 27 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന ‘ഇന്ത്യ’ സഖ്യം രൂപവത്കരിക്കാന്‍ പട്നയില്‍ ആദ്യ സമ്മേളനം വിളിച്ചുകൂട്ടിയ ജനതാ ദള്‍ (യുണൈറ്റഡ്) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, കര്‍പൂരി ഠാക്കുറിന് ഭാരതരത്ന സമ്മാനിച്ച പ്രധാനമന്ത്രി മോദിക്കു നന്ദി പറഞ്ഞുകൊണ്ട് രാഷ്ട്രീയ ജനതാ ദള്‍, കോണ്‍ഗ്രസ്, സിപിഐ (എംഎല്) എന്നിവ ഉള്‍പ്പെടുന്ന മഹാസഖ്യത്തില്‍ നിന്ന് പൊടുന്നനെ പിന്മാറി ബിജെപിയുമായി വീണ്ടും കൈകോര്‍ത്ത് പകലൊടുങ്ങും മുന്‍പ് പുതിയ മന്ത്രിസഭ രൂപീകരിച്ച് രാഷ്ട്രീയ വഞ്ചനയുടെയും നെറികേടിന്റെയും പുതിയൊരു ഇതിഹാസം രചിക്കുകയാണ്.
ഏറ്റവും കൂടുതല്‍ കാലം ബിഹാറില്‍ അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി എന്നു പ്രഥിതനായ നിതീഷ് കുമാര്‍ ജനവിധി അട്ടിമറിച്ചുകൊണ്ട് അഞ്ചാം തവണയാണ് അങ്ങോട്ടുമിങ്ങോട്ടും രാഷ്ട്രീയസഖ്യം മാറി ഭരണം തുടരുന്നത്. ബിജെപിയുമായി 17 വര്‍ഷം നീണ്ട സഖ്യം 2013-ല്‍ നിതീഷ് അവസാനിപ്പിച്ചത് മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചതില്‍ എതിര്പ്പുപ്രകടിപ്പിച്ചുകൊണ്ടാണ്. 2022 ഓഗസ്റ്റില്‍ ബിജെപി സഖ്യം ഉപേക്ഷിച്ചത് ദേശീയ പൗരത്വ രജിസ്ട്രേഷന്, രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള ബിജെപിയുടെ സമ്മര്‍ദം എന്നീ കാരണങ്ങള്‍ പറഞ്ഞാണ്. രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി വിവിധ സംസ്ഥാനങ്ങളിലായി ഇരുന്നൂറില്പരം എംഎല്‍എമാരെയും എംപിമാരെയും കൂറുമാറ്റിക്കുകയും, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, പുതുച്ചേരി, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, ത്രിപുര എന്നിവിടങ്ങളില്‍ ജനവിധി അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുകയും ചെയ്ത ചരിത്രമുള്ള ബിജെപി ബിഹാറില്‍ നിതീഷിന്റെ ജെഡിയു എംഎല്‍എമാരെ റാഞ്ചാന്‍ ശ്രമിക്കുന്നതായി പലപ്പോഴായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്തായാലും, 2022 ഓഗസ്റ്റില്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് ലാലു പ്രസാദിന്റെ ഇളയമകന് തേജസ്വി യാദവിനെ ഉപമുഖ്യമന്ത്രിയാക്കി നിതീഷ് മഹാഗഢ്ബന്ധന് മന്ത്രിസഭയെ നയിച്ചപ്പോള്‍, ഇനിയൊരിക്കലും ബിജെപി നിതീഷിനായി വാതില്‍ തുറക്കില്ല എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിതി ഷാ ദൃഢനിശ്ചയം ചെയ്തത്.
നിതീഷ് കുമാറിനെ സ്ഥാനഭ്രഷ്ടനാക്കാതെ തന്റെ കാവി തലേക്കെട്ട് അഴിക്കില്ലെന്ന് ശപഥം ചെയ്ത ബിജെപി നിയമസഭാകക്ഷി നേതാവ് സമ്രാട്ട് ചൗധരി ഇപ്പോള്‍ തലേക്കെട്ട് മാറ്റാതെ തന്നെ നിതീഷിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു.
മഹാസഖ്യ ഭരണകാലത്ത് നിരവധി നിയമതടസങ്ങള്‍ മറികടന്ന് നടപ്പാക്കിയ ജാതി സര്‍വേയില്‍, ബിഹാറിലെ ജനസംഖ്യയില്‍ 130 ഉപജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ‘അതി പിഛ്ഡാ’ (അതിപിന്നാക്ക – എക്സ്ട്രീമ്ലി ബാക്ക് വേഡ് ക്ലാസസ് – ഇബിസി) 36.1 ശതമാനവും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ 27.12 ശതമാനവും വരുമെന്നു കണ്ടെത്തിയിരുന്നു. ജനസംഖ്യാനുപാതികമായി ഈ വിഭാഗങ്ങളുടെ സംവരണ വിഹിതം 65 ശതമാനമായി ഉയര്‍ത്തി. മണ്ഡല് കമ്മിഷന് നിശ്ചയിച്ച ഒബിസി ക്വാട്ടയുടെ അപര്യാപ്തത തുറന്നുകാട്ടുന്നതാണ് ബിഹാറിലെ ജാതി സെന്‍സസ് ഡേറ്റ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രതിപക്ഷത്തെ ഇന്ത്യ സഖ്യത്തിന്റെ പ്രധാന പ്രചാരണവിഷയമായി ജാതി സെന്‍സസ് മാറുമെന്നു വ്യക്തമായതോടെ, ജാതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് മോദി ആദ്യം കുറ്റപ്പെടുത്തി.
മധ്യപ്രദേശില്‍ ബിജെപി മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയത് ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും യാദവ സമൂഹത്തെ സ്വാധീനിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെട്ടു. പ്രബല പിന്നാക്ക വിഭാഗമായ യാദവ സമൂഹത്തില്‍ നിന്നുള്ള ഏക മുഖ്യമന്ത്രിയാണ് മോഹന്‍ യാദവ്. പട്നയില്‍ യാദവരുടെ രാഷ്ട്രീയേതര സംഘടനയായ ശ്രീ കൃഷ്ണ ചേതന്‍ വിചാര്‍ മഞ്ച് സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ മോഹന്‍ യാദവ് താരമായിരുന്നു. യാദവ ഇതര പിന്നാക്ക സമൂഹങ്ങളുടെ പ്രീതി സമ്പാദിക്കാനുള്ള ഉപാധിയാണ് കര്‍പൂരി ഠാക്കൂറിന്റെ ഭാരതരത്ന പുരസ്കാരം.
ഇന്ത്യ സഖ്യത്തില്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് തന്നെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ തന്റെ പേര് പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിച്ചിരുന്ന നിതീഷിനെ കോണ്‍ഗ്രസ് അവഗണിച്ചുവെന്നാണ് പരാതി. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ലോക്സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസുമായി സീറ്റുപങ്കുവയ്ക്കലിന് തയാറല്ലെന്ന് വ്യക്തമാക്കുകയും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തടസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് സഖ്യത്തിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
ഇതിനിടെയാണ് ഝാര്‍ഖണ്ഡില്‍, വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനിയുടെ പാട്ടക്കരാര്‍ നിയമവിരുദ്ധമായി കുടുംബാംഗങ്ങള്‍ക്കു പങ്കുവച്ചു, കള്ളപ്പണ ഇടപാടുകള്‍ നടത്തി തുടങ്ങിയ കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന് രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായത്. കേന്ദ്ര ഏജന്‍സികളെ ഇറക്കി ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടുന്നതിന്റെ ഏറ്റവും നാടകീയമായ രംഗങ്ങളാണ് റാഞ്ചിയിലും ഡല്‍ഹിയിലും സോറനെതിരെ അരങ്ങേറിയത്.
ചണ്ഡിഗഢില്‍ 35 അംഗ മുനിസിപ്പല്‍ കോര്‍പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഇന്ത്യ സഖ്യം ബാനറില്‍ ആദ്യമായി മത്സരിച്ചപ്പോള്‍, 20 കൗണ്‍സിലര്‍മാരുള്ള സഖ്യം ജയിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഏഴു കൗണ്‍സിലര്‍മാരുടെയും ഒരു എഎപി കൗണ്‍സിലറുടെയും ബാലറ്റ് അസാധുവായി പ്രഖ്യാപിച്ച് പ്രിസൈഡിങ് ഓഫിസര്‍, 14 കൗണ്‍സിലര്‍മാരുള്ള ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു എന്ന പരാതി പഞ്ചാബ് ഹരിയാന ഹൈക്കോടതി അടിയന്തരമായി പരിഗണനയ്ക്കെടുത്തിരിക്കയാണ്. വീഡിയോ ക്യാമറകള്‍ക്കു മുന്പില് പ്രിസൈഡിങ് ഓഫിസര്‍ ബാലറ്റില്‍ കൃത്രിമം കാണിച്ചുവെന്നാണ് ആക്ഷേപം.
ഒരു കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ഇത്ര നഗ്നമായ തിരിമറി നടത്തിയെങ്കില്‍ രണ്ടുമാസത്തിനകം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലൂടെ എത്ര വ്യാപകമായ അട്ടിമറിയാണുണ്ടാവുക എന്നാണ് എഎപിയുടെ ആശങ്ക.
മോദിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍, കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിലെ സീല്‍ ചെയ്ത നിലവറകളില്‍ വ്യാസ് കാ തഹ്ഖാന എന്ന നിലവറ ഹിന്ദുക്കള്‍ക്ക് പൂജയ്ക്കായി തുറന്നുകൊടുക്കണമെന്ന് വാരാണസി ജില്ലാ കോടതി ഉത്തരവിട്ടത് അതിനെക്കാള്‍ വലിയ വ്യാകുലതയ്ക്കാണ് വഴിവയ്ക്കുന്നത്. മസ്ജിദിന്റെ പടിഞ്ഞാറെ ചുമര് പഴയ ഹിന്ദുക്ഷേത്രത്തിന്റെ ഭാഗമാണെന്നും വലിയൊരു ക്ഷേത്രസമുച്ചയത്തിന്റെ അവശിഷ്ടങ്ങള്‍ക്കു മീതെയാണ് പള്ളി നിര്‍മിച്ചിട്ടുള്ളതെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഭൂതലത്തിനടിയില് നടത്തിയ റഡാര്‍ സര്‍വേ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതു പരസ്യപ്പെടുത്താനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അയോധ്യയിലെ ബാബ്റി മസ്ജിദിന്റെ ഗതിതന്നെയാകുമോ ഗ്യാന്‍വാപി പള്ളിക്കും എന്ന ചോദ്യം വരാനിരിക്കുന്ന ദുരന്തങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്.