കോഴിക്കോട് : വികലാംഗ പെന്ഷന് ലഭിക്കാത്തതില്‍ മനംനൊന്ത് ഭിന്നശേഷിക്കാരനായ വയോധികൻ ജീവനൊടുക്കി. ചക്കിട്ടപാറ മുതുകാട് വളയത്ത് ജോസഫ് എന്ന പാപ്പച്ചൻ (77) ആണ് ആത്മഹത്യ ചെയ്തത്. തന്റെയും കുടുംബത്തിന്റെയും ഏക ആശ്രയമായ വികലാംഗ പെൻഷൻ ലഭിച്ചില്ലെങ്കിൽ മരിക്കുമെന്നുമുള്ള മുന്നറിയിപ്പ് സഹിതം ഗ്രാമ പഞ്ചായത്തിനും പൊലീസിനും ഇദ്ദേഹം പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് മരണം (Differently Abled Man Committed Suicide).
വികലാംഗ പെൻഷൻ കിട്ടാതായിട്ട് 5 മാസം ആയെന്നും കിട്ടിയില്ലെങ്കിൽ മരിക്കുമെന്നും ജോസഫ് പരാതിയിൽ പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ മകളും കിടപ്പുരോഗിയാണ്. സാന്ത്വന പരിചരണ കേന്ദ്രത്തിൽ കഴിയുന്ന മകൾക്കും പെൻഷൻ മുടങ്ങിയതായി കാണിച്ച് കഴിഞ്ഞ നവംബറിലാണ് ജോസഫ് പരാതി നൽകിയത്. 15 ദിവസത്തിനകം പെൻഷൻ ലഭിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്.
സ്വന്തമായുള്ള ഭൂമിയുടെ പട്ടയത്തിന് വേണ്ടി വർഷങ്ങളായി ജോസഫ് അലയുകയായിരുന്നു. പലരിൽ നിന്നും പണം കടം വാങ്ങിയതിന്റെ ബാധ്യത വേറെയുമുണ്ട്. അതിനിടെ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. അതിന്റെ കൂലിയും ലഭിക്കാനുണ്ട്. ഭാര്യ മരിച്ച ജോസഫിന് മറ്റ് രണ്ട് പെൺമക്കൾ കൂടിയുണ്ട്, ഇരുവരും വിവാഹിതരാണ്.
അതേസമയം പെൻഷൻ കിട്ടാത്തതിനാലാണ് ജോസഫ് മരിച്ചതെന്ന് പറയാനാകില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതിനുമുമ്പ് ജോസഫ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ജീവിക്കാൻ സാധിക്കാത്ത നിലയിൽ ജോസഫിന് ദാരിദ്ര്യമുണ്ടായിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.