ചരിത്രം കല്ലില്‍ കൊത്തിയെടുത്ത മനോഹരശില്പമാണ് അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക എന്നറിയപ്പെടുന്ന അര്‍ത്തുങ്കല്‍ പള്ളി. യൂറോപില്‍ നിന്നെത്തി തീരദേശത്തിന്റെ മനം കവര്‍ന്ന ഫാ. ഫെനോഷ്യയെന്ന വെളുത്തച്ചന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് നവീകരിച്ച ആരാധനാലയം. ശബരിമല തീര്‍ത്ഥാടകര്‍ മലചവിട്ടി കഴിഞ്ഞതിനു ശേഷം മാല ഊരുന്ന ചടങ്ങ് നടത്തുന്ന മതസൗഹാര്‍ദത്തിന്റെ വിളനിലമായ ഭൂമിക. സംഗീതവും അര്‍ത്തുങ്കല്‍ പള്ളിയുമായി ബന്ധമുള്ള ഒരു സംഭവമുണ്ട്. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ, കഴിഞ്ഞ ദിവസം ശതാഭിഷിക്തനായ ഗാനഗന്ധവര്‍ യേശുദാസുമായി ബന്ധമുള്ള മധുരവും ഭക്തിമയവുമായ ഒരു സംഗീതസ്മരണികയാണത്.
യേശുദാസിന്റെ സ്വന്തം സ്ഥാപനമായ തരംഗിണി പ്രശസ്തമായ ധാരാളം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 1980കളില്‍ തൃശൂര്‍ക്കാരനായ ഒരു സംഗീതസംവിധായകന് മലയാളത്തില്‍ ഉദിച്ചുയര്‍ന്നു- ജോണ്സണ് മാസ്റ്റര്‍. വ്യത്യസ്തമായ സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അറിവായിരുന്നു സംഗീത സംവിധായകന് എന്നതിനു പുറമേ മികച്ച മ്യൂസിക് കണ്ടക്റ്റര്‍-ഓര്‍ഗനൈസര്‍, ഓര്ക്കസ്ട്രേഷന് വിദഗ്ധന്‍ എന്ന നിലകളില്‍ ജോണ്സന് മാഷിന് പ്രശസ്തി നേടിക്കൊടുത്തത്. പത്മരാജന്, ഭരതന്, മോഹന്‍, സിബി മലയില്‍, ലോഹിതദാസ്, കമല്‍ എന്നിവരുടെ ചിത്രങ്ങളില്‍ സ്ഥിരം സംഗീത സംവിധായകനായിരുന്ന ജോണ്സന്, സത്യന് അന്തിക്കാട് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങളൊരുക്കിയത്. കൈതപ്രം-ജോണ്സന് കൂട്ടുകെട്ടിന്റേതായി അനവധി ഹിറ്റ് ഗാനങ്ങള്‍ പുറത്തിറങ്ങി. ഒരു ഘട്ടത്തില്‍ വര്‍ഷത്തില്‍ മുപ്പതിലധികം സിനിമകള്‍ക്ക് സംഗീതമൊരുക്കിയിരുന്നു അദ്ദേഹം. ജോണ്സണ് മാഷ് പ്രശസ്തിയിലേക്ക് ചിറകടിച്ചു കയറുന്ന സമയത്താണ് അര്‍ത്തുങ്കലിനു വേണ്ടി കസെറ്റ് ഒരുക്കാന്‍ ഗാനഗന്ധര്വന് ക്ഷണിക്കുന്നത്.
തരംഗിണിയില്നിന്നും ജോണ്സണ് മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ ഒരേയൊരു ക്രിസ്തീയ ഭക്തിഗാന കസെറ്റിലെ പാട്ടുകള്‍ കേള്‍ക്കാനേ മലയാളികള്‍ക്കു ഭാഗ്യമുണ്ടായുള്ളൂ. സ്നേഹദീപിക എന്ന കസെറ്റാണ് മലയാളത്തിന്റെ ‘മെലഡിമേക്കര്’ ജോണ്സണ് മാസ്റ്റര്‍ തരംഗിണിക്കായി ഒരുക്കിയത്. അതിനു നിമിത്തമായത് അര്‍ത്തുങ്കല്‍ പള്ളിയും അന്നത്തെ വികാരിയായിരുന്ന ഫാ. ഡൊമിനിക് കോയില്പ്പറമ്പിലുമാണ്.
അര്‍ത്തുങ്കല്‍ പള്ളിയില്‍ നിന്നും വിശുദ്ധ സെബസ്ത്യാനോസിനെക്കുറിച്ച് ഒരു സ്തുതിഗീതമുള്പ്പെടെ പത്ത് പാട്ടുകള്‍ അടങ്ങിയ ഒരു കസെറ്റ് പ്രകാശനം ചെയ്യണമെന്ന ചര്‍ച്ച 1985 മുതല്‍ നടക്കുന്നുണ്ടായിരുന്നു. സംഗീതത്തില്‍ കസെറ്റുകളുടെ സുവര്‍ണകാലമായിരുന്നു അത്. ഇതില്‍ രണ്ടു പാട്ടുകള്‍ യേശുദാസിനെക്കൊണ്ട് പാടിക്കണമെന്ന് ഫാ. ഡൊമിനിക്ക് കോയില്പ്പറമ്പിലും സഹകാരികളും ആഗ്രഹിച്ചു. യേശുദാസാകട്ടെ അര്‍ത്തുങ്കല്‍ പള്ളിയിലെ പതിവു സന്ദര്‍ശകനും വിശുദ്ധ സെബസ്ത്യാനോസിന്റെ വലിയ ഭക്തനും.
ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒരിക്കല്‍ യേശുദാസും ഭാര്യയും അര്‍ത്തുങ്കല്‍ പള്ളിയില്‍ പ്രാര്‍ഥിക്കാനെത്തി. ഫാ. ഡൊമിനിക് കോയില്‍പ്പറമ്പിലിന്റെ മുറിയിലെത്തിയ യേശുദാസിനോട് അച്ചന് തന്റെ ആഗ്രഹം അറിയിച്ചു. യേശുദാസിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”പാടുന്നതിനു സന്തോഷമേയുള്ളൂ. എന്നാല്‍ നിങ്ങള്‍ ഇടവകയില്‍ നിന്നും ഒരു കസെറ്റ് പുറത്തിറക്കിയാല്‍ അതിന്റെ വിപണനത്തിനും പരസ്യത്തിനുമെല്ലാം പരിമിതികള്‍ ഉണ്ടാകും. ഇടവകയില്‍ നിന്നും ചേര്‍ക്കാനാഗ്രഹിക്കുന്ന പാട്ടുകള്‍ നല്കിയാല് തരംഗിണിയിലൂടെ പ്രകാശനം ചെയ്താല്‍ ലോകം മുഴുവന്‍ എനിക്ക് പാട്ടുകള്‍ എത്തിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് യാതൊരു ചെലവും വരികയുമില്ല.” ഈ അഭിപ്രായത്തിനു വികാരിയച്ചനും സഹപ്രവര്‍ത്തകരും സന്തോഷത്തോടെ സമ്മതം മൂളി. അങ്ങനെയാണ് സ്നേഹദീപിക എന്ന കസെറ്റ് യാഥാര്‍ഥ്യമായത്.
അര്‍ത്തുങ്കല്‍ ഇടവകാംഗങ്ങളായ നെല്സന് ഷൈന്‍, അന്തോണിക്കുട്ടി അര്‍ത്തുങ്കല്‍, ബെനഡിക്ട് എം. അര്‍ത്തുങ്കല്‍, സൗഭാഗ്യം അര്‍ത്തുങ്കല്‍ എന്നിവരുടെ വരികള്‍ വികാരിയച്ചന് യേശുദാസിനെ ഏല്പിച്ചു. യേശുദാസ് അവ ജോണ്സണ് മാസ്റ്ററിനും നല്കി. അര്‍ത്തുങ്കലിലെ തിരമാലകള്‍ തീരത്തെ തഴുകുന്നതുപോലെ ജോണ്സണ് മാസ്റ്റര്‍ ആ വരികളെ ഒന്നു തലോടിയതേയുള്ളൂ മലയാളത്തിലെ ഏറ്റവും മികച്ച ക്രിസ്തീയ ഭക്തിഗാന കസെറ്റുകളിലൊന്നിന് ജീവന് വയ്ക്കുയായിരുന്നു. നെല്‍സണ്‍ ഷൈന്‍ എഴുതിയ അര്‍ത്തുങ്കല്‍ പള്ളിയുടെ മാഹാത്മ്യം വിളിച്ചറിയിക്കുന്ന ഈ ഗാനം ഇന്നും കാലാതിവര്‍ത്തിയായി നികൊള്ളുന്നു.
അര്ത്തുങ്കലിന്നൊരു പുണ്യഭൂമി
തീര്ഥാടകര്ക്കൊരു ധന്യഭൂമി
തിരമാല തഴുകുന്ന തീരത്തിലായ്
തിരി നീട്ടി നില്ക്കുന്ന ദേവാലയം
ആധിയും വ്യാധിയും നീക്കീടുവാന്‍
അവിടെ വിളങ്ങും വെളുത്തച്ചനും.
തൂമഞ്ഞു പെയ്യുന്ന മകരമാസം
കുളിരുന്ന തനുവിനും കനിവിന് സുഖം
കടലോര മക്കള്‍ക്കും കടലമ്മയ്ക്കും
പൊരിയുന്ന വയറിനും തിരുന്നാള്‍ദിനം
ജാതിയും ജ്യോതിസ്സ് തിരയുകില്ല
കരയാത്ത കണ്ണിനും കണിദര്‍ശനം
കനിവോടെ തേടുന്ന കദനഹൃത്തില്
കനിവായി ദാനം ചൊരിഞ്ഞീടുന്നു.
അന്തോണിക്കുട്ടി അര്‍ത്തുങ്കല്‍ എഴുതിയ മരിയഭക്തിഗാനവും ഈ കസെറ്റിലുണ്ട്.
”വിടര്‍ന്നിടുന്ന പുഞ്ചിരി നിന് പൊന്ചുണ്ടിലായ്
പരന്നിടുന്നു പരിമളം കുളിര്‍ത്തെന്നലായ്
മനോഹരീ മനുഷ്യപുത്രനമ്മയായ നീ….
അന്തോണിക്കുട്ടി എഴുതിയ ക്രിസ്മസ് ഗാനവും ഇതേ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കുളിര്‍ചൂടും രാവിന്റെ നീലിമയില്‍
കതിരൊളിയായ് നീ വന്നൂ
കദന മാനസങ്ങളില്‍ സാന്ദ്രതാളമായ്
ജീവരാഗമായ്…
ക്രിസ്തുവിന്റെ കുരിശുമരണത്തെക്കുറിച്ച് സൗഭാഗ്യം അര്‍ത്തുങ്കല്‍ എഴുതിയൊരു ഗാനവും ഇതില്‍ നമുക്കു കേള്‍ക്കാം.
ഗാഗുല്‍ത്തായിലെ ഗാനം
ഒരു മൂകരാഗം
ക്രൂശിതനാം ദൈവപുത്രന് തന്നുടെ
വേദന തന് കഥ പാടും ഗാനം
ഒരു മൂകരാഗം….
ഇതേ കസെറ്റിലെ മറ്റ് ഗാനങ്ങള്‍ താഴെ ചേര്‍ക്കുന്നു.
ആത്മസ്വരൂപാ ആനന്ദരൂപാ
രചന ഫാ. ജോണ്‍ കൊച്ചുതുണ്ടിയില്‍
ഉണ്ണിയേശു പിറന്ന രാത്രി
രചന: ജോണ്‍ എബ്രഹാം
മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ
രചന: സാമുവല്‍ കൂടല്‍
മണ്ണിനും പൂവിനും പുല്‍ക്കൊടിത്തുമ്പിനും ഹാപ്പിക്രിസ്മസ്
രചന: ജോണ്‍ എബ്രഹാം.
സ്നേഹദീപികയെക്കുറിച്ച് ഗായകന് കെസ്റ്റര്‍ പറയുന്നു:
”എന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞ പാട്ടുകളാണിവയെല്ലാം. ഇന്നും എല്ലാ പാട്ടുകളും പാടാന്‍ സാധിക്കും. എല്ലാ പാട്ടുകളും നിരവധി തവണ പള്ളിയില്‍ പാടിയിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ വികാരമായിരുന്നു തരംഗിണിയുടെ ആല്‍ബങ്ങള്‍. ഓരോ കാസെറ്റും പുറത്തിറങ്ങാന്‍ കാത്തിരിക്കുന്നൊരു കാലം. പുതുതായി ഇറങ്ങുന്ന കസെറ്റിലെ പാട്ട് ഉടനെതന്നെ പഠിച്ച് അടുത്തദിവസം പാടുന്നൊരു കാലം. സ്നേഹദീപികയിലെ പാട്ടുകളുടെ സ്ഥാനം നെഞ്ചിനുള്ളിലാണ്.”
സംഗീത സംവിധായകന് ജോണ്സണ് മങ്ങഴ സ്നേഹദീപിക എന്ന ആല്‍ബത്തിന്റെയും ജോണ്സണ് മാസ്റ്ററുടേയും ആരാധകനാണ്. ജോണ്‍സന്റെ വാക്കുകള്‍:
”ജോണ്സണ് മാസ്റ്ററുടെ ഒരു ‘മാസ്റ്റര്‍ക്രാഫ്റ്റ്’ ആണ് ഈ ആല്‍ബം. എല്ലാ പാട്ടുകളും അതീവഹൃദ്യം. ഉപകരണങ്ങളുടെ അതിപ്രസരമില്ലാത്ത ശ്രവണസുഖം തരുന്ന പാട്ടുകള്‍. ഗിറ്റാറും വയലിനും ഫ്ളൂട്ടും ഭക്തിഗാനങ്ങള്‍ക്ക് എങ്ങനെ ഉപയോഗിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്ന പാട്ടുകള്‍.”
ആയിരം പൗര്‍ണമികള്‍ ദര്‍ശിച്ച ഗാനഗന്ധര്വന് ദൈവം ആരോഗ്യവും ആയുസും പ്രദാനം ചെയ്യട്ടെ എന്നാശംസിക്കുന്നു.