കലിഫോര്‍ണിയ: ഇറ്റലിയിലെ അദ്ഭുതപ്രവര്‍ത്തകനും സൗഖ്യദായകനുമായ പഞ്ചക്ഷതധാരിയായ കപ്പുച്ചിന്‍ മിസ്റ്റിക് വിശുദ്ധ പ്രോദ പിയോയുടെ ജീവിതത്തെ ആധാരമാക്കിയ 2022-ലെ ഹോളിവുഡ് ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതിനെ തുടര്‍ന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച മുപ്പത്തേഴുകാരനായ അമേരിക്കന്‍ നടന് ഷായാ ലബോഫ് സഭയില്‍ ഡീക്കന്‍ പട്ടം സ്വീകരിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി.
കലിഫോര്‍ണിയയിലെ സോള്‍വാങ് ഓള്‍ഡ് മിഷന് സാന്താ ഈനെസ് ഇടവകപ്പള്ളിയില്‍ പുതുവര്‍ഷപ്പിറവിയുടെ തലേന്ന് ലബോഫ് സ്ഥൈര്യലേപന കൂദാശ സ്വീകരിച്ചതായി കപ്പുച്ചിന്‍ ഫ്രാന്‍സിസ്കന്‍ സമൂഹത്തിന്റെ പശ്ചിമ അമേരിക്ക പ്രോവിന്‍സ് സ്ഥിരീകരിച്ചു. വിനോന റോച്ചസ്റ്റര്‍ രൂപതാ ബിഷപ് റോബര്‍ട്ട് ബാരണ്‍ ആണ് സ്ഥൈര്യലേപനത്തിന് കാര്‍മികത്വം വഹിച്ചത്. ‘പാദ്രെ പിയോ’ ചിത്രത്തില്‍ ലബോഫിനൊപ്പം അഭിനയിച്ച കപ്പുച്ചിന്‍ ബ്രദര്‍ അലക്സാണ്ടര്‍ റോഡ്രിഗസ് തിരുകര്‍മത്തില്‍ ആത്മീയ പിതാവായി സന്നിഹിതനായിരുന്നു.
”കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണങ്ങളും പ്രബോധനങ്ങളും ആഴത്തില്‍ ഉള്‍ക്കൊണ്ടുള്ള ആത്മീയ യാത്രയില്‍ ഞങ്ങളുടെ സ്നേഹിതന് ഷായാ ലബോഫ് എത്രത്തോളം ആമഗ്നനായിരിക്കുന്നുവെന്നതിന്റെ അടയാളമാണ് സഭാവിശ്വാസത്തില്‍ പൂര്‍ണമായി സ്വയം സമര്‍പ്പിക്കുന്ന സ്ഥൈര്യലേപന കര്‍മത്തിനുള്ള സന്നദ്ധത,” ബ്രദര്‍ റോഡ്രിഗസ് പറഞ്ഞു.
സ്ഥൈര്യലേപനത്തിനുശേഷമാണ് ലബോഫ് ഡീക്കന്‍ പട്ടം സ്വീകരിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചതെന്നും പാദ്രെ പിയോ സിനിമയുടെ ചിത്രീകരണത്തിനുള്ള തയാറെടുപ്പിനായി ലബോഫ് ഓള്‍ഡ് മിഷന് സാന്താ ഈനെസ് ആശ്രമത്തില്‍ എത്തിയ നാള് മുതല്‍ ആ നടനുമായി ഏറെ അടുപ്പമുള്ള ആ കപ്പുച്ചിന്‍ സന്ന്യാസി പറഞ്ഞു.
ലബോഫ് വിവാഹിതനാണ്. ബ്രിട്ടീഷ് നടി മിയാ ഗോത്ത് ആണ് ഭാര്യ. വിവാഹിതര്‍ക്കും പ്രത്യേക സാഹചര്യങ്ങളില്‍ ഡീക്കന്‍ പട്ടം നല്കാന് സഭ അനുവദിക്കുന്നുണ്ട്. സുവിശേഷപ്രഘോഷണം നടത്താനും വിവാഹം, ജ്ഞാനസ്നാനം തുടങ്ങിയ ചില തിരുകര്‍മങ്ങള്‍ പരികര്‍മം ചെയ്യാനും ഡീക്കന്മാരെ ചുമതലപ്പെടുത്താറുണ്ട്.
ലബോഫിന്റെ പിതാവ് കത്തോലിക്കനായിരുന്നു, അമ്മ യഹൂദമതവിശ്വാസിയും. പതിമൂന്നാം വയസില്‍ യഹൂദ ആചാരപ്രകാരം അമ്മ ലബോഫിനുവേണ്ടി ബാര്‍ മിത് സ് വാ ചടങ്ങു നടത്തിയിരുന്നു. ഏതാണ്ട് ഇതേകാലത്ത് മെത്തഡിസ്റ്റ് സഭക്കാരനായ ഒരു അമ്മാവന് അവന് മാമ്മോദീസ നല്‍കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ പതിറ്റാണ്ടിലെ തന്റെ ജീവിതം ”തീര്‍ത്തും കുത്തഴിഞ്ഞതായിരുന്നു” എന്ന് ലബോഫ് തന്നെ പറയുന്നു. അമിത മദ്യാസക്തിയും നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റുകളും മുന്‍ കാമുകിയായ ബ്രിട്ടീഷ് ഗായികയെ പലതരത്തില്‍ ഉപദ്രവിച്ചുവെന്ന പരാതിയുമെല്ലാം ഈ ഹോളിവുഡ് നടനെ വലിയ പ്രതിസന്ധികളിലെത്തിച്ചു. എന്നാല്‍ കപ്പുച്ചിന്‍ ആശ്രമത്തില്‍ പാദ്രെ പിയോയുടെ ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയതോടെ എത്ര വലിയ പാപികളോടും പൊറുക്കുന്ന ക്രിസ്തുവിന്റെ കാരുണ്യത്തെക്കുറിച്ച് തനിക്ക് ഒരു വെളിപാടുണ്ടായി എന്നാണ് ലബോഫ് ബിഷപ് റോബര്‍ട്ട് ബാരണുമായുള്ള വേര്‍ഡ് ഓണ്‍ ഫയര്‍ മിനിസ്ട്രിയുടെ 80 മിനിറ്റ് അഭിമുഖത്തില്‍ പറഞ്ഞത്.
പൊറുതിയുടെയും അനുരഞ്ജനത്തിന്റെയും മഹാകാരുണ്യം അനുഭവിക്കാനായി. കത്തോലിക്കാ വിശ്വാസപ്രമാണം ഏറ്റുപറഞ്ഞ് ദിവ്യകാരുണ്യം സ്വീകരിച്ചത് തനിക്ക് പുനരുജ്ജീവനത്തിന്റെ അനുഭവമായിരുന്നുവെന്ന് ലബോഫ് അനുസ്മരിക്കുന്നു. എന്നും ദിവ്യകാരുണ്യം സ്വീകരിക്കുന്നതിലൂടെ കര്‍ത്താവിന്റെ കാരുണ്യവും സമാധാനവും പ്രത്യാശയും അനുഭവിക്കാനാകുന്നുവെന്നാണ് നടന് സാക്ഷ്യപ്പെടുത്തുന്നത്.
റിവഞ്ച് ഓഫ് ദ് ഫോളന്‍, ഡാര്‍ക്ക് ഓഫ് ദ് മൂണ്‍ എന്നിവ ഉള്‍പ്പെടെ ട്രാന്‍സ്ഫോര്‍മേര്‍സ് പരമ്പരയിലെ മൂന്നു ചിത്രങ്ങളിലും, ഫ്യൂറി, ഹോള്‍സ്, ഇന്ത്യാനാ ജോണ്‍സ്, കിങ്ഡം ഓഫ് ദ് ക്രിസ്റ്റല്‍ സ്കള്‍സ് തുടങ്ങിയവയിലും അഭിനയിച്ച ലബോഫ് 20 വര്‍ഷമായി ഹോളിവുഡില്‍ ശ്രദ്ധേയനാണ്.