നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2002-ല്‍ ഗുജറാത്തില്‍ മുസ് ലിംകള്‍ക്കെതിരെ നടന്ന വര്‍ഗീയ കലാപത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനു എന്ന ബില്‍ക്കിസ് യാക്കൂബ് റസൂല്‍ രണ്ടു പതിറ്റാണ്ടായി നീതിക്കായി നടത്തിവരുന്ന അസാധാരണമായ പോരാട്ടത്തില്‍ ഇന്ത്യയുടെ പരമോന്നത കോടതി ഒരിക്കല്‍ കൂടി ഭരണഘടനാ ധാര്‍മികതയുടെ അലംഘനീയ രക്ഷാകവചം അവള്‍ക്കു സമ്മാനിക്കുന്നു. അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ ഇരുപത്തൊന്നുകാരിയായ ബില്‍ക്കിസിനെയും അവളുടെ ഉമ്മയെയും ബന്ധുക്കളായ മൂന്നു സ്ത്രീകളെയും ബലാത്സംഗം ചെയ്യുകയും അവളുടെ കണ്മുന്പില് വച്ച് മൂന്നരവയസുള്ള മകള്‍ സലേഹയുടെ തല കല്ലിലടിച്ച് തകര്‍ക്കുകയും ബന്ധുക്കളായ ഏഴുപേര്‍ ഉള്‍പ്പെടെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത 11 കൊടുംകുറ്റവാളികളുടെ ജീവപര്യന്തം തടവുശിക്ഷ വെട്ടിക്കുറച്ച് 2022-ലെ സ്വാതന്ത്ര്യദിനത്തില്‍ അവരെ ഗോധരാ സബ് ജയിലില്‍ നിന്നു മോചിപ്പിച്ച ഗുജറാത്തിലെ ബിജെപി ഗവണ്മെന്റിന്റെ നടപടി അസാധുവാക്കി രണ്ടാഴ്ചയ്ക്കകം അവരെ വീണ്ടും ജയിലിലടയ്ക്കാന്‍ ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയിയാം എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടിരിക്കയാണ്.
”ഒരു വന്മലയുടെ കനമുള്ള കല്ല് നെഞ്ചില്‍ നിന്ന് എടുത്തുമാറ്റിയപോലെ എനിക്കു തോന്നുന്നു. എനിക്ക് വീണ്ടും ശ്വസിക്കാനാകുന്നു.
ഒന്നരവര്‍ഷത്തിനിടയില്‍ ആദ്യമായി ഞാന്‍ പുഞ്ചിരിക്കുന്നു. ഇങ്ങനെയാണ് നീതി അനുഭവപ്പെടുന്നത്,” ഒരു സ്ത്രീജന്മത്തില് അനുഭവിക്കാവുന്ന കൊടുംയാതനകളെയെല്ലാം അതിജീവിച്ച ബില്‍ക്കിസ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ മഹിമ വീണ്ടെടുക്കുന്ന വിധിയോട് പ്രതികരിക്കുന്നു.
ഇന്ത്യയുടെ 75-ാം സ്വതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മോദി ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിന്ന് നാരീശക്തിയെക്കുറിച്ച് വാചാലനാവുകയും, സ്ത്രീകളെ അവമാനിക്കുകയോ നാണംകെടുക്കുകയോ ചെയ്യുന്ന പെരുമാറ്റമോ സംസ്കാരമോ രാജ്യത്ത് വച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴാണ് കേന്ദ്ര ഗവണ്മെന്റിന്റെ അനുമതിയോടെ ഗുജറാത്ത് സര്‍ക്കാര്‍ 11 ജീവപര്യന്തം തടവുകാര്‍ക്ക് ശിക്ഷ ഇളവ് അനുവദിച്ചത്. കുങ്കുമതിലകം ചാര്‍ത്തിയും മധുരം നല്‍കിയുമാണ് സ്ത്രീകള്‍ അടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ ആ കൊലയാളികളെ ജയില്‍ കവാടത്തില്‍ എതിരേറ്റത്. ”സംസ്കാരമുള്ള ബ്രാഹ്മണര്‍” എന്നു വാഴ്ത്തി ഒരു ബിജെപി എംഎല്‍എ അവര്‍ക്കു സ്വീകരണവുമൊരുക്കി.
ഇല്ലാത്ത അധികാരമുപയോഗിച്ച് ഗുജറാത്ത് സര്‍ക്കാര്‍ കുറ്റവാളികളുമായി ഒത്തുകളിക്കുകയും കോടതിയെ കബളിപ്പിച്ച് ഒരു തടവുകാരന്റെ മോചനത്തിന് അനുകൂലമായ വിധി സമ്പാദിച്ചുകൊണ്ട് നിയമവിരുദ്ധമായി 11 പേരെയും ജയിലില്‍ നിന്ന് വിട്ടയക്കുകയും ചെയ്തുവെന്നാണ് സുപ്രീം കോടതി കുറ്റപ്പെടുത്തുന്നത്. പരമോന്നത കോടതിയുടെ ഉത്തരവ് ഉപയോഗിച്ച് സര്‍ക്കാര്‍ നിയമലംഘനം നടത്തുന്നതിന്റെ ക്ലാസിക് ദൃഷ്ടാന്തമായാണ് കോടതി ഇതിനെ എടുത്തുകാട്ടുന്നത്.
ഇരയുടെയും സാക്ഷികളുടെയും സുരക്ഷ മുന്‍നിര്‍ത്തി സുപ്രീം കോടതി ബില്‍ക്കിസ് ബാനുവിന്റെ കേസ് വിചാരണ ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. മുംബൈയില്‍ സിബിഐ സ്പെഷല്‍ കോടതിയാണ് പ്രതികള്‍ക്ക് 2008-ല്‍ ജീവപര്യന്തം തടവു വിധിച്ചത്. വിധി ബോംബെ ഹൈക്കോടതി 2017-ല്‍ ശരിവച്ചു. വിചാരണ നടന്ന സ്ഥലത്താണ് ശിക്ഷാകാലാവധി ഇളവിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന് 2015-ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് നിലവിലുണ്ട്. മുംബൈയില്‍ വിചാരണ നടന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവു ചെയ്തുകൊടുക്കാന്‍ ഗുജറാത്ത് ഗവണ്മെന്റിന് അധികാരമില്ല എന്നിരിക്കെയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചും രാധേശ്യാം ഷാ എന്ന തടവുപുള്ളി ഗുജറാത്ത് സര്‍ക്കാരിന് ഇക്കാര്യം തീര്‍പ്പാക്കാം എന്ന ഉത്തരവ് 2022 മേയ് 13ന് സുപ്രീം കോടതിയില്‍ നിന്നു സമ്പാദിക്കുന്നത്.
ശിക്ഷാകാലാവധി വെട്ടിക്കുറയ്ക്കാനുള്ള അപേക്ഷ മഹാരാഷ്ട്ര ഗവണ്മെന്റിനാണു സമര്‍പ്പിക്കേണ്ടതെന്ന് 2019-ല്‍ ഗുജറാത്ത് ഹൈക്കോടതി ഷായോടു പറഞ്ഞിരുന്നു. ഇതനുസരിച്ച് അയാള്‍ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അത്യന്തം ഹീനമായ ക്രിമിനല്‍ കുറ്റം ചെയ്തവര്‍ ചുരുങ്ങിയത് 28 വര്‍ഷം തടവുശിക്ഷ അനുഭവിച്ചാലേ ശിക്ഷ ഇളവ് അനുവദിക്കാവൂ എന്നാണ് മഹാരാഷ്ട്ര ഗവണ്മെന്റിന്റെ 2008 ഏപ്രില്‍ മാസത്തിലെ ഉത്തരവില്‍ പറയുന്നതെന്ന് സിബിഐ ജഡ്ജി ചൂണ്ടിക്കാട്ടിയതോടെ മഹാരാഷ്ട്ര അപ്പീല്‍ തള്ളി. കൂട്ടബലാത്സംഗം പോലെ മാനവികതയ്ക്കെതിരായ കുറ്റകൃത്യത്തിന് രാജ്യാന്തര ക്രിമിനല്‍ കോടതി ചട്ടത്തില്‍ 30 വര്‍ഷത്തെ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതില്‍ ഒരു ഇളവും പാടില്ല. ഹൈക്കോടതിയും മഹാരാഷ്ട്ര സര്‍ക്കാരും അപേക്ഷ തള്ളിയതാണെന്ന വസ്തുത മറച്ചുവച്ചും, പതിനാലു വര്‍ഷം ജയിലില്‍ കഴിഞ്ഞവര്‍ക്ക് ശിക്ഷ ഇളവ് അനുവദിക്കാനുള്ള 1992 ജൂലൈയിലെ കാലഹരണപ്പെട്ട നിയമം എടുത്തുകാട്ടിയുമാണ് ഹര്ജിക്കാരന് സുപ്രീം കോടതിയെ കബളിപ്പിച്ചത്. ഭരണഘടനാ ബെഞ്ചിന്റെ മുന്‍ ഉത്തരവ് മറികടന്ന്, ഗുജറാത്ത് സര്‍ക്കാരിന് തടവുകാരെ മോചിപ്പിക്കുന്ന കാര്യം തീരുമാനിക്കാം എന്ന ജസ്റ്റിസ് അജയ് റസ്തോഗി, ജസ്റ്റിസ് വിക്രം നാഥ് എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ് നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതിനാല്‍ അസാധുവാണെന്ന് (പെര് ഇന്കൂരിയാം) ജസ്റ്റിസ് നാഗരത്ന ജനുവരി എട്ടിലെ വിധിയില്‍ വ്യക്തമാക്കി.
സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഒരു തടവുപുള്ളി നേടിയ അനുകൂല വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ എന്തുകൊണ്ട് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചില്ല എന്നു കോടതി ചോദിക്കുന്നുണ്ട്. ഒരു തടവുകാരന്റെ പേരില്‍ ഇറക്കിയ ഉത്തരവിനെ മറയാക്കി എല്ലാ കുറ്റവാളികളെയും വിട്ടയച്ചതെങ്ങനെയെന്നും കോടതി ആശ്ചര്യപ്പെടുന്നു. കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ രക്ഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ വഴിവിട്ട കാര്യങ്ങള്‍ ചെയ്തതിന് നിരവധി തെളിവുകളുണ്ട്. ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് ആയിരം ദിവസത്തിലേറെ പരോളും താത്കാലിക വിടുതലും സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. ഒരാള്‍ അഞ്ചുവര്‍ഷത്തിലേറെ ജയിലിനു പുറത്തായിരുന്നു. മിക്കവരും പരോള്‍ കാലാവധി ലംഘിച്ചവരായിട്ടും അവര്‍ക്ക് നിര്‍ബാധം ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊണ്ടിരുന്നു. വിചാരണ കോടതി നിര്‍ദേശിച്ച പിഴതുക അടയ്ക്കുന്നതില്‍ പോലും ഈ തടവുകാര്‍ വീഴ്ചവരുത്തി. പരോളില്‍ പുറത്തിയങ്ങിയ ഒരു ജീവപര്യന്തംതടവുകാരന് 2020 ജൂണില്‍ ഒരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചതിനു കേസുണ്ടായി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഒത്താശയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വാതന്ത്ര്യദിനത്തില്‍ ഈ കൊടുംകുറ്റവാളികളെ മോചിപ്പിച്ചത്.
തന്റെ കുടുംബം നശിപ്പിച്ചവര്‍ക്കും തന്റെ നിലനില്‍പ്പിനെത്തന്നെ ഭീഷണിപ്പെടുത്തിയവര്‍ക്കും ഒന്നര വര്‍ഷം മുമ്പ്, 2022 ഓഗസ്റ്റ് 15ന്, മോചനം നല്കിയപ്പോള് താന്‍ തകര്‍ന്നടിഞ്ഞുവെന്നും തന്റെ ശക്തിയുടെ സംഭരണി വറ്റിപ്പോയതായി തോന്നിയെന്നും ബില്‍ക്കിസ് അനുസ്മരിക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരകണക്കിന് സ്ത്രീകളും സാധാരണക്കാരും ബില്‍ക്കിസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങി. സിപിഎം നേതാവ് സുഭാഷിണി അലി, തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവാ മൊയ്ത്ര, പ്രഫ. രൂപ് രേഖാ വര്‍മ്മ, മാധ്യമപ്രവര്‍ത്തക രേവതി ലൗല്, മുന്‍ ഐപിഎസ് ഓഫിസര്‍ മീരന് ഛഡ്ഡാ ബോര്വണ്കര്, ജഗ്ദീപ് ഛോഖര്, മധു ഭണ്ഡാരി തുടങ്ങിയവര്‍ സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചു.
2022-ല്‍ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കുവേണ്ടി ഹാജരാകാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് നിയോഗിച്ച ശോഭാ ഗുപ്ത എന്ന അഭിഭാഷക അന്നു മുതല്‍ ഒരു പ്രതിഫലവും വാങ്ങാതെയാണ് ബില്ക്കിസിനുവേണ്ടി ഇത്രയും കാലം കോടതിയില്‍ ഹാജരായിക്കൊണ്ടിരുന്നത്.
മുംബൈയില്‍ നിന്ന് 8,500 പേരും മറ്റിടങ്ങളില്‍ നിന്ന് 6,000 പേരും തനിക്കുവേണ്ടി അപേക്ഷകള്‍ സമര്‍പ്പിച്ചത് ബില്‍ക്കിസ് ഓര്‍ക്കുന്നു. 10,000 പേര് തുറന്ന കത്തുകളെഴുതി. കര്‍ണാടകയിലെ 29 ജില്ലകളില്‍ നിന്നായി 40,000 പേര് കൂട്ടനിവേദനത്തില് ഒപ്പിട്ടു. പൊതുതാനുള്ള ഇച്ഛാശക്തി തനിക്കു ലഭിച്ചത് ഇവരില്‍ നിന്നാണെന്നും, തനിക്കുവേണ്ടി മാത്രമല്ല, ഇന്ത്യയിലെ ഓരോ സ്ത്രീക്കും വേണ്ടി നീതി എന്ന ആശയത്തെ സംരക്ഷിച്ചുനിര്ത്തിയതിന് നന്ദിയുണ്ടെന്നും ബില്‍ക്കിസ് പറയുന്നു.
ജയിലിലേക്കു തിരിച്ചുപോയതിനുശേഷം 11 തടവുകാര്‍ക്ക് ശിക്ഷാകാലാവധിക്ക് ഇളവു തേടി മഹാരാഷ്ട്ര ഗവണ്മെന്റിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി സഖ്യ ഗവണ്മെന്റ് അമിത് ഷായുടെ കല്പന അനുസരിച്ച് അവരെ മോചിപ്പിക്കാന്‍ ഒരുമ്പെട്ടാല്‍ ബില്‍ക്കിസിന് വീണ്ടും സുപ്രീം കോടതിയെ സമീപിക്കേണ്ടിവരും. ഗോധരയിലെ സബ് ജയിലില്‍ നിന്ന് വിട്ടയച്ച തടവുകാര്‍ക്ക് സംഘപരിവാര്‍ രാജകീയ വരവേല്പ് നല്‍കിയതിനോട് അന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്ണവീസ് വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു: ”കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയാണ്. അവര്‍ക്ക് സ്വീകരണം നല്‍കുന്നത് എന്തിനാണ്?”
അയോധ്യയിലെ ശ്രീരാമജന്മഭൂമിയിലെ 450 വര്‍ഷം പഴക്കമുള്ള ബാബ്റി മസ്ജിദ് സംഘപരിവാര്‍ കര്‍സേവകര്‍ തകര്‍ത്തതിനെ ന്യായീകരിക്കാനാകില്ലെങ്കിലും അവിടെ രാമക്ഷേത്രം നിര്‍മിക്കാനുള്ള ആര്‍എസ്എസിന്റെ ചിരകാല പദ്ധതിക്ക് തടസം നില്‍ക്കരുതെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ അന്തിമ തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ 3,200 കോടി രൂപ ചെലവില്‍ പണിതീര്‍ത്ത ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മം പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതലത്തില്‍ വലിയ രാഷ്ട്രീയ ആഘോഷമാക്കി മാറ്റാന്‍ പ്രധാനമന്ത്രി മോദിയും കൂട്ടരും ഒരുങ്ങുമ്പോഴാണ്, 2002 ഫെബ്രുവരിയില്‍ അയോധ്യയില്‍ നിന്നു മടങ്ങിയ കര്‍സേവകരും തീര്‍ഥാടകരും തിങ്ങിനിറഞ്ഞ സാബര്‍മതി എക്സ്പ്രസ് ട്രെയിനിലെ എസ്-6 കോച്ചിന് ഗുജറാത്തിലെ ഗോധരാ സ്റ്റേഷനില്‍ വച്ച് തീപ്പിടിച്ച് 59 പേര് കൊല്ലപ്പെട്ട ദാരുണ സംഭവത്തിന്റെ ഓര്മ പുതുക്കി ബില്‍ക്കിസ് ബാനു കേസില്‍ ഏറ്റവും പുതിയ വിധിയുണ്ടാകുന്നത്. ഗോധരയില് വച്ച് ട്രെയിനു തീവച്ചത് മുസ് ലിംകളാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചാണ് ഗുജറാത്തിലെ 20 ജില്ലകളില്‍ രണ്ടു മാസം നിര്‍ബാധം തുടര്‍ന്ന വര്‍ഗീയ കലാപത്തിന് കളമൊരുക്കിയത്. കലാപത്തില്‍ ആയിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 20,000 മുസ്ലിം വീടുകള്‍ നശിപ്പിക്കപ്പെട്ടു. ഒന്നരലക്ഷം പേര് വാസസ്ഥലങ്ങളില്‍ നിന്ന് പലായനം ചെയ്തു.
ഗുജറാത്തിലെ വംശഹത്യയില്‍ നിന്നാണ് ബിജെപി ഭൂരിപക്ഷ ഹിന്ദുത്വ അജന്‍ഡയുടെ മുഖ്യ ആസൂത്രകനായി മോദി ദേശീയശ്രദ്ധ നേടുന്നത്.
ബില്‍ക്കിസ് ബാനു കേസില്‍ സുപ്രീം കോടതി ബിജെപി ഗവണ്മെന്റിനെതിരായി ഉന്നയിച്ച ഗുരുതരമായ കുറ്റാരോപണത്തെക്കുറിച്ചോ മുത്തലാഖിന്റെ കാര്യത്തിലെന്നപോലെ ബില്‍ക്കിസിനെ പോലുള്ള മുസ്ലിം സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള ‘മോദിയുടെ ഗാരന്റി’യെക്കുറിച്ചോ മോദിയോ അമിത് ഷായോ ഗുജറാത്ത് മുഖ്യമന്ത്രിയോ ഒരക്ഷരം ഉരിയാടുന്നില്ല. പ്രധാനമന്ത്രി മോദി അഹമ്മദാബാദില്‍ വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപ ഉച്ചകോടിയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടൊപ്പം റോഡ് ഷോ നടത്തുന്ന തിരക്കിലായിരുന്നു. വൈബ്രന്റ് ഗുജറാത്തില്‍ ബില്ക്കിസുമാരുടെ കദനകഥ ആര്‍ക്കു കേള്‍ക്കണം! ‘ഭാരത് ജോഡോ ന്യായ് യാത്രയില്‍’ രാഹുല്‍ ഗാന്ധി വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് ഗുജറാത്തിലെത്തുമ്പോഴേക്കും മോദി അയോധ്യയില്‍ നവഭാരത ദിവ്യാവതാര വിരാള്പുരുഷനായി രൂപാന്തരപ്പെട്ടിരിക്കും.