കാക്കനാട്: സീറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച്ബിഷപ്പായി ഷംഷാനാബാദ് രൂപതാധ്യക്ഷനും മുൻ തൃശൂർ സഹായമെത്രാനുമായ മാർ റാഫേൽ തട്ടിലിന് നിയോഗം.
റോമിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ അനുമതി ലഭിച്ചതോടെയാണ് പ്രഖ്യാപനമുണ്ടായത്.കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തിങ്കളാഴ്ച മുതൽ നടന്നുവരുന്ന സിനഡ് സമ്മേളനത്തിൽ ഇന്നലെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇതുമായി ബന്ധപ്പെട്ട് വത്തിക്കാനിലും കാക്കനാട് സെന്റ് തോമസ് മൗണ്ടിലും ഒരേ സമയം പ്രഖ്യാപനം നടന്നു. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സിനഡ് സമ്മേളനം അവസാനിച്ചു. മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കൽ മാത്രമാണ് സിനഡിന്റെ അജൻഡയെന്നു സിറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചിരുന്നു.
സിറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പാണ് തൃശൂർ രൂപതാംഗമായ മാർ റാഫേൽ തട്ടിൽ. മാർ ആന്റണി പടിയറ, മാർ വർക്കി വിതയത്തിൽ, മാർ ജോർജ് ആലഞ്ചേരി എന്നിവരുടെ പിൻഗാമിയായാണ് മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് പദവിയിൽ എത്തുന്നത്.സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.
സീറോ മലബാർ മേലദ്ധ്യക്ഷന്മാരെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ (ഫയൽ ചിത്രം)
65 മെത്രാൻമാർ സിനഡിൽ അംഗമാണെങ്കിലും അതിൽ 80 വയസ്സിനു താഴെയുള്ളവർക്കാണ് വോട്ടവകാശം. വോട്ടവകാശമുള്ള 53 മെത്രാന്മാർരാണ് ഉണ്ടായിരുന്നത്. സ്വയം സ്ഥാനാർഥി പ്രഖ്യാപനമോ പേരു നിർദേശമോ മേജർ ആർച്ച് ബിഷപ് തിരഞ്ഞെടുപ്പിൽ ഇല്ല. യോഗ്യരെന്നു കരുതുന്നവർക്കു മെത്രാൻമാർ വോട്ടു ചെയ്യും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ വിജയിക്കും എന്നതായിരുന്നു നടപടിക്രമം .
1956 ഏപ്രിൽ 21-ന് തൃശൂരിൽ ജനിച്ച മാർ റാഫേൽ തട്ടിൽ, വടവാതൂർ സെമിനാരിയിലെ വിദ്യാഭ്യാസത്തിനുശേഷം 1980 ഡിസംബർ 21-ന് പുരോഹിതനായി അഭിഷിക്തനായി.. പിന്നീട് റോമിലെ പൊന്തിഫിക്കൽ ഓറിയെന്റൽ ഇൻസ്റ്റിട്യൂട്ടിൽനിന്ന് പൗരസ്ത്യകാനോനികനിയമത്തിൽ ഡോക്ടറേറ്റ് നേടിയിരുന്നു. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ നിപുണനാണ് അദ്ദേഹം. മേരി മാതാ സെമിനാരിയുടെ റെക്ടറായി 1998 മുതൽ 2007 വരെ നിസ്തുലസേവനമനുഷ്ഠിച്ചിട്ടുണ്ട്.
2010 ജനുവരി 18-ന് തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2010 ഏപ്രിൽ 10-ന് മെത്രാഭിഷേകം സ്വീകരിച്ചു. 2013 ഡിസംബർ 23-ന് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തെ, സീറോമലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത്, ഇന്ത്യ മുഴുവനുമുള്ള സീറോമലബാർ സഭാവിശ്വാസികൾക്കായുള്ള അപ്പസ്തോലിക വിസിറ്റേറ്ററായി നിയമിച്ചു.
2017 ഒക്ടോബർ 10-ന് ഷംഷാബാദ് എപ്പാർക്കി സ്ഥാപിച്ചതിനൊപ്പം, അതിന്റെ പ്രഥമ മെത്രാനായി പാപ്പാ അദ്ദേഹത്തെ നിയമിച്ചു. 2024 ജനുവരി 9-ന് സീറോമലബാർ സഭയുടെ സിനഡ് അദ്ദേഹത്തെ പുതിയ മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുത്ത ദിവസംതന്നെ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന് കാനോനികനിയമപ്രകാരമുള്ള അപ്പസ്തോലികസ്ഥിരീകരണം നൽകുകയായിരുന്നു.
പുതിയ മേജർ ആർച്ചുബിഷപ്പിനെ സീറോ മലബാർ സഭ തിരഞ്ഞെടുത്തുവെങ്കിലും, എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി, മെൽബൺ സെന്റ് തോമസ് രൂപതയുടെ മുൻ അദ്ധ്യക്ഷൻ ബിഷപ് മാർ ബോസ്കോ പുത്തൂർ തുടരും.