മലയാള സിനിമയില്‍ ഇത്തവണ റിലീസ് ചെയ്തത് ഇരുന്നൂറിലേറെ സിനിമകള്‍. അവയില്‍ 4 സൂപ്പര്‍ ഹിറ്റുകള്‍. വിജയിച്ച സനിമകളുടെ എണ്ണവും ചുരുക്കം. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 കണ്ടത്. അതേസമയം ചില അപ്രതീക്ഷിത നേട്ടങ്ങള്‍ കിട്ടിയ വര്‍ഷവുമായിരുന്നു ഇതെന്ന് കൂടി എടുത്തുപറയേണ്ടിവരും. 2018, ഫെയ്സ് ഓഫ് ഫെയ്സ് ലസ് സിനിമകളുടെ ഓസ്കര് എന്‍ട്രി മികച്ച നേട്ടമായി തന്നെ വിലയിരുത്തണം. 2018 ലെ കേരളത്തിലെ പ്രളയവും അതിജീവനവും പ്രമേയമാക്കിയ സിനിമ സംവിധാനം ചെയ്തത് ജൂഡ് ആന്റണി ജോസഫ് ആയിരുന്നു. കുഞ്ചാക്കോ ബോബന്, ടൊവിനോ, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്, നരേന്, സുധീഷ്, ലാല്‍, തന്വി റാം, ഗൗതമി നായര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
തിയറ്ററിലെ ഈ വര്‍ഷം ഏറ്റവും വലിയ നേട്ടം കൊയ്തതും 2018 ആണ്. 30 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്സ്ഓഫിസില്‍നിന്ന് നേടിയത് 200 കോടിയോളം രൂപയാണ്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാനകരവും അപൂര്‍വവുമായ നേട്ടമാണിത്. ആകെ റിലീസായത് 220 സിനിമകളാണ്. ഇതില്‍ നിര്‍മാതാവിന് മുടക്കു മുതല്‍ തിരിച്ചു നല്‍കിയത് 13 സിനിമകള്‍ മാത്രമാണ്. ക്രിസ്മസ് റിലീസുകളടക്കം പുറത്തിറങ്ങിയ പത്തോളം ചിത്രങ്ങളില്‍ മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ നേര് മാത്രമാണ് സൂപ്പര്‍ ഹിറ്റിലേക്കു നീങ്ങുന്നത്.
റോബി വര്‍ഗീസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡും അപ്രതീക്ഷിത വിജയം നേടിയ ചിത്രമാണ്. കേരള പൊലീസിലെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതാനുഭവങ്ങള്‍ പ്രമേയമാക്കിയ സിനിമ യഥാര്‍ത്ഥത്തില്‍ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു നിര്‍മിച്ചത്. ഉദ്വേഗഭരിതമായ കഥാമുഹൂര്‍ത്തങ്ങളും വൈകാരികമായ കഥപറച്ചില്‍ രീതിയും ചേര്‍ന്ന് തിയറ്ററുകളില്‍ പ്രേക്ഷകരെ കയ്യിലെടുത്തു. ഒപ്പം കേരള പൊലീസിന്റെ ചരിത്രത്തില്‍ ശരിക്കുമുണ്ടായ സാഹസികമായ അന്വേഷണ നിമിഷങ്ങള്‍ കൂടിയാണിതെന്നറിഞ്ഞപ്പോള്‍ കണ്ണൂര്‍ സ്ക്വാഡിനും തിയറ്ററില്‍നിന്ന് വന്‍ നേട്ടം കൊയ്യാനായി.
തീയറ്റര്‍ ഇടിപ്പറമ്പാക്കിയ നഹാസ് ഹിദായത് സംവിധാനം ചെയ്ത ആര് ഡി എക്സ് ആണ് ഹിറ്റായ മറ്റൊരു സിനിമ. ആര് ഡി എക്സ് പ്രധാനമായും യുവാക്കളെ തന്നെയാണ് ആകര്‍ഷിച്ചത്. ഷെയ്ന് നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒ ടി ടിയിലും തരംഗം തീര്‍ത്തു. മറ്റൊരു അപ്രതീക്ഷിത ഹിറ്റ് സിനിമയായിരുന്നു ജിത്തു മാധവന് സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രം രോമാഞ്ചം. സൗബിന് ഷാഹിര്‍, അര്ജുന് അശോകന് എന്നിവര്‍ക്കൊപ്പം ഒരുപിടി പുതുമുഖ താരങ്ങളും അണിനിരന്നു. ഒമ്പത് സിനിമകള്‍ കൂടി തീയറ്ററില്‍ ശരാശരിയോ അതിനു മുകളിലോ വിജയം നേടി. നന്‍പകല്‍ നേരത്ത് മയക്കം, നെയ്മര്‍, പ്രണയവിലാസം, പാച്ചുവും അത്ഭുതവിളക്കും, പൂക്കാലം, ഗരുഡന്, ഫാലിമി, കാതല്‍, മധുര മനോഹര മോഹം എന്നിവയായിരുന്നു ഈ ചിത്രങ്ങള്‍.
ഈ വര്‍ഷത്തെ സിനിമകളുടെ നഷ്ടക്കണക്കെടുത്താല്‍ ഏതാണ്ട് 500 കോടി രൂപ വരുമെന്നാണ് വിലയിരുത്തല്‍. പരാജയം നേരിട്ടവരില്‍ അധികവും ആദ്യമായി സിനിമ നിര്മിക്കാനെത്തിയവരും. 5 കോടി വരെ സാറ്റലൈറ്റ് കിട്ടിയിരുന്ന സിനിമകള്‍ക്ക് 50 ലക്ഷം പോലും കിട്ടാത്ത സ്ഥിതിയാണുള്ളത്. തിയറ്റര്‍ തന്നെയാണ് ഇപ്പോഴും സിനിമകളുടെ പ്രധാന വരുമാന സ്രോതസ്. തിയറ്ററില്‍ ഓടി വിജയിച്ചാല്‍ മാത്രമാണ് ഒ ടി ടി വില്പനയ്ക്കും സാധ്യതയുള്ളത്.
2023 ല്‍ തമിഴ് സിനിമകള്‍ കേരള ബോക്സോഫിസില്‍ പണം വാരിയ കാഴ്ചയും കണ്ടു. 20 കോടിയിലധികം ഷെയര്‍ നേടിയ രജനീകാന്ത് ചിത്രം ‘ജയിലര്‍’ ആണ് കേരള ബോക്സോഫീസില്‍ ഏറ്റവും വലിയ ഹിറ്റായത്. ലിയോ, ജിഗര്‍തണ്ട ഡബിള്‍ എക്സ്, ജവാന്, പഠാന് എന്നിവയും മലയാളി പ്രേക്ഷകര്‍ തിയറ്ററില്‍ വലിയ ആഘോഷമാക്കിയിരുന്നു.
മികച്ച സിനിമകള്‍
സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം, ജീത്തു ജോസഫിന്റെ നേര്, ജിതിന് ഐസക്ക് തോമസിന്റെ സംവിധാനവും വിന്‍സിയുടെ അഭിനയവും എടുത്ത് പറയേണ്ട രേഖ, സിനിമ ഉയര്‍ത്തുന്ന വിഷയം വിവാദമായെങ്കിലും ജിയോ ബേബിയുടെ ‘കാതല്‍’ വ്യത്യസ്ത സിനിമാനുഭവമായിരുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് കാതലിലെ നായകന്. നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം ശരാശരി നിലവാരം പുലര്‍ത്തി. കാര്യമായ കഥപറച്ചിലില്ലാതെ എത്തിയ ജിത്തു മാധവന്റെ ‘രോമാഞ്ചം’ വ്യത്യസ്തമായിരുന്നു. അര്ജുന് അശോകനും സൗബിന് ഷാഹിറും ഒരു കൂട്ടം പുതുമുഖങ്ങളും ചേര്‍ന്ന് സ്ക്രീനിലെത്തിച്ച ഹാസ്യം തീയറ്ററുകളെ സജീവമാക്കി. പ്രേതം, ഹോസ്റ്റല്‍ ജീവിതം, ഓജോ ബോര്‍ഡ്, ബാച്ചിലര്‍ ലൈഫ് തുടങ്ങി പോപ്പുലര്‍ വിഷയങ്ങളാണ് സിനിമ ഉപയോഗിച്ചത്.
ലിജോ ജോസ് പല്ലിശ്ശേരി-മമ്മൂട്ടി സംഘത്തിന്റെ നന്‍പകല്‍ നേരത്ത് മയക്കം മികച്ച സിനിമാനുഭവമായിരുന്നു. ഒരു ചെറുകഥ പോലെ ഹൃദ്യമായിരുന്നു അവതരണം. പൊലിസ് പ്രോസീജറല്‍ ഡ്രാമയാണ് ‘പുരുഷ പ്രേതം.’ ത്രില്ലര്‍ ആയും സര്ക്കാസ്റ്റിക്കല് ഹ്യൂമര്‍ ആയും ഒക്കെ വരച്ച് കാട്ടാവുന്ന, ഒരുപാട് അടരുകള്‍ ഉള്ള സിനിമ. കൃഷന്ദിന്റെ ഈ സിനിമ വ്യാഖ്യാനത്തിന്റെ അനന്ത സാധ്യതകള്‍ നല്കുമ്പോഴും ഒരു ക്ലീന്‍ എന്റര്റ്റൈന്ര് ആണ്. ദൃശ്യ ഭാഷയിലും സിനിമയുടെ ഒഴുക്കിലും മലയാള സിനിമ ഇത് വരെ കാണാത്ത പുതുമ ഈ സിനിമ നല്‍കുന്നുണ്ട്.
സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് (കെഎസ്എഫ്ഡിഡി) വനിതാ സിനിമാ പാക്കേജില്‍ നിര്‍മ്മിച്ച മൂന്നു സിനിമകളാണ് ഇക്കൊല്ലം വന്നത് – ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതല്‍ 44 വരെ,’ ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത ‘നിള,’ മിനി ഐ.ജി സംവിധാനം ചെയ്ത ‘ഡിവോഴ്സ്.’ സ്ത്രീകളെ കുറിച്ച് സ്ത്രീകള്‍ സംസാരിക്കുന്ന സിനിമകളായിരുന്നു അവ. ധീരരക്തസാക്ഷിയായ റാണി മരിയ എന്ന കന്യാസ്ത്രീയുടെ കഥ പറഞ്ഞ ഫെയ്സ് ഓഫ് ഫെയ്സ ലസ് മികച്ച വിജയം നേടിയെന്നത് അടയാളപ്പെടുത്തേണ്ട കാര്യം തന്നെ. അത്തരം സിനിമകള്‍ ആസ്വദിക്കുന്നവരും നമ്മുടെ സമൂഹത്തില്‍ ഉണ്ടായിവരുന്നു എന്നത് സന്തോഷകരമാണ്.
സുരേഷ് ഗോപിയുടെ ഗരുഡനും മോഹന്‍ലാലിന്റെ നേരും പ്രൊസീജറല്‍ ഡ്രാമകള്‍ തന്നെ. മികച്ചത് എന്ന അവകാശവാദം രണ്ടിനും ചേരുന്നുമില്ല. ജോജി ഇരട്ടവേഷത്തിലഭിനയിച്ച ഇരട്ട എന്ന സിനിമ വ്യത്യസ്തമായിരുന്നെങ്കിലും തീയറ്ററില്‍ വലിയ കളക്ഷന്‍ നേടിയില്ല.