ഭീഷണമായ പ്രകൃതിദുരന്തങ്ങളുടെ ആഘാതം പ്രായേണ കുറവായിരുന്ന 2023 കടന്നുപോകുമ്പോള്‍, 36 ദിവസം നീണ്ടുനിന്ന നവകേരള സദസ് എന്ന പിണറായി മന്ത്രിസഭയുടെ ജനസമ്പര്‍ക്ക യാത്ര സംസ്ഥാനത്തെ രാഷ്ട്രീയ ദുരന്തദിശാസൂചികയിലെ ചെമപ്പിന്റെ ആപല്രേഖയെല്ലാം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചീഫ് സെക്രട്ടറിയോട് ചോദിക്കുന്ന ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് 20 മന്ത്രിമാരോടൊപ്പം രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രി കേരളത്തിലെ 136 നിയോജകമണ്ഡലങ്ങളിലൂടെ – എറണാകുളം ജില്ലയില്‍ നാലു മണ്ഡലങ്ങളിലെ സദസുകള്‍ മാറ്റിവച്ചിരിക്കയാണ് – ഏതാണ്ട് 1.15 കോടി രൂപ ചെലവില്‍ കാരവാന് ശൈലിയില്‍ മോടിപിടിപ്പിച്ച ഭാരത് ബെന്‍സ് കോച്ചില്‍ രാജകീയ എഴുന്നള്ളത്തിനിറങ്ങിയത്.
ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവ് സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ജില്ലാകേന്ദ്രങ്ങളില്‍ രാപകല്‍ നീണ്ട, അത്യന്തം കരുണാര്‍ദ്രമായ ജനസമ്പര്‍ക്ക പരിപാടികള്‍ക്കായി സഹിച്ച ത്യാഗങ്ങളുടെ അനശ്വര ഗാഥ മറക്കാനാവാത്ത മലയാളികള്‍ക്ക്, പിണറായിയുടെ അത്യപൂര്‍വ കെട്ടുകാഴ്ചയിലെ ധൂര്‍ത്തും പൊള്ളത്തരവും, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്ന സഖ്യകക്ഷി എംഎല്‍എയോടു പോലും കാണിക്കുന്ന അസഹിഷ്ണുതയും, ജനാധിപത്യരീതിയില്‍ പ്രതിഷേധപ്രകടനത്തിന് ഇറങ്ങുന്നവരെ അന്യായമായി തല്ലിയൊതുക്കുന്ന പൊലീസിനെയും നിയമം കൈയിലെടുക്കുന്ന സ്വന്തം പാര്‍ട്ടി അണികളെയും നിരന്തരം ഉത്തേജിപ്പിക്കുന്ന ക്രൗര്യവും ധാര്‍ഷ്ട്യവും, മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കറുത്ത ഷൂ എറിഞ്ഞ സംഭവം എക്സ്ക്ളുസീവായി റിപ്പോര്‍ട്ടു ചെയ്ത ടിവി ചാനലിന്റെ വനിതാ റിപ്പോര്‍ട്ടറെ വധശ്രമത്തിനുള്ള ഗൂഢാലോചന കേസില്‍ പ്രതിയാക്കുന്ന പ്രതികാരവാഞ്ഛയും, അഞ്ച് ആഴ്ചയിലേറെ തുടര്‍ന്ന ഭരണസ്തംഭനവും സംസ്ഥാനത്തുടനീളം ക്രമസമാധാന തകര്‍ച്ചയ്ക്ക് ഇടവരുത്തിയ രാഷ്ട്രീയ പാപ്പരത്തവും നവകേരളനിര്‍മിതിക്ക് എന്ത് ആവേഗമാണു പകര്‍ന്നുനല്‍കുക?
മന്ത്രിസഭ ഒന്നടങ്കം 36 ദിവസം സെക്രട്ടേറിയറ്റ് വിട്ട്, സഞ്ചരിക്കുന്ന സര്‍ക്കസ് ട്രൂപ്പായി ഊരുചുറ്റുന്ന ചരിത്രം ഇന്ത്യയില്‍ തന്നെ ആദ്യമാകും.
സെക്രട്ടേറിയറ്റില്‍ എട്ടുലക്ഷം ഫയലുകള്‍ തീര്‍പ്പാകെ കിടക്കുന്നുവെന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. താലൂക്ക്, ഗ്രാമ തലത്തില്‍ വരെ ഭരണയന്ത്രവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പിണറായിയുടെ സദസില്‍ ആളെക്കൂട്ടാനും വിഭവസമാഹരണത്തില്‍ പങ്കുചേരാനുമുള്ള യജ്ഞത്തിലായിരുന്നു. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളും 151 ബ്ലോക്കു പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറു കോര്‍പറേഷനുകളും 16,255 സഹകരണ സംഘങ്ങളും നിശ്ചിത വിഹിതം നവകേരള സദസിനായി നീക്കിവയ്ക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. തനതുഫണ്ടില്‍ നിന്ന് സ്വയംഭരണ സ്ഥാപനങ്ങള്‍ പണം വഴിമാറ്റണമെന്ന നിര്‍ദേശത്തിനെതിരെ കോടതിക്ക് ഇടപെടേണ്ടിവന്നു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നുവരെ 250 രൂപ വീതം പിരിവെടുത്തിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നികുതിപ്പണവും ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണത്തിന് വിപുലമായ വേദിയൊരുക്കുകയായിരുന്നു. ലോക കേരളസഭയിലെന്ന പോലെ മുഖ്യമന്ത്രിയോടൊപ്പം പ്രാതല്‍ കഴിക്കാന്‍ ക്ഷണിക്കപ്പെടുന്ന പൗരപ്രമുഖരുമായുള്ള പ്രഭാത പൊങ്ങച്ചസദസല്ലാതെ സാധാരണക്കാരുടെ പരാതികള്‍ തീര്‍പ്പാക്കുന്ന വേദിയാകില്ല ഇതെന്ന് ഏറെ വൈകിയാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞത്. മൊത്തം 6,21,270 പരാതികള്‍ ലഭിച്ചതില്‍ എത്രയെണ്ണം തീര്‍പ്പാക്കി എന്ന് വെളിപ്പെടുത്തിയിട്ടില്ല.
കണ്ണൂരിലെ ഇരിട്ടിയില്‍ വീടിന്റെ അറ്റകുറ്റപ്പണിക്ക് വായ്പയെടുത്ത ഒരു സാധാരണക്കാരന് 3.98 ലക്ഷം രൂപയുടെ തിരിച്ചടവിന് ഇളവ് തേടിയതിന് സഹകരണ ബാങ്കില്‍ നിന്ന് പരമാവധി ഇളവ് തീര്‍പ്പാക്കി കിട്ടി: 515 രൂപയാണ് നവകേരള ഇളവ്!
നവകേരള സദസ് യാത്രയ്ക്ക് മുഖ്യമന്ത്രിക്കായി 180 ഡിഗ്രി കറങ്ങുന്ന ചൈനീസ് കസേരയും എലവേറ്റര്‍, ബയോ ടോയ്ലറ്റ്, വാഷ്ബേസിന്, ഡൈനിങ് ഏരിയ, ഫ്രിഡ്ജ്, മൈക്രോവേവ് അവന് തുടങ്ങിയ സജ്ജീകരണങ്ങളും 25 സീറ്റുമുള്ള ഭാരത് ബെന്‍സ് വണ്ടി ഒരുക്കിയത് ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം കുറച്ച് ഇന്ധനം ലാഭിക്കാനാണെന്നായിരുന്നു ആദ്യനാളുകളിലെ വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിക്കു പതിവുള്ള 44 വാഹനങ്ങളുടെ അകമ്പടിവ്യൂഹത്തിനു പുറമെ മിക്ക മന്ത്രിമാരുടെയും സ്റ്റാഫിന്റെയും വാഹനങ്ങളുടെ നീണ്ട നിരയും ആ കാരവാനെ അനുഗമിക്കുന്നുണ്ടായിരുന്നു.
കണ്ണൂര്‍ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിയുടെ ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാരും സിപിഎം ഗുണ്ടകളും ടിവി കാമറകള്‍ക്കു മുന്പില് വച്ചുതന്നെ ചെടിച്ചട്ടികളും ഹെല്‍മറ്റും മറ്റും കൊണ്ട് ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനെ ”ജീവന്‍രക്ഷാപ്രവര്‍ത്തനം” എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കരുതല്‍ തടങ്കലിലാക്കിയ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് സ്റ്റേഷന് വളപ്പില്‍ വച്ച് സിപിഎം പ്രവര്‍ത്തര്‍ മര്‍ദിച്ചു. മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഡിവൈഎഫ്ഐക്കാര്‍ കേരള പൊലീസില്‍ നിന്ന് ക്രമസമാധാനപാലന ചുമതല ഏറ്റെടുത്തതുപോലെയായിരുന്നു.
പെരുമ്പാവൂരിലെ ഓടക്കാലിയില്‍ ബസിനു നേരെ ഷൂ എറിഞ്ഞ് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതിനാണ് കേസെടുത്തത്.
കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റു. മുഖ്യമന്ത്രിയുടെ ഗണ്മാന് അകമ്പടിവാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരുടെ തലതല്ലിപ്പൊളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി അക്രമികളെ ന്യായീകരിക്കുകയായിരുന്നു.
പൊലീസിന്റെയും ഡിവൈഎഫ്ഐക്കാരുടെയും മര്‍ദനങ്ങള്‍ക്കെതിരെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസും കെഎസ് യുവും കെപിസിസിയും സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചുകളെ വന്‍ കലാപത്തിന്റെ മട്ടിലാണ് പൊലീസ് നേരിട്ടത്. ഡിജിപി ഓഫിസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചിനിടെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഉള്‍പ്പെടെ ആറ് എംപിമാരും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അടക്കം ഏഴ് എംഎല്‍എമാരുമുള്ള വേദിയിലേക്ക് വീര്യം കൂടിയ കണ്ണീര്‍വാതക ഷെല്ലെറിയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ ഒന്‍പതു തവണയാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാലു നേതാക്കളെ ആശുപത്രിയിലെത്തിച്ചു. നേതാക്കളെ അപായപ്പെടുത്താനാണ് ഒരു മുന്നറിയിപ്പുമില്ലാതെ കടന്നാക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ പൊലീസ് കേസെടുത്തു. നവകേരള യാത്രയിലുടനീളം പ്രതിഷേധക്കാരെ ”വേണ്ടവണ്ണം കൈകാര്യം ചെയ്ത” എല്ലാ പൊലീസുകാര്‍ക്കും ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നതത്രെ.
കേരള, കാലിക്കറ്റ് സെനറ്റുകളിലേക്ക് ഗവര്‍ണര്‍ ഏകപക്ഷീയമായി സിപിഎംകാരല്ലാത്ത 30 പേരെ നാമനിര്‍ദേശം ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മൂന്നിടത്ത് അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടയുകയുണ്ടായി. തെരുവിലിറങ്ങി എസ്എഫ്ഐ അക്രമികളെ വെല്ലുവിളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. എസ്എഫ്ഐക്കാരെ വിട്ടത് മുഖ്യമന്ത്രിയാണെന്നും അക്രമികളെ കൊണ്ടുവന്നതും തിരിച്ചുകൊണ്ടുപോയതും പൊലീസാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കയാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നു.
പ്രതിപക്ഷ കക്ഷികളുടെ പ്രതിരോധം തകര്‍ത്ത് മുന്നേറുമെന്ന് വീമ്പിളക്കുന്ന സിപിഎം പാര്‍ട്ടി നേതൃത്വവും സൈബര്‍ സഖാക്കളും മുട്ടുമടക്കിയത് അടിമാലിയില്‍ ഇരുന്നൂറേക്കറിലെ എണ്‍പത്താറുകാരിയായ മറിയക്കുട്ടിയുടെ മുന്‍പിലാണ്. സര്‍ക്കാരില്‍ നിന്നു കിട്ടുന്ന 1,600 രൂപയുടെ വിധവാ പെന്ഷന് അഞ്ചുമാസമായി മുടങ്ങിയതോടെ മറിയക്കുട്ടി, എണ്‍പതുകാരിയായ അന്ന ഔസേപ്പിനോടൊപ്പം മണ്‍ചട്ടിയുമായി അടിമാലിയില്‍ ഭിക്ഷയാചിക്കാനിറങ്ങിയതോടെയാണ് ടിവി ചാനലുകളിലും മറ്റും പെട്ടെന്ന് താരമായി മാറിയത്. മറിയക്കുട്ടിയുടെ കുടിലിനുനേരെ കല്ലേറുണ്ടായി. പഴമ്പിള്ളിച്ചാലില്‍ അവര്‍ക്ക് ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും 5,000 രൂപ വാടക ലഭിക്കുന്നത് അടക്കം രണ്ടു വീടുകള്‍ സ്വന്തമായുണ്ടെന്നും നാലു പെണ്മക്കളില് ഒരാള്‍ ലണ്ടനിലാണെന്നും വ്യാജപ്രചാരണം അഴിച്ചുവിടുകയും ചെയ്തു. തനിക്ക് ഈ ഭൂസ്വത്തും വീടുകളുമുണ്ടെങ്കില് അതു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി മന്നാങ്കണ്ടം വില്ലേജ് ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. മറിയക്കുട്ടിയുടെ പേരില്‍ സ്ഥലമോ വീടോ ഇല്ലെന്ന് വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തി. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച പാര്‍ട്ടി മുഖപത്രം അടക്കം മാപ്പുചോദിച്ചു. 1,600 രൂപയുടെ സാമൂഹിക ക്ഷേമ പെന്ഷന് 62 ലക്ഷം പേര്‍ക്ക് നല്‍കുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.
പെന്ഷന് കുടിശികയ്ക്കായി മറിയക്കുട്ടി കേരള ഹൈക്കോടതിയെ സമീപിച്ചു. മറിയക്കുട്ടി രാഷ്ട്രീയം കളിക്കുകയാണെന്ന സര്‍ക്കാര്‍ വാദത്തിനെതിരെ ജസ്റ്റിസ് ദേവന് രാമചന്ദ്രന് പ്രതികരിച്ചപ്പോള്‍, ക്ഷേമ പെന്‍ഷനുള്ള കേന്ദ്ര വിഹിതം 2023 ജൂലൈ മുതല്‍ മുടങ്ങിയതാണ് പ്രശ്മെന്നായി സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍. പലതരം ആഘോഷങ്ങള്‍ക്ക് പണം ചെലവാക്കുന്ന സര്‍ക്കാരിന് നിരാലംബരായ വയോധികര്‍ക്ക് 1,600 രൂപയുടെ ക്ഷേമ പെന്ഷന് നല്കാന് ഫണ്ടില്ലെന്നു പറയുന്നത് വിചിത്രമാണെന്ന് കോടതി നിരീക്ഷിച്ചു. അടിയന്തര സഹായത്തിനായി ഹര്‍ജിക്കാരിക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. ”കോടതി തോന്നിയത് പറയും, സര്‍ക്കാര്‍ പറ്റുന്നതു നടപ്പാക്കും,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്തായാലും, ഒരുമാസത്തെ പെന്ഷന് കുടിശിക മറിയക്കുട്ടിക്ക് കിട്ടി.
അഞ്ചുതരം പായസം ഉള്‍പ്പെടെ 65 വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഓണസദ്യ പൗരപ്രമുഖര്‍ക്കായി മുഖ്യമന്ത്രി നല്‍കിയതിന് 26.86 ലക്ഷം രൂപ ഖജനാവില്‍ നിന്ന് അനുവദിക്കുകയുണ്ടായി.
പുതുവര്‍ഷപ്പിറവിക്ക് മസ്കറ്റ് ഹോട്ടലില്‍ പൗരപ്രമുഖര്‍ക്കായി സര്‍ക്കാര്‍ വിരുന്നൊരുക്കുന്നുണ്ട്. നവകേരള സദസിലൂടനീളം പ്രഭാത സദസുകളില്‍ പൗരപ്രമുഖരോടൊപ്പം മുഖ്യമന്ത്രി പ്രാതല്‍ കഴിക്കുന്നതിന്റെയും വിഭവസമൃദ്ധമായ തീന്മേശയ്ക്കു ചുറ്റുമിരുന്ന് മന്ത്രിമാര്‍ വെടിപറയുന്നതിന്റെയും ദൃശ്യങ്ങള്‍ മാസങ്ങളായി ക്ഷേമപെന്ഷന് കിട്ടാതെ വലയുന്ന പട്ടിണപ്പാവങ്ങള്ക്ക് എന്തു സന്ദേശമാവും നല്‍കുക?
കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളെ അതിജീവിക്കുന്നതിനെക്കുറിച്ചാണ് പിണറായി സംസാരിക്കുന്നത്. കേരളത്തിന് അര്‍ഹമായ ഫണ്ടില്‍ 57,000 കോടി കേന്ദ്രം വെട്ടിക്കുറച്ചു എന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവലാതിപ്പെടുന്നത്. എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കേന്ദ്രം 1,07,500 കോടി രൂപ കേരളത്തിനു നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി തറപ്പിച്ചുപറയുന്നു. നവകേരള കോലാഹലങ്ങള്‍ക്കിടയില്‍ കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഒരു കാര്യം അസന്ദിഗ്ധമായി പറഞ്ഞു: 2023 ഒക്ടോബറില്‍ കേന്ദ്രം സാമൂഹിക ക്ഷേമ പെന്ഷന് വിഹിതമായി 602.14 കോടി രൂപ കേരളത്തിന് അനുവദിച്ചു. ഒരു കുടിശികയും ബാക്കിയില്ല.
ഇതിനിടെ, കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) ഒരു സര്‍വീസും ലഭിക്കാതെതന്നെ മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയ്ക്ക് 1.72 കോടി രൂപ ‘മാസപ്പടിയായി’ നല്‍കിയെന്ന് ആദായനികുതി ഇന്റരിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിതീര്‍പ്പിനെ ആധാരമാക്കി ആരോപണങ്ങള്‍ ഉന്നയിച്ച മാത്യു കുഴല്നാടന് എംഎല്‍എയുടെ കൈ നവകേരള മര്ദനപരമ്പരകളുടെ കൂട്ടത്തില്‍ അടിച്ചൊടിക്കാന്‍ ശ്രമം നടന്നു. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ ‘പി.വി’ എന്ന് കുറിച്ചിരിക്കുന്ന ചുരുക്കപ്പേര് പിണറായി വിജയനാണെന്ന് വ്യക്തമാണെന്ന് കുഴല്നാടന് പറയുന്നു. എന്തിനാണ് സിഎംആര്‍എല്‍ വീണയ്ക്കും പി.വിക്കും ‘മാസപ്പടിയായി’ കോടികള്‍ നല്‍കിയത് എന്ന ചോദ്യത്തിന് കുഴല്നാടന് ഉത്തരം കണ്ടെത്തിയിട്ടുണ്ട്: കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരില്‍ തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ത്തിട്ട നീക്കാന്‍ ദുരന്തനിവാരണ നിയമം മറയാക്കി 2018 മുതല്‍ തോട്ടപ്പള്ളി, വലിയഴീക്കല്‍ ഭാഗങ്ങളില്‍ നിന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ധാതുമണല്‍ ആദായ നിരക്കില്‍ സിഎംആര്‍എല്‍ കമ്പനിക്ക് ലഭ്യമാക്കുന്നതിനുള്ള പ്രതിഫലമാണ് ആ മാസപ്പടി.
ബെന്‍സ് കാരവാനില്‍ മുഖ്യമന്ത്രിക്കൊപ്പം നവകേരള പര്യടനം പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് തിരിച്ചെത്തിയ മന്ത്രിസഭാംഗങ്ങളില്‍ രണ്ടുപേര്‍ – ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ഐഎന്‍എലിന്റെ അഹമ്മദ് ദേവര്‍കോവിലും – പിണറായിയുടെ മുഖംമിനുക്കലില്‍ ഫ്ളഷ് ചെയ്യപ്പെട്ടു. ഏകാംഗ പാര്‍ട്ടികളിലെ വീരശൂരപരാക്രമികളാണെങ്കിലും നിഷ്കാസിതരായ ചാവേറുകള്‍ക്ക് ജനദ്രോഹത്തിന്റെ അഭിശാപ മുദ്രകള്‍ തുടച്ചുമാറ്റുക അത്ര എളുപ്പമാണോ!