അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ഡേവിഡ് ഗ്രാന്‍ എഴുതിയ പുസ്തകമാണ് കില്ലേഴ്സ് ഓഫ് ദി ഫ്ളവര്‍ മൂണ്‍: ദി ഒസേജ് മര്ഡേഴ്സ് ആന്‍ഡ് ദി ബര്‍ത്ത് ഓഫ് എഫ്ബിഐ. അരനൂറ്റാണ്ടിലേറെയായി സിനിമാ രംഗത്തെ നിറസാന്നിധ്യമായ അമേരിക്കന്‍- ഇറ്റാലിയന്‍ സംവിധായകന് മാര്ട്ടിന് സ്കോര്‍സസി കില്ലേര്‍സ് ഓഫ് ദി ഫ്ളവര്‍മൂണ്‍ സിനിമയാക്കി. കില്ലേഴ്സ് ഓഫ് ദി ഫ്ളവര്‍ മൂണ്‍ 2023 മേയ് 20ന് 76-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. 2023 ഒക്ടോബറില്‍ ലോകമെമ്പാടും റിലീസ് ചെയ്തു. ഓപണ്‍ഹൈമര്‍, പാസ്റ്റ് ലൈവ്സ് എന്നിവയോടൊപ്പം 2023 ലെ ഏറ്റവും മികച്ച മൂന്നു ഹോളിവുഡ് സിനിമകളില്‍ ഒന്നായാണ് നിരൂപകര്‍ കില്ലേഴ്സ് ഓഫ് ദി ഫ്ളവര്‍ മൂണിനെ പരിഗണിക്കുന്നത്. സ്കോര്‍സസിയുടെ സിനിമകളധികവും അമേരിക്കയുടെ ധാര്‍മികാധപതനത്തിലേക്ക് വിരല്ചൂണ്ടുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് മറ്റൊരു ബോംബുമായി സ്കോര്‍സസി എത്തുന്നത്.
1920-കളില്‍ ഒക്ലഹോമയിലെ ഒസേജ് മേഖലയില്‍ അരങ്ങേറിയ ഭീകരമായ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പരയായിരുന്നു ഒസേജ് ഇന്ത്യന്‍ റെയിന്‍ ഓഫ് ടെറര്‍ എന്നും അറിയപ്പെടുന്ന ഒസേജ് ഇന്ത്യന്‍ കൊലപാതകങ്ങള്‍. പാരമ്പര്യ ധാതു സമ്പത്താല്‍ ധനികരായിരുന്ന റെഡ് ഇന്ത്യന്‍ വംശജ കുടുംബങ്ങളെ ലക്ഷ്യംവച്ച വെളുത്തവര്‍ ചതിപ്രയോഗത്താലാണ് ഉന്മൂലനനാശത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. ‘കില്ലേഴ്സ് ഓഫ് ദി ഫ്ളവര്‍ മൂണ്‍’ എന്നത് ഒസേജ് ചാന്ദ്രചക്രത്തെ സൂചിപ്പിക്കുന്നതാണ്. ഈ സമയത്ത് വൈകിവരുന്ന ശിശിര കാലം പലപ്പോഴും വിടര്‍ന്നു വരുന്ന ഇളം പൂക്കളെ നശിപ്പിച്ചുകളയുമായിരുന്നു. ഇതിനു സമാനമായാണ് അമേരിക്കന്‍ ഗോത്രമായ ഒസേജിലെ 50 ശതമാനത്തോളം ആളുകളെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കിയതെന്ന് വ്യംഗ്യം.
അതി സമ്പന്നരായിരുന്ന ഒസേജ് പൗരന്മാരുടെ ക്രൂര കൊലപാതകത്തില്‍ ഒളിഞ്ഞു കിടക്കുന്ന അത്യാഗ്രഹം, ക്രൂരത, സര്‍ക്കാര്‍ പങ്കാളിത്തം എന്നിവയുടെ നേര് യാഥാര്‍ഥ്യമാണ് പുസ്തകവും സിനിമയും വെളിച്ചത്താക്കുന്നത്. മാര്ട്ടിന് സ്കോര്‍സെസി സംവിധാനം ചെയ്യുകയും സഹ-രചന നിര്‍വഹിക്കുകയും ചെയ്ത ഈ ചിത്രത്തില്‍, ലിയേണാര്ഡോ ഡികാപ്രിയോയും ലില്ലി ഗ്ലാഡ്സ്റ്റോണും മുഖ്യകഥാപത്രങ്ങളാകുന്നു. എണ്ണ ശേഖരം കൊണ്ട് ലോകത്തിലെ പ്രതിശീര്‍ഷ സമ്പന്നരായി മാറിയ ഓസേജ് ഗോത്രത്തിലെ അംഗമായ മോളി കെയ്ലിനെ (ലില്ലി ഗ്ലാഡ്സ്റ്റോണ്‍) ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടനായ, ഏണസ്റ്റ് ബര്‍ഖാര്‍ട്ട് (ലിയോനാര്‍ഡോ ഡികാപ്രിയോ) വിവാഹം കഴിച്ചതിനുശേഷമുള്ള സംഭവികാസങ്ങളാണ് സിനിമയില്‍ പറയുന്നത്.
ഒസാജ് വംശജര്‍ ലോകത്തിലെ ഏറ്റവും ധനികരായ ആളുകളില്‍ ചിലരായതോടെ ആ സമ്പത്ത് ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒക്ലഹോമയിലെ ഫെയര്‍ഫാക്സില്‍ ഇറങ്ങിയ വെള്ളക്കാരായ സംരംഭകരുടെ ഒരു കൂട്ടത്തിന്റെ നേതാവായിരുന്നു വൈറ്റ് ഹെയ്ല്‍ (റോബര്‍ട്ട് ഡി നീറോ). അവര്‍ തദ്ദേശീയരായ റെഡ് ഇന്ത്യക്കാരുടെ വിശാലമായ മാളികകളില് ജോലി ചെയ്തു, അവര്‍ക്ക് തിളങ്ങുന്ന പുതിയ കാറുകള്‍ വിറ്റു, അവരെ ചുറ്റിക്കറക്കി, ബാങ്കുകളെയും ആധുനിക വൈദ്യശാസ്ത്രത്തേയും മെഡിക്കല്‍ സര്ജറികളേയും പരിചയപ്പെടുത്തി. കുട്ടികളെ യൂറോപ്പിലയച്ചു പഠിപ്പിച്ചു. പക്ഷേ അവരില്‍ പലരും ദുരൂഹമായി വംശഹത്യക്കിരയായി കൊല്ലപ്പെടുന്നു. വിചിത്ര സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പ്രൈവറ്റ് കുറ്റാന്വേഷകരും നിഗൂഢമായി കൊല്ലപ്പെടുന്നു.
സിനിമ ആരംഭിക്കുമ്പോള്‍, ഒസാജ് കമ്മ്യൂണിറ്റിയുമായുള്ള ദീര്‍ഘകാല സൗഹൃദത്തില്‍ നിന്ന് ഹെയ്ല്‍ ഇതിനകം തന്നെ സാമ്പത്തികമായി പ്രയോജനം നേടിയിരുന്നു എന്നു കാണാം. എന്നാല്‍ അയാളതില്‍ തൃപ്തനല്ല. ഒരു സ്വര്‍ണഖനിയാണ് തന്റെ മുന്നിലുളളതെന്നയാള്ക്കറിയാം, സ്വര്‍ണമുട്ടയിടുന്ന താറാവുകളെ കൊന്നായാലും മുട്ടകള്‍ കരസ്ഥമാക്കുക തന്നെ. കൂടുതല്‍ സമ്പത്ത്, കൂടുതല്‍ ശക്തി. കൂടുതല്‍ സമ്പത്തിനായി അയാള്‍ വാടകഗുണ്ടകളെ ഉപയോഗിക്കുകയും കുറ്റകൃത്യങ്ങള്‍ മറച്ചുവക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുകയും ചെയ്യുന്നു, ഒടുവില്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ നിന്ന് മടങ്ങിയെത്തിയ തന്റെ അനന്തരവന് ഏണസ്റ്റ് ബുര്ഖാര്ട്ടിനെ (ലിയോനാര്‍ഡോ ഡികാപ്രിയോ) സ്വാധീനിച്ച് ഒരു ധനികയായ ഒസാജ് പെണ്‍കുട്ടിയെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സമ്പത്തിന്റെ കാഴ്ച കണ്ട് ഏണസ്റ്റിന്റേയും കണ്ണു മഞ്ഞളിച്ചു. മനസില്ലാ മനസോടെയാണെങ്കിലും ക്രൂരകൃത്യങ്ങള്‍ക്ക് അയാള്‍ കൂട്ടുനില്‍ക്കുന്നു.
‘സ്ത്രീകളില്‍ താത്പര്യമില്ലേ’- അമ്മാവനെറിഞ്ഞ ഒളിയമ്പില്‍ മരുമകന് കുരുങ്ങുന്നു. ഏണസ്റ്റ് മഞ്ഞക്കറ വീണ പല്ലിളിച്ച് താത്പര്യത്തോടെ പറഞ്ഞു, ‘സ്ത്രീകളോടേ താത്പര്യമുള്ളൂ’.
അങ്കിള്‍ ഹെയ്ലിന്റെ സമ്പന്ന അധികാര വിഭവശേഷിയോട് പറ്റിനിന്ന് കാബ് ഡ്രൈവറായി ജോലി തുടങ്ങി. ഹെയ്ലിന്റെ നിര്ദ്ദേശാനുസണം പൂര്‍ണമായും ഓസേജ് ബ്രീഡില്‍ (വംശാവലിയില്‍) ജനിച്ചവളും സ്വത്തുക്കള്‍ക്ക് അവകാശമുള്ളവളുമായ മോളി കെയ്ലിനെ (ലില്ലി ഗ്ലാഡ്സ്റ്റണ്) വിടാതെ പിന്തുടരുന്നു. വിഷാദസുന്ദരിയും പ്രായോഗവതിയുമായ മോളി അയാളുടെ പ്രണയത്തില്‍ വീഴുമ്പോഴും അയാളുടെ ചെന്നായ കണ്ണുകള്‍ തന്റെ സ്വത്തിലാണോ പ്രണയത്തിലാണോ കുരുങ്ങിക്കിടക്കുന്നതെന്ന് അവള് സംശയിക്കുന്നുണ്ട്. അവരുടെ പ്രണയവും വിവാഹവും നടക്കുമ്പോള്‍ നിരവധി ഓസേജ് വംശജര്‍ അജ്ഞാത രോഗങ്ങളാലും വെടിയേറ്റും മരണപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ മോളിയെ കൂടുതല്‍ വിഷാദവതിയാക്കി. മോളിയുടെ രണ്ടു സഹോദരിമാര്‍- മിന്നിയും (ജീലിയന്‍ ഡയോണ്‍) അന്നയും (കാറ ജെയ്ഡ് മിയേര്‍സ്) കൊല്ലപ്പെടുന്നു. മിന്നി ഷുഗര്‍ മൂര്‍ച്ഛിച്ച് നിത്യരോഗിയായി മരിച്ചു. ഓസേജുകളുടെ ഇടയില്‍ പലര്‍ക്കും ഇതേ അനുഭവം സര്‍വ്വസാധാരണമായി ഇവിടെയെല്ലാം കുറ്റബോധമില്ലാതെ സന്ദര്‍ശിച്ച് ഹെയ്ല്‍ അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
മോളിയുടെ അമ്മക്ക് ഏറ്റവും പ്രിയപ്പെട്ട അന്ന ഒരുദിവസം അപ്രത്യക്ഷയായി. അധികം വൈകാതെ ഒരു മലയിടുക്കില്‍ തലക്കുപിറകില്‍ വെടിയേറ്റു മരിച്ച നിലയില്‍ അവളുടെ മൃതദേഹം കണ്ടുകിട്ടി.
ഹെയ്ലിന്റെ അടുത്ത സുഹൃത്തും മോളിയുടെ ആദ്യ ഭര്‍ത്താവും ബാല്യകാല സുഹൃത്തും കസിനുമായ ഹെന് റി റോണ്‍( വില്യം ബെല്യൂ) വെടിയേറ്റു മരിക്കുന്നു. അയാള്‍ക്ക് മോളിയുടെ സ്വത്തില്‍ അവകാശമുണ്ടായിരുന്നതാണ് അയാളുടേയും ജീവനെടുത്തത്. മോളിയുടെ അമ്മ ലിസ്സി ക്യു (ടാന്റു കാര്‍ഡിനല്‍) വിന്റെ മരണം ഒരു മാജിക് റിയലിസത്തിന്റെ വിഷ്വലുകളിലൂടെയാണ് സംവിധായകന് അവതരിപ്പിക്കുന്നത്. അവരുടെ മുറിക്കുള്ളിലേക്ക് പറന്നുവരുന്ന മൂങ്ങയിലൂടെയും കിടക്കക്കരികില്‍ വന്ന് മരണാനന്തര ജീവിതത്തിലേക്ക് വിളിക്കുന്ന പൂര്‍വ്വിക മനുഷ്യരിലൂടെയും ഓസേജുകളുടെ മിത്തിക്കല്‍ ഭാവനകളെയും വിശ്വാസങ്ങളെയും കലര്‍ത്തിയ സീക്വന്‍സുകള്‍ ഉജ്വലമായി.
ഓരോ മരണവാര്‍ത്തയിലും കാണികളുടെ ഹൃദയത്തിലേക്ക് ഇടിച്ചുകയറുന്ന മോളിയുടെ നിര്‍മ്മമ മുഖം മറക്കാന്‍ ഓര്‍മകള്‍ പാടുപെടും. ജീവിതത്തിന്റെ നിറക്കൂട്ടുകളുടെ ഭംഗിയും മരണത്തിന്റെ ക്രൂരമായ നിര്‍മമതയും കലര്‍ന്ന ഭാവം അനായാസമായ അഭിനയത്തിലൂടെ ലില്ലി ഗ്ലാഡ്സ്റ്റണിന്റെ മുഖത്ത് തെളിഞ്ഞു മാഞ്ഞുകൊണ്ടിരുന്നു. മോളിക്കറിയാം, അവളാണ് കൊലയാളികളുടെ അടുത്ത ലക്ഷ്യമെന്ന്. ഹെയ്ലും ഏണസ്റ്റും വിഷം നല്കാന് പദ്ധതിയിടുന്നത് പക്ഷേ, അവളറിയുന്നില്ല.
മോളിക്ക് ഒരു കാര്യം വ്യക്തമായി. അവളെയും കുട്ടികളെയും വധിക്കാന്‍ അയല്‍ക്കാര്‍ മാത്രമല്ല കുടുംബത്തിലുള്ളവരും പിറകിലുണ്ട്. അവളും കുട്ടികളും വംശീയഹത്യക്കിരയാകുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഷുഗര്‍ മൂര്‍ച്ഛിച്ച് ക്ഷീണിതയായിരുന്നിട്ടും മോളി പ്രസിഡണ്ട് കാല്വിന് കൂളിഡ്ജിനെ കാണാന്‍ ഇറങ്ങിത്തിരിച്ചു. ഏണസ്റ്റ് ഭയവും അമര്‍ഷവും ഉള്ളിലൊതുക്കി സ്നേഹത്തോടെ അവളെ വാഷിംഗ്ടണിലേക്ക് യാത്രയാക്കുന്നുണ്ട്.
ഏണസ്റ്റും ഹെയ്ലും അവളുടെ ഇന്‍സുലിന്‍ ഡോസില്‍ വിഷം കലര്‍ത്തി അവളെ തളര്ത്തിയിടാന് തീരുമാനിച്ചു. മോളിയുടെ അവശേഷിച്ച സഹോദരി റേത്തയെയും ക്രിമിനല്‍ പശ്ചാത്തലമുള്ള ഭര്‍ത്താവ് എസീ കിര്‍ബിയെയും ബോംബ് സ്ഫോടനത്തിലൂടെ വധിക്കാന്‍ ഹെയ്ല്‍ ഏണസ്റ്റിനെ ഏര്‍പ്പാടുചെയ്തു. അതുവഴി മോളി മുഴുവന്‍ സ്വത്തിനും അവകാശിയാകുമെന്നവര് കണക്കുകൂട്ടി. വാഷിംഗ്ടണില്‍നിന്ന് തിരിച്ചെത്തിയ മോളിയുടെ നില അനുദിനം വഷളായിക്കൊണ്ടിരുന്നു. എണസ്റ്റിന് താന്‍ ചെയ്യുന്ന കുറ്റപ്രവൃത്തികളില് ലജ്ജ തോന്നി മോളിക്കു കൊടുക്കുന്ന വിഷം ചിലപ്പോഴൊല്ലാം അയാളും കഴിക്കുന്നുണ്ട്.
വാഷിംഗ്ടണില്‍നിന്ന് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ തോമസ് ബ്രൂസ് വൈറ്റ് സീനിയര്‍ (ജെസ്സി പ്ലിമോണ്‍സ്) എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനായി നിയോഗിച്ചു. ഡേവിഡ് ഗ്രാനിന്റെ പുസ്തകം ബി ഒ ഐയുടെ അന്വേഷണത്തിലാണ് തുടങ്ങുന്നത്. സ്കോര്‍സസേ ഈ ഭാഗം അത്ര പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നില്ല. അതുകൊണ്ട്
തോമസ് ബ്രൂസിന്റെ റോള്‍ സിനിമയില്‍ അവസാന സീനുകളിലേക്ക് ചുരുങ്ങി. പക്ഷേ അദ്ദേഹത്തിന്റെ ഏതാനും സമയത്തെ സ്ക്രീന്‍ പ്രസന്‍സ് അപാരമാണ്. മോളി മരണാസന്ന കിടക്കയില്‍ കിടന്ന് അമ്മ കണ്ടതുപോലെ മൂങ്ങയെ സങ്കല്പിച്ചുകാണുന്നു. അവള് തളര്‍ന്ന് കിടപ്പു രോഗിയായിക്കഴിഞ്ഞു.
ജനങ്ങളുടെ സഹകരണമില്ലാതെ ആദ്യം അന്വേഷണം കുഴപ്പത്തിലായെങ്കിലും ബിഒഐ ഏജന്‍സി ഉദ്യോഗസ്ഥര്‍ അവരുടെ പണി വേഗത്തിലാക്കി. ഹെയ്ലിനെയും ഏണസ്റ്റിനേയും അവര്‍ അറസ്റ്റുചെയ്തു. മോളിയെ വീണ്ടെടുത്തു ആശുപത്രിയിലാക്കി. മോളി, ഏണസ്റ്റ് ദമ്പതികള്‍ക്ക് മൂന്നു മക്കള്‍ ജനിച്ചിരുന്നു. അവരിലൊരാള്‍ അസുഖബാധിതയായി മരിച്ച വിവരം ഏണസ്റ്റ് ജയിലില്‍വച്ചാണ് അറിയുന്നത്. മോളി വിചാരണക്കിടയില്‍ ഏണസ്റ്റിനെ ചേംബര്‍ മീറ്റിംഗില്‍ കാണാനെത്തുന്നുണ്ട്. തന്നെ സ്നേഹിച്ചിരുന്നോ എന്ന അവളുടെ ചോദ്യത്തിന് അയാള്‍ ‘ ഉണ്ട് ‘ എന്ന് മറുപടി നല്കി.
ഇന്‍സുലിനൊപ്പം അവള്‍ക്ക് നല്‍കിയത് വിഷമായിരുന്നില്ലേ എന്ന ചോദ്യം ഏണസ്റ്റ് നിഷേധിച്ചു. അയാള്‍ നുണയാണ് പറയുന്നതെന്ന് അവള്‍ക്കുറപ്പായിരുന്നു. ആ നിമിഷം അവളയാളെ ഉപേക്ഷിച്ചു.
കില്ലേഴ്സ് ഓഫ് ദി ഫ്ളവര്‍ മൂണ്‍ സിനിമയാകുമ്പോള്‍ ദൈര്‍ഘ്യം മൂന്നര മണിക്കൂറുണ്ട്. കാലഘട്ടത്തെ വ്യക്തമായി അടയാളപ്പെടുത്തുന്ന സിനിമ. വേണമെങ്കില്‍ ഒരു മണിക്കൂറോളം വെട്ടിച്ചുരുക്കാമായിരുന്നു എന്നു ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. കാരണം, പ്രമേയം സൂചിപ്പിക്കുമ്പോള്‍ കൊലപാതകപരമ്പരകളും മറ്റു അക്രമസംഭവങ്ങളുമെല്ലാമുണ്ടെങ്കിലും ഇതൊരു ഹൈ വോള്‍ട്ടേജ് സിനിമയല്ല. പതിഞ്ഞതാളത്തിലാണ് സിനിമയുടെ ഗമനം. ഫുള്‍-ത്രോട്ടില്‍ ക്രൈം ത്രില്ലറാണ്, പക്ഷേ വേഗതയോ തീവ്രതയോ പ്രതീക്ഷിക്കരുത്. തീയറ്ററിലെ തണുപ്പില്‍ സീറ്റില്‍ പുതഞ്ഞിരുന്ന് കണ്ടുസുഖിക്കാന് പറ്റില്ല. പുതിയ ചില ഹൈടെക് സിനിമകളെ പോലെ യുക്തിക്ക് ഇടം കൊടുക്കാത്ത സംഘട്ടനരംഗങ്ങളോ, പ്ലോട്ടോ, സാങ്കേതിക കസര്‍ത്തുകളോ ഇല്ല. സിനിമയെന്ന കലാരൂപത്തെ സ്കോര്‍സെസി പുനര്നിര്വചിക്കുകയാണോ എന്നു തോന്നിപ്പോകും. കാഴ്ചക്കാരന് പ്രത്യേക അനുഭൂതി പകര്ന്നുതരാന് സിനിമയ്ക്കു കഴിയുന്നുണ്ടോ എന്നാണ് ചോദ്യം.
ഹോളിവുഡിലെ എക്കാലത്തേയും മികച്ച നടന്മാരില് പെടുന്ന ലിയോനാര്‍ഡോ ഡികാപ്രിയോയും റോബര്‍ട്ട് ഡി നിറോയും സ്കോര്‍സെസിയുടെ അതേ തരംഗദൈര്‍ഘ്യത്തില്‍ സിനിമയില്‍ ജീവിക്കുകയാണ്. നായിക കഥാപാത്രമായ മോളിയായി ലില്ലി ഗ്ലാഡ്സ്റ്റോണും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മരണം തന്നെ കാത്തിരിക്കുകയാണെന്ന് ശങ്കിച്ചുകൊണ്ടുള്ള മോളിയുടെ ജീവിതപ്രയാണവും താന്‍ വഞ്ചിക്കപ്പെടുകയാണെന്ന ബോധ്യവും ലില്ലി ഗ്ലാഡ്സ്റ്റോണ്‍ സുരക്ഷിതമായി കൈകാര്യം ചെയ്തു.