ക്രിസ്മസ് പ്രത്യാശയുടേയും ആഹ്ളാദത്തിന്റേയും കാലമാണെന്നു പറയുമ്പോള്‍ സംഗീതത്തിനും അതില്‍ ചെറുതല്ലാത്ത സ്ഥാനമുണ്ട്. ബേത്ലഹേമിലെ പുല്‍ത്തൊഴുത്തിനു ചുറ്റും മഞ്ഞുപൊഴിഞ്ഞ ആ രാവില്‍ ആട്ടിടയന്മാരും മാലാഖമാരും പാടിയ സ്തുതി ഗീതങ്ങളില്‍ നിന്നു തുടങ്ങുന്നു ക്രിസ്മസും സംഗീതവും തമ്മിലുള്ള ഗാഢബന്ധം.
ലോകത്തിലെ മിക്കവാറുമെല്ലാ പ്രധാനപ്പെട്ട ഗായകരും ഗായകസംഘങ്ങളും ക്രിസ്മസ് ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവുമധികം ആളുകള്‍ കേട്ടിട്ടുള്ളത് എല്‍വിസ് പ്രെസ്ലി, ജിം റീവ്സ്, ഫ്രാങ്ക് സിനാട്ര, ബിക്ക് കോസ്ബി എന്നീ ഗായകരുടെ ക്രിസ്മസ് ഗാനങ്ങളാണ്. ഇവരില്‍ മലയാളികള്‍ക്ക് കൂടുതലിഷ്ടം ജിം റീവ്സിനേയുമാണ്.
1963-ലാണ് 12 പാട്ടുകളുമായി ജിം റീവ്സിന്റെ ക്രിസ്മസ് ഗാനസമാഹാരം പുറത്തിറങ്ങിയത്. എല്‍.പി. റെക്കോര്‍ഡായി വിപണിയിലെത്തിച്ച ആല്‍ബം പിന്നീട് കസ്സെറ്റുകളും സിഡിയുമായും പരിണമിച്ചു. ഇപ്പോഴും ‘അനലോഗ്’ ഓഡിയോയുടെ ശ്രവണസുഖത്തിനായി റെക്കോര്‍ഡില്‍ നിന്നു തന്നെ ഈ പാട്ടുകള്‍ കേള്‍ക്കുന്ന നിരവധി പേര് ലോകത്തെമ്പാടുമുണ്ട്.
ഇംഗ്ലീഷ് ഭാഷയില്‍ വലിയ പ്രാവീണ്യമില്ലാത്ത ആസ്വാദകര്‍ക്കും ഓരോ വാക്കുകളും കൃത്യമായി മനസ്സിലാക്കാവുന്ന ഉച്ചാരണശുദ്ധിയായിരിക്കാം മലയാളികളെ ജിം റീവ്സിന്റെ ആരാധകരാക്കിയത്. വാദ്യോപകരണങ്ങളുടെ അമിതശബ്ദഘോഷമില്ലാതെ വരികള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്കുന്ന ശൈലിയായിരുന്നു ജിം റീവ്സിന്റേത്.
ജിംഗിള്‍ ബെല്‍സ് … ജിംഗിള്‍ ബെല്‍സ് എന്ന വിഖ്യാത ഗാനമാണ് ഒന്നാമതായി നമുക്ക് കേള്‍ക്കാനാവുക. തുടര്‍ന്ന് ബ്ലൂ ക്രിസ്മസ് കേള്‍ക്കാം. ഡിയര്‍ പെനോന്‍ സാന്റാക്ലോസ്, സില്‍വര്‍ ബെല്‍സ്, ഓ ലിറ്റില്‍ ടൗണ്‍ ബെത്ലഹേം, ആന്‍ഡ് ഓള്‍ഡ് ക്രിസ്മസ് കാര്‍ഡ്, ഓ കം ഓള് യി ഫെയ്ത്ത്ഫുള്‍, എന്നീ ഗാനങ്ങളോടൊപ്പം മേരീസ് ബോയ് ലൈന്ഡ് ജീസസ് ക്രൈസ്റ്റ്, സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്നീ അതിപ്രശസ്ത ഗാനങ്ങളും ജിം റീവ്സിന്റെ മനോഹര ശബ്ദത്തില്‍ നമുക്ക് കേള്‍ക്കാം.
ജിം റീവ്സ്
ജെന്റില്മാന് ജിം എന്നറിയപ്പെട്ടിരുന്ന ജിം റീവ്സിന്റെ മുഴുവന്‍ പേര് ജെയിംസ് ട്രാവിസ് റീവ്സ് എന്നായിരുന്നു. 1920 ആഗസ്റ്റ് 20-ന് അമേരിക്കയിലെ ടെക്സസിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ടെക്സസിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ തോമസ് റീവ്സിന്റെയും മേരി ആഡം റീവ്സിന്റെയും എട്ടു മക്കളില്‍ ഇളയവനായിരുന്നു അദ്ദേഹം. കുട്ടിക്കാലത്ത് കായിക വിനോദത്തിലായിരുന്നു ജിമ്മിനു താത്പര്യം. തിയറ്റര്‍ പരിശീലന കോഴ്സില്‍ ചേര്‍ന്നെങ്കിലും ആറ് ആഴ്ചത്തെ പഠനത്തിനുശേഷം അവസാനിപ്പിച്ചു ജോലിക്ക് പോകുമായിരുന്നു.
1943-ല്‍ റേഡിയോ അനൗണ്‍സറായി ജോലിയില്‍ പ്രവേശിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവെന്നു പറയാം. ഓരോ പാട്ടുകള്‍ക്കിടയിലും അനൗണ്‍സറായിരുന്ന ജിം റീവ്സും ഒന്നോ രണ്ടോ വരി പാടിത്തുടങ്ങി. തന്റെ ഇഷ്ടഗായകരായിരുന്ന ബിങ്ങ് ക്രോസ്ബി, എഡ്ഡി അര്‍നോള്‍ഡ്, ഫ്രാങ്ക് സിനാട്ര, ജിമ്മി റോജേഴ്സ് എന്നിവരുടെ സ്വാധീനം ജിം റീവ്സിന്റെ റേഡിയോ നിലയത്തിലെ പാട്ടുകള്‍ക്കുണ്ടായിരുന്നു.
1940ല്‍ തന്നെ ചില പ്രാദേശിക ബാന്‍ഡുകളില്‍ ജിം അംഗമായി. 1953ലാണ് അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ പ്രശസ്തിയിലേക്കുവരുന്നത്. തുടര്‍ന്ന് ലോകമെമ്പാടും പരിപാടികള്‍ക്കായി അദ്ദേഹം ക്ഷണിക്കപ്പെട്ടു. 1960-കളില്‍ ഏറ്റവുമധികം വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ ജിമ്മിനു അവസരമുണ്ടായി. പ്രശസ്തങ്ങളായ സംഗീത നിര്‍മ്മാണക്കമ്പനികള്‍ എല്ലാം തന്നെ ജിം റീവ്സുമായി കരാറിലേര്‍പ്പെട്ടു. അദ്ദേഹത്തിന്റെ പ്രണയഗാനങ്ങള്‍ യുവാക്കള്‍ നെഞ്ചിലേറ്റുവാങ്ങി. അദ്ദേഹത്തിന്റെ പാട്ടുകളില്‍ ഏതാണ്ടെല്ലാം അദ്ദേഹം തന്നെ എഴുതി സംഗീതം നല്കി ആലപിക്കുകയായിരുന്നു.
സാധാരണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇതിനിടെ സ്വന്തമായി ഒറ്റ എന്‍ജില്‍ വിമാനം വാങ്ങിയിരുന്നു. 1964 ജൂലൈ 31ന് മാനേജര്‍ ഡീന്‍ മാനുവേലുമൊത്ത് യാത്രചെയ്യുകയായിരുന്നു. ജിം റീവ്സ് തന്നെയായിരുന്നു വിമാനം പറത്തിയിരുന്നത്. പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ ആ കൊച്ചു വിമാനത്തിനു കഴിഞ്ഞില്ല. പ്രശസ്തിയുടെ ഉന്നതിയില്‍ നില്ക്കുമ്പോള് നാല്പതാം വയസ്സില്‍ അദ്ദേഹം ജീവിത വേദിയൊഴിഞ്ഞു.
എല്ലാ ക്രിസ്മസ് കാലത്തും ജിം റീവ്സിന്റെ ക്രിസ്മസ് ഗാനങ്ങള്‍ ലോകമെങ്ങും വീണ്ടും വീണ്ടും കേള്‍ക്കുകയാണ്.