ഉറച്ച ബോധ്യങ്ങളും ഉയര്‍ന്ന ചിന്താഗതികളുമുള്ളവരാണ് പൊതുവേ മലയാളികള്‍. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കുന്നവരും മലയാളികള്‍ തന്നെ. വലിയൊരു സാമൂഹികവിപത്തായി നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ വിവക്ഷിക്കപ്പെട്ടിരിക്കുന്ന സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി തെറ്റാണെന്ന് അറിയാത്തവരും വളരെ ചുരുക്കമായിരിക്കും. എന്നിട്ടും സ്ത്രീധനം കണക്കുപറഞ്ഞു വാങ്ങുന്നതും കൊടുക്കുന്നതും ഇവിടെ സജീവമായി നടക്കുന്നു. നിയമം കര്‍ശനമായപ്പോള്‍ ‘സമ്മാനം ‘എന്നപേരില്‍ ഈ അനാചാരം ഇന്നും തുടര്‍ന്ന് പോരുന്നു. സ്ത്രീധന പീഡനം ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളം തന്നെയാണ്.
കേരളത്തില്‍ 15 വര്‍ഷത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ ജീവന് നഷ്ടമായത് 260 പെണ്‍കുട്ടികള്‍ക്ക്. സംസ്ഥാന പോലീസിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ 3/4 സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടവയാണ്.
നിയമം എത്ര തന്നെ കണിശമാക്കിയാലും സമൂഹം ഒരു കുറ്റകൃത്യത്തെ സാധുവാക്കിയാല്‍ അതു അനുസ്യൂതം നടക്കും എന്നതിന് ഏറ്റവും മികച്ച ഉദാഹരണം തന്നെയാണ് സ്ത്രീധനവും അതുമൂലം സംഭവിക്കുന്ന ദുരന്തങ്ങളും…..സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പ്രതികരിക്കുന്നു.
ലിംഗസമത്വ അവബോധം അനിവാര്യം
ഗ്രേഷ്മ പയസ് രാജു
(ആഗോള പരിസ്ഥിതി പ്രവര്‍ത്തക)
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആളുകള്‍ ഇപ്പോഴും അത് വാങ്ങുകയും കൊടുക്കയും ചെയ്യുന്നു. ഇത് പൂര്‍ണമായും മാറണമെങ്കില്‍ ആളുകളുടെ മനഃസ്ഥിതിയില്‍ മാറ്റം ഉണ്ടാകണം. വര്‍ഷങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ പ്രക്രിയ ഒരു രീതിയിലും പുരോഗമന സമൂഹത്തിനു ചേര്‍ന്നതല്ല.
ഉയര്‍ന്ന വിദ്യാഭ്യാസവും ഉദ്യോഗവും ഉണ്ടായാലും സ്വന്തമായി തീരുമാനം എടുക്കാനോ സ്വതന്ത്രമായി സാമ്പത്തിക ഇടപാടുകള്‍ നടത്താനോ നമ്മുടെ നാട്ടിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ ഇന്നും പ്രാപ്തരല്ല. സ്ത്രീശാക്തീകരണം ചര്‍ച്ചയാകുമ്പോഴും ഇപ്പോഴും യഥാര്‍ഥ സ്വാതന്ത്ര്യം സ്ത്രീ അനുഭവിക്കുന്നുണ്ടോ? ആ സ്വാതന്ത്ര്യം ഇല്ലായ്മയുടെ പരമമായ അവസ്ഥയാണ് സ്ത്രീധനത്തിനുവേണ്ടി കച്ചവട വസ്തുവിനെ പോലെ സ്ത്രീയെ സ്വര്‍ണത്തിന്റെയും പണത്തിന്റെയും പേരില്‍ അളക്കുന്നത്. ഒരു പെണ്‍കുട്ടി ആത്മഹത്യചെയ്യുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നല്ല സ്ത്രീധനത്തെ പറ്റിയുള്ള വിശകലനങ്ങള്‍. സ്ത്രീധനത്തെക്കുറിച്ചും അതുണ്ടാക്കുന്ന പ്രശ്നങ്ങളെകുറിച്ചും എപ്പോഴും ആഴമായി ചിന്തിക്കുകയും ചിന്തിപ്പിക്കുകയും വേണം.
എല്ലാ മാറ്റങ്ങളും സംഭവിക്കേണ്ടത് മനുഷ്യമനസുകളിലാണ് ആ മാറ്റത്തിനു തുടക്കം കുറിക്കേണ്ടത് കുടുംബങ്ങളിലും. കുട്ടിയായിരിക്കുമ്പോള്‍ തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുക എന്നത് വളരെ അത്യാവശ്യമാണ്. കുട്ടികളില്‍ വിമര്‍ശനാത്മക ചിന്ത വളര്‍ത്തി എടുക്കുകയും സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് ഉണ്ടാക്കി എടുക്കുകയും ചെയ്യുന്നതിലൂടെ പല പ്രശ്നങ്ങക്കും പരിഹാരം ഉണ്ടാക്കാനാകും. കുട്ടികളെ മാറ്റത്തിന്റെ വക്താക്കളാക്കുക, അതിലൂടെ സമത്വത്തിന്റെയും തുല്യതയുടെയും ഒരു പുതുസമൂഹം നിര്‍മിക്കാം.
സഭയിലും സ്ത്രീധനം എന്ന വിഷയത്തെക്കുറിച്ചും നിരന്തരമായി സംസാരിക്കുകയും, സ്വീകരിക്കുന്നതും കൊടുക്കുന്നതും നിരുത്സാഹപ്പെടുത്തുകയും വേണം. നല്ലൊരു മാറ്റത്തിനായി സമൂഹം ഒന്നായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഫലമുണ്ടാകു. ശബ്ദം ഇല്ലാത്തവന്റെ ശബ്ദമാകാന്‍ സഭക്കും സഭാനേതൃത്വത്തിനും അല്മായര്ക്കും കഴിയട്ടെ. ഇനിയൊരു ഗാര്‍ഹിക പീഡനവും, ആത്മഹത്യ സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ടാകാതെ, സ്ത്രീ തന്നെ ആണ് ധനം എന്ന് മനസിലാക്കുന്ന ഒരു സമൂഹത്തെ നമുക്കു സജ്ജമാക്കാം.
ഉപദേശിക്കാന്‍ മാത്രമല്ല പൊലീസ് സംവിധാനം
അഡ്വ. ഷെറി. ജെ. തോമസ്
(സാമൂഹ്യപ്രവര്‍ത്തകന്‍)
രാജ്യത്ത് നിയമങ്ങളുടെ അഭാവം മൂലമല്ല സ്ത്രീധന മരണങ്ങളും ആത്മഹത്യകളും വര്‍ദ്ധിക്കുന്നത്. ഉള്ള നിയമങ്ങള്‍ ശരിയായി നടപ്പിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്. സ്ത്രീധന നിരോധനം പോലൊരു കാര്യം യഥാര്‍ഥത്തില്‍ നടപ്പിലാകണമെങ്കില്‍ ഇരകള്‍ ധൈര്യമായി പരാതിയുമായി മുന്നോട്ടു വരാന്‍ തയ്യാറാകണം. അത്തരത്തില്‍ വന്നുകഴിഞ്ഞാല്‍ സമൂഹത്തിലും കുടുംബത്തിലും ജീവിതത്തിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതിരിക്കത്തക്കവിധം പിന്തുണ ലഭിക്കും എന്ന ആത്മവിശ്വാസം അവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ആകണം. സ്ത്രീധനം ചോദിക്കുന്നത് തന്നെ അപരിഷ്കൃതമാണ് എന്ന് വിവാഹത്തിന് ഒരുങ്ങുന്ന വരന്റെ കുടുംബത്തിന് തോന്നണം.
സ്ത്രീധനം സംബന്ധിച്ചും ദാമ്പത്യ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചും പരാതികള്‍ ലഭിച്ചാല്‍ അതിന്റെ യഥാര്‍ഥ വസ്തുത മനസിലാക്കി പെരുമാറാന്‍ പൊലീസ് സംവിധാനം തയ്യാറാകണം. വീണ്ടും വീണ്ടും പീഡനങ്ങള്‍ക്ക് വിധേയമാകാന്‍ പെണ്‍കുട്ടികളെ വിട്ടുകൊടുക്കാത്ത നടപടികളാണ് ഉണ്ടാകേണ്ടത്. കൊഗനൈസബിള് ആയ കുറ്റകൃത്യങ്ങള്‍ നടന്നാല്‍ എഫ്ഐആര്‍ ഇട്ട് കേസ് അന്വേഷണം ആരംഭിക്കാന്‍ പൊലീസ് തയ്യാറാകണം. യഥാര്‍ഥത്തിലുള്ള തീര്പ്പാണെങ്കില് പിന്നെയും കേസ് പിന്‍വലിക്കാമല്ലോ! അതല്ലാതെ കുടുംബം തകരരുത് എന്ന് ഉദ്ദേശത്തിലും ഉപദേശം നല്‍കിവിടുന്ന പൊലീസിന്റെ രീതി അല്ലെങ്കില്‍ ഇടപെടാതിരിക്കുന്ന രീതി പലരുടെയും ജീവന് നഷ്ടമാകുന്നതിന് കാരണമായിട്ടുണ്ട്.
നിയമം ദുരുപയോഗം ചെയ്യുന്നുമുണ്ട്
ഡോ. അനുരാധ സ്റ്റാന്‍ലി
(ആക്ടിവിസ്റ്റ്, എഴുത്തുകാരി)
സ്ത്രീധനം ചോദിക്കുന്നവരേയും വാങ്ങുന്നവരേയും ജയിലില്‍ അടക്കണമെന്നാണ് എന്റെ അഭിപ്രായം. ചെറിയ കുറ്റങ്ങള്‍ ചെയ്തവരും കുറ്റം ചെയ്യാത്തവരുമെല്ലാം ജയിലില്‍ കിടക്കുന്നുണ്ട്. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഇത്തരം വലിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ മാന്യന്മാരായി നടക്കുന്നു. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. സ്ത്രീകള്‍ക്കനുകൂലമായ പല നിയമങ്ങളും നിര്‍മിച്ചിരിക്കുന്നത് അവരുടെ സുരക്ഷയെ കരുതിയാണ്. പക്ഷേ പലപ്പോഴും ഇതു ദുരുപയോഗിക്കപ്പെടുന്നുണ്ട്. ദാമ്പത്യബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പുരുഷന്മാര്ക്കെതിരേ ഉപയോഗിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ആയുധമായി സ്ത്രീധന നിരോധന നിയമവും അതിന്റെ ഭാഗമായ പീഡനക്കേസുകളുമെല്ലാം ദുരുപയോഗിക്കുന്നുണ്ട്. കുടുംബ കോടതികളിലെ കേസുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ അഭിഭാഷകര്‍ക്കും പൊലീസുകാര്‍ക്കുമെല്ലാം ഇക്കാര്യമറിയാം; ഒരു പരിധിവരെ ജഡ്ജിമാര്‍ക്കും. ഒത്തുതീര്‍പ്പാകാന്‍ ബുദ്ധിമുട്ടുള്ള കേസുകളിലെല്ലാം ഈ നിയമങ്ങള്‍ ഉപയോഗിക്കുകയോ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് സര്‍വസാധാരണമായിരിക്കുകയാണ്. കേരളത്തില്‍ സ്ത്രീധന നിരോധന നിയമ കേസുകളില്‍ ഇത്രയധികം വര്‍ദ്ധനവുണ്ടാകുന്നതിന്റെ കാര്യം മറ്റൊന്നല്ല. അതുകൊണ്ടു തന്നെ പുതുതലമുറയിലെ പുരുഷന്മാര് വിവാഹം കഴിക്കുമ്പോള്‍ തന്നെ, ഭാവിയില്‍ ദാമ്പത്യപ്രശ്നങ്ങളുണ്ടായാല് നിയമത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു കൂടി പഠിക്കാന്‍ തുടങ്ങും. കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കാന്‍ അതിടയാക്കും. നിലവിലുള്ള നിയമം കര്‍ശനമായി പാലിക്കാന്‍ ജനങ്ങളും അതുറപ്പുവരുത്താന്‍ നിയമപാലകരും തയ്യാറാവുകയാണ് ഏറ്റവും അഭികാമ്യം.
നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള മനോധൈര്യം
കെലീറ്റ തെരേസ ജെയിംസ്
(ചിത്രകാരി)
പെണ്‍കുട്ടികള്‍ക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് മികച്ച വിദ്യാഭ്യാസവും കാര്യങ്ങള്‍ സ്വയമേവ ചിന്തിക്കാനും അതനുസരിച്ച് നിലപാടെടുക്കാനുമുള്ള കഴിവാണ്. കാലങ്ങളായി, സ്ത്രീയെ കച്ചവട വസ്തുവായി കണക്കാക്കപ്പെടുന്ന ഒരു സമ്പ്രദായം പൊതുവെ കല്യാണ കമ്പോളങ്ങളില്‍ കണ്ടുവരാറുണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ ചെറിയ ശതമാനം പേരെങ്കിലും അതിനെ എതിര്‍ക്കുന്നുണ്ട് എന്നുള്ളത് ആശ്വാസകരമാണ്. വിവാഹമെന്നത് രണ്ടു വ്യക്തികള്‍ അവരുടെ പങ്കാളിത്തത്തെ നിയമപരമായി ഉറപ്പാക്കുന്ന ഒന്നാണെന്നാണ് എന്റെ കാഴ്ചപ്പാട്. അതിനാല്‍ത്തന്നെ രണ്ട് വ്യക്തികളുടെയും നിലപാടുകള്‍ പരസ്പരം മനസ്സിലാക്കി ജീവിക്കുന്നവര്‍ക്കിടയില്‍ സ്ത്രീധനം ഒരിക്കലും ഒരു പ്രധാന ഘടകമായിവരാനും പാടില്ല. ജീവിതത്തില്‍ അപസ്വരങ്ങള്‍ ഉണ്ടായാല്‍ത്തന്നെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള മനോധൈര്യം ഓരോ വ്യക്തിയും കാണിക്കേണ്ടതായിട്ടുണ്ട്. പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ഭദ്രതയും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആര്‍ജ്ജവവുമാണ് ആവശ്യം. മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാന്‍ പറ്റുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മക്കളെ വിവാഹം ചെയ്തയക്കുന്നതോടെ മാതാപിതാക്കളുടെ കടമ കഴിയുന്നുമില്ല. സ്വതന്ത്രമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ, തുടര്‍ന്നങ്ങോട്ട് ദമ്പതിമാരുടെ ജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളിലും മാതാപിതാക്കളുടെ ശ്രദ്ധ ഉണ്ടായിരിക്കണം. എല്ലാത്തിനുമുപരി വിവാഹശേഷവും മക്കളെ കേള്‍ക്കാന്‍ കൂട്ടാക്കണം. വിവാഹം ചെയ്തയക്കുന്ന കുടുംബത്തില്‍ അവര്‍ക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ഇടപെട്ട് പരിഹരിക്കണം. കഴിയുന്നില്ലെങ്കില്‍ അവരെ ചേര്‍ത്തുനിര്‍ത്തണം. അവരെ ഒപ്പം നിര്‍ത്താനാണ് ശ്രമിക്കേണ്ടത്; ഒറ്റപ്പെടുത്താനല്ല. പെണ്‍കുട്ടികളെ നല്ല കാര്യങ്ങള്‍ക്ക് പിന്തുണക്കാന്‍ അവരുടെ മാതാപിതാക്കള്‍ ഉണ്ടെന്ന അറിവ് സമൂഹത്തിനു തന്നെ പാഠവും ഗുണവുമാണ്.
സമ്മാനം തന്നെ നിങ്ങളെ വേട്ടയാടും
മരിയ ഷെറിന് ജോസ്
(പ്രസിഡന്റ്, കെസിവൈഎം, കൊല്ലം രൂപത)
സ്ത്രീധനം എന്നത് വലിയൊരു ദുരാചാരം തന്നെയാണ്. എത്രയൊക്കെ പുരോഗമന ചിന്താഗതികള്‍ ഉണ്ടെങ്കിലും ഇന്നും കുടുംബങ്ങളെ വേട്ടയാടുന്ന വിപത്ത്. സ്ത്രീധനത്തിനെതിരെ ശക്തമായ നിയമങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും സ്ത്രീധനത്തിന്റെ പേരിലുള്ള ഗാര്‍ഹിക പീഡനങ്ങളും മരണങ്ങളും വര്‍ദ്ധിച്ചുവരുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. എല്ലാത്തരം നിയമ സംരക്ഷണങ്ങളും സംവിധാനങ്ങളും സ്ത്രീ സുരക്ഷയ്ക്ക് ഉണ്ടെങ്കിലും ഇന്നും നമ്മുടെ സഹോദരിമാര്‍ ഇരയാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇന്ന് പൊതുവേ സ്ത്രീകള്‍ വിദ്യാസമ്പന്നരാണ്. വിദ്യാഭ്യാസവും തൊഴിലുമാണ് ഒരു സ്ത്രീക്ക് സ്വന്തം കാലില്‍ നിന്ന് ഉറച്ച നിലപാടുകള്‍ എടുക്കാന്‍ ആവശ്യമായ ഘടകങ്ങള്‍. മാതാപിതാക്കള്‍ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും, സ്വന്തംകാലില്‍ നില്ക്കാന് പ്രാപ്തിയും, ഉറച്ച നിലപാടുകള്‍ എടുക്കാന്‍ ധൈര്യവും നല്‍കുക. എന്റെ മകള്‍ക്ക് ഞാന്‍ സന്തോഷത്തോടെ കൊടുക്കുന്ന സമ്മാനം എന്ന് സ്ത്രീധനത്തെ മാറ്റി വിളിച്ചാലും കൊടുക്കുന്നതില്‍ കുറവ് സംഭവിച്ചാല്‍ ആ സമ്മാനം തന്നെ നിങ്ങളുടെ മക്കളെ വേട്ടയാടും.
ഓരോ പെണ്‍കുട്ടിയും സ്വന്തം നിലയില്‍ തീരുമാനമെടുക്കാനും അതു മാതാപിതാക്കളെ ബോധ്യപ്പെടുത്താനും മുന്നിട്ടിറങ്ങിയാല്‍ മാത്രമേ ഈ അനാചാരത്തെ നമ്മുടെ സമൂഹത്തില്‍ നിന്നു തുടച്ചു നില്ക്കാന് സാധിക്കു. മികച്ച കുടുംബബന്ധങ്ങള്‍ ഇതിനനിവാര്യമാണ്. എല്ലാ മേഖലകളിലും ആവശ്യമായ ബോധവല്കരണം മാതാപിതാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഒരുക്കണം. സഭാ സംവിധാനങ്ങളും സംഘടനകളും ശക്തമായ നിലപാടുകള്‍ എടുത്ത് മുന്നിട്ടിറങ്ങണം. ഈ അനാചാരത്തെ തുടച്ചുനീക്കാന്‍ എല്ലാ വ്യക്തികള്‍ക്കും കടമയുണ്ട്. സമൂഹത്തിലെ ഇത്തരം തെറ്റായ ചിന്താഗതികള്‍ക്കെതിരെ കണ്ണടച്ച് ഇരുട്ടാക്കാന്‍ നാം ശ്രമിക്കുന്തോറും നമ്മുടെ സഹോദരിമാരുടെ കണ്ണുകള്‍ ഈറനണിഞ്ഞു കൊണ്ടേയിരിക്കും.
സ്ത്രീധനം പഴങ്കഥയാകുന്ന കാലം വിദൂരമല്ല
അന്ന അഥീന ഷാജന്
സേക്രഡ് ഹാര്‍ട്ട് കോളജ്, ചാലക്കുടി
സ്ത്രീധനം എന്ന മഹാവിപത്തിനെതിരെ പൊതുസമൂഹം ഒന്നടങ്കം പ്രതികരിക്കേണ്ട സമയമാണിത്. പുതിയ തലമുറ കുറച്ചു കൂടി പുരോഗമനപരമായി ഇതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്നാണ് എന്റെ അഭിപ്രായം. ഇന്നത്തെ സമൂഹത്തില്‍ സ്ത്രീധനം എന്ന ദുരാചാരം തുടച്ചുനീക്കപ്പെടേണ്ടത് അനിവാര്യതയാണ്. പണ്ടുകാലത്തെ പോലെയല്ല ഇന്നത്തെ സ്ത്രീകള്‍. അവര്‍ വിദ്യാസമ്പന്നരും സ്വന്തമായി വരുമാനമുള്ളവരുമാണ്. വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം തനിക്ക് ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്തു അതില്‍ കഴിവ് തെളിയിക്കാനും ജീവിതം മെച്ചപ്പെടുത്താനും ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് സാമര്‍ത്ഥ്യമുണ്ട്. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ആഡംബര വിവാഹങ്ങള്‍ പരിശോധിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും സഭയയ്ക്കും സഭാസംവിധാനങ്ങള്‍ക്കും സാധിക്കണം. അത്യാഡംബരങ്ങളോടെ നടത്തുന്ന വിവാഹങ്ങളുടെ പിന്നാമ്പുറങ്ങള്‍ കൂടി പരിശോധിക്കാന്‍ നമ്മുടെ നിയമത്തിന് സാധിക്കണം. വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോഴും മറ്റേതെങ്കിലും പേരില്‍ പണമിടപാടുകള്‍ നടക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ചു മനസ്സിലാക്കാന്‍ നമ്മുടെ നിയമപാലകര്‍ക്കു സാധിക്കണം. ഇക്കാര്യത്തില്‍ ഏറ്റവും അധികം ശ്രദ്ധ ചെലുത്തേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. വിവാഹം കഴിഞ്ഞാലും മകള്‍ എങ്ങനെ കഴിയുന്നു എന്ന് അന്വേഷിക്കേണ്ടതും അവള് താമസിക്കുന്ന സ്ഥലത്തെ സാഹചര്യങ്ങള്‍ മനസിലാക്കാനും മാതാപിതാക്കള്‍ക്ക് കടമയുണ്ട്. വില കൊടുത്തു വാങ്ങേണ്ട ഒരു വസ്തു അല്ല താനെന്ന ബോധ്യം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണം. സ്വന്തം വരുമാനം നേടി നല്ലൊരു ജോലി നേടിയ ശേഷം മാത്രമേ ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ വിവാഹത്തിന് തയ്യാറാകാവൂ.
പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ചിന്തിക്കുന്നവരാണ്. അങ്ങനെ ആകണം ലോകം. സ്ത്രീധനം എന്ന ദുരാചാരം പഴങ്കഥയാകുന്ന കാലം വിദൂരമല്ല.
സ്ത്രീ പരിരക്ഷയെക്കുറിച്ച് അവബോധം അനിവാര്യം
അഡ്വ. റീന ടോണി
കലൂര്‍
സ്ത്രീ തന്നെയാണ് ധനം എന്ന അവബോധവും ആത്മവിശ്വാസവുംപെണ്കുട്ടികളുടെ ഉള്ളില്‍ വളര്‍ത്തണം. ഓരോ പെണ്‍കുഞ്ഞും ലോകത്തിനും രാഷ്ട്രത്തിനും നാടിനും എത്രയോ വിലപ്പെട്ടവളാണെന്ന് അവളുടെ മനസ്സിനെ പാകപ്പെടുത്തി എടുക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും സാഹചര്യങ്ങളും ഒരുക്കണം. തങ്ങളുടെ വിദ്യാഭ്യാസത്തിന് അവര്‍ പ്രാധാന്യം നല്‍കണം. അവര്‍ക്ക് കാലാനുസൃതമായ തൊഴില്‍ കണ്ടെത്താന്‍ മുതിര്‍ന്നവര്‍ സഹായിക്കുകയും വേണം. സ്ത്രീധനം കൊടുക്കാനോ വാങ്ങാനോ പാടില്ലെന്ന സ്ത്രീധന നിരോധന നിയമം ഇനിയെങ്കിലും നടപ്പിലാകണം. പെണ്‍കുഞ്ഞുങ്ങളുടെ മാനസികബലവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുന്നതിനും ആവശ്യമായ അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കണം. വിദ്യാലയങ്ങളിലും വീടുകളിലും ആകസ്മികമായി ഉണ്ടാകുന്ന പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യാമെന്ന് പരിശീലനം നല്‍കണം. അപ്പോള്‍ സാമൂഹിക പ്രതിബദ്ധത ഉള്ള സ്ത്രീകളായി അവര്‍ വളര്‍ന്നുവരും. മാതാപിതാക്കള്‍ അരുതരുതകളുടെ ലോകം എന്ന വേര്‍തിരിവുകള്‍ ഇല്ലാതെ എന്താണ് നല്ലത് എന്താണ് തിരഞ്ഞെടുക്കേണ്ടത് എന്ന് സ്നേഹിതരെ പോലെ മക്കളെ പറഞ്ഞു ബോധ്യപ്പെടുത്തണം. കുടുംബാംഗങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. പൂര്വവിവാഹ കോഴ്സുകളില്‍ സ്ത്രീ പരിരക്ഷയെക്കുറിച്ച് അവബോധം നല്‍കണം.
കേസ് തെളിയിക്കേണ്ടതും സ്ത്രീകള്‍ തന്നെ
മീഷ്മ ജോസ്
(കെസിവൈഎം ലാറ്റിന്‍ സംസ്ഥാന വൈസ്പ്രസിഡന്റ്)
സ്ത്രീധനം വിവാഹത്തിന്റെ അവിഭാജ്യ ഘടകമാണെന്ന ധാരണയാണ് ഇപ്പോഴും സമൂഹത്തിനുള്ളത്. സ്ത്രീധനം എന്ന പേരിട്ട് വിളിക്കാതെ സമ്മാനമെന്നോ ഭാവിലേക്ക് കരുതലെന്നോ ഒക്കെയുള്ള പേരില്‍ ഈ കൊടുക്കല്‍ വാങ്ങല്‍ സമൂഹത്തില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ത്രീധന പീഡന കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍കാലങ്ങളില്‍ ‘സഹിച്ചും, ഒതുങ്ങിയും’ ഭര്‍തൃവീടുകളില്‍ കഴിഞ്ഞിരുന്നവര്‍ ഇപ്പോള്‍ പരാതിയുമായി മുന്നോട്ട് വരാന്‍ തയ്യാറാകുന്നു എന്നത് ഈ വര്‍ധനവിന് പിന്നിലെ ഒരു കാരണമായിരിക്കാം. പലപ്പോഴും തെളിവുകള്‍ ഇല്ലാതെ പോകുന്നതാണ് ശിക്ഷ ലഭിക്കുന്ന കേസുകളുടെ എണ്ണം കുറയാന്‍ കാരണം. വിവാഹശേഷം ഭര്‍തൃഗൃഹത്തില്‍ നിന്നുണ്ടാകുന്ന പീഡനങ്ങള്‍, കിടപ്പുമുറിയില്‍ ഭര്‍ത്താവില്‍ നിന്നേല്ക്കേണ്ടി വരുന്ന വലിയ രീതിയിലുള്ള ഹരാസ്മെന്റുകള്‍ ഇവയൊക്കെ തെളിയിക്കുക എന്നത് പെണ്‍കുട്ടികളുടെ മാത്രം ഉത്തരവാദിത്വമായി മാറുന്നു. ബേര്‍ഡന്‍ ഓഫ് പ്രൂഫ് പെണ്‍കുട്ടികള്‍ക്കാണ്. പലപ്പോഴും ഇതിനൊന്നും തെളിവുകള്‍ ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. നിയമങ്ങളെ കുറിച്ച് കൃത്യമായ അവബോധം ഇന്ന് കേരളസമൂഹത്തിനുണ്ട്. അതുകൊണ്ട് എന്ത് സംഭവങ്ങളുണ്ടായാലും പരാതിപ്പെടാനും പരിഹാരം തേടാനും സ്ത്രീകള്‍ മുന്നോട്ട് വരുന്നു എന്നുള്ളതാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്ത്രീധനപീഡന കേസുകളുടെ എണ്ണം കൂടാന്‍ ഒരു കാരണം. കേരളത്തിലാണ് വിവാഹങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്ന പ്രവണതയുള്ളത്. വളരെ തെറ്റായിട്ടുള്ള ഒരു കീഴ്വഴക്കമാണിത്. യഥാര്‍ഥത്തില്‍ പെണ്‍കുട്ടികള്‍ക്ക് സ്വാശ്രയത്വം ഉണ്ടായി സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തിയുണ്ടാക്കുകയാണ് വേണ്ടത് എന്ന ശരിയായ ധാരണയാണ് രക്ഷിതാക്കളില്‍ ഉണ്ടാകേണ്ടത്.
കേരളത്തില്‍ പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസമുള്ളവരാണ്. പക്ഷെ ഒരു നല്ല വിവാഹബന്ധം തരപ്പെടുത്തുക എന്ന ചിന്തയിലാണ് പല രക്ഷിതാക്കളും ഇന്നും പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. ആ വിദ്യാഭ്യാസത്തിലൂടെ അവര്‍ സ്വയം പര്യാപ്തയാകണം എന്ന ചിന്ത പലപ്പോഴും രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്നില്ല. അടുത്തിടെ ഉണ്ടായിട്ടുള്ള സ്ത്രീധനപീഡന കേസുകളിലും, സ്ത്രീധന പീഡന മരണങ്ങളിലും ഒക്കെ ഇരയായിട്ടുള്ളത് ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാസമ്പന്നരായ പെണ്‍കുട്ടികളാണ്. പഠിക്കാന്‍ നല്ല മിടുക്കികളായ കുട്ടികളെ പോലും അതിനിടയില്‍ വിവാഹം കഴിപ്പിച്ച് അയക്കുകയാണ്. വിദ്യാഭ്യാസം എന്തിനായിരുന്നു എന്ന് അവര്‍ ചിന്തിക്കുന്നില്ല. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കണക്കാക്കുന്ന ഒരു ചെറിയ വിഭാഗമെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ കാഴ്ചപ്പാട് അനുസരിച്ച്, സ്ത്രീകള്‍ എന്നുപറയുന്നത്, സ്ത്രീധനം കൊണ്ടുവരാനും, വീട്ടില്‍ വന്നാല്‍ എല്ലാ കാര്യങ്ങളും ചെയ്യുന്ന, വീട്ടിലെ എല്ലാവരുടെയും കാര്യങ്ങള്‍ നോക്കുന്ന തികഞ്ഞ ഒരു സൂപ്പര്‍ വുമണ്‍ ആണെന്ന ഒരു പ്രതിച്ഛായയാണ് അവര്‍ക്കുള്ളത്. ജോലി ചെയ്യുന്നവരാണെങ്കില്‍ പോലും, ശമ്പളം കൊണ്ടുവന്ന് ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ കയ്യില്‍ കൊടുക്കുന്ന രീതി ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനിന്ന് പോകുന്നുണ്ട്. ഉത്തമയായ സ്ത്രീ ഇങ്ങനെയായിരിക്കണം എന്നാണ് ധാരണ. ഇതില്‍ നിന്ന് മാറിചിന്തിക്കാന്‍ ഒരു ശ്രമം നടക്കുന്നുണ്ടെന്നല്ലാതെ, കാര്യമായ മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരം കാഴ്ചപ്പാടുകള്‍ മാറിയാല്‍ മാത്രമേ നമുക്ക് സ്ത്രീധനപീഡന മരണങ്ങള് ഇല്ലാതാക്കാനാകൂ. കായികമായി പുരുഷന് മേല്‍ക്കോയ്മ കാണും. ആ രീതിയിലല്ല തുല്യത എന്ന് ഉദ്ദേശിക്കുന്നത്. ഒരേ രീതിയില്‍ പരിഗണന നല്‍കുക, ഒരേ അവകാശങ്ങള്‍ നല്‍കുക, ഒരേ സ്വാതന്ത്ര്യം നല്‍കുക ഇതൊക്കെയാണ് തുല്യത കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ ഒരു കാഴ്ചപ്പാടുണ്ടായാല്‍ തന്നെ സമൂഹത്തില്‍ നല്ല മാറ്റങ്ങളുണ്ടാകും. വിവേചനം ഉണ്ടെന്ന് ഭൂരിഭാഗം സ്ത്രീകളും തിരിച്ചറിയുന്നില്ലെന്നതാണ് വസ്തുത. ഇത് മാറണമെങ്കില്‍ ആദ്യമേ ചെയ്യേണ്ടത് കുട്ടികളെ ബോധവാന്മാരാക്കുകയാണ്. വീട്ടില്‍ നിന്ന് ഈ പഠനം തുടങ്ങണം.
വിവാഹകമ്പോളത്തില്‍ വിലപേശി വില്‍ക്കാനുള്ള അല്ലെങ്കില്‍ വാങ്ങാനുള്ളവരാണ് പെണ്‍കുട്ടികള്‍ എന്ന ധാരണ തിരുത്തുന്നതിന് വേണ്ടിയുള്ള സാമുഹിക അവബോധം സൃഷ്ടിക്കപ്പെടണം. സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടാകണം. സ്ത്രീ തന്നെ ധനം എന്ന് സോഷ്യല്‍ മീഡിയയില്‍ കയറി വാചകമടിക്കുന്നവര്‍, സ്വന്തം വീടുകളിലേക്ക് കൂടി തിരിഞ്ഞുനോക്കണം.
സഹതാപമല്ല, അന്തസോടെ ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്
ജെസി ജെയിംസ്
കെസിബിസി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി
സ്ത്രീശക്തീകരണത്തിന്റെ യുഗമാണിതെന്ന് നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ സ്ത്രീധനത്തിന്റെ വിലപേശലില്‍ ഈയിടെ ജീവിതം ഒടുക്കിയ യുവ ഡോക്ടറുടെ ആത്മഹത്യാകുറിപ്പ് അതീവ ഗൗരവമുള്ളതാണ്. നിയമംമൂലം ദശാബ്ദങ്ങള്‍ക്കു മുമ്പേ സ്ത്രീധനം നിരോധിച്ചിട്ടും ഇന്നും സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന പീഡനങ്ങളും ആത്മഹത്യകളും വനിതകള്‍ നേരിടുന്ന ഏറ്റവും കടുത്ത സാമൂഹ്യ-ജീവല്‍ പ്രശ്നങ്ങളിലൊന്നാണ്.
എത്രത്തോളം ജീര്‍ണിച്ച ഒരു സാമൂഹ്യവ്യവസ്ഥയിലാണ് നാമിന്നു ജീവിക്കുന്നത്! ഉന്നത വിദ്യാഭ്യാസവും തൊഴിലും നേടിയ മിടുക്കികള്‍ക്കു പോലും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ല എന്നു കാണുന്നത് ഒട്ടും ശുഭകരമായ സൂചനയല്ല. സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ പോലും സ്ത്രീ സുരക്ഷിതയല്ല-സ്വതന്ത്രയല്ല. ഒരു രണ്ടാംകിട പൗരയോ ഉപഭോഗവസ്തുവോ ആയി അവളെ കണക്കാക്കുന്നു.
എന്നാല്‍, സ്ത്രീയുടെ അന്തസിനെ മാനിക്കാത്ത പുരുഷനെ തന്റെ ജീവിതത്തില്‍ നിന്നും പുറത്തുകളയാനുള്ള ആര്‍ജവത്വം സ്ത്രീക്കുണ്ടാകണം. പുരു,പീഡന കഥകള്‍ക്കു കിട്ടുന്ന വില കുറഞ്ഞ സഹതാപത്തിന്റെ ഇരകളാണ് ഇന്ന് സ്ത്രീകളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതൊരു കെണിയാണ്. നമുക്കു വേണ്ടത് സഹതാപമല്ല, അന്തസോടെ ജീവിക്കാനുള്ള അവകാശമാണ്, ആര്‍ജ്ജവമാണ്. ജന്മസിദ്ധവും കര്‍മസിദ്ധവുമായ തന്റെ ഗുണവിശേഷങ്ങളെയും അവകാശങ്ങളെയും കുറിച്ച് സ്ത്രീ ബോധ്യമുള്ളവളാകണം. വ്യക്തി, സമൂഹത്തിന്റെ ജീവനാഡി, മാതാവ് എന്നീ നിലകളില്‍ ഗാര്‍ഹിക, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ തുല്യപ്രാതിനിധ്യത്തിനായി പരിശ്രമിക്കുകയും ഇടപെടുന്ന മേഖലകളിലൊക്കെ പ്രഗത്ഭയെന്നു തെളിയിക്കാനും സ്ത്രീക്കു കഴിയും. കാരണം, സ്ത്രീക്കു മാത്രമേ അവളുടെ അവളുടെ കഴിവുകളും മികവുകളും ശരിയായി മനസിലാക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ സ്ത്രീയുടെ അന്തസും മാന്യതയും സംരക്ഷിക്കാന്‍ സ്ത്രീ തന്നെ ഉണരണം. അതോടൊപ്പം പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരികയും വേണം.
പുരോഹിതര്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ട്
മരിയ റാന്‍സം
(ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നു)
1961 ല്‍ സ്ത്രീധന നിരോധന നിയമം നടപ്പിലാക്കിയിട്ടും 2023 ലും സാമൂഹിക വിപത്തായി സ്ത്രീധനം തുടരുന്നു എങ്കില്‍ ഇവിടെ മാറ്റം വരേണ്ടത് നമ്മുടെ മനഃസ്ഥിതിക്കല്ലേ?
ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച, സുരക്ഷിതമായ ഭാവിയും, സാമ്പത്തിക സ്വതന്ത്ര്യവും ഉറപ്പായും ലഭിക്കുമായിരുന്ന ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്തീധനം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വിവാഹ കമ്പോളത്തിലെ വിലപേശലിലൂടെയല്ല പ്രണയത്തിലായിരുന്ന പുരുഷന് ആവശ്യപ്പെട്ട സ്ത്രീധനം നല്കാന് കഴിവില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ആ പെണ്‍കുട്ടി കുറിച്ചുവച്ചത്. മാസങ്ങളായി തുടര്‍ന്ന ഈ വിലപേശലിനിടയില്‍ സ്വന്തം വ്യക്തിത്വത്തെ പണയപ്പെടുത്താതെ നിലപാടെടുക്കാന്‍ ആ കുഞ്ഞിന് കഴിയാതെ പോയത് എന്തുകൊണ്ടാവും? പ്രേരണാകുറ്റത്തിന് കേസെടുത്തിരിക്കുന്നത് പ്രണയിച്ച ചെറുക്കന്റെ പേരിലാണെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിനും ഇതില്‍ നിശ്ചയമായും ഉത്തരവാദിത്വമില്ലേ? കാരണം പൊരുത്തപ്പെടാത്ത ബന്ധങ്ങള്‍ സ്വത്ത് നല്കി യോജിപ്പിക്കാം എന്ന് കരുതുന്നതും യോജിച്ച് പോകില്ല എന്ന് തീര്‍ച്ചപ്പെട്ടാല്‍ സഹിച്ച് മുന്നോട്ട് പോകാന്‍ പെണ്‍കുട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും ശിക്ഷാര്‍ഹമാക്കണം.
രണ്ടു പേര് ചേര്‍ന്ന് ഒരു പുതിയ ജീവിതമാരംഭിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ സ്വയം ഒരുക്കാന്‍ വേണ്ട സാമ്പത്തിക പ്രാപ്തി തീര്‍ച്ചയായും അവര്‍ക്കുണ്ടാകണം. കാരണം ചില അപവാദങ്ങളൊഴികെ ഇന്ന് പുരുഷനും സ്ത്രീയും ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നു. സ്വയം പര്യാപ്തമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് മുന്പില് നിര്‍വധി തൊഴില്‍ സാധ്യതകളുമുണ്ട്. സ്നേഹത്തിന്റെയും വാല്സല്യത്തിന്റെയും പേരില്‍ ഇവരുടെ നല്ലഭാവിക്ക് വേണ്ട കുറച്ച് കാര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം വധുവിന്റെ രക്ഷിതാക്കളുടേത് മാത്രമാകരുത്. സാധാരണ നിലയില്‍ നടക്കുന്ന വിവാഹമാണെങ്കില്‍ വധൂ വരന്മാരുടെ മാതാപിതാക്കള്‍ ഒരുപോലെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം.
വിവാഹ അവസരങ്ങളില്‍ സഭയില്‍ നിന്ന് വധൂവരന്മാര്ക്കും കുടുംബങ്ങള്‍ക്കുമായി ഒരുക്കിയിരിക്കുന്ന ചട്ടക്കൂട് വെറും പ്രഹസനമാണെന്ന് ഏറെ സങ്കടത്തോടെ തന്നെ പറയട്ടെ. പ്രീമാരിറ്റല്‍ കോഴ്സ്, വേദോപദേശം കേള്‍പ്പിക്കല്‍, ചീട്ട് വാങ്ങല്‍ കുറി കൊടുക്കല്‍, പതവാരം തുടങ്ങിയ ചടങ്ങുകള്‍ വഴി വിവാഹിതരാക്കുന്നവര്ക്കും കുടുംബത്തിനും എന്ത് നന്മയാണ് ലഭിക്കുന്നത്?
പകരം ഇടവക വികാരിമാര്‍ വിവാഹിതരാകുന്ന വ്യക്തികളെയും മാതാപിതാക്കളെയും മാത്രം കണ്ട് കുറച്ച് സമയമെടുത്ത് ഒരു സൗഹൃദ സംഭാഷണം നടത്താനും സഭയുടെ ഭാഗത്ത് നിന്നുള്ള കരുതലും ശ്രദ്ധയും അവരെ ബോധ്യപ്പെടുത്താനും തയ്യാറായാല്‍ വിവാഹ ആഘോഷങ്ങളിലെ അമിതമായ ധൂര്‍ത്ത് മുതല്‍ സ്ത്രീധനം വരെയുള്ള വിഷയങ്ങളില്‍ വേറിട്ട ഒരു കാഴ്ചപ്പാട് അവര്‍ക്ക് നല്കാന് സാധിക്കും. ഒപ്പം ഇത്തരം വിശേഷങ്ങള്‍ നിര്‍ബന്ധ പിരിവിനുള്ള അവസരമാക്കുന്ന ശീലം ഒഴിവാക്കുകയും വേണം.
രണ്ട് വ്യക്തികള്‍ അതുവരെ ജീവിച്ച ചുറ്റുപാടില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ഒരുമിക്കുമ്പോള്‍ സ്വാഭാവികമായും ചെടികളെ പോലെ തന്നെ ചെറുതായൊന്ന് വാടാം, ഉണങ്ങി തുടങ്ങാം. പക്ഷേ ഒരല്പം നനവും ചെറിയ തണലും ലഭിച്ച് തുടങ്ങുന്നതോടെ അത് വേരാഴത്തിലടിച്ച് വളരും, തളിര്‍ക്കും, പൂക്കും, കായ്ക്കും. ഈ നനവും തണലുമായി മാതാപിതാക്കളും കൂട്ടുകാരും സഭയും വരും തലമുറയ്ക്ക് ഉണ്ടാകട്ടെ.