മുഖ്യശത്രു ആരാണ് എന്ന ചോദ്യത്തിന് കേരളത്തില്‍ ഒന്നും കേരളത്തിന് പുറത്ത് മറ്റൊന്നും ആണ് കേരളത്തിലെ സിപിഎമ്മിന്റെ നിലപാട്. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. കേരളത്തിലെ കോണ്‍ഗ്രസിനോട് ഇതേ ചോദ്യം ചോദിച്ചാല്‍ കേരളത്തില്‍ ഒന്നും കേരളത്തിന് പുറത്ത് മറ്റൊന്നും അല്ല അവരുടെ നിലപാട്; എവിടെയും ഒരേ നിലപാടാണ്. അത് സിപിഎം ആണ് മുഖ്യശത്രു എന്നതാണ്.
ഏറ്റവും ഒടുവില്‍ ശബരിമലയിലെ തിരക്ക് എന്ന വിഷയം നോക്കൂ. സംഘപരിവാര്‍ സഹയാത്രികനായ ആരിഫ് മുഹമ്മദ് ഖാന് എന്ന ഗവര്‍ണര്‍ക്കും, ബിജെപി അധ്യക്ഷനായ കെ. സുരേന്ദ്രനുമൊപ്പം തന്നെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകാരനും എന്നാണ് ഈ വിഷയത്തില്‍ വെളിപ്പെടുത്തുന്നത്.
പാര്‍ലമെന്റ് രേഖകള്‍ തരുന്ന വിവരങ്ങള്‍ അനുസരിച്ച് കഴിഞ്ഞ നാലര വര്‍ഷത്തിലേറെക്കാലം കേരളത്തിനായി കാര്യമായി ഒന്നും സംസാരിച്ചിട്ടില്ല യുഡിഎഫിന്റെ പതിനെട്ട് എംപിമാരും.
കഴിഞ്ഞ ദിവസം അവരില്‍ കുറേപ്പേര് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലൊരു സമരം നടത്തി. ശബരിമല പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരും ഫോഴ്സും ഇടപെടണം എന്നാണു ആവശ്യം. കേരളം എന്നൊരു ദേശത്തെ, അവിടത്തെ സംസ്കാരത്തെ, ആതിഥ്യമര്യാദയെ, സൗകര്യങ്ങളെ, വൃത്തിയെ, ഒക്കെ രാജ്യത്തിനകത്തും പുറത്തും ഉള്ള മനുഷ്യര്‍ പ്രകീര്‍ത്തിക്കുമ്പോള്‍ രാജ്യത്തെ താരതമ്യേന ഒരു ചെറിയ ക്ഷേത്രം നടത്തിപ്പിന് സംഘപരിവാര്‍ സര്‍ക്കാരിനെ ക്ഷണിച്ചുകൊണ്ടുവരാന് ഡല്‍ഹിയില്‍ പോയി പോയി വെയില് കൊള്ളുന്നു കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍.
കേരളത്തിലെ കമ്യൂണിസ്റ്റ്് സര്‍ക്കാരിന് കീഴില്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് എന്ന ഏറെ വര്‍ഷങ്ങളായുള്ള സംഘപരിവാര്‍ നരേഷന് ശരിയെന്ന് പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ്. കാരണം ഒന്നേയുള്ളൂ മുഖ്യശത്രു അവര്‍ക്ക് തങ്ങളെ പത്തുകൊല്ലമായി പരണത്തിരുത്തിയ ബിജെപി അല്ല, കേരളത്തിലെ സിപിഎം ആണ്. വെയിലുകൊള്ളാന്‍ പോയ കൂട്ടത്തില്‍ മുസ്ലിം ലീഗ് എംപിമാരും ഉണ്ടായിരുന്നു എന്നതാണ് ഈ സംഭവം ഒരു ക്രൂരമായ ഫലിതമാക്കി മാറ്റുന്നത്.
ശബരിമലയെപ്പറ്റി കേരളത്തിലെ ഒരു വാര്‍ത്തചാനല്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാര്‍ത്ത കൊടുക്കുക, അത് കേരളത്തിന് പുറത്തുള്ള വര്‍ഗീയ വിഷങ്ങള്‍ അവരുടെ കൈയില്‍നിന്നും കുറച്ചുകൂടി ചേര്‍ത്ത് പെരുപ്പിക്കുക.
ഈ വാര്‍ത്ത ആ കുഞ്ഞിന്റെ സെക്കന്റുകള്‍ മാത്രം നീണ്ട ഒരു കരച്ചില് ഇന്ന് വടക്കേഇന്ത്യ മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ശബരിമലയോടു ബന്ധപ്പെട്ടു സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ പ്രചരണത്തിലെ മുഖ്യആയുധമാണ്. അയ്യപ്പന്മാര് തിങ്ങിനിറഞ്ഞ കെഎസ്ആര്‍ടിസി ബസ് ഒരുവശത്ത് ഹജ്ജ് യാത്രക്കാരെ കൊണ്ടുപോകുന്ന സൗകര്യങ്ങളുള്ള ബസിന്റെ ഉള്‍വശം മറ്റൊരു വശത്ത് -എങ്ങനുണ്ട് താരതമ്യം?.
വര്‍ഗീയ ധ്രുവീകരണത്തിന് എന്തൊക്കെ അവസരങ്ങള്‍ ഉപയോഗിക്കാനാകുമോ അതിനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ബിജെപി രാജ്യമെങ്ങും നടത്തുന്നത്.
മണിപ്പൂര്‍ പുകയടങ്ങും മുന്‍പേ ത്രിപുരയിലെ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ആദ്യ വെടി മുഴങ്ങിക്കഴിഞ്ഞു. കേരളത്തില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ശബരിമല, രാമജന്മഭൂമി പോലെ ധ്രുവീകരണത്തിന് ഒരു ഉപകരണമാക്കാനാണു ശ്രമം. ഇതില്‍ കോണ്‍ഗ്രസ് എന്തിനു പങ്കുചേരണം എന്ന ചോദ്യമാണ് കാലം ചോദിക്കുന്നത്.
പിണറായി വിജയന് ചിരംജീവിയല്ല. എന്നാല്‍ വളര്‍ന്നുവരുന്ന നമ്മുടെ മക്കളെ തോല്‍പ്പിക്കാന്‍ സംഘ്പരിവാരത്തിനു വേണ്ടി നമ്മുടെ നാടിനെ ഒറ്റുകൊടുക്കരുത്. കേരളത്തിലെ പ്രിയപ്പെട്ട കോണ്‍ഗ്രസ് നേതാക്കളേ….അപേക്ഷയാണ്.
വാല്-
അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠ ദിനത്തോടടുക്കവേ ബിജെപിക്ക് ഒരു മുഴം മുന്നേ എറിഞ്ഞ് കളം പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്ന ദിവസം ജനങ്ങളെ ബസിലും ട്രെയിനിലുമായി അയോധ്യയിലെത്തിക്കാനാണ് പഞ്ചാബ് കോണ്‍ഗ്രസിന്റെ പദ്ധതി. ഇന്ത്യ ഏകീകൃതമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുന്ന ആ സുപ്രധാന സംഭവത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബിജെപി ഞങ്ങളെ ക്ഷണിക്കുന്നില്ല, അതിനാല്‍ ഞങ്ങള്‍ സ്വന്തം ക്രമീകരണങ്ങള്‍ ചെയ്യുന്നു.’ -പഞ്ചാബിന്‍രെ ചുമതലയുള്ള എഐസിസി സെക്രട്ടറി ചേതന്‍ ചൗഹാന് പറഞ്ഞു. കെ. സുധാകരന് ഒറ്റപ്പെട്ട പ്രതിഭാസം അല്ല!