ഈ വര്‍ഷത്തെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലൊന്നാണ് ജാപ്പനീസ് സംവിധായകന് റ്യൂസുകെ ഹമാഗുച്ചിയുടെ ഈവിള്‍ ഡസ് നോട്ട് എക്സിസ്റ്റ് (‘അകു വാ സോന്‍സായ് ഷൈനായ്). ഡ്രൈവ് മൈ കാര്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള വിഭാഗത്തില്‍ ഓസ്കര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഹമാഗുച്ചിയുടെ ഏറ്റവും മികച്ച സിനിമയാണ് ഈവിള്‍ ഡസ് നോട്ട് എക്സിസ്റ്റ് എന്ന് അഭിപ്രായമുണ്ട്. വെനീസ് ഫിലിം ഫെസ്റ്റിവല്‍ അടക്കം നിരവധി ചലച്ചിത്രമേളകളില്‍ സിനിമ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
സംഗീതസംവിധായകന് എയ്ക്കോ ഇഷിബാഷി ക്യൂറേറ്റ് ചെയ്ത ഗംഭീര ശബ്ദട്രാക്കാണ് സിനിമയുടെ സവിശേഷതകളിലൊന്നെന്ന് ആദ്യമേ പറയട്ടെ. ഹമാഗുച്ചിയും ഇഷിബാഷിയുടെയും ആശയത്തില്‍ നിന്ന് വികസിപ്പിച്ചെടുത്തതാണ് സിനിമ. ആദ്യം ഇതൊരു കൊച്ചുനിശബ്ദ സിനിമയായി ചിത്രീകരിക്കാനായിരുന്നു അവര്‍ ഉദ്ദേശിച്ചിരുന്നതത്രേ. പിന്നീടാണ് രൂപവും ഭാവവും മാറി ഒരു ഫീച്ചര്‍ സിനിമയാകുന്നത്.
ജപ്പാന്റെ തലസ്ഥാനവും പ്രധാന നഗരവുമായ ടോക്കിയോയ്ക്ക് പുറത്തുള്ള ഒരു ചെറിയ ഗ്രാമീണ സമൂഹമാണ് പ്രധാനകഥാപാത്രങ്ങള്‍. ഗ്രാമീണ ചുറ്റുപാടുകളുമായി സഹവര്‍ത്തിത്വത്തില്‍ ജീവിക്കുന്ന വെറും 6,000 പേരുടെ ഒരു സമൂഹമാണ് മിസുബിക്കിയെന്ന ഈ പ്രദേശം. അവിടെ തദ്ദേശവാസികള്‍ എളിമയില്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്നു. അവരുടെ പതിവ് ജോലികളില്‍ ആനന്ദം കണ്ടെത്തുകയും അവരെ ചുറ്റിപ്പറ്റിയുള്ള പ്രകൃതിയുടെ സമഗ്രതയെ മാനിക്കുകയും ചെയ്യുന്നു. സിനിമയുടെ തുടക്കത്തില്‍ ശൈത്യകാലത്തെ സൂചിപ്പിക്കുന്ന കണികകള്‍ നിറഞ്ഞു നില്ക്കുന്ന മരച്ചില്ലകള്ക്കിടയിലൂടെ യോഷിയോ കിറ്റഗാവയുടെ ക്യാമറ കാടിന്റെ ഉള്ളറകളില്‍ ഉലാത്തുന്നു.
ഗ്രാമവാസികള്‍ തങ്ങളുടെ പ്രവൃത്തികളില്‍ മുഴുകിയിരിക്കുന്നു. വിറകിനായി മരം മുറിക്കുക, ഉറവ വെള്ളം ശേഖരിക്കുക, കാട്ടിലൂടെ നടക്കുക തുടങ്ങിയ ലളിതവും ദൈനംദിനവുമായ പ്രവര്‍ത്തനങ്ങളുടെ ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍ സ്ക്രീനില്‍ പലപ്പോഴും നിറയുന്നു. താഴെ മൈതാനത്ത് 8 വയസ്സുള്ള ഹന (റിയോ നിഷികാവ) മഞ്ഞില്‍ ചുറ്റിത്തിരിയുന്നു, അവളുടെ പിതാവ് തകുമി (ഹിറ്റോഷി ഒമിക) കാടിന്റെ മറ്റൊരു ഭാഗത്ത് കോടാലിയുമായി വിറക് വെട്ടാനിറങ്ങിയിരിക്കുകയാണ്. തകുമിയെ ജോലിയില്‍ സഹായിക്കാന്‍ സുഹൃത്ത് കസുവോ (ഹിരോയുകി മിയുറ) വരുമ്പോള്‍ മാന്‍ വേട്ടക്കാരന്റെ റൈഫിളില്‍ നിന്നുള്ള വെടിയൊച്ച നിശബ്ദതയെ ഭേദിക്കുന്നുണ്ട്.
ഡേകെയറില്‍ നിന്ന് ഹനയെ കൂട്ടിക്കൊണ്ടുവരാന്‍ താന്‍ വൈകിയെന്ന് മനസിലാക്കി തകുമി തിരക്കുകൂട്ടുമ്പോള്‍ വൈകീട്ട് വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗത്തെ കുറിച്ച് കസുവ ഓര്‍മിപ്പിക്കുന്നുണ്ട്. അച്ഛനെ കാണാതായതോടെ ഹന തനിയെ വീട്ടിലേക്ക് പോരുന്നു. ടോക്കിയോയിലെ ഒരു കമ്പനിയില്‍ നിന്നുള്ള പ്രതിനിധികളാണ് ഗ്രാമവാസികളെ കാണാന്‍ അവിടെയെത്തുന്നത്.
തലസ്ഥാനത്തെ അംബരചുംബികളായ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രകൃതി സൗന്ദര്യം അനുഭവിച്ചറിയാന്‍ ടോക്കിയോയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന മിസുബിക്കി ആകര്‍ഷകമായ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പ്ലേമോഡ് എന്ന കമ്പനി ‘ഗ്ലാമറസ് ക്യാമ്പിംഗ്’ അല്ലെങ്കില്‍ ഗ്ലാമ്പിംഗിനായി വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഭൂമിയുടെ ഒരു പാക്കേജ് ഏറ്റെടുത്തിരിക്കുകയാണ്.
സര്‍ക്കാര്‍ അനുവദിച്ച കൊവിഡ് ദുരിതാശ്വാസ പണം ചെലവഴിക്കാനായി വിചിത്രമായ ഒരു വികസനത്തിനാണ് കമ്പനി ശ്രമിക്കുന്നത്.
പണം ചെലവഴിക്കാനുള്ള തീയതിക്കുമുമ്പ് പദ്ധതി തുടങ്ങിയില്ലെങ്കില്‍ പണം നഷ്ടമാകും. അതുകൊണ്ടു തന്നെ തിരക്കിട്ട് പദ്ധതി ആരംഭിക്കാനാണ് നീക്കം. പദ്ധതി സുതാര്യമല്ല, നിര്‍മാണ പദ്ധതികളും പൂര്‍ണമല്ല. മയൂസുമി (അയക ഷിബുട്ടാനി), സ്ലിക്ക് തകഹാഷി (റ്യൂജി കൊസാക്ക) എന്നിവരാണ് കമ്പനി പ്രതിനിധികള്‍. പദ്ധതിയുടെ ഒരു വീഡിയോ അവര്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ജനങ്ങള്‍ ആശങ്കകള്‍ ഉയര്‍ത്തുന്നു. പദ്ധതി പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ സെപ്റ്റിക് മാലിന്യമടക്കമുള്ള മാലിന്യങ്ങള്‍ താഴ് വാരങ്ങളിലേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. കാട്ടു തീ പടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കുടിവെള്ളവും മലിനീകരിക്കപ്പെട്ടേക്കും. ഗ്രാമത്തിലെ മേയര്‍ (തൈജിറോ തമുറ) ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്നുണ്ട്.
എന്നാല്‍ ഗ്രാമത്തില്‍ പദ്ധതി വരുന്നതോടെ പുതിയ സംരംഭങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് കമ്പനി ഉടമ (ഹസുകി കികുച്ചി) അവകാശപ്പെടുന്നു. പിരിമുറുക്കത്തോടെ മീറ്റിംഗ് അവസാനിച്ചു. തകുമിക്ക് ഒരു കെയര്‍ടേക്കര്‍ സ്ഥാനം കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഈവിള്‍ ഡസ് നോട്ട് എക്സിസ്റ്റിന് ഡ്രൈവ് മൈ കാറിന്റെ അമ്പരപ്പിക്കുന്ന വൈകാരിക ശക്തി ഇല്ലായിരിക്കാം, എന്നാല്‍ നമ്മള് ജീവിക്കുന്ന പരിസ്ഥിതിയേയും ചുറ്റുപാടിനെയും കുറിച്ചുള്ള പഠനമെന്ന നിലയില്‍ അപാരമായ ശക്തി അതു പ്രദാനം ചെയ്യുന്നുണ്ട്. മിസുബിക്കി നിവാസികളുടെ കൈകാര്യക്കാരനും പ്രതിനിധിയുമായ തകുമിയുടെ വേഷം ചെയ്യുന്ന ഹിതോഷി ഒമികയുടെ പ്രകടനം മികച്ചതാണ്. തക്കുമിയുടെ മകളായ കൊച്ചു ഹനയുടെ (റിയോ നിഷികാവ) കഥാപാത്രത്തെ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്, കഥയുടെ കേന്ദ്രബിന്ദു, ചെറിയൊരു കുട്ടിക്ക് അഭിനയിക്കാന്‍ എളുപ്പമല്ല. വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഹമാഗുച്ചിയുടെ കഴിവും ശ്രദ്ധേയും. സിനിമയില്‍, സംഗീതവും പ്രകൃതിയും കേന്ദ്രസ്ഥാനം വഹിക്കുന്നു. സംഗീതം അവസാനിക്കുമ്പോള്‍ സംഭാഷണം ആരംഭിക്കുന്നു.