ക്രൂരതയുടെ അതിരുകളെല്ലാം ലംഘിക്കുന്നുവെന്നതാണ് അന്റോയിന്‍ ഫുക്വ സംവിധാനം ചെയ്ത 2023ലെ ഹോളിവുഡ് ഹിറ്റുകളിലൊന്നായ ‘ദി ഇക്വലൈസര്‍ 3’യുടെ പ്രത്യേകത. ഇക്വലൈസറിന്റെ ആദ്യ രണ്ടുഭാഗങ്ങളും രക്തരൂക്ഷിതം തന്നെയായിരുന്നെങ്കിലും മൂന്നാംഭാഗം ചോരയില്‍ നീന്തിക്കുളിക്കുക തന്നെയാണ്. സെന്‍സര്‍ ബോര്‍ഡ് നിയമങ്ങള്‍ ഇന്ത്യയില്‍ നവീകരിക്കുകയും നല്ല സിനിമകളുടെ നെഞ്ചിന്‍കൂട്ടില്‍ കത്തിവയ്ക്കുകയും ചെയ്യുമ്പോള്‍ തന്നെ ഇത്തരം സിനിമകളെ നിരുപാധികം കടത്തിവിടുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നത് വിരോധാഭാസമാണ്.
ഡെന്‍സല്‍ വാഷിംഗ്ടണ്‍ മുഖ്യവേഷത്തിലഭിനിയിക്കുന്ന ഇക്വലൈസര്‍ പരമ്പര ക്രൂരനും കൂട്ടക്കൊലപാതകങ്ങളില്‍ ഹരം കണ്ടെത്തുന്നവനുമായ നായകനെയാണ് അവതരിപ്പിക്കുന്നത്. അയാളുടെ കൈകളാല്‍ കൊല്ലപ്പെട്ടവരെല്ലാം സമൂഹത്തിന്റെ ശത്രുക്കളായിരുന്നു അല്ലെങ്കില്‍ കുറ്റവാളികളായിരുന്നു എന്നതാണ് ന്യായീകരണം. ഒറ്റയാള്‍ പട്ടാളമായി സമൂഹത്തില്‍ നന്മ വിതക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട റാംബോ മുതലുള്ള കഥാപാത്രങ്ങളുടെ പിന്തുടര്ച്ചക്കാരനാണ് ഡെന്‍സല്‍ വാഷിംഗ്ടണ്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് മക്കോള്‍ എന്ന കഥാപാത്രം. അയാള്‍ പഴയൊരു പൊലീസ് ഉദ്യോഗസ്ഥനാണ്. വിരമിക്കലിനു ശേഷമാണ് നേരം പോകാനെന്ന വണ്ണം കുറ്റവാളികള്‍ക്കു നേരെ തിരിയുന്നത്. ആദ്യഭാഗത്തില്‍ വേശ്യാവൃത്തി ചെയ്യേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ സംരക്ഷകനായി അവതരിച്ച റോബര്‍ട്ട് മക്കോള്‍ ഒരു ദയയുമില്ലാതെ അവളെ ഉപദ്രവിച്ച സംഘത്തേയും അവര്‍ക്കു സഹായം ചെയ്തുകൊണ്ടിരുന്ന വന്‍ റഷ്യന്‍ മഫിയാസംഘത്തേയും തുടച്ചുനീക്കി. രണ്ടാം ഭാഗത്തില്‍ തന്റെ സഹപ്രവര്‍ത്തകയെ വധിച്ച കുറ്റത്തിന് മറ്റൊരു സംഘത്തെ തീര്‍ത്തു.
ഇറ്റലിയിലാണ് മൂന്നാം ഭാഗം സംഭവിക്കുന്നത്. ഒരു കാലത്ത് മഫിയാസംഘങ്ങളുടെ വിളനിലമായിരുന്ന സിസിലിയിലെ ഒരു മുന്തിരിത്തോപ്പിലാണ് സിനിമ ആരംഭിക്കുന്നത്. തന്റെ സുഹൃത്തിന്റെ പെന്ഷന് പണം സൈബര്‍ കുറ്റകൃത്യത്തിലൂടെ കൈക്കലാക്കിയ ലോറെന്‍സോ വിറ്റാലെ (ബ്രൂണോ ബിലോട്ട) എന്ന കുറ്റവാളിസംഘത്തലവനെ തേടിയാണ് റോബര്‍ട്ട് അവിടെ എത്തുന്നത്. ലോറെന്‍സോ വിറ്റാലെയും അയാളുടെ ബാല്യം കടന്നിട്ടില്ലാത്ത ചെറുമകനും തങ്ങളുടെ വൈനറിയിലേക്ക് എത്തുന്നു. അവിടെ ഒരു ആപത്ത് അറിഞ്ഞെത്തിയ അയാള്‍ കുട്ടിയെ വാഹനത്തില്‍ തന്നെയിരുത്തി കെട്ടിടത്തിന്റെ അകത്തേക്കു തോക്കുമായി പ്രവേശിക്കുകയാണ്. കെട്ടിടത്തിന്റെ ഉള്വശത്തെല്ലാം വൈന്ഭരണികളോടൊപ്പം ധാരാളം ശവങ്ങളും ചോരയില്‍ മുങ്ങി ചിതറിക്കിടക്കുന്നുണ്ട്. അവയുടെ അവസാനം ഒരു കസേരയില്‍ വളരെ കൂളായി ഇരിക്കുന്ന നിരായുധനായ റോബര്‍ട്ടിനെ അയാള്‍ കാണുന്നു. ലോറെന്‍സോയും തന്റെ വീഞ്ഞുഭരണിയോടൊപ്പം പൊട്ടിത്തെറിച്ച് മരിക്കുന്നു. സുഹൃത്തിന്റെ പണം വീണ്ടെടുത്ത് തിരിച്ചുപോകാനൊരുങ്ങുന്ന റോബര്‍ട്ടിനെ വാഹനത്തില്‍ കാത്തിരുന്നിരുന്ന ലോറെന്‍സോയുടെ ചെറുമകന് പിറകില്‍ നിന്ന് വെടിവെക്കുന്നു.
പരിക്ക് സാരമുള്ളതാണെന്നു കണ്ട റോബര്‍ട്ട് ആദ്യം ആത്മഹത്യയ്ക്ക് ഒരുങ്ങുന്നുണ്ട്. സുഹൃത്തിന് പണം തിരികേ കൊടുക്കേണ്ട ചുമതലയുള്ളതുകൊണ്ടായിരിക്കാം അയാള്‍ പിന്നീട് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. വഴിയില്‍ കാറില്‍ അബോധാവസ്ഥയിലായ അയാളെ ഒരു പ്രാദേശിക പോലീസുകാരന് ജിയോ ബോണൂച്ചി (യൂജെനിയോ മാസ്ട്രാന്ഡ്രിയ) രക്ഷിച്ച് ഒരു സാങ്കല്പിക പട്ടണമായ അല്ട്ടമോണ്ടെലെയിലെ പ്രാദേശിക ഡോക്ടറായ എന്‍സോ അരിസിയോയുടെ (റെമോ ജിറോണ്‍) അടുത്തെത്തിക്കുന്നു. ഡോക്ടര്‍ റോബര്‍ട്ടിനോടു ചോദിക്കുന്നുണ്ട്, നീ നല്ലവനോ കെട്ടവനോ എന്ന്. അറിയില്ല എന്നായിരുന്നു അയാളുടെ ഉത്തരം. വളരെ സത്യസന്ധമായ ഉത്തരമെന്ന് പ്രേക്ഷകനും തോന്നും. ഡോക്ടര്‍ വെടിയുണ്ട നീക്കം ചെയ്ത് റോബര്‍ട്ടിനെ രക്ഷിക്കുന്നു. പരിക്ക് ഭേദമാകുംവരെ പിന്നീടയാള്‍ അവിടെ തന്നെ താമസിക്കാന്‍ തീരുമാനിക്കുകയാണ്.
റോബര്‍ട്ട് നാട്ടുകാരുമായി പരിചയപ്പെടുകയും പട്ടണത്തെയും അവിടുത്തെ ആളുകളെയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു ചെറിയ കഫേയിലും സമീപത്തുള്ള മത്സ്യമാര്‍ക്കറ്റിലും അയാള്‍ നിത്യസന്ദര്‍ശകനാകുന്നു. അതിനിടയില്‍ സിസിലിയിലെ നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരത്തില്‍ ലോറെന്‍സോയുടെ വൈനറിയുടെ പങ്കിനെക്കുറിച്ച് സൂചന നല്കാന് റോബര്‍ട്ട് സിഐഎ ഓഫീസര്‍ എമ്മ കോളിന്‍സിനെ (ഡക്കോട്ട ഫാനിംഗ്) അജ്ഞാതമായി ഫോണ്‍ ചെയ്യുന്നുണ്ട്. കോളിന്‍സും മറ്റ് സിഐഎ പ്രവര്‍ത്തകരും റോബര്‍ട്ട് വെട്ടിവെളുപ്പിച്ച വൈനറിയില്‍ എത്തുകയും ഒരു സ്റ്റോര്‍റൂമില്‍ ഒളിപ്പിച്ച മാരകമയക്കുമരുന്നായ ഫെനെത്തിലിന്‍ ഗുളികകള്‍ക്കൊപ്പം ദശലക്ഷക്കണക്കിന് പണം കണ്ടെത്തുകയും ചെയ്യുന്നു; കൂടെ തെളിവൊന്നുമില്ലാതെ കൊല്ലപ്പെട്ട നിരവധി പേരുടെ ശവങ്ങളും. മയക്കുമരുന്ന് സിറിയയിലേക്കു കടത്തി ഐഎസ് ഭീകരര്‍ക്കു നല്‍കുകയും അവര്‍ നല്കുന്ന കള്ളപ്പണം വെളുപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് കൊല്ലപ്പെട്ട ലോറെന്സോയെന്നു വ്യക്തമാകുന്നു.
റോബര്‍ട്ടിന്റെ പുതിയ ഇടത്താവളം നിയന്ത്രിക്കുന്നത് ഒരു മഫിയാ സംഘമാണ്. പട്ടണത്തിലുള്ളവരെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കാനും വാണിജ്യവല്‍ക്കരണ ആവശ്യങ്ങള്‍ക്കായി അല്ട്ടമോണ്ടെ ഏറ്റെടുക്കാനുമുള്ള ശ്രമത്തില്‍ അവരെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നുണ്ട് മഫിയാസംഘം. ഒരു വികലാംഗനെ കെട്ടിത്തൂക്കി കൊല്ലുന്നത് ഇത്തരത്തില്‍ ഒരു രംഗം.
മഫിയയുടെ പ്രാദേശിക നേതാവും ഉന്നത നേതാവായ വിന്‍സെന്റിന്റെ (ആന്‍ഡ്രിയ സ്കാര്ഡൂസിയോ) ഇളയ സഹോദരനുമായ മാര്‍ക്കോ ക്വാറന്റ (ആന്‍ഡ്രിയ ഡോഡെറോ) പണം നല്‍കാത്തത്തിന്റെ പേരില്‍ മത്സ്യകച്ചവടക്കാരനായ ആഞ്ചലോയെ ഉപദ്രവിക്കുന്നു. പിന്നീടയാളുടെ കട ബോംബിട്ട് കത്തിക്കുന്നു. ആഞ്ചയോലുടെ മകള്‍ തീയില്പെട്ട് മരിക്കുന്നു. റോബര്‍ട്ടിനെ രക്ഷിച്ച് പട്ടണത്തിലെത്തിച്ച പൊലീസ് ഉദ്യോഗസ്ഥന് ജിയോ ബോണൂച്ചിക്ക് കടയില്‍ ബോംബെറിഞ്ഞവര്‍ സഞ്ചരിച്ച വാഹനത്തെ കുറിച്ച് സൂചന ലഭിക്കുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഇറ്റാലിയന്‍ സെന്‍ട്രല്‍ പൊലീസിനെ അയാള്‍ വിവരമറിയിക്കുന്നു. മാര്‍ക്കോ ക്വാറന്റ ഇതറിഞ്ഞ് അയാളുടെ വീട്ടില്‍ സംഘത്തോടൊപ്പം അതിക്രമിച്ചുകയറി ബോണൂച്ചിയെ കഠിനമായി ഉപദ്രവിക്കുകയും അയാളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പിന്നീട് കഫേയില്‍ ബോണൂച്ചിയും കുടുംബവും ഭക്ഷണത്തിനിരിക്കുമ്പോള്‍ മാര്‍ക്കോയുടെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി കള്ളക്കടത്ത് നടത്താന്‍ തനിക്കൊരു ബോട്ട് സജ്ജീകരിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നു. ആ സമയത്ത് അവിടെ റോബര്‍ട്ടും ഉണ്ടായിരുന്നു. സ്വാഭാവികമായും അധികം താമസിയാതെ ‘ഇക്വലൈസര്‍’ മാര്‍ക്കോയേയും കൂട്ടുകാരേയും ക്രൂരമായി തന്നെ വകവരുത്തുന്നു.
മാര്‍ക്കോയുടെ സഹോദരനും സംഘത്തലവനുമായ വിന്‍സെന്റ്, മാര്‍ക്കോയുടെ മരണത്തിന് പിന്നിലെ ആളെ കണ്ടെത്താന്‍ നേപ്പിള്‍സ് പൊലീസ് മേധാവിയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. പൊലീസ് മേധാവിയില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് സിഐഎ ഏജന്റ് എമ്മ കോളിന്‍സിന്റെ കാറില്‍ വിന്‍സെന്റ് ബോംബ് വച്ചു, പക്ഷേ ഗുരുതരമായ പരിക്കുകളോടെ അവള് രക്ഷപ്പെടുന്നു. സഹോദരനെ കൊന്നവനെ കിട്ടിയില്ലെങ്കില്‍ പട്ടണത്തിലെ അന്തേവാസികളെ മുഴുവന്‍ ഉപദ്രവിക്കുമെന്ന് വിന്‍സെന്റ് ഭീഷണി മുഴക്കുന്നു. റോബര്‍ട്ട് സ്വയം വെളിപ്പെടുത്തുന്നു. എന്നാല്‍ പട്ടണവാസികള്‍ റോബര്‍ട്ടിനു മുന്നില്‍ സുരക്ഷാകവചം തീര്‍ത്തതിനാല്‍ വിന്‍സെന്റിന് റോബര്‍ട്ടിനെ കൊല്ലാനാകുന്നില്ല. പിറ്റേദിവസം തന്നെ റോബര്‍ട്ടിനെ വധിക്കുമെന്ന് വിന്‍സെന്റ് പ്രതിജ്ഞയെടുക്കുന്നു. എന്നാല്‍ ഇക്വലൈസര്‍ അതിനു കാത്തുനിന്നില്ല. അന്നുരാത്രി പ്രാദേശിക പള്ളിയില്‍ തിരുന്നാള്‍ പ്രദക്ഷണം നടക്കുമ്പോള്‍ റോബര്‍ട്ട് വിന്‍സെന്റിന്റെ വീട്ടില്‍ കയറി മുച്ചൂടും മുടിക്കുന്നു. സിനിമ തുടങ്ങുമ്പോള്‍ തുടങ്ങിയ കൂട്ടക്കൊലയുടെ തനിയാവര്‍ത്തനം. വിന്‍സെന്റിനെ അയാളുടെ തന്നെ മയക്കുമരുന്ന് അളവില്‍ കവിഞ്ഞ് തീറ്റിച്ച് കൊല്ലുന്നു.
സുഹൃത്തിന് പെന്ഷന് പണം തിരികെ കൊടുക്കാന്‍ സിഐഎ ഏജന്റ് എമ്മയെയാണ് അയാള്‍ ചുമതലപ്പെടുത്തുന്നത്. ഒരു ഫുട്ബോള്‍ മത്സരത്തില്‍ വിജയിച്ചതിന്റെ ആഹ്ളാദം പട്ടണവാസികളോടൊപ്പം പങ്കിടുന്ന റോബര്‍ട്ടിനെയും കാണാം. എല്ലാം ശുഭം!
ഓസ്കര് അവാര്‍ഡ് ജേതാവ് റോബര്‍ട്ട് റിച്ചാര്ഡ്സണ് അതിമനോഹരമായി ഛായാഗ്രഹണം നിര്‍വഹിച്ചുവെന്നതാണ് ‘ദി ഇക്വലൈസര്‍ 3’ യുടെ പ്രത്യേകത. ഗോഡ്ഫാദര് സിനിമകളെ പോലെ ഒരു ക്ലാസിക് ടച്ച് തന്റെ സിനിമകള്‍ക്കു നല്കാനായിരിക്കാം സംവിധായകന് അന്റോയിന്‍ ഫുക്വ ലക്ഷ്യമിട്ടിരിക്കുന്നതെന്നു വ്യക്തം. കുത്തനെയുള്ള പടവുകളുള്ള സിസിലിയിലെ അല്ട്ടമോണ്ടെ എന്ന സാങ്കല്‍പ്പിക പട്ടണം, കടലില്‍ തകര്‍ന്ന പാറക്കെട്ടുകള്‍ക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ഗംഭീരമായ പള്ളി, കഫേ, ടൗണ്‍ സ്ക്വയര്‍, പുരാവസ്തുക്കള്‍ നിറച്ച മാളികകള്‍..ക്രൂരതയൊഴിച്ചുള്ള കാഴ്ചകളെല്ലാം മനോഹരം തന്നെ.
വാല്‍ക്കഷണം
തൃശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ദിവാന്‍ജിമൂലയില്‍ കഴിഞ്ഞദിവസം രാത്രിയില്‍ ഒരു കൊലപാതകം നടന്നു. ട്രെയിനിറങ്ങി വന്ന ഒരു യാത്രക്കാരനാണ് കൊല്ലപ്പെട്ടത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെല്ലാം 20 വയസിനു താഴെയുള്ളവരായിരുന്നു. രണ്ടു പേര് 15 വയസുകാരും. 15 വയസുകാരില്‍ ഒരാളാണ് ഈ സംഘത്തിന്റെ നേതാവ്. 10 വയസുമുതല്‍ കത്തിയുമായി കടക്കാരേയും യാത്രക്കാരേയും ഭീഷണിപ്പെടുത്തി പണം പിരിക്കലായിരുന്നു ‘കുട്ടി’യുടെ ഹോബി. പിന്നീട് സ്വന്തമായി ഒരു ക്രിമിനല്‍ സംഘമുണ്ടാക്കി. നേരത്തെ ഈ ഭാഗത്ത് വിലസിയിരുന്ന സംഘത്തെ തുരത്തിയോടിച്ചു. പിടിച്ചുപറിയും മയക്കുമരുന്നു കച്ചവടവുമാണ് സംഘത്തിന്റെ പ്രധാന വരുമാനമാര്‍ഗം. പൊലീസ് ചോദ്യം ചെയ്യലില്‍ സിനിമകളില്‍ നിന്നാണ് പ്രത്യേകിച്ച് ഹോളിവുഡ് സിനിമകളില്‍ നിന്നാണ് തനിക്ക് മഫിയാനേതാവാകാനുള്ള പ്രചോദനമുണ്ടായതെന്ന് 15കാരന് വെളിപ്പെടുത്തി. ഇഷ്ടപ്പെട്ട സിനിമകളുടെ വലിയൊരു പട്ടിക തന്നെ പൊലീസുകാര്‍ക്ക് നല്‍കുകയും ചെയ്തു. അതിലൊന്നാണ് ‘ദി ഇക്വലൈസര്‍ 3’.