മിഠായിയും ജ്യൂസും പ്രതീക്ഷിച്ച്, തന്നെ കൊലയ്ക്കു കൊണ്ടുപോകുന്നവന്റെ കൈപിടിച്ച് ആ പെണ്‍കുഞ്ഞ് പോകുന്നതിന്റെ ദൃശ്യം സൃഷ്ടിച്ച ഉദ്വേഗവും, ആലുവ മാര്‍ക്കറ്റിനടുത്ത് പെരിയാറിന്റെ തീരത്തെ മാലിന്യകൂമ്പാരത്തില്‍ മുറിപ്പാടുകള്‍ നിറഞ്ഞ അവളുടെ ജഡം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ വാര്‍ത്ത കേട്ടതിന്റെ വിങ്ങലും ക്ഷോഭവും കേരളത്തിനു മറക്കാനാകും മുന്‍പ്, മൂന്നര മാസത്തിനകം കേസന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കി പ്രതിയെ തൂക്കിലേറ്റാനുള്ള വിധിതീര്പ്പുണ്ടായിരിക്കുന്നു. ലൈംഗികകുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ‘പോക്സോ’ നിയമം രാജ്യത്തു നടപ്പാക്കിയതിന്റെ പതിനൊന്നാം വാര്‍ഷികത്തില്‍, ദേശീയതലത്തില്‍ ശിശുദിനം ആഘോഷിക്കുന്ന വേളയില്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായുള്ള എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സോമന് പ്രതിക്കു തൂക്കുകയര്‍ വിധിച്ച് 197 പേജ് വരുന്ന വിധിന്യായത്തില്‍ ഒപ്പുവച്ചുകൊണ്ട് ആ പെണ്‍കുഞ്ഞിന്റെ അമ്മയോടും അച്ഛനോടും പറഞ്ഞു:
”നിങ്ങള്‍ക്കു നഷ്ടപ്പെട്ട മകളെ തിരിച്ചു നല്കാന് കോടതിക്കു കഴിയില്ല. നിയമത്തിനു നല്കാന് കഴിയുന്ന പരമാവധി നീതി ഇതാണ്.”
ബിഹാറില്‍ നിന്നുള്ള പ്രവാസിതൊഴിലാളികുടുംബത്തിലെ അഞ്ചുവയസുള്ള കുട്ടിയെ ആലുവ തായിക്കാട്ടുകരയിലെ കെഎസ്ആര്‍ടിസി ഗരാഷിനടുത്തുള്ള വീട്ടുമുറ്റത്തുനിന്ന് തട്ടിക്കൊണ്ടുപോയി ജ്യൂസില്‍ മദ്യം കലര്‍ത്തിനല്‍കി ക്രൂരമായി പീഡിപ്പിച്ച് കുട്ടിയുടെ ടിഷര്‍ട്ട് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊന്നതിനുശേഷവും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തിരിച്ചറിയാതിരിക്കാന്‍ മുഖം കരിങ്കല്ലുകൊണ്ട് ചതച്ചുവികൃതമാക്കി പുഴയോരത്തെ മാലിന്യകൂമ്പാരത്തില്‍ പൂഴ്ത്തിയ കേസില്‍ ബിഹാര്‍ സ്വദേശിയായ ഇരുപത്തെട്ടുകാരന് അസ്ഫാക്ക് ആലമിന് വധശിക്ഷയ്ക്കു പുറമെ അഞ്ചു ജീവപര്യന്തം തടവും 49 വര്‍ഷം കഠിനതടവും 7.2 ലക്ഷം രൂപ പിഴയും സ്പെഷല്‍ കോടതി വിധിച്ചിട്ടുണ്ട്.
ബാലികയെ കാണാനില്ലെന്നു പരാതി കിട്ടി ആറുമണിക്കൂറിനകം പ്രതിയെ ആലുവ ഈസ്റ്റ് പൊലീസ് പിടികൂടി. എറണാകുളം റൂറല്‍ എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 35 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് പ്രോസിക്യൂഷനു വേണ്ടി ഹാജരായ കേസില്‍ കോടതി 26 ദിവസംകൊണ്ട് വിസ്താരം പൂര്‍ത്തിയാക്കി. കുറ്റകൃത്യം നടന്നതിന്റെ നൂറാം ദിവസം പ്രതിയെ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി.
പത്തുദിവസത്തിനുശേഷം വധശിക്ഷയും വിധിച്ചു. ക്രിമിനല്‍ നീതിനിര്‍വഹണ സംവിധാനത്തിന്റെ ഭാഗമായ പൊലീസും പ്രോസിക്യൂഷനും കോടതിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ എത്ര വേഗത്തില്‍ നീതി നടപ്പാക്കാനാകും എന്നതിന് കേരളത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്.
ഡല്‍ഹിയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 28 ദിവസം ജയിലില്‍ കിടന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണ് അസ്ഫാക്ക്. പ്രതിയെ സമൂഹത്തിലേക്കു തിരികെവിടുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കുപോലും ഭീഷണിയാണെന്ന സ്പെഷല്‍ പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചു. കൊലപാതകം, കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോയി ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, ദുരുദ്ദേശ്യത്തോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, സമ്മതം നല്കാന് ശേഷിയില്ലാത്ത ഒരാളെ പീഡിപ്പിക്കല്‍, പ്രകൃതിവിരുദ്ധ പീഡനം, ബലമായി ലഹരിപദാര്‍ഥം നല്കി പരുക്കേല്‍പ്പിക്കല്‍, പീഡിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ തടഞ്ഞുവച്ചു ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, മൃതദേഹത്തോട് അനാദരം കാണിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും, 12 വയസില്‍ താഴെയുള്ള കുഞ്ഞിനെ പീഡിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനെ ഒന്നിലധികം തവണ പീഡിപ്പിക്കല്‍, പ്രായപൂര്‍ത്തിയാവാത്ത കുഞ്ഞിനെ പീഡിപ്പിച്ച് സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കല്‍ എന്നിവയ്ക്കുള്ള പോക്സോ നിയമ വകുപ്പുകളും, പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് മദ്യം നല്കിയതിനുള്ള ബാലനീതി നിയമ വകുപ്പും അടക്കം കുറ്റപത്രത്തില്‍ 16 കുറ്റങ്ങള്‍ ചുമത്തിയിരുന്നു.
ദൃക്സാക്ഷികളില്ലെങ്കിലും ഡിഎന്‍എ, ഡിജിറ്റല്‍, ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും രേഖകളും വച്ച് സംശയാതീതമായി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞു. പ്രതിയുടെ ക്രൂരസ്വഭാവവും കുഞ്ഞുങ്ങളോടുള്ള ലൈംഗികാതിക്രമവാസനയും മനുഷ്യജീവനോടുള്ള അനാദരവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ മുറിവുകളുടെ വിവരണത്തില്‍ നിന്നു മനസിലാക്കാം. പ്രതിയുടെ മനോനിലയ്ക്കു തകരാറില്ല. ജയിലിലെയും സാമൂഹികനീതി വകുപ്പിലെയും പ്രൊബേഷന്‍ ഓഫിസര്‍മാരുടെ റിപ്പോര്‍ട്ടിനെയും മനഃശാസ്ത്രപരവും സാമൂഹിക-കുടുംബ പശ്ചാത്തല പഠനവുമായി ബന്ധപ്പെട്ട വിശകലനങ്ങളെയും ആധാരമാക്കിയുള്ള നിരീക്ഷണങ്ങളിലൂടെ പ്രതിക്ക് ചെയ്ത തെറ്റില്‍ പശ്ചാത്താപമില്ലെന്നും പരിവര്‍ത്തനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും കോടതി വിലയിരുത്തുന്നു. അതിനാലാണ് പരമാവധി ശിക്ഷ വിധിച്ചത്.
പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുനേരെ ലൈംഗികാവയവ പ്രവേശനത്തിലൂടെയുള്ള ആക്രമണത്തിന് 20 വര്‍ഷം വരെയുള്ള തടവുശിക്ഷയും, ലൈംഗികാവയവ പ്രവേശനത്തിലൂടെയുള്ള ഗൗരവതരമായ ആക്രമണത്തിന് 20 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തതടവും പിഴയും അല്ലെങ്കില്‍ വധശിക്ഷയും വ്യവസ്ഥ ചെയ്യുന്ന 2019 ഓഗസ്റ്റിലെ പോക്സോ നിയമഭേദഗതിയും, ”അപൂര്‍വങ്ങളില്‍ അപൂര്‍വമായ” സംഭവങ്ങളില്‍ മാത്രമേ വധശിക്ഷ വിധിക്കാവൂ എന്ന 1983-ലെ സുപ്രീം കോടതിയുടെ നിര്‍ദേശവും ഈ വിധിപ്രസ്താവത്തിനു പശ്ചാത്തലമാകുന്നുണ്ട്.
നൃശംസവും ഹീനവുമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവന് സമൂഹത്തിനു ഭീഷണിയാണെന്നും പിഞ്ചുകുഞ്ഞുങ്ങളോട് ഇത്തരം അതിക്രമങ്ങള്‍ കാട്ടുന്നവര്‍ക്ക് സമൂഹത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കോടതി അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്. ഇത് നാടിന്റെ പൊതുവികാരമാണ്. ഇതരസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞായാലും സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തില്പെട്ടവരായാലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കാനാവില്ല. ആലുവയില്‍ അതിനിഷ്ഠുരമായ അതിക്രമങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചത് ആശ്വാസകരമാണ്.
ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ജനപ്രതിനിധികളും പൊലീസും നാടുമുഴുവനും ആ കുടുംബത്തെ ചേര്‍ത്തുപിടിച്ചത് മാനവികതയുടെ ഹൃദയങ്ഗമ ആര്‍ദ്രതയോടെയാണ്.
ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ കേരളം അനുവദിക്കില്ല എന്ന രാഷ്ട്രീയ പ്രഖ്യാപനത്തെക്കാള്‍ ശ്രേഷ്ഠവും ശ്രേയസ്കരവുമാണ് സമൂഹത്തിന്റെ കരുതലും ജാഗ്രതയും.
ജമ്മു-കശ്മീരിലെയും ഉത്തര്‍പ്രദേശിലെയും രണ്ടു ബാലികാപീഡനകേസുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ കോളിളക്കങ്ങളെ തുടര്‍ന്ന്, 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തിനു വിധേയരാക്കുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്കാന് കോടതികളെ അനുവദിക്കുന്ന ഓര്‍ഡിനന്‍സ് 2018-ല്‍ കേന്ദ്ര മന്ത്രിസഭ കൊണ്ടുവന്നപ്പോഴും, പിന്നീട് കേവലം നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ 2019-ല്‍ പോക്സോ നിയമത്തില്‍ അഞ്ച് ഭേദഗതികള്‍ പാര്‍ലമെന്റ് അംഗീകരിച്ചപ്പോഴും രാജ്യത്ത് ബാലനീതിയും കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പല പ്രമുഖ നിയമവിദഗ്ധരും സാമൂഹിക സംഘടനകളും വധശിക്ഷാ വ്യവസ്ഥയെ എതിര്‍ക്കുകയുണ്ടായി. കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഏറെയും നടക്കുന്നത് ഗാര്‍ഹിക അന്തരീക്ഷത്തിലാണെന്നും, വധശിക്ഷയുടെ ഭീഷണി മൂലം ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാതിരിക്കാനുള്ള സമ്മര്‍ദങ്ങള്‍ ഏറുമെന്നു മാത്രമല്ല, ഇരകള്‍ കൊല്ലപ്പെടാനുള്ള സാധ്യതയും വര്‍ധിക്കുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്തെ ബലാത്സംഗകേസുകളിലെ പ്രതികളില്‍ 95 ശതമാനവും ഇരകളുടെ ബന്ധത്തില്‍പെട്ടവരോ പരിചയവലയത്തില്പെട്ടവരോ ആണ്. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ 24 ശതമാനം കുറ്റവാളികള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്; പോക്സോ കേസുകളില്‍ 20 ശതമാനവും. ചൈന, ഖത്തര്‍, യുഎഇ, കുവൈത്ത്, ബംഗ്ലാദേശ്, സുഡാന്, തജികിസ്ഥാന്‍, ട്യൂണീഷ്യ തുടങ്ങി 13 രാജ്യങ്ങളില്‍ മാത്രമേ കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നുള്ളൂ എന്നും രാജ്യാന്തര നിരീക്ഷകര്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇരകള്‍ക്ക് നിര്‍ഭയം കുറ്റകൃത്യം റിപ്പോര്‍ട്ടു ചെയ്യാനുള്ള സാഹചര്യം, സാക്ഷികളുടെ സംരക്ഷണം, കൗണ്‍സലിങ്ങിനും നിയമസഹായത്തിനും മെഡിക്കല്‍ സഹായത്തിനുമുള്ള സംവിധാനം, ഇരകള്‍ക്ക് അഭയസങ്കേതവും മതിയായ നഷ്ടപരിഹാരവും പുനരധിവാസവും, സമയബന്ധിതമായ നീതിനടത്തിപ്പ് എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്.
വധശിക്ഷ ഏതെങ്കിലും തരത്തില്‍ ഇത്തരം അതിക്രമങ്ങള്‍ കുറയുന്നതിനോ അവയെ പ്രതിരോധിക്കുന്നതിനോ സഹായകമാകുമെന്ന് തെളിയിക്കുന്ന ഒരു ഡേറ്റയും ലഭ്യമല്ലെന്ന് ഇന്ത്യയിലെ ലോ കമ്മിഷന് 2015-ല്‍ വധശിക്ഷയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭീകരപ്രവര്‍ത്തനത്തിന് ഒഴികെ മറ്റെല്ലാ കേസിലും വധശിക്ഷ ഒഴിവാക്കണമെന്നായിരുന്നു ലോ കമ്മിഷന്റെ നിലപാട്.
രാജ്യത്ത് പോക്സോ നിയമം നടപ്പാക്കിയിട്ട് ദശാബ്ദം പിന്നിട്ടെങ്കിലും കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കുറവൊന്നുമില്ല. കേരളത്തില്‍ 2016 മുതല്‍ 2023 മേയ് വരെ കുട്ടികള്‍ക്കു നേരെയുണ്ടായ അക്രമങ്ങളുടെ എണ്ണം 31,364. ഇക്കാലയളവില്‍ 9,604 കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടന്നു. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 4,586 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ കോടതിവിധി വന്നത് എഴുപതോളം കേസുകളില്‍ മാത്രമാണ്. പ്രതികള്‍ക്കു ശിക്ഷ ലഭിച്ചത് വിരലിലെണ്ണാവുന്ന കേസുകളിലും.
2022-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 165 പേര്‍ക്ക് വിചാരണ കോടതികള്‍ വധശിക്ഷ വിധിച്ചു. 2022 ഡിസംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 539 തടവുകാര്‍ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. ആഗോളതലത്തില്‍ 113 രാജ്യങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കി. 2022 ഡിസംബര്‍ 15ന് യുഎന്നില്‍ 125 രാജ്യങ്ങള്‍ വധശിക്ഷയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ ഇന്ത്യ നിഷേധ വോട്ടു രേഖപ്പെടുത്തി. കേരളത്തില്‍ അവസാനമായി തൂക്കിലേറ്റിയത് റിപ്പര്‍ ചന്ദ്രനെയാണ് – 32 വര്‍ഷം മുന്‍പ്, 1991 ജൂലൈ ആറിന്, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്കി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഏകാന്ത സെല്ലില്‍ അസ്ഫാക് ആലം കഠിനതടവ് ശിക്ഷ അനുഭവിക്കുമ്പോള്‍, ഇതരസംസ്ഥാനക്കാരായ മറ്റ് നാലുപേര്‍ അടക്കം 20 തടവുകാര്‍ കേരളത്തില്‍ വധശിക്ഷ കാത്തുകഴിയുന്നുണ്ട്.
ഘോരമായ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക്, കുടുംബത്തിന്റെ അപരിഹാര്യമായ നഷ്ടത്തിലും തീരാദുഃഖത്തിലും, വ്യക്തികളുടെ ഉല്‍ക്കടമായ ആകുലതയിലും ഹൃദയവ്യഥയിലും നീതിക്കുവേണ്ടിയുള്ള നിലവിളിയിലും, വികാരവിക്ഷോഭങ്ങള്‍ക്ക് കുറച്ചൊക്കെ അറുതിവരുത്താന്‍ പരമാവധി ശിക്ഷാവിധി സഹായകമായേക്കും. എന്നാല്‍ കുറ്റവും ശിക്ഷയും, നന്മയും തിന്മയും, പാപവും വീണ്ടെടുപ്പും, നീതിയും കാരുണ്യവും സംബന്ധിച്ച കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടുകളില്‍, ദൈവികദാനമായ ജീവന്റെ പവിത്രതയ്ക്കും അലംഘനീയതയ്ക്കും മനുഷ്യവ്യക്തിയുടെ അന്തസ്സിനും എതിരാണ് വധശിക്ഷ.
എത്ര വലിയ തിന്മ ചെയ്ത ഒരാളാണെങ്കിലും, എത്ര ക്രൂരമായ കുറ്റകൃത്യമാണെങ്കിലും, ഏതു സാഹചര്യത്തിലും നിരുപാധികം ജീവനുവേണ്ടി നിലകൊള്ളാനാണ് കിസ്തുവിന്റെ ശിഷ്യരും പ്രേഷിതരുമായ ഓരോരുത്തരെയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ ആഹ്വാനം ചെയ്തത് (എവാഞ്ജേലിയും വീത്തെ, 1995). മനുഷ്യജീവനു ഗുരുതരമായ ഭീഷണി നേരിടുമ്പോള്‍, സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ മറ്റൊരു വഴിയുമില്ലെങ്കില്‍ മാത്രമേ വധശിക്ഷയെക്കുറിച്ച് ചിന്തിക്കാവൂ. ജീവനെടുക്കാതെതന്നെ സമൂഹത്തിന് സുരക്ഷ ഉറപ്പാക്കാനാകുമെങ്കില്‍ അങ്ങനെ ചെയ്യണം.
2018-ല്‍ പ്രസിദ്ധീകരിച്ച റോമന്‍ കത്തോലിക്കാ സഭയുടെ മതബോധനത്തിന്റെ പരിഷ്കരിച്ച പതിപ്പിലും, മനുഷ്യവ്യക്തിയുടെ അന്തസ്സിനും ജീവന്റെ അലംഘനീയതയ്ക്കും നേരെയുള്ള ആക്രമണം എന്നാണ് വധശിക്ഷയെ വിശേഷിപ്പിക്കുന്നത്. ഏതൊരു സാഹചര്യത്തിലും അത് അസ്വീകാര്യമാണ്. ഫ്രാന്‍സിസ് പാപ്പാ 2020 ഒക്ടോബറില്‍ ഇറക്കിയ ഫ്രത്തേല്ലി തൂത്തി (സോദരര്‍ സര്‍വരും) എന്ന ചാക്രികലേഖനത്തില്‍ പറയുന്നു: വധശിക്ഷ അസ്വീകാര്യമാണെന്ന നിലപാടില്‍ നിന്ന് സഭയ്ക്കു പിന്മാറാനാവില്ല. ആഗോളതലത്തില്‍ വധശിക്ഷ നിര്‍ത്തലാക്കാനുള്ള പരിശ്രമങ്ങളില്‍ സഭ പ്രതിജ്ഞാബദ്ധമാണ്. വധശിക്ഷയെക്കുറിച്ച് അതില്‍ 12 തവണ പരാമര്‍ശിക്കുന്നുണ്ട്. പ്രതികാരത്തിനും പീഡനങ്ങള്ക്കുമായി വധശിക്ഷ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും, നീതിന്യായ സംവിധാനത്തില്‍ വീഴ്ച പറ്റാനുള്ള സാധ്യതയെക്കുറിച്ചും അതില്‍ പറയുന്നു.
ഇരകള്‍ക്ക് നീതി ലഭിക്കുക എന്നതിനെക്കാള്‍ പ്രതികാരദാഹം തീര്‍ക്കാനുള്ള ഉപാധിയാവുകയാണ് പലപ്പോഴും വധശിക്ഷ. അത് മരണത്തിന്റെ സംസ്കാരമാണ്.
നമുക്ക് ജീവന്റെ സംസ്കാരം തിരഞ്ഞെടുക്കാം. ”ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്പില് വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന് തിരഞ്ഞെടുക്കുക” (നിയമാവര്‍ത്തനം 30: 19).