കുടിയേറ്റ മേഖലകളില്‍ പതിറ്റാണ്ടുകളായി കൃഷിയിറക്കിവരുന്ന കൈവശഭൂമി സ്വന്തം പേരില്‍ പതിച്ചുകിട്ടാനുള്ള നിയമ തടസങ്ങള്‍ നീങ്ങുന്നതിന്റെ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് കേരളത്തിലെ മലയോരപ്രദേശങ്ങളിലെ ജനങ്ങള്‍. ഇടുക്കിയിലും മറ്റും 67 വര്‍ഷമായി പട്ടയത്തിനായി കാത്തിരിക്കുന്നവരുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് പാര്‍ലമെന്റ് ‘വനസംരക്ഷണ സംവര്‍ധന അധിനിയമം” എന്ന പേരില്‍ പാസാക്കിയ കേന്ദ്ര വനസംരക്ഷണ ഭേദഗതി നിയമം ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാക്കുന്നതിന് പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്കായുള്ള കേന്ദ്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിനെ തുടര്‍ന്ന്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ജനവാസമേഖകളായി മാറിയ വനഭൂമി പതിച്ചുകൊടുക്കാന്‍ റവന്യു വകുപ്പ് നടപടികള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ.
മലയോരത്തെ ജനവാസകേന്ദ്രങ്ങളില്‍ തലമുറകളായി അധിവസിച്ച് കൃഷിചെയ്തുവരുന്നതാണെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ വനഭൂമി എന്നു രേഖപ്പെടുത്തിയതുകൊണ്ട് ഉടമകള്‍ക്ക് സ്വന്തമാക്കാന്‍ കഴിയാതിരുന്ന ഭൂമി അവരുടെ പേരില്‍ എഴുതിക്കൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 1980-ലെ വനസംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 2023-ലെ പുതിയ ‘അധിനിയമം.’ 1996 ഡിസംബര്‍ 12നു മുന്‍പ് ഏതെങ്കിലും ഉത്തരവനുസരിച്ച് വനഭൂമി മറ്റാവശ്യങ്ങള്‍ക്കു കൈമാറിയിട്ടുണ്ടെങ്കില്‍, റവന്യു രേഖകളില്‍ വനം എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് പതിച്ചുനല്‍കുന്നതിന് വനേതര ഭൂമിയായി പ്രഖ്യാപിക്കലോ കേന്ദ്ര അനുമതിയോ ആവശ്യമില്ലെന്ന് പുതിയ നിയമഭേദഗതിയില്‍ വ്യക്തമാക്കുന്നു. ഭൂവുടമകള്‍ക്ക് തരംമാറ്റിയ വനഭൂമി ഉപയോഗിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നുണ്ട്. 1927-ലെ ഇന്ത്യന്‍ വനനിയമപ്രകാരമോ 1980-ലെ വനസംരക്ഷണ നിയമം വന്നശേഷമുള്ള സര്‍ക്കാര്‍ രേഖകള്‍ പ്രകാരമോ വനം എന്നു വിജ്ഞാപനം ചെയ്യപ്പെട്ട സ്ഥലത്തിനു മാത്രമായിരിക്കും ഇനി വനസംരക്ഷണ നിയമം ബാധകമാവുക.
നീലഗിരി കാടുകളില്‍ നിന്ന് ചന്ദനതടിയും മറ്റും കടത്തുന്നതും വനനശീകരണവും തടയുന്നതിന് ടി.എന്‍ ഗോദവര്‍മ്മന്‍ തിരുമുല്പാട് സമര്‍പ്പിച്ച ഹര്‍ജി ദേശീയ വനനയവുമായി ബന്ധപ്പെടുത്തി വനസംരക്ഷണത്തിന്റെ വിശാലമായ പരിപ്രേക്ഷ്യത്തില്‍ പരിഗണിച്ച സുപ്രീം കോടതി 1996 ഡിസംബര്‍ 12-ലെ സുപ്രധാന വിധിയില്‍ ‘വനം’ നിര്വചിക്കുന്നത്തിന്റെ വ്യാപ്തി വികസിപ്പിച്ചതിനെ മറികടക്കാനാണ് 2023-ലെ നിയമഭേദഗതിയിലൂടെ മോദി ഗവണ്മെന്റ് ശ്രമിച്ചത്. സര്‍ക്കാര്‍ രേഖകളില്‍ വനം എന്നു രേഖപ്പെടുത്തപ്പെട്ട ഏത് പ്രദേശവും ഉടമസ്ഥത പരിഗണിക്കാതെ തന്നെ വനമായി പരിഗണിക്കണം എന്നായിരുന്നു സുപ്രീം കോടതി വിധി. റവന്യു വകുപ്പ് വനം എന്നു രേഖപ്പെടുത്തിയ പ്രദേശം വനേതരഭൂമിയായി പ്രഖ്യാപിക്കാത്തിടത്തോളം കാലം പതിച്ചുകൊടുക്കാനാവില്ല. അങ്ങനെ വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. ഒരേക്കറിന് കേന്ദ്രാനുമതി ലഭിക്കാന്‍ വനവത്കരണത്തിനായി സംസ്ഥാനം രണ്ട് ഏക്കര്‍ വനം വകുപ്പിന് വിട്ടുനല്‍കണം എന്നായിരുന്നു വ്യവസ്ഥ.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ രാജ്യം കൊടുംപട്ടിണിയിലേക്കു നീങ്ങുന്നതു തടയാന്‍ 1948-ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘അധിക ഭക്ഷണം ഉത്പാദിപ്പിക്കൂ’ എന്ന ദേശീയ യജ്ഞത്തിന്റെ ഭാഗമായാണ് കുടിയേറ്റ കര്‍ഷകര്‍ക്ക് ഇടുക്കി, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളിലായി വനഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്കായി വിട്ടുകൊടുത്തത്. ഇതു സംബന്ധിച്ച് കൃഷി വകുപ്പിന്റെ ഉത്തരവുകളുണ്ട്. കാടിനോടും വന്യജീവികളോടും പ്രതികൂല കാലാവസ്ഥയോടും പടവെട്ടി സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയ്ക്കായി കാര്‍ഷികോത്പാദനത്തിലും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലും അതിശയകരമായ മാറ്റംവരുത്തിയ മലയോര കുടിയേറ്റ കര്‍ഷകര്‍ക്ക് കൈവശഭൂമിയില്‍ നിയമപരമായ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാന്‍ നേരിടേണ്ടിവന്ന അനേകം കടമ്പകളിലൊന്നായിരുന്നു 1980-ലെ വനസംരക്ഷണ നിയമത്തില്‍ വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി ഉപയോഗിക്കുന്നതു സംബന്ധിച്ച രണ്ടാം സെക്ഷന്‍ 1996-ല്‍ സുപ്രീം കോടതി നല്കിയ വ്യാഖ്യാനം. 1980 ഒക്ടോബര്‍ 25നു മുന്‍പ് വനഭൂമി എന്ന് രേഖപ്പെടുത്തിയതാണെങ്കിലും വനഭൂമിയായി വിജ്ഞാപനം ചെയ്യപ്പെടാത്ത പ്രദേശം, 1996 ഡിസംബര്‍ 12നു മുന്‍പ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയ പ്രദേശം എന്നിവയെ വനസംരക്ഷണ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കുന്നു എന്നതാണ് 2023-ലെ സുപ്രധാന ഭേദഗതി.
റോഡുകള്‍, അടിസ്ഥാനസൗകര്യവികസനം, ടൂറിസം തുടങ്ങി മലയോര മേഖലയില്‍ വനഭൂമിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ക്ക് വഴിയൊരുക്കുന്നതാണെങ്കിലും, ഈ നിയമഭേദഗതിയെ കേരളത്തിലെ വനം വകുപ്പും പരിസ്ഥിതിവിദഗ്ധരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി ഭരണകൂടങ്ങളും എന്‍ഡിഎ സഖ്യകക്ഷികളുമടക്കം ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ശക്തമായി എതിര്‍ക്കുകയുണ്ടായി. കഴിഞ്ഞ മാര്‍ച്ചില്‍ ലോക്സഭയില്‍ ആദ്യം അവതരിപ്പിച്ച ബില്ല് പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്കു (ജെപിസി) വിട്ടതിനെ തുടര്‍ന്ന്, വനം, വന്യജീവി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളത്തിന്റെ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രകൃതി ശ്രീവാസ്തവ, ദേശീയ വന്യജീവി സംരക്ഷണ ബോര്‍ഡ് സ്ഥിരംസമിതി മുന്‍ അംഗം പ്രേരണ സിങ് ബിന്ദ്രയ്ക്കൊപ്പം തയാറാക്കിയ കുറിപ്പില്‍ ജെപിസിയെ ബോധിപ്പിച്ചു.
ബില്ലിനോടുള്ള രാഷ്ട്രീയ എതിര്‍പ്പ് പ്രശ്നം സൃഷ്ടിക്കും എന്നതിനാലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന കോണ്‍ഗ്രസ് എംപി ജയറാം രമേശിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്റിലെ ശാസ്ത്രസാങ്കേതിക, പരിസ്ഥിതി, വന, കാലാവസ്ഥ വ്യതിയാന സ്ഥിരം സമിതിക്കു വിടാതെ, ബില്ല് ബിജെപി എംപി രാജേന്ദ്ര അഗ്രവാളിന്റെ അധ്യക്ഷതയിലുള്ള 31 അംഗ പാര്‍ലമെന്ററി സംയുക്ത സമിതിക്കു വിട്ടത്. 21 ലോക്സഭാംഗങ്ങളും 10 രാജ്യസഭാംഗങ്ങളുമുള്ള ജെപിസിയില്‍ 18 പേര് ബിജെപിക്കാരായിരുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളും ഗോത്രവര്‍ഗ പ്രതിനിധികളും പരിസ്ഥിതിപ്രവര്ത്തകും നിയമവിദഗ്ധരും ശാസ്ത്രജ്ഞരും സംഘടനകളുമൊക്കെയായി സമര്‍പ്പിച്ച 1,300 നിവേദനങ്ങളിലെ എതിരഭിപ്രായങ്ങളില്‍ ഒന്നുപോലും കൈക്കൊള്ളാതെ ജെപിസി ആ ബില്ല് അക്ഷരംപ്രതി അംഗീകരിച്ച് തിരിച്ചയക്കുകയാണുചെയ്തത്. ജെപിസിയിലെ ആറ് അംഗങ്ങളുടെ വിയോജനക്കുറിപ്പും ആരും പരിഗണിച്ചില്ല.
മണിപ്പുരിലെ വംശീയ കലാപത്തോടുള്ള പ്രധാനമന്ത്രി മോദിയുടെ നിസ്സംഗതയും ദുരൂഹമായ മൗനവും ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍ ബിജെപി ഭരണകൂടത്തിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുകയും അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും ചെയ്ത കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തിലെ അഭൂതപൂര്‍വമായ കോലാഹലങ്ങള്‍ക്കിടയില്‍ ഒരു ചര്‍ച്ചയും കൂടാതെയാണ് തികച്ചും ഏകപക്ഷീയമായി 2023-ലെ വനസംരക്ഷണ സംവര്‍ധന അധിനിയമം പാസാക്കിയത്. ജൈവവൈവിധ്യ ഭേദഗതി ബില്ലും, തീരമേഖലയെ ബാധിക്കുന്ന പുറംകടലിലെ ധാതുഖനന വികസന ഭേദഗതി ബില്ലും, ഖനികളും ധാതുക്കളും സംബന്ധിച്ച ഭേദഗതി ബില്ലും ഇതേമട്ടില്‍ പ്രതിപക്ഷത്തിന്റെ ഇടപെടലൊന്നുമില്ലാതെ ഒറ്റയടിക്ക് പാസാക്കി.
രാജ്യാന്തര അതിര്‍ത്തിയിലോ നിയന്ത്രണരേഖയിലോ നിന്ന് നൂറു കിലോമീറ്റര്‍ പരിധിയില്‍ ഹൈവേ, റെയില്‍വേ, ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ പദ്ധതികള്‍ എന്നിവയ്ക്കായി വനഭൂമി ഉപയോഗിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ക്ലിയറന്‍സ് ആവശ്യമില്ല എന്ന നിയമഭേദഗതിയെ വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപി ഭരിക്കുന്ന ത്രിപുര, സിക്കിം എന്നിവയും ബിജെപി സഖ്യകക്ഷികള്‍ ഭരിക്കുന്ന മിസോറം, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവയും എതിര്‍ക്കുന്നു. ഇന്ത്യ-ബര്‍മ്മ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടില്‍ വരുന്ന ഈ നൂറു കിലോമീറ്റര്‍ പരിധിയില്‍ ചില സംസ്ഥാനങ്ങളുടെ മൊത്തം ഭൂവിസ്തൃതിയും ഉള്‍പ്പെടുന്നു.
നാഗാ, മിസോ ഗോത്രമേഖലയില്‍ ഭൂമികൈമാറ്റം, പ്രകൃതിവിഭവങ്ങളുടെ മേലുള്ള അവകാശം തുടങ്ങി ഭരണഘടനയുടെ സംരക്ഷണമുള്ള പാരമ്പര്യ അവകാശങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് കേന്ദ്രത്തിന്റെ പുതിയ അധിനിയമം എന്ന് മിസോറം, നാഗാലാന്‍ഡ് നിയമസഭകള്‍ പ്രമേയം പാസാക്കി.
ധാതുഖനികള്‍, ജലവൈദ്യുത പദ്ധതികള്‍, പ്രതിരോധ വകുപ്പിനായുള്ള അടിസ്ഥാന സൗകര്യങ്ങളും തന്ത്രപ്രധാനമായ നിര്‍മിതികളും, ഹൈവേകള്‍, റെയില്‍വേ, കോര്‍പറേറ്റ് പ്ലാന്റേഷനുകള്‍ തുടങ്ങിയവയ്ക്കായി ആദിവാസികളുടെ പാരമ്പര്യ വാസസ്ഥലങ്ങളും ഉപജീവന സ്രോതസുകളും വന്‍തോതില്‍ കവര്‍ന്നെടുക്കാനുള്ള നീക്കമായാണ് മോദി ഗവണ്മെന്റിന്റെ വനനിയമഭേദഗതിയെ അതിര്‍ത്തി സംസ്ഥാനങ്ങളിലെ പലരും വിലയിരുത്തിയത്. ജൈവവൈവിധ്യ നിയമം (2002), ആദിവാസികളുടെയും ഗോത്രവര്‍ഗക്കാരുടെ ഗ്രാമസഭകളുടെയും അധികാരം നിര്‍ണയിക്കുന്ന വനാവകാശനിയമം (2006) എന്നിങ്ങനെയുള്ള പല സുപ്രധാന നിയമങ്ങളെയും ഇത് അട്ടിമറിക്കുന്നുവെന്ന് വിമര്‍ശമുയര്‍ന്നിരുന്നു.
നാഗാലാന്‍ഡിലും മറ്റും ജൈവവൈവിധ്യ പ്രാധാന്യമുള്ള വനഭൂമിയില്‍ പതഞ്ജലി, ഗോദ്റേജ് അഗ്രോവെറ്റ് തുടങ്ങിയ കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ക്ക് വന്‍ ആനുകൂല്യങ്ങളോടെ വാണിജ്യ പ്ലാന്റേഷനുകള്‍ വികസിപ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആറു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിക്കിമിന്റെ ഭൂവിസ്തൃതിയെക്കാള്‍ വലുപ്പത്തില്‍ എണ്ണപ്പന പ്ലാന്റേഷന് വ്യാപിപ്പിക്കാന്‍ ഭക്ഷ്യഎണ്ണയ്ക്കായുള്ള നാഷണല്‍ മിഷന് 11,000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോള്‍ മൂന്നര ലക്ഷം ഹെക്ടറില്‍ ഓയില്‍ പാം തോട്ടങ്ങളായിട്ടുണ്ട്. 2029-30ല്‍ 28 ലക്ഷം ടണ്‍ അസംസ്കൃത പാമോയില്‍ ഉത്പാദനമാണ് ലക്ഷ്യം വയ്ക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ ബോര്‍ഡ് പുതുകൃഷിക്കും ആവര്‍ത്തന കൃഷിക്കും ഹെക്ടറിന് 40,000 രൂപ സബ്സിഡി അനുവദിക്കുന്നത് തോട്ടം ഉടമകളായ രാജ്യത്തെ വന്‍കിട ടയര്‍ കമ്പനികള്‍ക്കാണ്. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി 25,000 രൂപ മാത്രം. തോട്ടവിള മേഖലയെ കുത്തകകള്‍ക്കു തീറെഴുതുന്നത് ഇങ്ങനെയൊക്കെയാണ്.
രാജ്യാന്തര കാലാവസ്ഥാ ഉടമ്പടിയുടെ ഭാഗമായി ഇന്ത്യ 2.60 കോടി ഹെക്ടര്‍ വനഭൂമി വീണ്ടെടുത്ത് പൂര്‍വസ്ഥിതിയിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. 2030 ആകുമ്പോഴേക്കും 250 – 300 കോടി ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കാര്‍ബണ്‍ സിങ്ക് ആകേണ്ടതാണ് ഈ വനങ്ങള്‍. ഇന്ത്യയിലെ വന സര്‍വേയുടെ 2021-ലെ സ്റ്റേറ്റ് ഓഫ് ഇന്ത്യ ഫോറസ്റ്റ് റിപ്പോര്‍ട്ടില്‍ രാജ്യത്തെ വനവിസ്തൃതിയില്‍ 1,540 ചതുരശ്ര കിലോമീറ്റര്‍ വര്‍ധനയുണ്ട്. എന്നാല്‍ തുറന്ന വനങ്ങളും കാര്‍ഷിക മേഖലയും സ്വകാര്യ പ്ലാന്റേഷനുകളും ഉള്‍പ്പെടുന്ന ഡേറ്റയാണിത്. ഇവ കാര്‍ബണ്‍ ആഗിരണം ചെയ്യുമെങ്കിലും നിബിഡവനഭൂമിയുടെ നഷ്ടത്തിനു പരിഹാരമാകുന്നില്ല.
ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും സിക്കിമിലെയും മിന്നല്‍പ്രളയങ്ങളും പ്രകൃതിക്ഷോഭങ്ങളും രാജ്യത്തെ നടുക്കുമ്പോഴും, രാജ്യത്ത് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുണ്ടായത് കേരളത്തിലാണെന്നത് അറബിക്കടലിലോ ബംഗാള്‍ ഉള്‍ക്കടലിലോ ന്യൂനമര്‍ദവും ചക്രവാതച്ചുഴിയും ചുഴലിക്കാറ്റും രൂപംകൊള്ളുന്ന ഓരോ തീവ്രമഴക്കാലത്തും നാം ഓര്‍ക്കും. 2015 – 2022 കാലയളവില്‍ രാജ്യത്ത് വലിയ തോതിലുള്ള 3,782 മണ്ണിടിച്ചിലുണ്ടായി; ഇതില്‍ 2,239 എണ്ണവും (59.2%) കേരളത്തിലായിരുന്നു. 2018 ഓഗസ്റ്റിലെ പെരുമഴക്കാലത്ത് കേരളത്തിലെ 10 ജില്ലകളിലായി 341 ഉരുള്‍പൊട്ടലുണ്ടായി – ഇടുക്കിയില്‍ 143 ഉരുള്‍പൊട്ടലുകളില്‍ മരണസംഖ്യ 104 ആയിരുന്നു.
സംസ്ഥാനത്തെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡാഷ്ബോര്‍ഡില്‍ 598 പാറമടകള്‍ അടക്കമുള്ള 643 ക്വാറികളുടെയും 642 ക്രഷര്‍ യൂണിറ്റുകളുടെയും 1,433 മിനറല്‍ ഡിപ്പോകളുടെയും കണക്ക് കാണാം.
എന്നാല്‍ മൂന്നു വര്‍ഷം മുന്‍പ് പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ സംസ്ഥാനത്ത് 7,157 ഹെക്ടര്‍ വിസ്തൃതിയില്‍ 5,924 കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. പുതിയ നിയമഭേദഗതിയുടെ മറവില്‍ ക്വാറികളുടെ എണ്ണം കൂടും.
വനഭൂമിയില്‍ ഇക്കോടൂറിസം, സഫാരി, മൃഗശാല, റോഡുകള്‍, അടിസ്ഥാനസൗകര്യ വികസനം, കോര്‍പറേറ്റ് പ്ലാന്റേഷനുകള്‍ തുടങ്ങി വന്‍ വികസന പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതോടൊപ്പം പാറമടകളും റിയല്‍ എസ്റ്റേറ്റും വന്യജീവികളുടെയും ആദിവാസികളുടെയും ആവാസവ്യവസ്ഥകളും വനസംരക്ഷണ നിയമത്തിന്റെ പരിധിക്കു പുറത്താകും. ആനത്താരകളില്‍ കോര്‍പറേറ്റ് ഭീമന്മാര് സൈ്വരവിഹാരം നടത്തുമ്പോള്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ പെരുകാതിരിക്കുന്നതെങ്ങനെ? പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള അത്യപൂര്‍വമായ മിറിസ്റ്റിക്ക ചതുപ്പുകള്‍ക്കും തീരപ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ക്കും ഒരു പരിരക്ഷയുമില്ലാത്ത ദുരവസ്ഥയില്‍, വരാനിരിക്കുന്ന കൊടുംനാശത്തെക്കുറിച്ച് വിലപിക്കുന്നവര്‍ രാഷ്ട്രീയ ഭീഷണിയില്ലാത്ത ഏത് ഉള്‍വനങ്ങളില്‍ പോയൊളിക്കാനാണ്?