‘ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പ്രസംഗങ്ങള്‍’ എന്ന പുസ്തകം പ്രസംഗങ്ങളുടെ സമാഹാരം മാത്രമല്ല, 30 വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖകള്‍ തന്നെയാണ്. ആ കാലമാകട്ടെ, കേരളം എന്ന സംസ്ഥാനം രൂപപ്പെടുന്നതിനു മുന്‍പും അതിനുശേഷവുമുള്ള കാലമാണ്.
പുസ്തകങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടയില്‍ അമൂല്യമായ ഒരു നിധി കണക്കേ എനിക്ക് ഒരു പുസ്തകം ലഭിച്ചു: “ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പ്രസംഗങ്ങള്‍.’
വിവിധ കാലങ്ങളില്‍, വിവിധ വിഷയങ്ങളില്‍ വരാപ്പുഴ അതി രൂപതയുടെ ആദ്യത്തെ തദ്ദേശീയ നായ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റി നടത്തിയ 73 പ്രസംഗങ്ങളുടെ സമാഹാരം. ദൈ വദാസന്‍ ജോസഫ് അട്ടിപ്പേറ്റിയുടെ ചിന്തകളും ദര്‍ശനങ്ങളും ഈ പ്രസംഗങ്ങളില്‍ തിളങ്ങിനില്ക്കുന്നു.
1933 ജൂണ്‍ 14ന് (90 വര്‍ഷം മുന്‍പ്) റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പതി നൊന്നാം പീയൂസ് പാപ്പായാണ് ആദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തത്. അതിനുശേഷമുള്ള മുപ്പതു വര്‍ഷക്കാലത്തെ 73 പ്രസംഗങ്ങളാണ് പുസ്തകത്തിലുള്ളത്. 1964 മാര്‍ച്ച് 19ലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തിലാണ് കേരള ടൈംസ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
കേരള ടൈംസ് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമെന്ന ചരിത്രഖ്യാതിയും ഇതിനുണ്ട്.
ആരാണ് സമാഹരിച്ചത് എന്നു പറഞ്ഞിട്ടില്ലെങ്കിലും പ്രസാധകര് നിര്‍മല പ്രസ്, കേരള ടൈംസ്, എറണാകുളം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാനേജറുടെ പ്രസ്താവനയില്‍ പുസ്തകമാക്കുന്നതിന് സഹകരിച്ച രണ്ടു പേരുടെ പേര് പ്രത്യേകം എടു ത്തുപറയുന്നുണ്ട് – കേരള ടൈംസ് പത്രാധിപസമിതി അംഗമായിരുന്ന സി.എല്‍ ജോര്‍ജിന്റെയും ഭാഷാ പരിശോധന നടത്തിയ സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ അധ്യാപകന് ജോസഫ് മാടപ്പള്ളിയുടെയും. അസാമാന്യ സര്‍ഗ്ഗശേഷിയുള്ള പത്രപ്രവര്‍ത്തക നായിരുന്നു പെരുമ്പടപ്പ് സ്വദേശിയായിരുന്ന സി.എല്‍ ജോര്‍ജ്. അദ്ദേഹത്തിന്റെ സവിശേഷ ഇടപെടല്‍ പുസ്തകത്തിലുണ്ട് എന്നതിന് തെളിവാണ് ആറു ഭാഗങ്ങളുള്ള പുസ്തകവിന്യാസം.
ദൈവാലയവും വൈദികരും, വിദ്യാഭ്യാസവും വിദ്യാലയവും, ഭക്തസംഘടനകള്‍, മതവി ജ്ഞാനീയം, സാമൂഹ്യ രംഗങ്ങളില്‍, തൊഴില്‍ രംഗങ്ങളില്‍ എന്നിങ്ങനെ ആറു ഭാഗങ്ങളിലാണ് 73 പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വായനക്കാര്‍ക്കുവേണ്ടി വിഷയത്തിന്റെ ഒരു അനുക്രമണിക ചേര്‍ത്തിട്ടുള്ളത് പുസ്തകത്തിന്റെ പ്രത്യേകതയാണ്. പ്രസംഗം നടത്തിയ തീയതിയും സ്ഥലവും ഇതിലുണ്ട്. ഒരോ പ്രസംഗത്തിനും നല്‍കിയിട്ടുള്ള ശീര്‍ഷകങ്ങളും ആകര്‍ഷകങ്ങളാണ്.
മെത്രാനായി അഭിഷിക്തനായതിനുശേഷം റോമില്‍ നിന്ന് തിരിച്ചെത്തിയ അട്ടിപ്പേറ്റി പിതാവിന് മാതൃ ഇടവകയായ ഓച്ചംതുരുത്തില് നല്കിയ സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തോ ടെയാണ് പുസ്തകം ആരംഭിക്കു ന്നത്. “പ്രസാദവരം പ്രകൃതിയെ നശിപ്പിക്കുകയല്ല, ഉയര്‍ത്തുകയാണ് ചെയ്യുന്നത്” എന്ന വാക്യത്തോടെയാണ് ആ പ്രസംഗം ആരംഭിക്കുന്നത്. വിശുദ്ധിയുടെ പാതയില്‍ നടന്ന ഇടയന് ജീവിതം മുഴുവന്‍ കാത്തുസൂക്ഷിച്ച ദര്‍ശനത്തിന്റെ പൊരുള്‍.
മെത്രാപ്പോലീത്തമാരുടെ സ്ഥാനികവസ്ത്രം, പാലിയം, 1935 ജൂലൈ 25ന് എറണാകുളത്ത് വച്ചാണ് അട്ടിപ്പേറ്റി പിതാവ് സ്വീകരിച്ചത്. 1947-നു മുന്‍പ് പാപ്പായുടെ ഇന്ത്യയിലെ നയതന്ത്ര പ്രതിനി ‘ലേഗാദ് അപ്പസ്തോലിക്ക’ എന്നാണ് വിളിച്ചിരുന്നത്. അന്നത്തെ ലേഗാദ് അപ്പസ്തോലിക്കയാണ് സ്ഥാനികവസ്ത്രം ധരിപ്പിച്ചത്. റോമില്‍ നടന്ന മെത്രാഭിഷേക ചടങ്ങ് ദര്‍ശിക്കാന്‍ കഴിയാതെ പോയ തന്റെ അജഗ ത്തിന് സന്തോഷം പകരാന്‍ പാലിയം സ്വീകരണം ഉപകരിച്ചു എന്ന് അന്നത്തെ പ്രസംഗത്തിന് അട്ടിപ്പേറ്റി പിതാവ് പറയുന്നു. തന്റെ മുന്‍ഗാമിയായിരുന്ന ആര്‍ച്ച് ബിഷപ് എയ്ഞ്ചല്‍ മേരിയെ സ്നേഹാദരങ്ങളോടെ ഓര്‍ക്കാനും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനും അദ്ദേഹം നിര്‍ദേശിക്കുന്നു. ‘എല്ലാവര്ക്കും എല്ലാം ആയിത്തീര്‍ന്നു’ എന്ന തന്റെ മുദ്രാവാക്യം അര്‍ഹിക്കുന്ന സഹകരണം എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട് എന്ന വിശദീകരണത്തോടെയാണ് ആ പ്രസംഗം ഉപസംഹരിക്കുന്നത്.
കൊല്ലം രൂപത വിഭജിച്ച് തിരുവനന്തപുരം രൂപത സ്ഥാപിച്ചപ്പോള്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് 1937 ഡിസംബര്‍ 5ന് നടത്തിയ പ്രസംഗം, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി പന്ത്രണ്ടാം പിയൂസ് പാപ്പായെ തിരഞ്ഞെടുത്തപ്പോള്‍ എറണാകുളം നഗരത്തില്‍ നടത്തിയ അനുമോദന സമ്മേളനത്തിലെ “നമുക്കൊരു പാപ്പായുണ്ട്” എന്ന അട്ടിപ്പേറ്റി പിതാവിന്റെ പ്രസംഗം, കൊല്ലം മെത്രാനായിരുന്ന ദൈവദാസന് ആര്‍ച്ച് ബിഷപ് ബെന്‍സിഗറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ചേര്‍ന്ന സമ്മേളനത്തിലെ പ്രസംഗം, തൈക്കുടം പള്ളിയുടെ ശതാബ്ദി ആഘോഷത്തില്‍ നടത്തിയ അധ്യക്ഷ പ്രസംഗം (1944 ഫെബ്രുവരി 5), ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ 40 മണി ആരാധനയുടെ സമാ പനത്തില്‍ നടത്തിയ പ്രസംഗം (1949 ഏപ്രില്‍ 3), വിശുദ്ധ ക്ലാരയുടെ ഏഴാം ശതാബ്ദി ആഘോഷം ആലുവ അസ്സീസി ക്ലാര മഠത്തില്‍ ആഘോഷിച്ചപ്പോള്‍ നടത്തിയ അധ്യക്ഷ പ്രസംഗം (1953 ഓഗസ്റ്റ് 12), തിരുവല്ലയില്‍ നടന്ന മലങ്കര സഭയുടെ പുനരൈക്യ രജതജൂ ബിലി ആഘോഷത്തില്‍ (1955 സെപ്തംബര്‍ 18) നടത്തിയ പ്രസംഗം – ഇവയൊക്ക ഒന്നാംഭാഗത്തെ സമ്പന്നമാക്കുന്നു.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രസംഗങ്ങളാണ് രണ്ടാം ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാലയങ്ങളുടെ പ്രസക്തി, പാഠപുസ്തകങ്ങള്‍, സന്മാര്ഗ്ഗാധി ഷ്ഠിത പ്രബോധനം, സ്വാശ്രയ ശീലം, രക്ഷകര്‍ത്താക്കള്‍ക്ക് സംഘടന, വിദ്യാലങ്ങളുടെ പരിശുദ്ധി എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. യുവജനങ്ങളുടെ പരിശീലനം, ദരിദ്രരുടെയും അഗതികളുടെയും സംരക്ഷണം തുടങ്ങി ഭക്തസംഘടനകളുടെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്നു മൂന്നാം ഭാഗത്ത്.
മതവിജ്ഞാനീയത്തിലാണ് നാലാം ഭാഗത്തെ പ്രസംഗങ്ങള്‍. കത്തോലിക്കാ നേതൃത്വ പരിശീലനകളരി, വിശ്വാസം പകര്‍ന്ന വിശുദ്ധന്മാര്, മരിയവത്സരത്തിന്റെ മഹിമ, മതപഠന ത്തിന്റെ ആവശ്യകത, മതവിജ്ഞാനത്തിന്റെ ആവശ്യകത, അള്ത്താരബലിയും കത്തോലിക്കാ ജീവിതവും, വിശ്വാസം വിജ്ഞാനത്തിലൂടെ എന്നീ പ്രസംഗങ്ങള്‍ ഈ ഭാഗത്തുണ്ട്.
സാമൂഹിക രംഗങ്ങളില്‍ ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റി നടത്തിയ ഇടപെടലുകള്‍ വെളിപ്പെടുത്തുന്നതാണ് പുസ്തകത്തിന്റെ അഞ്ചാം ഭാഗം. അതില്‍ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ദ്വാദശസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് 1938 ഏപ്രില്‍ 27ന് അദ്ദേഹം നടത്തിയ ഉജ്വല പ്രസംഗം വായിക്കാം. ഭാഷാ അടിസ്ഥാനത്തില്‍ കേരളം രൂപികരിക്കേണ്ടതിന്റെ ആവശ്യം അട്ടിപ്പേറ്റി പിതാവ് ഇതില്‍ വ്യക്തമാക്കുന്നു.
‘ഈ സാഹിത്യ ക്ഷേത്രത്തില്‍ ഉല്ഘാടനപൂജ നടത്തുവാന്‍, ഒരു പുരോഹിതാദ്ധ്യക്ഷന് തന്നെ വേണമെന്നു നിശ്ചയിച്ച പരിഷത്ത് പ്രവര്‍ത്തകരുടെ ഉദ്ദേശ്യശുദ്ധിയേയും ഉദാരതയേയും സ്മരിച്ച് ഞാന്‍ അവര്‍ക്ക് ആദ്യമായി നന്ദിപറയുന്നു. രാഷ്ട്രീയമായും സാമുദായികമായും മറ്റും ഭിന്നതാല്പ്പര്യങ്ങളോടുകൂടിയ മലയാളികളെ ഒന്നിച്ചുചേര്‍ക്കുവാന്‍ സാധിക്കുന്ന ഈ സമസ്ത കേരള സാഹിത്യ പരിഷത്തിനെ സാഹോദര്യത്തിന്റെ ഒരു നടന രംഗമായിട്ടാണ് ഞാന്‍ വീക്ഷിക്കുന്നത്. മഹനീയമായ നമ്മുടെ മലയാളരാജ്യം ഭരണകാര്യവശാല് മൂന്നായി മുറിഞ്ഞുകിടക്കുന്നു. രാഷ്ട്രീയമായ ആ വിഭജനത്തിനു പുറമേ, കൂടുതല്‍ അകല്‍ച്ച ഉണ്ടാ ക്കുന്ന പിളര്‍പ്പുകള്‍ വേറെയും പലതുണ്ട്.
കേരളീയരായ നമ്മുടെ സൗഭ്രാത്രത്തിനു ഇനിയുമുള്ള ഏകാവലംബം നമ്മുടെ ഭാഷയാകുന്നു.
ആ ഭാഷാജനനിയുടെ മുമ്പില്‍ ഒന്നിച്ചുകൂടുമ്പോള്‍ മറ്റു കാര്യങ്ങളില്‍ നമ്മെ വിയോജിപ്പിച്ചു നിറുത്തുന്ന മായാമറകളെല്ലാം മാറി സാഹോദര്യം തികച്ചും തെളിഞ്ഞു കാണാറാകുന്നു. അതുകൊണ്ട് ഈ സമസ്ത കേരള സാഹിത്യപരിഷത്ത്, സമസ്ത കേരള സാഹോദര്യ പരിഷത്ത് കൂടിയാണ്. അങ്ങനെ കേരളീയ ജനതയുടെ സാഹിത്യത്തിനും സാഹോദര്യത്തിനും അവലംബമായി നില കൊള്ളുന്നതും നിലകൊണ്ടതുമായ ഈ പരിഷത്ത് സമ്മേളനത്തില്‍ സംബന്ധിച്ച് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ഇവിടെ സമാഗതമാകുന്ന വിദ്യുന്മണികളുടെ സ്വൈരവിഹാരത്തി നായി ഇതിന്റെ കവാടം തുറന്നിടുവാന്‍ എനിക്കു ലഭിച്ച ഈ അവസരം ഞാന്‍ എന്നും സഹര്‍ഷം അനുസ്മരിക്കും.”
കേരളത്തിലെ സാഹിത്യ മുന്നേറ്റങ്ങളോടൊപ്പം പശ്ചാത്യ സാഹിത്യ ചരിത്രവും അദ്ദേഹം പ്രസംഗത്തില്‍ വിശദീകരിക്കുന്നുണ്ട്. ഫ്രാന്‍സില്‍ കര്‍ദിനാള്‍ റിഷ്ല്യൂയുടെ നേതൃത്വത്തില്‍ 1635ല്‍ ആരംഭിച്ച ഫ്രഞ്ച് അക്കാദമിയെ കൂടുതല്‍ പരിചയപ്പെടുത്തികൊണ്ട് അദ്ദേഹം പറയുന്നു: ഫ്രഞ്ചു ഭാഷയില്‍ ഒരു നിഘണ്ടു ഉണ്ടാക്കിയത് ആ അക്കാദമിയാണ്.
“അരിമണിയൊന്നു കൊറിപ്പാനില്ല തരിവളയിട്ടു കിലുക്കാന്‍ മോഹം” എന്ന കുഞ്ചന്‍ നമ്പ്യാ രുടെ വരികളോടെയാണ് പണ ദാരിദ്ര്യമുള്ള പരിഷത്തിനെയും എഴുത്തുകാരെയും സഹായി ക്കേണ്ട സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും ബാധ്യത അദ്ദേഹം വിശദീകരിക്കുന്നത്.
“ഒരു രാജ്യത്തിന്റെ ഉയര്‍ച്ച ആ രാജ്യത്തിന്റെ സാഹിത്യത്തിനു സിദ്ധിക്കുന്ന ഉയര്‍ച്ചയെ ആശ്രയിച്ചിരിക്കുന്നു എന്നുള്ളത് ആരും സമ്മതിക്കും. ബ്രിട്ടീഷ് സാമ്രാജ്യത്തെ പോഷിപ്പിച്ചത് ക്ലൈവും വില്ലിംഗ്ടനും തന്നെയല്ലാ, മില്‍ട്ടനും ഷെയ്ക്സ്പിയറും കൂടിയാണെന്നു മോര്‍ളി പ്രഭു ഒരിക്കല്‍ പറഞ്ഞത് അര്‍ത്ഥവത്താണ്. ഐക്യകേരളത്തിന്റേയും ഐക്യഭാരതത്തിന്റേയും ആദര്‍ശങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, നാം നമ്മുടെ സാഹിത്യസരണികളേയും വീക്ഷണകോണങ്ങളേയും കൂടുതല്‍ വിശാലങ്ങളാക്കിത്തീര്ക്കേണ്ടിയിരിക്കുന്നു. കേരള ത്തിലെ സകല ജനവിഭാഗങ്ങളേയും ഒന്നുപോലെ ആശ്ലേഷിക്കുന്ന പ്രകൃതി നമ്മുടെ സാഹിത്യത്തിനുണ്ടാകാതെ, ഒരു ഐക്യ കേരളം സംസ്ഥാപിക്കുവാന്‍ സാധ്യമല്ല.
മലയാള സാഹിത്യം ഏതെങ്കിലും ചില പ്രത്യേക വര്‍ഗ്ഗക്കാരുടെ വകയാണെന്നുള്ള സങ്കുചിത ബുദ്ധിയും അലംഭാവവും നമ്മെ തീണ്ടരുത്.
മലയാളം നമ്മുടെ മാതൃഭാഷയാണ്, അമ്മയാണ്. ആ അമ്മയെ സേവിക്കുന്നതില്‍ അവളുടെ മക്കളെല്ലാവരും കഴിയുന്നതു യത്നിച്ചിട്ടുണ്ട്; യത്നിക്കു ന്നുമുണ്ട്.” എത്ര പ്രൗഢമായ ചിന്തകള്‍!
അവസാനഭാഗത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍, വ്യവസായവല്‍ക്കരണവും തൊഴിലാളി ക്ഷേമവും, സമുദായ സംഘടനകള്‍, ദാരിദ്ര്യത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളിലുള്ള പ്രസംഗ ങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
‘ആര്‍ച്ച്ബിഷപ് അട്ടി പ്പേറ്റിയുടെ പ്രസംഗങ്ങള്‍’ എന്ന പുസ്തകം പ്രസംഗങ്ങളുടെ സമാഹാരം മാത്രമല്ല, 30 വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖകള്‍ തന്നെയാണ്. ആ കാലമാകട്ടെ, കേരളം എന്ന സംസ്ഥാനം രൂപപ്പെടുന്നതിനു മുന്‍പും അതിനുശേഷവുമുള്ള കാലമാണ്. അതോടൊപ്പം ഒരു വിശുദ്ധ ജീവിതത്തിന്റെ നടപ്പാതകള്‍ അതിലുണ്ട്. അതുകൊണ്ടുതന്നെ ഈ പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നത് ഉചിതമായിരിക്കുമെന്നുള്ള അഭിപ്രായം വിനയപൂര്‍വ്വം സമര്‍പ്പിക്കുന്നു.