ജനായത്തഭരണത്തിന്റെ അവശ്യ ഘടകമായ തിരഞ്ഞെടുപ്പ് സ്വതന്ത്രമായും നീതിപൂര്‍വമായും നടത്തുന്നതിനുള്ള ഭരണഘടനാ സംവിധാനമായ തിരഞ്ഞെടുപ്പു കമ്മിഷന് നിയമനം സംബന്ധിച്ച് ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭ അനുശാസിച്ചപ്രകാരം ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു നിയമം പാസാക്കുന്നതില്‍ 73 വര്‍ഷമായി വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അല്ലെങ്കില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സിലക് ഷന് കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെയും മറ്റു കമ്മിഷണര്‍മാരെയും നാമനിര്‍ദേശം ചെയ്യണമെന്ന് ഉത്തരവിട്ടത്. അഞ്ചുമാസം കഴിഞ്ഞതേയുള്ളൂ, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെയും ഇലക് ഷന് കമ്മിഷണര്‍മാരുടെയും നിയമനം, സേവനവ്യവസ്ഥകള്‍, കാലാവധി എന്നിവ സംബന്ധിച്ച നിയമനിര്‍മാണത്തിനുള്ള ബില്ല് ഓഗസ്റ്റ് 10ന്, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതിന്റെ തലേന്ന്, കേന്ദ്ര നിയമ മന്ത്രി അര്ജുന് രാം മേഘ് വാല് രാജ്യസഭയില്‍ അവതരിപ്പിച്ചുകൊണ്ട് ഈ കളിയില്‍ ഇനിയും ജുഡീഷ്യല്‍ അംപയറുടെ ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുന്നത്.
എക്സിക്യുട്ടീവ്, പാര്‍ലമെന്റ്, ജുഡീഷ്യറി എന്നിവയുടെ പ്രാതിനിധ്യത്തിലൂടെ തിരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനപ്രക്രിയയില്‍ അധികാര രാഷ്ട്രീയത്തിന്റെ അമിതമായ കൈകടത്തല്‍ ഒഴിവാക്കുക എന്ന സുപ്രീം കോടതിയുടെ ഉദ്ദേശ്യത്തിനു കടകവിരുദ്ധമായി ബിജെപി ഭരണകൂടം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ആ ഉന്നതാധികാര സമിതിയില്‍ നിന്ന് ഒഴിവാക്കി, പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയും പ്രതിപക്ഷനേതാവും മതി സിലക് ഷന് കമ്മിറ്റിയില്‍ എന്ന് തീരുമാനിക്കുന്നു. പ്രധാനമന്ത്രി പറയുന്നതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു മന്ത്രി കൂടി മൂന്നംഗ സമിതിയിലുണ്ടെങ്കില് പ്രതിപക്ഷ നേതാവിന്റെ ന്യൂനപക്ഷ അഭിപ്രായത്തിന് സാങ്കേതികമായി എന്തു പ്രസക്തിയാണുണ്ടാകുക? തിരഞ്ഞെടുപ്പു കമ്മിഷന് നിയമനത്തില്‍ എക്സിക്യുട്ടീവിന്റേതുതന്നെയാകും അന്തിമ തീര്‍പ്പ്.
തിരഞ്ഞെടുപ്പു കമ്മിഷന് അംഗങ്ങളെ നിയമിക്കാനുള്ള പൂര്‍ണ അധികാരം സര്‍ക്കാര്‍ കൈയടക്കുന്നതിലൂടെ സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവും സുതാര്യവുമായ ജനാധിപത്യ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത വര്‍ധിക്കുകയാണ്.
സിബിഐ ഡയറക്ടറെ നിയമിക്കാനുള്ള കമ്മിറ്റിയില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് അംഗമാണ്. എന്നാല്‍, തിരഞ്ഞെടുപ്പു കമ്മിഷന് നിയമനത്തില്‍ മുഖ്യ ന്യായാധിപന്റെ സാന്നിധ്യം വേണ്ടെന്ന് ബിജെപി ഭരണകൂടം നിശ്ചയിക്കുന്നത് ജുഡീഷ്യറിയുടെ സഹായമില്ലാതെ എക്സിക്യുട്ടീവിന് സത്യസന്ധമായ തിരഞ്ഞെടുപ്പു നടത്താന്‍ കഴിയില്ല എന്ന കാഴ്ചപ്പാട് തിരുത്താനാകുമോ? സിലക് ഷന് കമ്മിറ്റിയില്‍ മുഖ്യ ന്യായാധിപന്റെ സാന്നിധ്യംകൊണ്ടു മാത്രം തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്താനാകില്ലെന്ന് മാലോകര്‍ക്ക് അറിയാം. ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യം നിയമനങ്ങള്‍ക്ക് മുന്‍കൂര്‍ നിയമസാധുത നല്‍കും. പ്രക്രിയയിലെ ഏതെങ്കിലും പിശകിന്റെ പേരില്‍ വസ്തുനിഷ്ഠമായ സൂക്ഷ്മ പരിശോധനക്കായി കോടതിക്കു മുന്നില്‍ വരികയാണെങ്കില്‍ ചീഫ് ജസ്റ്റിസിന് എന്തു നിലപാടെടുക്കാനാകും?
കേന്ദ്ര ഗവണ്മെന്റ് സെക്രട്ടറി, ചീഫ് സെക്രട്ടറിമാരുടെ പദവിയിലുള്ള ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും ഡേറ്റാബേസില്‍ നിന്ന് നിയമ മന്ത്രി സമര്‍പ്പിക്കുന്ന പാനലില്‍ നിന്ന് പ്രധാനമന്ത്രിയും മന്ത്രിസഭയും ശുപാര്‍ശ ചെയ്യുന്നയാളെ രാഷ്ട്രപതി നിയമിക്കുന്നതാണ് നിലവിലുണ്ടായിരുന്ന രീതി. ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനും കേന്ദ്ര ഗവണ്മെന്റ് സെക്രട്ടറി പദവിയില്‍ താഴെയല്ലാത്ത രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്ന സേര്‍ച് കമ്മിറ്റി നിര്‍ദേശിക്കുന്ന അഞ്ചു പേരുകള്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയില്‍ നിന്ന് പ്രധാനമന്ത്രിയും ഒരു ക്യാബിനറ്റ് മന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സിലക് ഷന് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നയാളെ ഇലക് ഷന് കമ്മീഷണറായി രാഷ് ട്രപതി വിജ്ഞാപനം ചെയ്യുമെന്ന് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. സേര്‍ച്ച് കമ്മിറ്റി പാനലില്‍ ഇല്ലാത്തവരെയും സിലക് ഷന് കമ്മിറ്റിക്കു പരിഗണിക്കാമെന്നും പറയുന്നുണ്ട്. സിലക് ഷന് കമ്മിറ്റിയില്‍ ഒഴിവുണ്ട് അല്ലെങ്കില്‍ പോരായ്കയുണ്ട് എന്നതുകൊണ്ട് നിയമനം അസാധുവാകില്ല. പ്രതിപക്ഷ നേതാവ് ഇല്ലെങ്കിലും സിലക് ഷന് നടത്താന്‍ ബില്ലിലെ 7(2) വകുപ്പ് അനുവദിക്കുന്നുണ്ട്.
ഇലക് ഷന് കമ്മിഷന് സേവനവ്യവസ്ഥകളും ചുമതലനിര്വഹണ നടപടിക്രമവും സംബന്ധിച്ച 1991-ലെ നിയമത്തിനു പകരമാണ് പുതിയ ബില്ല്. 1991-ലെ നിയമപ്രകാരം ഇലക് ഷന് കമ്മിഷണറുടെ ശമ്പളം സുപ്രീം കോടതി ജഡ്ജിയുടേതിന് തുല്യമായിരുന്നു. പുതിയ ബില്ലില്‍, ചീഫ് ഇലക് ഷന് കമ്മിഷണറുടെയും ഇലക് ഷന് കമ്മിഷണര്‍മാരുടെ ശമ്പളവും അലവന്‍സും സര്‍വീസ് വ്യവസ്ഥകളും ക്യാബിനറ്റ് സെക്രട്ടറിയുടേതിനു തുല്യമാണെന്നു പറയുന്നു. യഥാര്‍ഥത്തില്‍ ജഡ്ജിയുടെയും ക്യാബിനറ്റ് സെക്രട്ടറിയുടെയും ശമ്പളത്തുക ഒന്നുതന്നെയാണ്. പക്ഷേ, മുന്‍ഗണനാ പദവിയുടെ (വാറന്റ് ഓഫ് പ്രസിഡന്‍സി റാങ്ക്) കാര്യത്തില്‍ സുപ്രീം കോടതി ജഡ്ജിക്കു സമാനമായ പദവിയില്‍ നിന്ന് ക്യാബിനറ്റ് സെക്രട്ടറി തലത്തിലേക്ക് ഇലക് ഷന് കമ്മിഷണറെ തരംതാഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി രാജ്യത്തെ പരമോന്നത സിവില്‍ സെര്‍വന്റ് ആണെങ്കിലും ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
ഇലക് ഷന് കമ്മിഷണറാകട്ടെ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും അച്ചടക്കലംഘനത്തിന്റെ പേരില്‍ വിളിപ്പിക്കാനും നടപടിയെടുക്കാനും അധികാരമുള്ള ഭരണഘടനാ പദവിയുള്ളയാളാണ്.
തിരഞ്ഞെടുപ്പു മേഖലയില്‍ പരിചയമുള്ള ഗവണ്മെന്റ് സെക്രട്ടറിമാരില്‍ നിന്നുവേണം പാനല്‍ രൂപവത്കരിക്കേണ്ടത് എന്ന നിര്‍ദേശം ബില്ലിലുണ്ട്. ഇത്തരം യോഗ്യതാനിര്ണയം ബ്യൂറോക്രസിയില്‍ ഒരു വിഭാഗത്തില്‍ മാത്രം തിരച്ചില്‍ പരിമിതപ്പെടുത്താന്‍ സേര്‍ച് കമ്മിറ്റിയെ പ്രേരിപ്പിച്ചേക്കും. സുപ്രീം കോടതി ജഡ്ജിയുടെ കാര്യത്തിലെന്നപോലെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെയും പദവിയില്‍ നിന്നു നീക്കം ചെയ്യാന്‍ പാര്‍ലമെന്റ് ഇംപീച്ച് ചെയ്യണമെന്നാണ് വ്യവസ്ഥ. തിരഞ്ഞെടുപ്പു കമ്മിഷനിലെ മറ്റ് അംഗങ്ങളെയും ഇംപീച്ച്മെന്റിലൂടെയല്ലാതെ പുറത്താക്കാന്‍ കഴിയില്ല എന്നു പുതിയ ബില്ലില്‍ പറയുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതില്‍ ഭരണകക്ഷിയുടെ രാഷ്ട്രീയ താല്പര്യം, രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ നീക്കം ചെയ്യല്‍, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനം, ജനവിധി അട്ടിമറിക്കുന്ന ‘ഓപ്പറേഷന് താമര’ പോലുള്ള എംഎല്‍എമാരുടെ കൂട്ട കൂറുമാറ്റത്തില്‍ ഏകപക്ഷീയ നടപടികള്‍ തുടങ്ങി തിരഞ്ഞെടുപ്പു കമ്മിഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍, രാജ്യത്ത് തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രൊഫൈല്‍ അപ്പാടെ മാറ്റിയെടുത്ത ടി.എന്‍ ശേഷന് എന്ന ചീഫ് ഇലക് ഷന് കമ്മിഷണറുടെ തന്റേടത്തിന്റെയും നീതിനിഷ്ഠയുടെയും ധിഷണയുടെയും കഥകള്‍ ജനങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ട്. ശേഷനെ ഒതുക്കാനായാണ് 1993 ഒക്ടോബറില്‍ രണ്ടു കമ്മിഷണര്‍മാരെ കൂടി തിരഞ്ഞെടുപ്പു കമ്മിഷനില്‍ നിയമിച്ചത്.
പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കായി തങ്ങളുടെ വോട്ടു സമര്‍പ്പിക്കാന്‍ യുവാക്കളെ ആഹ്വാനം ചെയ്ത് സായുധസേനയെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ദുരുപയോഗം ചെയ്തു, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് ഭൂരിപക്ഷം ന്യൂനപക്ഷമായ മണ്ഡലമായതിനാലാണെന്ന പരിഹാസവുമൊക്കെയായി 2019-ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദി പെരുമാറ്റചട്ടങ്ങള്‍ ലംഘിച്ചുവെന്നും മറ്റുമുള്ള പരാതികളില്‍ കമ്മിഷനിലെ രണ്ട് അംഗങ്ങള്‍ അദ്ദേഹത്തിന് അഞ്ച് ക്ലീന്‍ ചിറ്റ് നല്കിയപ്പോള്, തന്റെ വിമത വോട്ട് രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധം പിടിച്ച അശോക് ലവാസാ എന്ന ഇലക് ഷന് കമ്മിഷണര്‍ക്ക് രണ്ടു വര്‍ഷത്തെ സേവന കാലാവധി അവശേഷിക്കുമ്പോള്‍ സ്വയംവിരമിച്ചു പോകേണ്ടിവന്നു. സീനിയോറിറ്റി പ്രകാരം ലവാസാ 2021 ഏപ്രിലില്‍ ചീഫ് ഇലക് ഷന് കമ്മിഷണര്‍ ആകേണ്ടിയിരുന്നതാണ്. ലവാസായുടെ ഫോണ്‍ എന്‍എസ്ഒ ഗ്രൂപ്പ് പെഗാസസ് പ്രോജക്റ്റിന്റെ ഭാഗമായി ചോര്‍ത്തുകയും, 2019 സെപ്റ്റംബറില്‍ ലവാസായുടെ ഭാര്യ നോവല്‍ എസ്. ലവാസായ്ക്ക് ആദായനികുതി വകുപ്പില്‍ നിന്നും, നവംബറില്‍ ലവാസായുടെ മകന് അബീര്‍ ഡയറക്ടറായ കമ്പനിക്ക് വിദേശനാണ്യ വിനിമയ ലംഘനത്തിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നും, ഡിസംബറില്‍ ലവാസായുടെ സഹോദരി ശിശുരോഗവിദഗ്ധയായ ശകുന്തളയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയുടെ പേരില്‍ ആദായനികുതി വകുപ്പില്‍ നിന്നും നോട്ടീസും പരിശോധനകളും മറ്റുമായി വേട്ടയാടല്‍ തുടരുകയും ചെയ്തു. ഒടുവില്‍ രാജിവച്ച് ഏഷ്യന്‍ വികസന ബാങ്കിന്റെ വൈസ് പ്രസിഡന്റാവുകയായിരുന്നു ലവാസാ.
കേന്ദ്ര സാംസ്കാരിക വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന മോദി സര്‍ക്കാരിന്റെ പ്രധാന പ്രചാരണ പരിപാടി ആസൂത്രണം ചെയ്ത അരുണ്‍ ഗോയല്‍ എന്ന പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന് സര്‍വീസില്‍ നിന്നു വിരമിക്കാന്‍ ആറ് ആഴ്ച ബാക്കിയുള്ളപ്പോള്‍ സ്വയം വിരമിച്ചതിന്റെ പിറ്റേന്ന്, 2022 നവംബര്‍ 19ന്, ഇലക് ഷന് കമ്മിഷണറായി നിയമിക്കപ്പെട്ടതിലെ ”അസാധാരണ തിടുക്കം” എന്തിനായിരുന്നുവെന്ന് സുപ്രീം കോടതി പോലും ആശ്ചര്യത്തോടെ ആരായുകയുണ്ടായി. 2022 മേയ് 15 മുതല്‍ കമ്മിഷനില്‍ ഒഴിവുണ്ടായിരുന്നതാണ്. രാജീവ് കുമാര്‍ 2025 ഫെബ്രുവരിയില്‍ വിരമിക്കുമ്പോള്‍ ഗോയല്‍ ചീഫ് ഇലക് ഷന് കമ്മിഷണറാകും; 2027 ഡിസംബര്‍ വരെ ആ പദവിയില്‍ തുടരാനാകും.
2024 ഏപ്രില്‍ മാസം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിക്കും. പാര്‍ലമെന്റ് പാസാക്കുന്ന നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി ഇലക് ഷന് കമ്മിഷനെ നിയമിക്കണമെന്നാണ് ഭരണഘടന 324 (2) വകുപ്പില്‍ നിര്‍ദേശിക്കുന്നത്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണവും പണശക്തിയുടെ ആധിപത്യവും മാധ്യമങ്ങളുടെ അധികാരപ്രീണനവും തിരഞ്ഞെടുപ്പുകളില്‍ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരാവകാശങ്ങളും പ്രവര്‍ത്തന സാധ്യതയും അടിയന്തരമായി വികസിപ്പിക്കേണ്ടതുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയില്‍ എക്സിക്യുട്ടീവ് നിയമനിര്‍മാണസഭയോട് ഉത്തരം പറയണം. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ലജിസ്ലേച്ചറാണ്.
മണിപ്പുര്‍ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നേരിട്ടെത്തി സംസാരിക്കണം എന്ന ‘ഇന്ത്യ’ പ്രതിപക്ഷ കൂട്ടായ്മയുടെ മുറവിളിയില്‍ മുങ്ങിയ വര്‍ഷകാല സമ്മേളനത്തില്‍ ഷെഡ്യൂള്‍ഡ് സമയത്തിന്റെ പകുതി പോലും പ്രവര്‍ത്തിക്കാനായില്ലെങ്കിലും ബഹളത്തിനിടയില്‍ 23 ബില്ലുകള്‍ തിടുക്കത്തില്‍ ഭരണപക്ഷം പാസാക്കി.
ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണറുടെ വിവേചനാധികാരം, ലിഥിയം പോലുള്ള തന്ത്രപ്രധാനമായ ഖരമൂലകങ്ങളുടെ ഖനനം, വ്യക്തിഗത ഡേറ്റ നിയന്ത്രണം എന്നിവ സംബന്ധിച്ച ബില്ലുകള്‍ ഏഴുനാള്‍ കൊണ്ട് പാസായി. ലോക്സഭ പാസാക്കിയ 22 ബില്ലുകളില്‍ ഒട്ടുമിക്കതിലും ചര്‍ച്ച നടന്നത് ഒരുമണിക്കൂറില്‍ താഴെ മാത്രം. ഐഐഎം ഭേദഗതി ബില്ലും ഇന്റര്‍ സര്‍വീസസ് ഓര്ഗനൈസേഷന് ബില്ലും ലോക്സഭയില്‍ പാസായത് 20 മിനിറ്റുകൊണ്ടാണ്. ദേശീയ നഴ്സിങ് മിഡ് വൈഫറി കമ്മിഷന്, ദേശീയ ഡെന്റല്‍ കമ്മിഷന് ബില്ലുകള്‍ ചര്‍ച്ച ചെയ്തു പാസാക്കാന്‍ മൂന്നു മിനിറ്റാണ് വേണ്ടവന്നത്. സിജിഎസ്ടി, ഐജിഎസ്ടി ഭേദഗതി ബില്ലുകള്‍ രണ്ടു മിനിറ്റിനകവും. ഡല്‍ഹി ഭേദഗതി ബില്ലിന്മേല് ലോക്സഭയില്‍ അഞ്ചു മണിക്കൂറും രാജ്യസഭയില്‍ എട്ടുമണിക്കൂറും ചര്‍ച്ച നടത്തി. രാജ്യസഭയില്‍ ശബ്ദവോട്ടോടെയാണ് അതു പാസാക്കിയത്.
തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പാര്‍ലമെന്റ് ചേര്‍ന്ന് എത്രയും വേഗം ലോക്സഭാ സ്പീക്കറെയും ഡപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കണമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. എന്നാല്‍ 2019 ജൂണ്‍ മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഇതുവരെ തിരഞ്ഞെടുപ്പു നടത്തിയിട്ടില്ല. സാധാരണ ഗതിയില്‍ പ്രതിപക്ഷത്തുനിന്നാണ് ഡപ്യൂട്ടി സ്പീക്കര്‍ ഉണ്ടാകേണ്ടത്.
ഇതിനിടെ, പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അധ്യക്ഷന്‍ ബിബേക് ദേബ്റോയ് രാജ്യത്തെ ഭരണഘടന സമഗ്രമായി പൊളിച്ചെഴുതേണ്ടതുണ്ട് എന്ന വാദവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ ആധാരമാക്കിയുള്ളതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും അതിനാല്‍ അത് കൊളോണിയല്‍ ഉത്പന്നമാണെന്നുമാണ് ദേബ്റോയ് വാദിക്കുന്നത്.
2024-ല്‍ മോദി ഭരണത്തിന് മൂന്നാം ഊഴവും ഉറപ്പായാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് ഹിന്ദുത്വ ശക്തികള്‍ വീമ്പിളക്കുന്നുണ്ട്.
ജനാധിപത്യം മരിക്കുന്ന വിധം ഇങ്ങനെയൊക്കെയാണ്. ഏറ്റവുമൊടുവില്‍, മണിപ്പുര്‍ വിഷയത്തില്‍ മൗനം വെടിയേണ്ടിവന്ന പ്രധാനമന്ത്രി, കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടുന്ന ഏഴ് വന്‍ അഴിമതികളെക്കുറിച്ച് സംസാരിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ദ്വാരക എക്സ്പ്രസ് വേ ഒരു കിലോമീറ്റര്‍ പണിക്ക് 250 കോടി രൂപ ചെലവ്, ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഏഴര ലക്ഷം ഉപയോക്താക്കള്‍ക്ക് ഒരൊറ്റ ഫോണ്‍ നമ്പര്‍, മരിച്ച 88,000 പേരുടെ നഷ്ടപരിഹാരവും ഒരു നമ്പറില്‍, ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ദക്ഷിണേന്ത്യയിലെ അഞ്ചു ടോള്‍ പ്ലാസകളില്‍ നിയമവിരുദ്ധമായി 132.05 കോടി രൂപ ജനങ്ങളില്‍ നിന്നു കൊള്ളയടിച്ചു, അയോധ്യ വികസന പദ്ധതി, ഭാരത് മാലാ പരിയോജന എന്നിവയിലെ വന്‍ ക്രമക്കേടുകള്‍ – ഇതൊക്കെ പുറത്തുകൊണ്ടുവന്ന സിഎജിയെ മോദി ഗവണ്മെന്റ് എങ്ങനെ കൈകാര്യം ചെയ്യും എന്നു കാണാന്‍ കാത്തിരിക്കയാണ് ‘ഇന്ത്യ’ സഖ്യകക്ഷികള്‍.