ലോക്സഭയില്‍ വയനാടിന്റെ ജനപ്രതിനിധിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ഈ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ തിരിച്ചെത്താനും – മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ പ്രതിപക്ഷത്തെ ‘ഇന്ത്യ’ സഖ്യകക്ഷികള്‍ നല്‍കിയിട്ടുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനും – വഴിതെളിക്കുന്നതാണ് ‘മോദി നാമധാരികളെ അപകീര്‍ത്തിപ്പെടുത്തി’ എന്ന കേസിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവ്. എട്ടുകൊല്ലം പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ നിന്ന് രാഹുലിനെ നിഷ്കാസിതനാക്കാനുള്ള ഗൂഢതന്ത്രങ്ങള്ക്കേറ്റ കനത്ത തിരിച്ചടിയുമാണത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഹുലിനെ അയോഗ്യനാക്കാനുള്ള ആസൂത്രണമാണ് പൊളിയുന്നത്.
ക്രിമിനല്‍ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് ഇന്നേവരെ ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരു അംഗത്തിനും കിട്ടാത്ത പരമാവധി ശിക്ഷയാണ് പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ഒരു മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ മാര്‍ച്ച് 23ന് വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 499 വകുപ്പു പ്രകാരം പരമാവധി രണ്ടു വര്‍ഷം തടവുശിക്ഷയും പിഴയും വിധിക്കാവുന്ന കുറ്റമാണ് ആരോപിക്കപ്പെട്ടിരുന്നത്. ലോക്സഭാംഗത്വത്തിന് അയോഗ്യത കല്പിക്കാനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് രണ്ടുവര്‍ഷത്തെ തടവുശിക്ഷ. സൂറത്തിലെ വിചാരണകോടതി ജഡ്ജി ഹരീഷ് ഹസ്മുഖ്ഭായ് വര്‍മ്മ ഈ കേസില്‍ രാഹുലിന് പരമാവധി ശിക്ഷ വിധിക്കുന്നതിനുള്ള കാരണമെന്തെന്നു പോലും പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ ജസ്റ്റിസുമാരായ ബി.ആര് ഗവായ്, പി.എസ് നരസിംഹ, പി.വി സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ച് രാഹുലിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്തത്.
”ശിക്ഷയില്‍ ഒരു ദിവസം കുറഞ്ഞിരുന്നെങ്കില്‍ ജനപ്രാതിനിധ്യ നിയമം 8(3) അനുഛേദ പ്രകാരം എംപി അയോഗ്യനാകുമായിരുന്നില്ല. വാറന്റ് ഇല്ലാതെ പ്രതിയെ അറസ്റ്റു ചെയ്യാന്‍ പറ്റാത്ത തിരിച്ചറിയാന്‍ കഴിയാത്ത (നോണ്‍-കൊഗ്നിസിബിള്‍), ജാമ്യം ലഭിക്കാവുന്ന, വിചാരണ ഒഴിവാക്കാവുന്നതും ഒത്തുതീര്‍പ്പിനു സാധ്യതയുള്ളതുമായ (കോമ്പൗണ്ടബിള്‍) കേസാണിത് എന്നിരിക്കെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യത കല്പിക്കാന് പാകത്തില്‍ പരമാവധി ശിക്ഷ വിധിക്കുന്നതിന് വിചാരണകോടതി ആകെ പറയുന്ന ന്യായം സുപ്രീം കോടതി മറ്റൊരു മാനഹാനികേസില് രാഹുല്‍ ഗാന്ധിയെ ശാസിച്ചിരുന്നു എന്നാണ്. അപ്പീല്‍ തള്ളുന്നതിന് സൂറത്തിലെ സെഷന്‍സ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും ബൃഹത്തായ വിധിന്യായം എഴുതിയുണ്ടാക്കിയെങ്കിലും എന്തുകൊണ്ട് പരമാവധി ശിക്ഷ എന്ന വിഷയം പരാമര്‍ശിക്കുന്നേയില്ല എന്നത് വിചിത്രമാണ്,” സുപ്രീം കോടതി സ്റ്റേ ഉത്തരവില്‍ പറഞ്ഞു.
അയോഗ്യനാക്കപ്പെട്ട ഹര്‍ജിക്കാരന്റെ പൊതുജീവിതത്തെ മാത്രമല്ല, ആ ജനപ്രതിനിധിയെ തിരഞ്ഞെടുത്ത ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരെയും ബാധിക്കുന്ന പ്രശ്നമാണിത്. ഈ ശിക്ഷാവിധിയുടെ പ്രത്യാഘാതം വളരെ വലുതാണ്. രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അരോചകതയുണ്ട്. പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ കുറെക്കൂടെ ജാഗ്രത പുലര്‍ത്തണമായിരുന്നു. എന്തായാലും അപകീര്‍ത്തി കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ വിചാരണകോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കോലാറിലെ പ്രസംഗം, കേസ് സൂറത്തില്‍
കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രില്‍ 13ന് ലോക്സഭാ തിരഞ്ഞെടുപ്പുറാലിയിലെ രാഷ്ട്രീയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് ഗുജറാത്തിലെ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ പൂര്‍ണേശ് മോദി സൂറത്തിലെ മജിസ്ട്രേറ്റ് കോടതിയില്‍ പിറ്റേന്ന് സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ പറഞ്ഞത്. ”ഒരു ചോദ്യം ചോദിക്കട്ടെ, നീരവ് മോദിയാകട്ടെ, ലളിത് മോദിയാകട്ടെ, നരേന്ദ്ര മോദിയാകട്ടെ കള്ളന്മാര്ക്കെല്ലാം മോദി എന്ന കുലനാമം ഉണ്ടാകുന്നത് എങ്ങനെയാണ്?” എന്ന് രാഹുല്‍ പ്രസംഗിച്ചുവത്രെ. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളായി രാജ്യത്തു നിന്നു പലായനം ചെയ്തവരാണ് രത്നവ്യാപാരി നീരവ് മോദിയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് വൈസ് ചെയര്‍മാനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്ഥാപകനുമായിരുന്ന ബിസിനസുകാരന് ലളിത് മോദിയും. പ്രസംഗത്തില്‍ പേരെടുത്തു പറഞ്ഞ മോദിമാര്‍ ആരും കേസിനു പോയില്ലെങ്കിലും മോദി സമുദായക്കാര്‍ക്കെല്ലാം മാനഹാനിയുണ്ടാക്കുന്ന പരാമര്‍ശമെന്ന് ആരോപിച്ചാണ് പൂര്‍ണേശ് മോദി കോടതിയിലെത്തിയത്.
പ്രസംഗം നേരിട്ടു കേള്‍ക്കാത്ത ഹര്ജിക്കാരന് വാട്സ്ആപ് വീഡിയോയും പത്രവാര്‍ത്തയും ആധാരമാക്കിയാണ് പരാതി ഉന്നയിച്ചതെന്നാണ് രാഹുലിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി വാദിച്ചു. പരാതിക്കാരന് പ്രസംഗത്തിന് തെളിവ് ഹാജരാക്കിയിട്ടില്ല. തെളിവു ശേഖരിക്കാനായി സമയം ആവശ്യപ്പെട്ട് സൂറത്ത് കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്തു കിട്ടാന്‍ പരാതിക്കാരന്‍തന്നെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്. ഒരു വര്‍ഷം കഴിഞ്ഞാണ് സ്റ്റേ നീക്കി ഒരു മാസം കൊണ്ട് ശിക്ഷാവിധി സമ്പാദിച്ചത്. മോദി എന്നത് ഐപിസി 499-500 അനുച്ഛേദപ്രകാരം നിര്‍വചിക്കപ്പെടാവുന്ന ഒരൊറ്റ സമൂഹമല്ല. പല ഉപവിഭാഗങ്ങളിലുമായി 13 കോടി അംഗങ്ങള്‍ ഉള്ളതായി പറയുന്ന മോദി സമുദായക്കാരില് ഏതാനും ബിജെപിക്കാര്‍ മാത്രമാണ് അപകീര്‍ത്തി പരാതിയുമായെത്തിയത്. മോദി വണിക സമാജത്തില്‍ പെട്ട ആളാണ് സൂറത്തില്‍ പരാതി സമര്‍പ്പിച്ച പൂര്‍ണേശ് മോദി. രാഹുല്‍ ഗാന്ധി കൊടുംകുറ്റവാളിയല്ല, ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ മുന്‍പ് ശിക്ഷിക്കപ്പെട്ടിട്ടില്ല. അപകീര്‍ത്തിക്ക് ശിക്ഷ കിട്ടണമെന്നല്ലാതെ രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കണമെന്ന താല്പര്യം ഹര്ജിക്കാരനുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് സിങ്വി ചോദിച്ചു. റിവിഷന്‍ പെറ്റീഷന് 66 ദിവസം ഗുജറാത്ത് ഹൈക്കോടതി വച്ചുതാമസിപ്പിച്ചതിലും ദുരൂഹതയുണ്ട്. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പു നടത്തേണ്ട സാഹചര്യം സൃഷ്ടിച്ചു. ലോക്സഭയുടെ രണ്ടു സമ്മേളനങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം രാഹുലിനു വിലക്കപ്പെട്ടു. കോടതി അനുവദിച്ചില്ലെങ്കില്‍ ഈ സമ്മേളനകാലാവധി പൂര്‍ണമായും നഷ്ടമാകുമെന്നും സിങ്വി സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.
അയോഗ്യനാക്കാന്‍ 24 മണിക്കൂര്‍!
മാര്‍ച്ച് 23ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനെന്നു കണ്ടെത്തി 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) അനുച്ഛേദപ്രകാരം ആറു വര്‍ഷത്തേക്ക് ലോക്സഭയില്‍ നിന്ന് അയോഗ്യത കല്പിക്കാന് വകുപ്പുള്ള പരമാവധി ശിക്ഷയായ രണ്ടുവര്‍ഷത്തെ തടവിനു വിധിച്ച് വിധിപകര്‍പ്പ് ഇംഗ്ലീഷിലോ ഹിന്ദിയിലോ ഡല്‍ഹില്‍ എത്തുന്നതിനു മുന്‍പുതന്നെ ലോക്സഭാ സെക്രട്ടേറിയറ്റ് വയനാട് എംപിയെ അയോഗ്യനാക്കി 24 മണിക്കൂറിനകം വിജ്ഞാപനം പുറപ്പെടുവിച്ചു. വിധി പ്രസ്താവിച്ച മാര്‍ച്ച് 23ന് പ്രാബല്യത്തില്‍ വന്നവിധം പാര്‍ലമെന്റ് സമ്മേളനത്തിനിടെ മാര്‍ച്ച് 24ന് ആ വിജ്ഞാപനം ഇറങ്ങി.
ലുട്യന്‍സ് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ തുഗ്ലക് ലെയ്നിലെ 12-ാം നമ്പര്‍ ബംഗ്ലാവില്‍ നിന്ന് ഒരു മാസത്തിനകം ഒഴിയാന്‍ മാര്‍ച്ച് 27ന് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്കി. എംപി ആനുകൂല്യങ്ങള്‍ക്കെല്ലാം അയോഗ്യത കല്പിച്ചതിന്റെ രണ്ടാംനാള്‍ ബിജെപി എംപി സി.ആര് പാട്ടീലിന്റെ അധ്യക്ഷതയിലുള്ള ലോക്സഭാ ഹൗസിംഗ് പാനല്‍ കുടിയിറക്കത്തിന് നിര്‍ദേശം നല്കിയത്രെ. സെഡ്-പ്ലസ് കാറ്റഗറി സംരക്ഷണം ലഭിക്കേണ്ട നേതാവായ രാഹുല്‍ ഗാന്ധി അമേഠിയിലെ എംപി എന്ന നിലയില്‍ 2005 മുതല്‍ 19 വര്‍ഷമായി താമസിച്ചുവന്ന വസതിയാണിത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെങ്കിലും ഭരണകൂടത്തിന്റെ കല്പന മാനിച്ച് ഏപ്രില്‍ 22ന് ആ വസതിയുടെ താക്കോല്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് വകുപ്പ് ഉദ്യോഗസ്ഥരെ ഏല്പിച്ച് രാഹുല്‍ ഗാന്ധി തന്റെ അമ്മ സോണിയാ ഗാന്ധിയുടെ 10 ജനപഥ് എന്ന ഔദ്യോഗിക വസതിയിലേക്കു തത്കാലം താമസം മാറ്റി. ‘മേരാ ഘര്‍ ആപ്കാ ഘര്‍’ (എന്റെ വീട് അങ്ങയുടെ വീട്) എന്ന ക്ഷണവുമായി ഡല്‍ഹിയിലെ ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനുവേണ്ടി തങ്ങളുടെ വസതികള്‍ വിട്ടുകൊടുക്കാന്‍ സന്നദ്ധരായി വലിയ ക്യാംപെയ്ന് തന്നെ നടത്തി.
മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ ഏപ്രില്‍ മൂന്നിന് രാഹുല്‍ സമര്‍പ്പിച്ച അപ്പീല്‍ ഏപ്രില്‍ 20ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി റോബിന് പോള്‍ മോഗേരാ തള്ളി. 2006-ലെ തുളസീറാം പ്രജാപതി വ്യാജഏറ്റുമുട്ടല്‍ കേസിലും തുടര്‍ന്ന് 2014 വരെ മറ്റു പല കേസുകളിലും അമിത് ഷായ്ക്കുവേണ്ടി വാദിച്ചിരുന്ന വക്കീലാണ് ഈ ജഡ്ജി എന്ന വെളിപ്പെടുത്തല്‍ ഇതിനിടെയുണ്ടായി.
ഓഗസ്റ്റ് 21ന് സൂറത്ത് സെഷന്‍സ് കോടതി അപകീര്‍ത്തി കേസിന്റെ നിലനില്പു സംബന്ധിച്ച രാഹുലി ന്റെ അപ്പീല്‍ പരിഗണിക്കാനിരിക്കയാണ്.ഗുജറാത്ത് ഹൈക്കോടതിയില്‍ രാഹുല്‍ സമര്‍പ്പിച്ച റിവിഷന്‍ പെറ്റീഷന് പരിഗണിക്കുന്നതില്‍ നിന്ന് രണ്ടു ജഡ്ജിമാര്‍ ഒഴിഞ്ഞുമാറിയിരുന്നു. ഒടുവില്‍ ജൂലൈ ഏഴിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക്, തടവുശിക്ഷക്കെതിരെ രാഹുലിന്റെ അപ്പീല്‍ തള്ളിയ സെഷന്‍സ് കോടതി വിധി നീതിയുക്തവും നിയമപരവുമാണെന്നും ശിക്ഷാവിധി തടയാന്‍ തക്കതായ കാരണമൊന്നും കാണുന്നില്ലെന്നും വിധിച്ചു. സ്ഥിരം കുറ്റവാളിയെന്ന നിലയില്‍ ഹര്‍ജിക്കാരന്റെ ”സദാചാര ദുര്നടപ്പിനെക്കുറിച്ചും അടക്കമില്ലായ്മയെക്കുറിച്ചും” ആ വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ സംശുദ്ധി ആവശ്യമായ കാലഘട്ടത്തില്‍ ഹര്ജിക്കാരന് ശിക്ഷയില്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്നാണ് കോടതി കണ്ടെത്തിയത്. ഗുജറാത്ത് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ 125 പേജ് വരുന്ന ആ വിധി ”വളരെ രസകരമാണ്” എന്നാണ് സുപ്രീം കോടതിയില്‍ ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചത്. 2002-ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രതിയും മുഖ്യമന്ത്രിയായിരുന്ന മോദിയുടെ മന്ത്രിസഭയില്‍ അംഗവുമായിരുന്ന മായാ കോഡ്നാനിയുടെ അഭിഭാഷകനായിരുന്നു ഹേമന്ദ് പ്രച്ഛക് എന്നും വെളിപ്പെടുത്തല്‍ ഉണ്ടായിട്ടുണ്ട്.
രാഹുലിന് അപകീര്‍ത്തികേസില്‍ പരമാവധി ശിക്ഷ വിധിച്ച മജ്സ്ട്രേട്ട് എച്ച്.എച്ച് വര്‍മ്മയ്ക്ക് മേയ് മാസത്തില്‍ ജില്ലാ ജഡ്ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയുണ്ടായി.
അപകീര്‍ത്തികേസില്‍ താന്‍ മാപ്പു ചോദിക്കുകയില്ലെന്ന് കഴിഞ്ഞ ബുധനാഴ്ച രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുകയുണ്ടായി. ജനപ്രതിനിധി നിയമത്തിന്റെ പ്രത്യാഘാതവും ക്രിമിനല്‍ നടപടിക്രമവും കാണിച്ച് കുറ്റക്കാരനല്ലാത്ത ഒരാളെക്കൊണ്ട് മാപ്പു ചോദിപ്പിക്കുന്നത് ജുഡീഷ്യല്‍ നടപടികളുടെ ഗുരുതരമായ ദുരുപയോഗമാണ്. താന്‍ കുറ്റക്കാരനല്ല; ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കുന്നതല്ല. മാപ്പു പറയണമായിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന ഒരു ആക്ഷേപം നേരത്തെ ഉന്നയിച്ചതുമായി ബന്ധപ്പെട്ടാണ് രാഹുലിനെതിരെ സുപ്രീം കോടതിയില്‍ ഇതിനു മുന്‍പ് അപകീര്ത്തികേസുണ്ടായത്. ഫ്രഞ്ച് റഫാല്‍ മള്‍ട്ടിറോള്‍ യുദ്ധവിമാനം വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പരാമര്ശത്തെപ്രതി രാഹുല്‍ സുപ്രീം കോടതിയില്‍ മാപ്പു ചോദിക്കുകയുണ്ടായി.
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്ല
രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥിയാകാന്‍ കേന്ദ്രത്തില്‍ നിന്ന് ബിജെപിക്കുവേണ്ടി സ്മൃതി ഇറാനിതന്നെ എത്തും എന്നൊക്കെ കിംവദന്തി പരന്നിരുന്നു. സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവിന്റെ വെളിച്ചത്തില്‍ തത്കാലം ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത അടഞ്ഞു.
ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരി 11ന് കവരത്തി സെഷന്‍സ് കോടതി പത്തുവര്‍ഷം കഠിനതടവിനു വിധിച്ച ലക്ഷദ്വീപിലെ എന്‍സിപിയുടെ ലോക്സഭാംഗം മൊഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടേറിയറ്റ് രണ്ടു ദിവസം കഴിഞ്ഞ് അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. കേരള ഹൈക്കോടതി ജനുവരി 25ന് ശിക്ഷാവിധിയും തടവും റദ്ദാക്കിയിട്ടും മാര്‍ച്ച് 29ന് സുപ്രീം കോടതിയെ സമീപിക്കും വരെ ലോക്സഭാ സെക്രട്ടേറിയറ്റ് മൊഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിക്കാന്‍ കൂട്ടാക്കിയില്ല. ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് ഇലക്ഷന് കമ്മിഷന് പിന്‍വലിക്കുകയുണ്ടായി.
മൊഹമ്മദ് ഫൈസലിന്റെ കാര്യത്തിലുണ്ടായ കാലതാമസം രാഹുല്‍ ഗാന്ധിക്കു നേരിടേണ്ടി വരില്ല എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്സഭയിലേക്ക് രാഹുലിന് തിരിച്ചുവരുന്നതിന് അടുത്ത തിങ്കളാഴ്ചതന്നെ അയോഗ്യത നീക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന. മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ ചൊവ്വാഴ്ച ചര്‍ച്ച ആരംഭിക്കുകയും പ്രധാനമന്ത്രി വ്യാഴാഴ്ച മറുപടി പറയുകയും ചെയ്യുമെന്നാണ് പാര്‍ലമെന്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്‍ഡിഎയുടെ അംഗബലം വച്ചുനോക്കുമ്പോള്‍ അവിശ്വാസപ്രമേയം പാസാകാന്‍ സാധ്യതയൊന്നുമില്ല. എങ്കിലും മണിപ്പുരിന്റെ കാര്യത്തിലും ഹരിയാനയിലെ വര്‍ഗീയ കലാപത്തെ സംബന്ധിച്ചും സഭയിലെത്തി വിശദീകരണം നല്കാന് പ്രധാനമന്ത്രിയെ നിര്‍ബന്ധിക്കുക എന്നതാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാന ഉദ്ദേശ്യം.
ഇതിനു മുന്‍പ്, 2018 ജൂലൈ 20ന് ഇത്തരം ഒരു അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് രാഹുല്‍ ഗാന്ധി ട്രഷറി ബെഞ്ചിനടുത്തേക്കു ചെന്ന് പ്രധാനമന്ത്രി മോദിയെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹത്തെ ആശ്ലേഷിച്ചത്.
ഇന്ത്യയിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ ഗാന്ധിയെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിക്കാനുള്ള അവകാശം നിഷേധിച്ച ബിജെപി ഭരണകൂടത്തിന് സുപ്രീം കോടതിയില്‍ നിന്നേറ്റ ആഘാതം രാജ്യത്തെ ജനാധിപത്യശക്തികള്‍ക്ക് ഏറെ പ്രത്യാശയാണു നല്‍കുന്നതെന്ന് ലോകമാധ്യമങ്ങള്‍ വിലയിരുത്തുന്നു.
”സത്യം ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ ജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇനി എന്താണു ചെയ്യേണ്ടത് എന്ന് വ്യക്തമായ ധാരണ എനിക്കുണ്ട്. പ്രതിസന്ധിയില്‍ സഹായിച്ച എല്ലാവര്ക്കും നന്ദിയും സ്നേഹവും,” ഇതായിരുന്നു ശിക്ഷാവിധി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ഏറെ സംയമനത്തോടെയും പക്വതയോടെയുമുള്ള പരസ്യ പ്രതികരണം. ഡല്‍ഹിയിലെ എഐസിസി കാര്യാലയത്തിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശേതിരകളുണര്ത്തി ഇരച്ചാര്ത്തുവരുമ്പോള്, അമിതമായ വികാരാവേശം രാഹുലിന്റെ മുഖത്ത് പ്രകടമായില്ല.
ബിജെപി ഭരിക്കുന്ന മണിപ്പുരില്‍ മൂന്നു മാസമായി തുടരുന്ന വംശഹത്യയും ഹരിയാനയില്‍ പൊട്ടിപുറപ്പെട്ട വര്‍ഗീയ കലാപവും മോദി ഗവണ്മെന്റിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ ‘ഇന്ത്യ’ സഖ്യം നടത്തിക്കൊണ്ടിരിക്കുന്ന അതിശക്തമായ കടന്നാക്രമണവും ബിജെപി നേതൃത്വത്തെ ഉലച്ചുകൊണ്ടിരിക്കെ സുപ്രീം കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് ആശ്വാസകരമായ ഉത്തരവുണ്ടായത് പ്രതിപക്ഷ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തുപകരുന്നതാണ്. മണിപ്പുരില്‍ സംസ്ഥാന ഭരണകൂടവും കേന്ദ്രവും കുറ്റകരമായ അനാസ്ഥയാണു കാണിക്കുന്നതെന്ന് സുപ്രീം കോടതി അതിനിശിതമായ ഭാഷയില്‍ വിമര്‍ശിക്കുന്ന പശ്ചാത്തലത്തില്‍ മോദിക്ക് ടെലിപ്രോംപ്റ്റര്‍ സഹായമില്ലാതെതന്നെ രാഹുല്‍ ഗാന്ധിയെ നേരിട്ട് അഭിമുഖീകരിക്കേണ്ട സാഹചര്യം രൂപപ്പെടുകയാണ്.