ഭരിക്കുന്നവര്‍ ഭരണഘടനയെ സ്നേഹിക്കുന്നില്ല
എന്നതാണ് ഇന്ത്യയുടെ ദുരന്തം- ബൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: മൂന്നുനൂറ്റാണ്ടിന്റെ പഴക്കമുള്ള ജന്ദര്‍ മന്തിറെന്ന നിരീക്ഷണാലയത്തിന്റെ അങ്കണത്തില്‍ കേരളത്തിന്റെ പ്രതിനിധികള്‍ പ്രതിഷേധസമരത്തിന്റെ പുതിയ ഇതിഹാസം സൃഷ്ടിച്ചു. രാജ്യതലസ്ഥാനത്ത് മണിപ്പൂരിലെ സഹോദരങ്ങള്‍ക്കായി കേരളത്തിന്റെ ശബ്ദമുയര്‍ന്നു. ഇന്ന് രാവിലെ 10 മണിക്ക് ജന്ദര്‍ മന്തറില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സംഘടിപ്പിച്ച പ്രതിഷേധ സംഗമം കലാപത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും അതിനെതിരേ നടപടി സ്വീകരിക്കാത്തവര്‍ക്കും താക്കീതായി. വര്‍ഗീയ-വംശീയ കലാപങ്ങള്‍ക്കെതിരേ ഒരു ക്രൈസ്തവ അല്മായ സംഘടനയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ പ്രതിഷേധ പരിപാടിയായിരുന്നു ഇത്. കേരളത്തിലെ 12 രൂപതകളില്‍ നിന്നും കെഎല്‍സിഎ നേതാക്കളും പ്രതിനിധികളും പുരോഹിതരും ഡല്‍ഹിയിലുള്ള നാനാജാതി മതസ്ഥരുമായ ജനങ്ങളും സമരത്തില്‍ അണിചേര്‍ന്നപ്പോള്‍ ജന്ദര്‍ മന്തിര്‍ അങ്കണം സമീപകാലത്തു ദര്‍ശിച്ച ഏറ്റവും വലിയ സമരപരിപാടിയായി അതു മാറി. ന്യുനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക, സമാധാനം പുനഃസ്ഥാപിക്കുക, നീതി ലഭ്യമാക്കുക, ഞങ്ങള്‍ ഇന്ത്യയെ സ്നേഹിക്കുന്നു, ഞങ്ങള്‍ ഭരണഘടനയെ വിലമതിക്കുന്നു എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ മുഴക്കിയത്.
രാജ്യത്ത് വ്യാപകമായി ന്യൂനപക്ഷങ്ങള്‍ക്കെതിരേ അക്രമങ്ങള്‍ നടക്കുകയാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആരോപിച്ചു. ഭരിക്കുന്നവര്‍ ഭരണഘടനയെ സ്നേഹിക്കുന്നില്ല എന്നതാണ് സമകാലീന ഇന്ത്യയുടെ ദുരന്തം. ഭരണഘടനയെ നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മണിപ്പൂരില്‍ കുക്കിവിഭാഗത്തെ പ്രത്യേകിച്ച് സ്ത്രീകളെ ആക്രമിക്കുന്നത് ഒരു ആശയത്തിന്റെ ആവിഷ്കാരമാണ്. വിവിധ മാനങ്ങളാണ് ഈ ആക്രമങ്ങളില്‍ കാണുന്നത്.
കുക്കികളില്‍ ക്രൈസ്തവരെയാണ് തിരഞ്ഞ് ആക്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു വംശീയ സംഘര്‍ഷമല്ല, വര്‍ഗീയ കലാപമാണ്.
നിങ്ങള്‍ കുക്കികളാണെങ്കിലും ക്രൈസ്തവരാണെങ്കിലും ലക്ഷ്യം വയ്ക്കപ്പെടും. മൂന്നുമാസമായിട്ടും കലാപം അവസാനിപ്പിക്കാന്‍ ശ്രമങ്ങളൊന്നും ഭരണപക്ഷം സ്വീകരിക്കുന്നില്ല എന്നത് ഇതിനു തെളിവാണ്. ഭൂരിപക്ഷ ആശയം അനുസരിക്കാന്‍ വിസമ്മതിക്കുന്നവരെ ഇല്ലാതാക്കാനാണ് ശ്രമം. മണിപ്പൂരില്‍ മാത്രമല്ല, ഇന്ത്യയുടെ മറ്റു സ്ഥലങ്ങളിലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് പ്രധാനമന്ത്രി ഇതിന്റെ പ്രതികരണമായി പറഞ്ഞത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ന്യായീകരിച്ചിരിക്കുകയാണ്. അദ്ദേഹം മൂന്നുമാസത്തിനു ശേഷം മൗനം ഭജിക്കാതിരിക്കുന്നതായിരുന്നു നല്ലത്. ഡബിള്‍ എന്ജിന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ മടിക്കുന്നു. ഇത്രയും കാലമായിട്ടും സംഭവത്തെ അപലപിക്കാന്‍ രാഷ്ട്രപതിയും തയ്യാറായിട്ടില്ല. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ഈ സംഘര്‍ഷങ്ങള്‍ അവസാനിക്കാതിരിക്കാന്‍ കാരണക്കാരാണ്. കുക്കി വനിതകള്‍ക്കു നേരെ നടന്ന സമാനതകളില്ലാത്ത, ഞെട്ടിക്കുന്ന അക്രമങ്ങളെ യുഎ.എന്‍ അടക്കം അപലപിച്ചിട്ടും മണിപ്പൂര്‍ മുഖ്യമന്ത്രിക്കും കേന്ദ്രത്തിനും കുലുക്കമില്ല. കലാപം ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന് മുഖ്യമന്ത്രി നോങ്തോമ്പം ബീരെന്‍ സിംഗ് നല്കിയ അഭിമുഖത്തില്‍ കുക്കികള്‍ ക്രിമനലുകളാണെന്നും മ്യാന്മാറില് നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും ആരോപിക്കുന്നുണ്ട്. മണിപ്പൂരിലെ കലാപം ആസൂത്രിതമാണെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് ബൃന്ദ കാരാട്ട് ആരോപിച്ചു.
ജനറല്‍ സെക്രട്ടറി ബിജു ജോസി സ്വാഗതം പറഞ്ഞു. കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസ് അധ്യക്ഷനായിരുന്നു. ഞങ്ങള്‍ ഭരണഘടനയെ വിലമതിക്കുന്നു. എന്തെങ്കിലും രാഷ്ട്രീയ താല്പര്യങ്ങളുടെ പേരില്‍ ഈ പവിത്രമായ ഭരണഘടന തകരരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസ് പറഞ്ഞു. മണിപ്പൂരില്‍ നടക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ പോലും ലജ്ജ തോന്നുന്നു. മണിപ്പൂരിലെ ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവും നല്കുന്നതില് ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. ഭരണഘടന പ്രകാരം സംസ്ഥാനത്ത് രാഷ്ട്രപതി ഇടപെടണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ന്യൂനപക്ഷ അവകാശ സംരക്ഷണം ഭരണഘടനാപരമായ മൗലികാവകാശമാണെന്നിരിക്കെ മണിപ്പൂരില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണ്.
സ്ത്രീകള്‍ക്കെതിരെയും ക്രിസ്ത്യാനികള്‍ക്കെതിരെയും അക്രമം നടത്തുന്നവരെ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കാത്ത സാഹചര്യത്തില്‍ ഭരണഘടനാ പ്രകാരം മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം.
ആക്രമണത്തിന് ഇരയായവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ തള്ളിപ്പറയാനും അത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കേന്ദ്ര ഭരണകൂടം തയ്യാറാകണം. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ് മുതലായവ നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്നും ഏകീകൃത സിവില്‍കോഡ് ഏകപക്ഷീയമായി നടപ്പിലാക്കുന്നതിന് പകരം അഭിപ്രായ സമന്വയമാണ് ഉണ്ടാകേണ്ടത്.
തീരം തീരവാസികളില്‍ നിന്ന് അന്യമാകുന്ന നടപടികള്‍ ഉണ്ടാവരുത്. ശാശ്വതമായ തീരസംരക്ഷണ നടപടികള്‍ ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. കടല്‍ഭിത്തിയും പുലിമുട്ടുകളും ശാസ്ത്രീയമായി നിര്‍മിച്ച് അവ പരിപാലിക്കുന്നതിനുള്ള സ്ഥിരം നടപടികള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുമുണ്ടാകണമെന്നും ഷെറി തോമസ് ആവശ്യപ്പെട്ടു.
ദേശീയ മഹിളാ ഫെഡറേഷന് ജനറല്‍ സെക്രട്ടറി ആനി രാജ, കേരളത്തിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക പ്രതിനിധി പ്രഫ. കെ.വി തോമസ്, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവരാജന്‍, കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ്, കൃപാസനം ഡയറക്ടര്‍ ഫാ. വി.പി ജോസഫ്, റവ. ഡോ. പീറ്റര്‍ ചടയങ്ങാട്ട്, ഫാ. ജയ്സണ്‍ വടശേരി, വര്‍ക്കേഴ്സ് ഇന്ത്യാ ഫെഡറേഷന് ഫാ. ജോര്‍ജ് തോമസ്, കെഎല്‍സിഎ ട്രഷറര്‍ രതീഷ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിന്‍സി ബൈജു, ജസ്റ്റിന് കരിപ്പാട്ട്, സാബു കാനക്കപ്പിള്ളി, ജോസഫ് അന്നംകുട്ടി, സെക്രട്ടറി ഷൈജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.