നായയ്ക്കും താഴെയുള്ള ജീവികളായി ഒരു കൂട്ടം മനുഷ്യരെ അവര്‍ ജനിച്ച ജാതികാരണം നോക്കിക്കാണുന്ന , ലോകത്തെ ഒന്നാം നമ്പര്‍ മനോരോഗം ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്.
രണ്ട് മനുഷ്യര്‍. അതിലൊരാള്‍ നിസ്സഹായനായി നിലത്ത് കുത്തിയിരിക്കുന്നു. മറ്റൊരാള്‍ നിവര്‍ന്നു നിന്ന് ആ നിരാലംബന്റെ ശിരസ്സിലേയ്ക്കും ചെവിയിലേക്കും മുഖത്തേയ്ക്കും മൂത്രമൊഴിക്കുന്നു. ജൂലൈ ആദ്യവാരത്തില്‍ രാജ്യമെങ്ങും നവമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോ ആണിത്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. ജില്ലയിലെ കുരുണ്ടി ഗ്രാമത്തില്‍ ഗോത്ര വര്‍ഗ്ഗക്കാരനായ ദസ്മത് റാവത്ത് എന്ന 36 കാരനാണ് നികൃഷ്ടമായ ഈ അക്രമം ഏറ്റുവാങ്ങേണ്ടി വന്നത്. സമീപഗ്രാമമായ കുബ്രി നിവാസി പ്രവേഷ് ശുക്ലയാണ് ഈ നീചകൃത്യം ചെയ്തത്.
സ്ഥലം എംഎല്‍എ യായ ബിജെപി നേതാവ് കേദാര്‍നാഥ് ശുക്ലയുടെ അനുയായിയാണ് പ്രവേഷ് ശുക്ല. കയ്യില്‍ എരിയുന്ന സിഗരറ്റുമായി മദ്യപിച്ചെത്തിയ പ്രവേഷ് ശുക്ല ചെയ്ത ഈ ഹീനകൃത്യം, ലഹരി ഉപയോഗം ഒരു മനുഷ്യനെ എത്രമേല്‍ അധഃപതിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമായി ഞായറാഴ്ച പ്രസംഗങ്ങളില്‍ പ്രയോഗിക്കാനാവും ബിജെപിക്ക് കേരളത്തില്‍ എംപി മാരെ ഉണ്ടാക്കിക്കൊടുക്കാന്‍ നടക്കുന്ന ‘കാസ’രോഗികള്‍ക്ക് തോന്നുക.
എന്നാല്‍, ഒരു മൃഗം മറ്റൊരു മൃഗത്തിനു മേല്‍, അല്ലെങ്കില്‍ ഒരു മനുഷ്യന് ഒരു മൃഗത്തിനു മേല്‍ ചെയ്യാനൊരുമ്പെടാത്ത ഈ മൂത്രാഭിഷേകം – ഒരു സംഘ പരിവാറുകാരന് ചെയ്യാനാവുന്നത് അവന് രാജ്യത്തെ ആദിവാസി- ഗോത്ര – പിന്നോക്ക – മത ന്യൂനപക്ഷങ്ങളില്‍ പെടുന്ന മനുഷ്യരെ മനുഷ്യരായി, മൃഗമായി പ്പോലും കാണാനുള്ള വിവേകമില്ല എന്നതുകൊണ്ടാണ്.
ഒരു ‘മനസുഖത്തിന് ‘ ഞങ്ങളുടെ പൂര്‍വ്വികരും സവര്ണ്ണരായിരുന്നുവെന്ന് ഊറ്റം കൊള്ളുന്ന നസ്രാണി വിഭാഗങ്ങള്‍ ഉള്ള നാട്ടില്‍, മനസ്സറിയാതെ അവര്‍ തലയില്‍ പേറുന്നതും ഇതേ മൂത്രാഭിഷേക പ്രത്യയ ശാസ്ത്രമാണെന്ന് പറയാതെ വയ്യ.
ഡോ.അംബേദ്കര്‍ നിരവധി ഘട്ടങ്ങളില്‍ പരാമര്‍ശിച്ച ‘അപമാനവീകരണം’എന്ന കൊടുംക്രൂര കൃത്യത്തിന്റെ ബലിയാടുകളാണ് , രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന- ചരിത്രത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ട കീഴാള ജനത എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇത്, വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ചിതറിക്കാനായി വളരെ ആസൂത്രിതമായി ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചയായി ക്കൊണ്ടിരിക്കുന്ന കാലം കൂടിയാണ്. ഇത് മണിപ്പൂരില്‍ മാസങ്ങളായി തുടരുന്ന – വംശഹത്യയോളം വളര്‍ന്ന കലാപങ്ങള്‍ കേന്ദ്ര ഭരണകൂടം കണ്ടില്ലായെന്ന് നടിക്കുന്ന കാലം കൂടിയാണ്. ജനാധിപത്യത്തിന്റെ ശിരസ്സിലേക്ക് സംഘിസം വിസര്‍ജ്ജിക്കുമ്പോള്‍ അപാരമായ ജാഗ്രതയോടെ നമ്മള് ഉണര്‍ന്നിരിക്കേണ്ട കാലം കൂടിയാണ്.
അത് കൊണ്ടാണ് കവി. സി.എസ് രാജേഷ് അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ ഇങ്ങനെയൊരു കുറിപ്പിട്ടത്. ‘സമനില തെറ്റി തെരുവിലലയുന്ന മനുഷ്യര്‍ പോലും ഒരു നായയുടെയെങ്കിലും ദേഹത്ത് ഈ പ്രവൃത്തി ചെയ്യുന്നത് നമ്മള് കണ്ടിട്ടില്ല. നമ്മളത് കണ്ടിട്ടില്ലാത്തതിന് കാരണം നമ്മുടെ ചുറ്റുപാട് കേരളം പോലെയൊരു സ്ഥലമാണെന്നതാണ്. കേരളത്തിന്റെ അവസ്ഥ വെച്ച് ഇന്ത്യയെ അളക്കാന്‍ കഴിയില്ല. രണ്ടു രാജ്യങ്ങള്‍ പോലെ വ്യത്യസ്തമാണ് സാമൂഹ്യ സാഹചര്യങ്ങള്‍ . ഇന്ത്യയുടെ ഹൃദയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ജാതിബോധം കൊണ്ടാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മനസ്സിന്റെ നേര്‍ചിത്രമാകുന്നുണ്ട് ഈ വീഡിയോ. രണ്ട് വ്യക്തികളല്ല ഇത് – ഇത്രയും നൂറ്റാണ്ടുകള്‍ കൊണ്ട് ഇവിടത്തെ സാമൂഹ്യ വ്യവസ്ഥ നിര്‍മ്മിച്ച രണ്ട് മനോഘടനയാണ്. ഒരു ഭ്രാന്തന് നായയോടു പോലും പെരുമാറാന്‍ തോന്നാത്തത് നിരാലംബനായ ഒരു മനുഷ്യനോട് ചെയ്യുന്ന ഒരാളുടെ മാനസികാവസ്ഥയെ അപ്പോള്‍ ഏത് വാക്കില്‍ വിശേഷിപ്പിക്കാന്‍ കഴിയും? അപമാനവീകരണത്തെപ്പറ്റി ധാരാളം പറഞ്ഞിട്ടുണ്ട് അംബേദ്കര്‍. dehumanization. മനുഷ്യനല്ലാതാക്കല്. നായയ്ക്കും താഴെയുള്ള ജീവികളായി ഒരു കൂട്ടം മനുഷ്യരെ അവര്‍ ജനിച്ച ജാതികാരണം നോക്കിക്കാണുന്ന , ലോകത്തെ ഒന്നാം നമ്പര്‍ മനോരോഗം ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്.