തിരുവനന്തപുരം: വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരേ അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളിലും നരഹത്യകളിലും പ്രതിഷേധം രേഖപ്പെടുത്തിയും പീഡനം അനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും (കെആര്‍എല്‍സിസി) തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും നേതൃത്വം നല്കുന്ന ഉപവാസ ധര്‍ണ ആരംഭിച്ചു. വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഇന്നു രാവിലെ 11നാണ് ധര്‍ണ ആരംഭിച്ചത്. വളരെ ആസൂത്രിതമായ അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ മണിപ്പൂരില്‍ നടക്കുന്നതെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് നെറ്റോ പറഞ്ഞു. വംശീയകലാപമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് അധികൃതര്‍ അവിടെ ചെയ്തുവരുന്നത്. എന്നാല്‍ ഭാരതീയരാരും മന്ദബുദ്ധികളല്ല. ആരെന്തു ചെയ്താലും അതുടനെയോ അടുത്ത ദിവസങ്ങളിലോ തിരിച്ചറിയാന്‍ നമുക്കു സാധിക്കും. സിബിസിഐ യോഗത്തില്‍ ഇംഫാല്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി സമ്മേളനത്തില്‍ മണിപ്പൂരിലെ സന്ന്യസ്തരും അവിടെ സംഭവിച്ച കാര്യങ്ങള്‍ വസ്തുനിഷ്ടമായി പ്രതിപാദിച്ചിരുന്നു.
ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി തുടച്ചുനീക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണങ്ങള്‍ ശരിവക്കുന്നതാണ് മണിപ്പൂരിലെ ഇപ്പോഴത്തെ സംഭവങ്ങള്‍.
55 ദിവസം പിന്നിട്ടിട്ടും കലാപം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. 250ല്‍ അധികം ദേവാലയങ്ങളും മറ്റ് ആരാധനാലയങ്ങളും വീടുകളും തകര്‍ക്കപ്പെട്ടു. അനോദ്യോഗികമായി അറിയുന്ന വിവരമനുസരിച്ച് അമ്പതിനായിരത്തോളം പേര് ഭവനരഹിതരായി. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും വിവിധ രാജ്യങ്ങളുമായുളള ബന്ധം ഊഷ്മളമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും അഭിനന്ദനീയമാണ്. അതേ സമയം തന്നെ സ്വന്തം രാജ്യത്ത് നടക്കുന്ന ആസൂത്രിത കലാപത്തെ കുറിച്ച് അദ്ദേഹം മൗനംഭജിക്കുകയും ചെയ്യുന്നു. ഭാരതത്തില്‍ ന്യനപക്ഷങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നതായ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അതുമായി ബന്ധമില്ലാത്ത ഉത്തരമാണ് അദ്ദേഹം നല്‍കിയത്.
മണിപ്പൂരി ജനതയുടെ ആശങ്കകള്‍ നമ്മുടേയും ആശങ്കകളാണ്. ഹൃദയംകൊണ്ട് നാമവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഈ സന്ദര്‍ഭങ്ങളിലാണ് മനുഷ്യരുടെ നന്മയും നീതിയുടെ വിജയവും നാം തിരിച്ചറിയേണ്ടത്.
ഇത്രയേറെ പീഡകളേറ്റിട്ടും വിശ്വാസം കൈവെടിയാന്‍ ആ ജനത തയ്യാറായില്ല.
പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് രാജ്യത്തെങ്ങുനിന്നുമുളള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ധാരാളം പേര് വിപരീത സാഹചര്യങ്ങളിലും അവര്‍ക്ക് സഹായമെത്തിക്കുവാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നു. കലാപകാരികള്‍ക്ക് തിരിച്ചരിവുണ്ടാകാനും ഉത്തരവാദിത്വപ്പെട്ട ഭരണാധികാരികള്‍ക്ക് ന്യായമായ തീരമാനങ്ങളെടുക്കാന്‍ കഴിയാനും പ്രാര്‍ഥിക്കണമെന്ന് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പ്രാര്‍ഥന ചൊല്ലിക്കൊണ്ട് ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.
ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ സമാപന സന്ദേശം നല്കി. തിരുവനന്തപുരം അതിരുപതാ സഹായ മെത്രാന് ഡോ. ആർ. കൃസ്തുദാസ്, വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര, കെസിബിസി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. ജേക്കബ് പാലക്കപ്പിള്ളി, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറി പി.ജെ. തോമസ്, കൊല്ലം രൂപതാ വികാരി ജനറൽ മോൺ. വിൻസന്റ് മച്ചാഡോ, മോൺ. സി ജോസഫ്, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, വൈഎംസിഎ പ്രസിഡന്റ് ജോർജ് ഉമ്മൻ, ഷെവലിയർ ഡോ. കോശി എം. ജോർജ് , മോൺ. ജെയിംസ് കുലാസ്, റവ ഡോ.ലോറൻസ് കുലാസ്, ഫാ. മൈക്കിൾ തോമസ്, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കെസിബിസി വനിതാ കമ്മീഷൻ സെക്രട്ടറി ജെയിൻ ആൻസിൽ , കെഎൽസിഡബ്ള്യുഎ ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, കെ സി വൈ എം ലാറ്റിൻ ജനറൽ സെക്രട്ടറി ജോസ് വർക്കി, യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റ്പ്രസിഡന്റ് പി പി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഓസ്കര് ലോപ്പസ്, സാൽവേഷൻ ആർമി കേണൽ പി എം ജോസഫ്, കെഎൽസിഎ തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിള്‍, ആന്റണി ആൽബർട്ട് എന്നിവർ പ്രസംഗിച്ചു.