അന്‍പതു ദിവസമായി കലാപത്തീയണയാത്ത മണിപ്പുരിലെ ഹതാശരായ ജനതയ്ക്കായി എന്തെങ്കിലുമൊരു ശാന്തിമുദ്രയോ കരുണാര്ദ്രഭാവമോ കാണിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരത്തിന്റെ അങ്കണത്തില്‍ 185 രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടവ്യക്തികളുടെ മുമ്പാകെ യോഗാചാര്യ സിദ്ധി പ്രദര്‍ശിപ്പിച്ച് തന്റെ ‘വിശ്വഗുരു’ അവതാര പരിവേഷത്തിന് ഗിന്നസ് ബുക്ക് റെകോര്‍ഡിന്റെ മണിമുടി ചൂടിനില്ക്കുന്നു!
രാജ്യത്തെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ബിജെപി ഭരിക്കുന്ന ആ ചെറിയ സംസ്ഥാനത്തെ ജനങ്ങള്‍ വംശീയ സംഘര്‍ഷങ്ങളില്‍ നിന്ന് ആളിപ്പടര്‍ന്ന ആഭ്യന്തര യുദ്ധത്തിന്റെ കൊടിയ ദുരന്തക്കെടുതികളില് പ്രാണഭീതിയോടെ അലമുറകൂട്ടുമ്പോഴും അക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ അടിയന്തരമായി ഇടപെടാനോ ഇരകളെ തന്റെ സാമീപ്യംകൊണ്ട് ആശ്വസിപ്പിക്കാനോ ഒരു സമാധാന ആഹ്വാനം നല്‍കാനോ പോലും മുതിരാതെ മുഖംതിരിച്ചുനില്‍ക്കുകയായിരുന്നു ഇന്ത്യയുടെ സര്‍വശക്തനായ പ്രധാനമന്ത്രി.
മണിപ്പുരികളുടെ വീട്ടുപടിക്കല്‍ ബിജെപിയുടെ ഇരട്ടഎന്‍ജിന്‍ സര്‍ക്കാരും ദേശീയ രാഷ്ട്രീയ നേതൃത്വവും എത്തിയിരിക്കുന്നുവെന്നാണ് കഴിഞ്ഞകൊല്ലം ഫെബ്രുവരി-മാര്‍ച്ച് മാസത്തിലെ തിരഞ്ഞെടുപ്പുകാലത്ത് മോദി ഇംഫാലില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, മൂന്നുവട്ടം മണിപ്പുര്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ഓകരാം ഇബോബി സിങ് ഉള്‍പ്പെടെ സംസ്ഥാനത്തെ പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധിസംഘം പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് ജനങ്ങളുടെ ജീവരക്ഷയ്ക്കും സംസ്ഥാനത്തിന്റെ നിലനില്പിനുമായി നിവേദനം സമര്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ പത്തുദിവസം കാത്തുകിടന്നിട്ടും കൂടിക്കാഴ്ച അനുവദിക്കാതെയാണ് മോദി അമേരിക്കന്‍ കെട്ടുകാഴ്ചയ്ക്ക് പുറപ്പെട്ടത്.
മണിപ്പുരില്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ അനുരഞ്ജന ചര്‍ച്ചകളും സമാധാനയജ്ഞവും വേണമെന്ന് ഏതാണ്ട് ഒന്നരമാസം വൈകിയാണെങ്കിലും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബലേ നിര്‍ദേശിക്കുകയുണ്ടായി. എന്നിട്ടും മോദി അനങ്ങിയില്ല. സംസ്ഥാനത്തെ മലനിരകളില്‍ പരമ്പരാഗതമായി വസിച്ചുവരുന്ന കുക്കി-സോമി ഗോത്രവര്‍ഗക്കാരായ ക്രൈസ്തവര്‍ക്കും താഴ് വാരത്ത് അധിവസിക്കുന്ന ഭൂരിപക്ഷ മെയ്തെയ് ഹൈന്ദവ സമൂഹത്തിനുമിടയില്‍ വര്‍ഗീയ ധ്രുവീകരണം രൂക്ഷമാക്കുന്നതിന് വഴിമരുന്നിട്ട് കലാപത്തിനുവേണ്ട ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച മെയ്തെയ് വംശജനായ മുഖ്യമന്ത്രി ബിരേന്‍ സിങ് ഒട്ടു കുലുങ്ങിയതുമില്ല. മെയ്തെയ് ഹൃദയഭൂമിയായ സമതലങ്ങളില്‍ നിന്ന് കുക്കികളെ മാത്രമല്ല, ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മെയ്തെയികളെയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം പൂര്‍ത്തിയാകേണ്ടതുണ്ടായിരുന്നു. മേയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ട് ആദ്യ 36 മണിക്കൂറിനകം താഴ് വരയിലും മലയോര ഗ്രാമങ്ങളിലും കുക്കികളുടെ വീടുകളും കടകളും സ്ഥാപനങ്ങളും വസ്തുവകകളും ആരാധനാലയങ്ങളും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയും കൊള്ളിവയ്ക്കുകയും ചെയ്ത ജനക്കൂട്ടവും സായുധസംഘങ്ങളും ഇംഫാലില്‍ മാത്രം മെയ്തെയ് ക്രൈസ്തവരുടെ 249 ദേവാലയങ്ങളും കുക്കികളുടെ 25 പള്ളികളും തകര്‍ത്തു. മലയോരങ്ങളില്‍ തീയിട്ട ഇരുന്നൂറിലേറെ കുക്കി ഗ്രാമങ്ങളില്‍ ഓരോന്നിലും ഒന്നിലേറെ ക്രൈസ്തവ വിഭാഗങ്ങളുടെ ആരാധനാലയങ്ങളുണ്ടായിരുന്നു.
അയ്യായിരത്തിലേറെ വീടുകള്‍ വെണ്ണീറായി, 60,000 പേര് ഭവനരഹിതരായി. കലാപത്തില്‍ 120 പേര് കൊല്ലപ്പെടുകയും ആയിരത്തോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്.
സൈനിക കര്‍ഫ്യു നിയന്ത്രണങ്ങളും അക്രമികളെ കണ്ടാല്‍ വെടിവയ്ക്കാനുള്ള ഉത്തരവും 40,000 സൈനികരുടെയും കേന്ദ്ര സായുധസേനയുടെയും സുരക്ഷാവലയവുമൊക്കെയുണ്ടായിട്ടും ഇംഫാലിലെ ഇന്ത്യന്‍ റൈഫിള്‍സ് കമാന്‍ഡോ ബറ്റാലിയന്, മണിപ്പുര്‍ പൊലീസ് ട്രെയ്നിങ് കോളജ്, മണിപ്പുര്‍ റൈഫിള്‍സ് എന്നിവയുടെ ആയുധപ്പുരകളില്‍ നിന്നും നിരവധി പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ജനക്കൂട്ടം രണ്ടുമൂന്നു ഘട്ടങ്ങളിലായി നാലായിരത്തോളം അത്യാധുനിക ആയുധങ്ങളും ഹൈഗ്രേഡ് വെടിക്കോപ്പുകളും അഞ്ചുലക്ഷത്തോളം ബുള്ളറ്റും മോര്‍ട്ടാര്‍ ഷെല്ലുകളും ഗ്രനേഡുകളും മറ്റും തട്ടിയെടുത്തു. ഇതില്‍ ഏറിയ പങ്കും മെയ്തെയ് കലാപകാരികളുടെ കൈവശമാണ്. ഇപ്പോഴും 3,300 സിവിലിയന്മാര് വിവിധ സേനാവിഭാഗങ്ങളുടെ ആയുധങ്ങളുമായി താഴ് വരയില്‍ സൈ്വരവിഹാരം ചെയ്യുന്നുണ്ടത്രേ.
ആഭ്യന്തര അടിയന്തരാവസ്ഥ മുന്‍നിര്‍ത്തി ഭരണഘടനയുടെ 355-ാം വകുപ്പുപ്രകാരം സംസ്ഥാനത്തെ ക്രമസമാധാന-സുരക്ഷാസംവിധാനങ്ങളുടെ ചുമതല കേന്ദ്രം ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിയെ ഒഴിവാക്കി കേന്ദ്രം നിയോഗിച്ച സുരക്ഷാ ഉപദേഷ്ടാവാണ് സുരക്ഷാക്രമീകരണങ്ങള്ക്കായുള്ള യൂണിഫൈഡ് കമാന്‍ഡിനെ ഏകോപിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്നുദിവസം മണിപ്പൂരില്‍ തങ്ങി പ്രശ്നങ്ങളെല്ലാം സൂക്ഷ്മമായി വിലയിരുത്തി ജുഡീഷ്യല്‍, സിബിഐ അന്വേഷണങ്ങളും നഷ്ടപരിഹാര പാക്കേജും സമാധാന കമ്മിറ്റിയും മറ്റും പ്രഖ്യാപിച്ച് മടങ്ങിയതിനു പിന്നാലെ കലാപത്തിന്റെ പുതിയ തരംഗമുണര്‍ന്നു, അക്രമങ്ങളുടെ രൂപവും ഭാവവും മാറി. ‘മീരാ പൈബി’ എന്നറിയപ്പെടുന്ന വനിതാകൂട്ടായ്മകള്‍ നാടുനീളെ റോഡ് ഉപരോധിച്ച് സേനാവിന്യാസം തടസപ്പെടുത്തുമ്പോള്‍ മെയ്തെയ് സായുധസംഘങ്ങള്‍ നയിക്കുന്ന വലിയ ജനക്കൂട്ടം മലയോരത്തെയും പ്രാന്തപ്രദേശങ്ങളിലെയും കുക്കി ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും തീവച്ചുനശിപ്പിക്കുകയും ചെയ്യുന്നു.
കാങ്പോക്പി ജില്ലയിലെ സൈകുല്‍ ഖമെന്ലോക്കിലെ പത്തു ഗ്രാമങ്ങളില്‍ മെയ്തെയ് യുഎന്‍എല്‍എഫ് സായുധസംഘവും മണിപ്പുര്‍ പൊലീസ് കമാന്‍ഡോകളും ഉള്‍പ്പെടുന്ന മൂവായിരത്തോളം വരുന്ന ജനക്കൂട്ടം മൊബൈല്‍ ടവറുകള്‍ തകര്‍ത്തുകൊണ്ട് മൂന്നു ദിവസം തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഗോര്‍ഖാ റെജിമെന്റിനും മറ്റ് സുരക്ഷാവിഭാഗങ്ങള്‍ക്കും അവരെ തടയാന്‍ കഴിഞ്ഞില്ല. കുക്കികള്‍ ശക്തമായ പ്രതിരോധം തീര്‍ത്തു. മെയ്തെയ് അക്രമികളില്‍ ഒന്പതുപേര് കൊല്ലപ്പെട്ടതായി കുക്കി ഗ്രാമമുഖ്യര്‍ അവകാശപ്പെട്ടു.
കുക്കി-മെയ്തെയ് ക്രൈസ്തവ ദമ്പതികളുടെ ഏഴു വയസുള്ള മകന് ഇംഫാലില്‍ നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറ് കാങ്ചുപ്പിലെ അസം റൈഫിള്‍സ് ക്യാമ്പില്‍ വച്ച് വെടിയേറ്റു. മെയ്തെയ് ക്രിസ്ത്യാനിയായ അമ്മയും ബന്ധുവായ സ്ത്രീയും ചേര്‍ന്ന് അവനെ ആശുപത്രിയിലേക്കു കൊണ്ടുപോയത് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും രണ്ടു പൊലീസ് വാഹനങ്ങളുടെയും അകമ്പടിയോടെയാണ്. ഇംഫാല്‍ വെസ്റ്റിലെ ഇറോയ്സെംബയില് വച്ച് മെയ്തെയ് ജനക്കൂട്ടം ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി കുട്ടിയെയും അമ്മയെയും ബന്ധുവിനെയും ചുട്ടുകൊന്നു. പൊലീസ് സംഘത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
കാങ്പോക്പിയിലെ കുക്കി ബിജെപി എംഎല്‍എയും ബിരേന്‍ സിങ് മന്ത്രിസഭയിലെ ഏക വനിതയുമായ നേംചാ കിപ്ഗേന്റെ ഇംഫാലിലെ ഔദ്യോഗിക വസതിക്കും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്.കെ രഞ്ജന്‍ സിങ്ങിന്റെ ഇംഫാല്‍ ഈസ്റ്റിലെ വീടിനും ജനക്കൂട്ടം തീവച്ചു. സംസ്ഥാനത്ത് ക്രമസമാധാനവും നിയമവാഴ്ചയും പൂര്‍ണമായും തകര്‍ന്നുവെന്ന് കേന്ദ്രമന്ത്രി രഞ്ജന്‍ സിങ് തുറന്നടിച്ചപ്പോഴും മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്, സംസ്ഥാനത്ത് ഏറ്റുമുട്ടല്‍ നടക്കുന്നത് കുക്കി തീവ്രവാദികളും സുരക്ഷാസേനയും തമ്മിലാണെന്നാണ്.
കുക്കി ഗോത്രവര്‍ഗക്കാര്‍ക്കിടയിലെ കുക്കി നാഷണല്‍ ഓര്ഗനൈസേഷന്, യുണൈറ്റഡ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവയിലെ 25 സായുധഗ്രൂപ്പുകളുമായി കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും ഒപ്പുവച്ച വെടിനിര്‍ത്തല്‍ (സസ്പെന്ഷന് ഓഫ് ഓപ്പറേഷന്‍സ്) ഉടമ്പടി പ്രകാരം 2008 മുതല്‍ അവരെ 13 ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കയാണ്. അവരുടെ ആയുധങ്ങളെല്ലാം കണ്ടുകെട്ടി മുദ്രവച്ച് സൂക്ഷിച്ചിരിക്കുന്നു. കുക്കി തീവ്രവാദികളുമായുള്ള വെടിനിര്‍ത്തല്‍ ഉടമ്പടിയില്‍ നിന്ന് സംസ്ഥാനം പിന്മാറുന്നതായി മുഖ്യമന്ത്രി ഏകപക്ഷീയമായ പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോഴും ആ സംഘങ്ങള്‍ ക്യാമ്പുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. സ്വന്തം ഗോത്രത്തിനുനേരെ ആക്രമണമുണ്ടാകുമ്പോള്‍ ആയുധം കയ്യിലെടുക്കാതിരിക്കാന്‍ അവര്‍ക്കാകുമോ?
ക്രിമിനല്‍ നടപടികളില്‍ നിന്ന് സൈനികര്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് (അഫ്സ്പാ) ഇംഫാല്‍ താഴ് വരയില്‍ മെയ്തെയ് മേഖലയിലെ 19 പൊലീസ് സ്റ്റേഷന് പരിധിയില്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും കുക്കി, നാഗാ ഗോത്രമേഖലകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മറ്റ് 73 പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലും അതു ബാധകമാണ്. ഇക്കുറി പ്രശ്നങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി, കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി കുക്കി ഗോത്രമേഖയിലെ ലൈസന്‍സുള്ള തോക്കുകള്‍ ‘റീവേരിഫിക്കേഷന്‍’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ശേഖരിച്ചതിനു പിന്നില്‍ നിരായുധീകരണത്തിന്റെ തന്ത്രമുണ്ടായിരുന്നോ എന്ന സംശയം ഉയരുന്നുണ്ട്.
2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019-ലെ പൊതുതിരഞ്ഞെടുപ്പിലും ബിജെപിയെ വിജയിപ്പിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മയും ആര്‍എസ്എസ് നേതാവ് രാം മാധവും തങ്ങളുമായി രഹസ്യ ധാരണയുണ്ടാക്കിയിരുന്നു എന്ന യുണൈറ്റഡ് കുക്കി ലിബറേഷന്‍ ഫ്രണ്ട് ചെയര്മാന് എസ്.എസ് ഹവോകിപ്പിന്റെ വെളിപ്പെടുത്തല്‍ പലരെയും ഞെട്ടിച്ചു. ലഹരിമരുന്ന് ഇടപാടു നടത്തുന്ന ഭീകരവാദികള്‍ (നാര്‍ക്കോ-ടെററിസ്റ്റ്സ്), വനംകൊള്ളക്കാര്‍, കറുപ്പ്-പോപ്പി കൃഷിക്കാര്‍, മ്യാന്മറില് നിന്നു വന്ന ‘അന്യര്‍’, അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള കള്ളക്കടത്തുകാര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും അഭയം നല്കുന്നവര് എന്നൊക്കെ മുദ്രകുത്തി കുക്കികള്‍ക്കെതിരെ വിദ്വേഷപ്രചരണം നടത്തി മലനിരകളിലെ പരമ്പരാഗത വാസസ്ഥലങ്ങളില്‍ നിന്ന് അവരെ ആട്ടിപ്പായിച്ച് ഗോത്രവര്‍ഗ ഭൂമി കൈയടക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്കു വഴിതെളിച്ചത്.
സനാമഹി എന്ന പുരാതന മതവിശ്വാസത്തിന്റെ പുനരുദ്ധാരണം സാംസ്കാരിക നവോത്ഥാനത്തിന്റെയും മെയ്തെയ് സ്വത്വബോധ രാഷ്ട്രീയത്തിന്റെയും ഭാഗമായി കാണുന്ന അരാംബായ് തെങ്ഗോല്‍, മെയ്തെയ് ലീപുന്‍ എന്നീ മൗലികവാദി മിലിഷ്യ, ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. സംസ്ഥാനത്തു നിന്നുള്ള ഏക ബിജെപി രാജ്യസഭാംഗമായ മണിപ്പുര്‍ രാജവംശത്തിലെ ലെയ്ഷെംബ സഞ്ജാവോബയുടെ ഇംഫാലിലെ വസതിയില്‍, ബിരേന്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ അരാംബായ് തെങ്ഗോല്‍ കേഡറുകളുടെ സത്യപ്രതിജ്ഞ നടക്കുന്നത് നാട്ടിലെങ്ങും പാട്ടാണ്. 2018-ല്‍ നിരോധിക്കപ്പെട്ട എട്ട് മെയ്തെയ് തീവ്രവാദി ഗ്രൂപ്പുകളില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, പ്രെപാക്, കെസിപി തുടങ്ങിയവയുടെ അണികള്‍ മ്യാന്മറിലെ ഒളിസങ്കേതങ്ങളില്‍ നിന്ന് മണിപ്പുരിലെ കലാപഭൂമിയില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം അമ്പേ പരാജയപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നത് പ്രതിപക്ഷവും ബിജെപിക്കാരായ ഏഴ് കുക്കി എംഎല്‍എമാരും മാത്രമല്ല. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബിരേന്‍ സിങ് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതായി ഒന്‍പത് മെയ്തെയ് ബിജെപി എംഎല്‍എമാര്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ പറയുന്നു. ക്രമസമാധന തകര്‍ച്ചയ്ക്ക് സമാധാനം പറയേണ്ടത് ബിരേന്‍ സിങ് മാത്രമല്ല, സംസ്ഥാനത്തെ ആഭ്യന്തരസുരക്ഷയുടെ ചുമതല ഏറ്റെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ്രത്തിലെ ഏറ്റവും കരുത്തനായ മന്ത്രി അമിത് ഷായുമാണ്. ഭരണനേതൃത്വത്തില്‍ മാറ്റം വേണമെന്നും ബിരേന്‍ സിങ് മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കലാപത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആവശ്യമുയര്‍ന്നതാണ്. കുക്കികള്‍ക്കായി പ്രത്യേക ഭരണസംവിധാനം വേണമെന്ന ആവശ്യം വിഘടനവാദമാണെന്ന് മെയ്തെയ്കള്‍ കുറ്റപ്പെടുത്തുന്നു.
നിയമവാഴ്ചയില്ലാത്ത, ആര്‍ക്കും ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന അരാജകത്വത്തിന്റെ നാടായി മണിപ്പുര്‍ മാറിയിരിക്കുന്നുവെന്നും യുദ്ധാനന്തര ലബനോന്‍, സിറിയ, ലിബിയ എന്നിവയ്ക്കു സമാനമായ ഭയാനക അന്തരീക്ഷത്തിലാണ് താന്‍ ഇപ്പോള്‍ കഴിയുന്നതെന്നും റിട്ടയേഡ് ലഫ്റ്റനന്റ് ജനറല്‍ എല്‍. നിഷികാന്ത സിങ്ങിന്റെ സന്ദേശം മുന്‍ കരസേനാ മേധാവി വേദ് പ്രകാശ് മലിക് പ്രധാനമന്ത്രിക്കും രാജ്യരക്ഷാമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ടാഗ് ചെയ്തിരുന്നു. അതിര്‍ത്തിക്കപ്പുറത്ത് പട്ടാളഭരണം നടക്കുന്ന മ്യാന്മറില് രോഹിംഗ്യ മുസ്ലിംകള്ക്കും ചിന് ഗോത്രവര്ഗക്കാര്ക്കുമെതിരെ ബൗദ്ധ മൗലികവാദികള്‍ സൈനികരുടെ പിന്തുണയോടെ നടത്തുന്ന വംശഹത്യയുടെ മറ്റൊരു പതിപ്പല്ലേ മണിപ്പുരില്‍ ക്രൈസ്തവ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ അരങ്ങേറുന്നത്?
മണിപ്പുരില്‍ സത്യത്തിനും അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടിയുള്ള കമ്മിഷന് ഉണ്ടാകണം. കലാപത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കയും വേണം.
എന്നാല്‍, ഇപ്പോള്‍ യോഗാസനത്തിലെന്ന പോലെ പ്രധാനമന്ത്രി മോദിക്ക് ആവേശം കൊള്ളാന്‍ ജി20 മഹാമാമാങ്കം വരുന്നുണ്ട്. മണിപ്പുര്‍ കത്തുമ്പോഴും, ഗോവയില്‍ ജി20 ടൂറിസം മന്ത്രിതല സമ്മേളന പ്രതിനിധികളെ ”ജനാധിപത്യത്തിന്റെ മാതാവിന്റെ നാട്ടിലെ ജനാധിപത്യ ഉത്സവം കാണാന്‍” – 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സീസണില്‍ എത്തിച്ചേരാന്‍ ക്ഷണിക്കുന്ന വീഡിയോ സന്ദേശത്തിന്റെ മോഹമുദ്രയില് സ്വയമാഴുകയായിരുന്നു മോദി.