മണിപ്പുരില്‍ അക്രമികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അക്രമം തടയാന്‍ കഴിയാത്തതു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചയാണെന്നും എംപിമാരായ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന് എന്നിവര്‍ വിവിധ മാധ്യമങ്ങള്‍ക്കു നല്കിയ കൂടിക്കാഴ്ചയില്‍ ആരോപിച്ചു. കേരളത്തില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ കേള്‍ക്കുന്ന വാര്‍ത്തകളല്ല മണിപ്പുരിലേത്. നൂറിലധികം പേര് കൊല്ലപ്പെട്ടു. പതിനായിരങ്ങള്‍ സ്വന്തം സ്ഥലങ്ങളില്‍ നിന്നു നിഷ്കാസിതരായി. സംസ്ഥാന ഭരണകൂടം തന്നെ ഒരു വിഭാഗത്തെ പിന്തുണയ്ക്കുന്നുവെന്ന പരാതിയാണ് എല്ലാ ദിക്കില്‍ നിന്നും ലഭിച്ചതെന്നും മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം ഹൈബി ഈഡന് പറഞ്ഞു. മേയ് ആദ്യവാരമാരംഭിച്ച കലാപങ്ങളുടെ പേരില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ വിച്ഛേദിക്കപ്പെട്ട് പുറംലോകവുമായി ബന്ധമില്ലാത്ത അവസ്ഥയിലാണ് ഈ വടക്കുകിഴക്കന്‍ സംസ്ഥാനം. അവിടത്തെ സ്ഥിതിഗതികള്‍ നേരിട്ടറിയാനാണ് ഹൈബിയും ഡീനും മണിപ്പൂര്‍ സന്ദര്‍ശിച്ചത്. എംപിമാരെന്ന നിലയില്‍ യാത്രചെയ്യാന്‍ സാധിക്കാത്തതിനാല്‍ പ്രാദേശിക ബന്ധങ്ങള്‍ ഉപയോഗിച്ച് സാധാരണക്കാരായിട്ടായിരുന്നു യാത്ര. കൂടിക്കാഴ്ചയിലെ പ്രസക്ത ഭാഗങ്ങള്‍.
ഹൈബി ഈഡന്
മണിപ്പൂരില്‍ നടക്കുന്നത് എന്തെന്ന് കണ്ട് മനസിലാക്കുകയും അത് പുറംലോത്തെ അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നെങ്കിലും ഞങ്ങള്‍ എംപിമാരെന്ന നിലയിലോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ലേബലിലോ അല്ല പോയത്. അത് പ്രായോഗികമായിരുന്നില്ല. എംപിമാരാണെന്ന് അറിഞ്ഞാല്‍ അവിടെ യാത്രചെയ്യാനോ കാര്യങ്ങള്‍ മനസ്സിലാക്കാനോ സാധിക്കുമായിരുന്നില്ല. സാധാരണക്കാരെന്ന നിലയില്‍ അവിടത്തെ പാര്‍ട്ടിക്കാരുടെയും മിഷനറി പ്രവര്‍ത്തകരുടെയുമൊക്കെ സഹായത്തോടെയായിരുന്നു സന്ദര്‍ശനം.
ഞാനും ഡീനും അധ്യാപകരാണെന്നോ ദുരിതാശ്വാസ പ്രവര്‍ത്തകരാണോ പറഞ്ഞാണ് യാത്രചെയ്തിരുന്നത്. സൈന്യത്തിന്റെയും പൊലീസിന്റെയും പരിശോധനകള്‍ ഇടക്കുണ്ട്. അതിനു പുറമേ നമ്മള് പോകുന്ന സ്ഥലങ്ങളിലെല്ലാം വടികളുമായി സ്ത്രീകള്‍ നില്ക്കുന്നുണ്ടാകും. അവര്‍ കൈകാണിച്ച് വണ്ടി നിര്‍ത്തിക്കും, ചോദ്യം ചെയ്യും. വാഹനവും ബാഗുകളുമെല്ലാം പരിശോധിക്കും. ഡ്രൈവര്‍മാരും നമ്മുടെ കൂടെയുള്ള പ്രാദേശിക ഭാഷ അറിയുന്നവരുമാണ് അവരോട് സംസാരിക്കുക. ഇവിടെ പല അക്രമങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നതും സ്ത്രീകളാണ്.
സര്‍ക്കാര്‍ അനുമതിയോടെ നടക്കുന്ന ആസൂത്രിത ആക്രമങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് ഇതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ബിജെപിയുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. മെയ്തി വിഭാഗവും കുക്കി വിഭാഗവും തമ്മിലുള്ള സംഘര്‍ഷം ഇവിടെ നേരത്തേ ഉള്ളതാണ്. എന്നാല്‍, ഇപ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളുണ്ട്. ബിജെപിയുടെ തന്നെ ഇരു വിഭാഗങ്ങളിലുമുള്ള ക്രിസ്ത്യന്‍ എംഎല്‍എമാരോട് ഞങ്ങള്‍ സംസാരിച്ചിരുന്നു. അവര്‍ പോലും വലിയ ഭയപ്പാടിലാണ്.
ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടുവന്നിട്ടും കേന്ദ്രസേനകളെവരെ വിന്യസിച്ചിട്ടും 40-45 ദിവസമായി തുടരുന്ന കലാപം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചിട്ടില്ല. വീടും സ്വത്തും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ല. സന്നദ്ധസംഘടനകള്‍ക്ക് സഹായം റോഡുമാര്‍ഗം എത്തിക്കാനാകാത്ത സാഹചര്യമാണ്. ‘ഡിജിറ്റല്‍ ഇന്ത്യ’യില്‍ മണിപ്പൂരുകാര്‍ക്ക് ഇന്റര്‍നെറ്റ് നഷ്ടപ്പെട്ടിട്ട് ആഴ്ചകളായി. അവിടെ നടക്കുന്നതെന്താണെന്ന് പുറംലോകം അറിയുന്നില്ല. അവര്‍ക്ക് പണം കൈമാറ്റം ചെയ്യാന്‍ പോലും സാധിക്കുന്നില്ല.
പൊലീസിന്റെ മുന്നിലാണ് അക്രമങ്ങള്‍ നടക്കുന്നത്. നാലായിരത്തോളം റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള പൊലീസിന്റെ ആയുധങ്ങള്‍ അവിടെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആളുകള്‍ കൂട്ടത്തോടെ വന്ന് പൊലീസ് ആര്മറിയില്നിന്ന് ആയുധങ്ങള്‍ എടുത്തുകൊണ്ട് പോവുകയാണ് ചെയ്തത്. എന്നാല്‍, അത് തടയാനോ ഒരാള്‍ക്കെതിരേ പോലും കേസെടുക്കാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ ഈ ഒരൊറ്റ സംഭവം മാത്രം മതി.
രണ്ട് വിഭാഗങ്ങളിലുമുള്ള ക്രിസ്ത്യന്‍ സ്ഥാപനങ്ങളാണ് ആക്രമിക്കപ്പെടുന്നത് എന്നതാണ് കലാപങ്ങളുടെ പ്രത്യേകത.
ഗ്രാമങ്ങള്‍ അപ്പാടെ കത്തിക്കുന്ന സാഹചര്യമുണ്ട്. പക്ഷേ, നഗരമേഖലയില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ മാത്രം അക്രമിക്കപ്പെടുകയാണ്. മണിപ്പൂരിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് ക്രിസ്ത്യന്‍ വിഭാഗമാണ്. ധാരാളം ചര്‍ച്ചുകളും അനുബന്ധ സ്ഥാപനങ്ങളുമുണ്ട്. ഇവയ്ക്കെതിരെയുള്ള ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. മലയാളി സിസ്റ്റര്മാര് നടത്തുന്ന സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലൊക്കെ സായുധസേന ക്യാമ്പ് ചെയ്യുന്നുണ്ട്. അവരെ സംരക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല. എന്നിട്ടുപോലും സ്ത്രീകളുടെ ഉള്‍പ്പെടെ നേതൃത്വത്തില്‍ രാത്രി വന്ന് കല്ലെറിയുകയും ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.
ഇംഫാലിന്റെ വടക്കന്‍ മേഖലയിലുള്ള കാങ്ഖോപ്കിയിലെയും തെക്കന്‍മേഖലയിലുള്ള ചുരംചാന്ദ്പൂരിലെയും ക്യാമ്പുകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയൊക്കെ നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന ഗ്രാമങ്ങളൊക്കെ ഒന്നാകെ ചുട്ടെരിച്ചിരിക്കുകയാണ്. തിരിച്ച് ഗ്രാമങ്ങളിലേക്ക് പോകാന്‍ പറ്റുമോ എന്നുപോലും ക്യാമ്പിലുള്ളവര്ക്കറിയില്ല. സ്കൂളുകളും കോളേജുകളുമൊക്കെ ഇനിയെന്ന് തുറക്കാനാകുമെന്ന് ഒരുറപ്പുമില്ല. വീടുകള്‍ പുനര്‍നിര്‍മിക്കുക എന്നതൊക്കെ അവിടെ വളരെ ശ്രമകരമാണ്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒന്നും പറയുന്നുമില്ല. ക്യാമ്പുകളിലുള്ളവര്‍ ജീവിതം
എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയാതെ തീര്‍ത്തും അനിശ്ചിതാവസ്ഥയിലാണ്.
മണിപ്പൂരില്‍ നടക്കുന്നത് ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായുള്ള ആക്രമങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. അതങ്ങനെയല്ലെന്ന് പുറംലോകത്തെ ബോധ്യപ്പെടുത്താനാണ് ഇനി ശ്രമിക്കുക.
അത് അവിടത്തെ ജനങ്ങളുടെ ആശ്യമാണ്. എംപിമാരെന്ന നിലയില്‍ വിഷയം അതിന്റെ ഗൗരവത്തോടെ പാര്‍ലമെന്റില്‍ ഉന്നയിക്കും. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി പ്രധാനമന്ത്രിയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും നല്‍കും.
ഡീന്‍ കുര്യാക്കോസ്
ഒരു വംശീയ സംഘര്‍ഷമാണ് ഇവിടെ നടക്കുന്നതെന്ന് കരുതാന്‍ കഴിയില്ല. ഇതൊരു ക്രൈസ്തവ വിരുദ്ധ നീക്കമാണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്.
ഇരുന്നൂറിലധികം ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചു. മെയ്തികളുടേയും കുക്കികളുടേയും ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുപോലെ നശിപ്പിച്ചിട്ടുണ്ട്. മെയ്തികളുടെ ഇംഫാലിലെ ദേവാലയങ്ങളും ജനങ്ങളും ആക്രമിക്കപ്പെടുന്നു. സംസ്ഥാനത്തെ ക്രൈസ്തവവിഭാഗങ്ങള്ക്കെതിരേ നടക്കുന്ന ആസൂത്രിത നീക്കമായിട്ടേ ഇതിനെ കാണാനാകൂ. ഞങ്ങള്‍ സന്ദര്‍ശിച്ച സെന്റ് പോള്‍സ് പള്ളിയുടെ ഓരോ ഇഞ്ച് സ്ഥലവും നശിപ്പിക്കാന്‍ ശ്രമിച്ചിരിക്കുകയാണ്. ക്രൈസ്തവ ദേവാലയങ്ങളും വീടുകളും നശിപ്പിക്കാന്‍ വളരെ ആസൂത്രിതമായി ഗ്യാസ് സിലിണ്ടറുകളും മറ്റും ഉപയോഗിക്കുന്നു.
ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ തന്നെ സെന്റ് ജോസഫ് സ്കൂള്‍ ആക്രമിക്കപ്പെട്ടു. കര്‍ഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ അതു ലംഘിച്ച് രാത്രിയാണ് അക്രമികള്‍ എത്തുന്നത്. പൊലീസും മറ്റു അധികാരികളും സ്ഥലത്തുണ്ടായിട്ടും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മണിപ്പൂരില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുന്നു എന്നാണ് ഇതില്‍ നിന്നു മനസിലാക്കേണ്ടത്. അക്രമികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുവെന്ന് കരുതേണ്ടി വരും.
ഇവിടെ ആഴ്ചകള്‍ക്കു മുമ്പേ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടതായിരുന്നു. പട്ടാളത്തെ വിന്യസിച്ച് അക്രമികള്‍ക്കെതിരേ കര്‍ശന നടപടി എടുക്കണം. ബൈറേണ്‍ സിങ്ങ് സര്‍ക്കാരില്‍ തങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നതായി ഞങ്ങള്‍ കണ്ടുമുട്ടിയ ബിജെപി എംഎല്‍എമാര്‍ വരെ പറയുന്നു.
ഒരു സമുദായത്തിനെതിരേ അക്രമികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ കൊടുത്താല്‍ എന്തുണ്ടാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മണിപ്പൂര്‍.
സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ലാതെ ഇത്തരം അക്രമങ്ങള്‍ നടക്കാന്‍ സാധ്യതയില്ല. മന്ത്രിമാരുടെ വസതികള്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യമാണ്. സംസ്ഥാനത്തെ ഏക വനിതാ മന്ത്രിയുടെ വീടും അക്രമികള്‍ കത്തിച്ചു. സീനിയര്‍ പൊലീസ്-സിവില്‍ ഉദ്യോഗസ്ഥന്മാര് പോലും തങ്ങളുടെ സുരക്ഷാ ജീവനക്കാരെ സംശയിച്ചാണ് കഴിയുന്നത്. നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടെ സംഘര്‍ഷം അവസാനിക്കുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നത്. നേരെ മറിച്ച് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനു ശേഷം നിരവധി ക്രൈസ്തവ ദേവാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയാണുണ്ടായത്. ഇതൊരു വംശീയ സംഘര്‍ഷമല്ലെന്നും ക്രൈസ്തവ സമൂഹത്തെ ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിത ശ്രമാണെന്നും അമിത് ഷാ സമ്മതിക്കണം.
ലഡാക്കു പോലെ തങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ പ്രത്യേക സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാണ് കുക്കികള്‍ ആവശ്യപ്പെടുന്നത്. പ്രത്യേക സംസ്ഥാനം വേണമെന്ന കുക്കികളുടെ നിലപാടു സംബന്ധിച്ച് ഇപ്പോഴൊന്നും പറയാനാകില്ല. ക്രൈസ്തവര്‍ ഇതു സംബന്ധിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് അറിയില്ല. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്.
മണിപ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിയ പ്രഥമ ഗോത്രവര്‍ഗക്കാരിയായ ദ്രൗപതി മുര്‍മുവിന് ഞങ്ങള്‍ കാര്യങ്ങള്‍ വിശദീകരിച്ച് കത്തെഴുതുന്നുണ്ട്. പ്രശ്നത്തില്‍ ധാര്‍മികമായും നിയമപരമായും ഇടപെടാനുളള ബാധ്യത രാഷ്ട്രപതിക്കുണ്ട്. ഈ പ്രശ്നത്തെ കുറിച്ച് മൗനം അവലംബിക്കുന്ന പ്രധാനമന്ത്രിക്കും വിശദാംശങ്ങടങ്ങിയ കത്തെഴുതും. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് നേരിട്ട് വിവരങ്ങള്‍ ധരിപ്പിക്കാന്‍ കഴിയുമോ എന്ന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.