അരിക്കൊമ്പന് കാടിറങ്ങി. ഇപ്പോള്‍ വീണ്ടും നാടിനെ വിറപ്പിക്കുന്നു. മനുഷ്യവാസമേഖലയില്‍ കണ്ടാല്‍ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാടു സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഫോറസ്റ്റുകാര് മയക്കുവെടിവയ്ക്കാന്‍ തോക്കുമായി തേരാപാരാ ഓടുന്നു. അരിക്കൊമ്പന് പിടികൊടുക്കാതെ കാട്ടിലേക്കും നാട്ടിലേക്കും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നു. അരിക്കൊമ്പന് അന്ത്യശാസനം ലഭിച്ചിരിക്കുകയാണ്. ‘കുങ്കിയാകുക, അല്ലെങ്കില്‍ കാടുകയറുക’. നമ്മുടെ സാമൂഹികജീവിതത്തിന്റ ആവാസവ്യവസ്ഥ ഇപ്പോഴിതാണ്. അരിക്കൊമ്പന്റെ ജീവിതം ഇപ്പോള്‍ നമ്മുടെ പ്രതീകമായി മാറിയിട്ടുണ്ട്.
കുറച്ചുകാലംമുമ്പ് നമ്മുടെ സാമൂഹിക, രാഷ്ട്രിയജീവിതത്തെ അടയാളപ്പെടുത്താന്‍ ജോര്‍ജ് തോമസ് നാലുവരി കവിത കുറിച്ചു:
‘തീന്മേശ വിസര്ജ്ജിപ്പോരസ്ഥി കണ്ഡങ്ങള്ക്കായ്
തീനവസാനിപ്പോളംവാലാട്ടി നില്ക്കനീ
നിന്റെ രക്ഷയ്ക്കത്രേ ചങ്ങല
മഹാവീര ശൃംഖല നിനക്കത്രേ
രക്ഷ ഞങ്ങളിലത്രേ,
നീ കുരയ്ക്കുക, യജമാനന്റെ
ശത്രുവിനെ നീ കടിക്കുക
ഭൂവില്‍ ധന്യമാം തവജന്മം’
ഭുമിയിലെ ഒരു ജീവിതം ധന്യമാകാനുള്ള വഴി പറഞ്ഞുകൊടുക്കുകയാണു ജോര്‍ജ് തോമസ്. ഒറ്റവായനയില്‍ ഇതു ശുനകനുള്ള ഉപദേശമാണല്ലോ എന്നേ തോന്നൂ. പക്ഷേ ഇതു മനുഷ്യര്‍ക്കു കൊടുക്കുന്ന ഉപദേശം തന്നെ. നേതാക്കളുടെ തീന്മേശകളില്നിന്നുവീഴുന്ന അപ്പക്കഷണങ്ങള്‍ക്കായി മേശയ്ക്കു ചുറ്റും വാലാട്ടി നടക്കുക, യജമാനനു വേണ്ടി കുരയ്ക്കുക, യജമാനന്റെ ശത്രുവിനെ കടിക്കുക, ഇങ്ങനെയൊക്കെ ചെയ്താല്‍ നിന്റെ ജീവിതം ധന്യമാകും. അങ്ങനെ ജീവിതം ധന്യമാക്കിയ ആളുകളുണ്ട്. ഫാസിസ്റ്റുവഴികള് വെട്ടുന്നതവരാണ്. കുറച്ചുകാലം മുമ്പായിരുന്നു പട്ടികള്‍ ഹീറോയായിരുന്നത്. ഇപ്പോള്‍ നമ്മള് അരിക്കൊമ്പനു ചുറ്റുമല്ലേ കറങ്ങുന്നത്. അതുകൊണ്ട് അരിക്കൊമ്പന് സൃഷ്ടിക്കുന്ന സാമൂഹികാവസ്ഥ തന്നെ പരിശോധിക്കാം.
സര്‍ക്കാരുകള്‍ ഇപ്പോള്‍ മയക്കുവെടിയുമായി ജനങ്ങളുടെ പിന്നാലെയുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ തീപിടുത്തങ്ങള്‍, ബോട്ടപകടങ്ങള്‍, വിലവര്‍ദ്ധന, പലതരം നികുതികള്‍, സെസ്സുകള്‍ ഇങ്ങനെ നിരന്തരം മയക്കുവെടി പൊട്ടിച്ചുകൊണ്ടിരിക്കുന്നു.
വിഷയങ്ങള്‍ മാറ്റിയെടുക്കാന്‍ നിരന്തരം മയക്കുവെടി പൊട്ടിച്ചുകൊണ്ടിരിക്കുന്നു. അഴിമതി ആരോപണങ്ങള്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍. ഇപ്പോള്‍ അരിക്കൊമ്പന് ഓടിയോടി തളര്‍ന്നിരിക്കുന്നു, ജനങ്ങളും. ഗുസ്തി താരങ്ങള്‍ ഓടിയോടി തളര്‍ന്ന് തങ്ങളുടെ മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ പോകുന്നു. മിക്കവാറും ഉടനെ തന്നെ മയക്കുവെടിവച്ച് അരിക്കൊമ്പനെപ്പിടിക്കും ജനങ്ങളേയും. ഗുസ്തി താരങ്ങളും പിടിക്കപ്പെടും. തിരിച്ചാരും മിണ്ടിക്കൂടാ. മിണ്ടിയാല്‍ മയക്കുവെടിക്കു വിധേയരാകണം. ഒടുവില്‍ കുങ്കിയാക്കപ്പെടണം. അല്ലെങ്കില്‍ നാടുവിടണം. മനുഷ്യവാസമേഖലയില്‍ കണ്ടുകൂടാ. ഒന്നുകില്‍ കുങ്കിയാകുക, അല്ലെങ്കില്‍ കാടുകയറുക.
കുങ്കിയാക്കാന്‍ ആനയെ കാലും കൈയും കെട്ടിയിട്ട് അടിക്കും. അടിച്ചടിച്ച് എല്ലാ സ്വാഭാവിക ശേഷിയും നശിച്ചുകഴിയുമ്പള് മരുന്നും ഭക്ഷണവും കൊടുത്ത് കുങ്കിയാക്കും. ഗുസ്തി താരങ്ങളേയും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളേയും കുങ്കികളാക്കുകയാണ്.
ഇന്ത്യ ഇപ്പോള്‍ പുതിയ ഇന്ത്യയാണ്. പുതുതായി നിര്‍മ്മിച്ച പാര്‍ലമെന്റു മന്ദിരം ഇന്ത്യന്‍ പ്രസിഡന്റിനെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്തു. ജനാധിപത്യമതേതരത്വസങ്കല്പങ്ങളൊക്കെ കാറ്റില്‍പ്പറത്തി പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയും പൂജാരികളുംചേര്ന്ന് പൂജനടത്തി. പണ്ട് സോമനാഥ ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സെക്കുലറിസം അനുവദിക്കുന്നില്ലെന്നു ശാഠ്യം പിടിച്ച ജവഹര്‍ലാല്‍ നെഹ്രു അപ്രസക്തനാകുന്നു. ആരും ഒുന്നും മിണ്ടിക്കൂടാ. മിണ്ടിയാല്‍ മയക്കുവെടിയും കുങ്കിയാക്കലും..കുങ്കികള്ക്കു ബുദ്ധിവേണ്ട. മനസ്സുവേണ്ട. യജമാനന് നിര്ദ്ദേശിക്കുതൊക്കെ ചെയ്യുന്നു, ചെയ്യണം. തലകുമ്പിടാന്‍ പറഞ്ഞാല്‍ മുട്ടിലിഴയണം..
ലാറ്റിനമേരിക്കയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ തിരഞ്ഞെടുപ്പു പ്രചാരണവാചകം ഓര്‍മ്മ വരുന്നു. നിങ്ങളെ കുങ്കിയാക്കാന്‍ നിങ്ങളെനിക്കു വോട്ടു ചെയ്യൂ എന്നാണാവശ്യപ്പെടുന്നത്.
‘നിങ്ങള്‍ ഒന്നും കാണേണ്ടതില്ല, അവന് നിങ്ങള്‍ക്കു വേണ്ടി കണ്ടുകൊളളും.
നിങ്ങള്‍ ഒന്നും മിണ്ടേണ്ടതില്ല, അവന് നിങ്ങള്‍ക്കു വേണ്ടി മിണ്ടിക്കൊള്ളും
നിങ്ങള്‍ ഒന്നുമേ ചെയ്യേണ്ടതില്ല, അവന് നിങ്ങള്‍ക്കു വേണ്ടി ചെയ്തു കൊള്ളും’
ബുദ്ധിയും ബോധവും പ്രജകള്‍ക്കു വേണ്ട അതൊക്കെ വേട്ടക്കാരുടെ രൂപമെടുത്ത ഭരണാധികാരികള്‍ക്കു മതി. അതിനാല്‍ മയക്കുവെടി വെച്ച് മയക്കികൊണ്ടു നടക്കുകയാണു പ്രജകളെ. ഭരണകൂടത്തിന്റെ ഡിക്റ്റേഷനു വഴങ്ങാത്ത ആര്‍ക്കും നിലനില്‍പ്പില്ലാത്ത അവസ്ഥയായിരിക്കുന്നു. രാത്രിക്കു രാത്രി സുപ്രീം കോടതി ജഡ്ജിനെത്തയേും മാറ്റിക്കളഞ്ഞിട്ട്് ഭരണാധികാരികള്‍ തങ്ങളുടെ ഇംഗിതം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. വര്ഗീയകലാപങ്ങളഴിച്ചു വിട്ട് ആഭ്യന്തര പ്രതിസന്ധികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച് ഫാസിസ്റ്റു നടപടികളുമായി സര്‍ക്കാര്‍ മുന്നേറുമ്പോള്‍ തകരുന്നത് ജനാധിപത്യമെന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീക്ഷയാണ്. ഭൂരിപക്ഷവാദം ജനാധിപത്യത്തെ അപകടകരമായി ഉപയോഗപ്പെടുത്തി സമഗ്രാധിപത്യം കൈവരിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥ സംജാതമായിരിക്കുന്നു. ഭരണകൂട ഭീകരതയുടെ ബലിമൃഗങ്ങളായി ഒരു ജനത മാറുന്ന അതിദാരുണമായ കാഴ്ചയാണു നമുക്കു മുന്നില്‍. ജനാധിപത്യവും മതേതരത്വവും അതിഭീകരമായ പ്രതിസന്ധിയെ നേരിടുന്നു.ജീവന്റെ വിലയുള്ള ജാഗ്രത എല്ലാവരും പാലിക്കണം.