കൊറോണക്കാലത്ത് ന്യൂയോര്‍ക്ക് ടൈംസില്‍ ഗബ്രിയേല്‍ ഗാസിയ മര്‍കേസിന്റെ മകന് റോഡ്രിഗോ ഗാര്‍സിയ ഒരു കത്തെഴുതി.
ഗാബോ,
ഏപ്രില്‍ 17 നിങ്ങളുടെ മരണത്തിന്റെ ആറാം വാര്‍ഷികമായിരുന്നു. ഞെട്ടിപ്പിക്കുന്ന സര്‍ഗാത്മകമായ ക്രൂരതകള്‍കൊണ്ടും അതിനിര്‍ഭരമായ ദയ, സമര്‍പ്പണം എന്നിവകൊണ്ടും അതിനെല്ലാം മധ്യേ നിന്നു കൊണ്ടും പെരുമാറുന്ന മനുഷ്യരെക്കൊണ്ട് ലോകം അതിനെന്നും കഴിയുംപോലെ വലുതായി വളര്‍ന്നിരിക്കുന്നു.
ഒരു കാര്യം പുതിയതാണ് കേട്ടോ: ഒരു മഹാരോഗം. നമുക്ക് എല്ലാവര്ക്കും അറിയുന്നതനുസരിച്ച്, അത് ഉത്ഭവിച്ചത്, ഒരു ഭക്ഷണമാര്ക്കറ്റില് നിന്നാണ.് മൃഗത്തില്‍നിന്ന് മനുഷ്യരിലേക്കു കുതിച്ചു ചാടിയ വൈറസില്‍ നിന്ന്. വൈറസിന് ഒരു ചെറിയ ചലനം. പക്ഷേ, ആ ഒരു വലിയ കുതിപ്പ് അപൂര്‍വമായ ഒന്നായിരുന്നു. കണക്കുകൂട്ടല്‍ അസാധ്യമായ സമയമെടുത്ത് പ്രകൃതിപരമായ തിരഞ്ഞെടുപ്പിലൂടെ വളര്‍ന്ന അത്യാവേശമുള്ള ഒരു ജീവിയാണതിന്ന്.
അച്ഛന്റെ കോളറ കാലത്തെ പ്രണയം എന്ന നോവലിനെയോ അതിന്റെ പേരില്‍ തന്നെയുള്ള മഹാവ്യാധിയെ പറ്റിയോ, ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ നിദ്രാഹാനിയെന്ന മഹാവ്യാധിയെപ്പറ്റിയോ ഒരു വര്‍ത്തമാനം കേള്‍ക്കാതെ എന്റെ ഒരു ദിവസവും കടന്നുപോയിട്ടില്ല. ഇതില്‍നിന്നെല്ലാം നിങ്ങള്‍ നിര്‍മിച്ചതിനെപ്പറ്റി ചിന്തിക്കാതിരിക്കല്‍ അതിനാല്‍ തന്നെ അസാധ്യമാണ്. യാഥാര്‍ത്ഥ്യത്തിലും സാഹിത്യ ഭാവനയിലുള്ളതുമായ മഹാവ്യാധികളും അവയില്‍നിന്ന് മടങ്ങിവരുന്ന ആളുകളും സാധനങ്ങളും എപ്പോഴും നിങ്ങളെ ആകര്‍ഷിച്ചിരുന്നു. സ്പാനിഷ് പനി (സ്പാനിഷ് ഫ്ളൂ) ഈ ഗോളത്തെ പ്രഹരംകൊള്ളിച്ചപ്പോള് നിങ്ങള്‍ ജനിച്ചിരുന്നില്ല, പക്ഷേ, നിങ്ങള്‍ വളര്‍ന്നുവന്നത് കഥപറച്ചിലുകള്‍ അടക്കിവാണ വീട്ടിലാണ്. അതിനാല്‍ തന്നെ പ്ലേഗ്, പ്രേതങ്ങളെപ്പോലെ, ഖേദങ്ങളെപ്പോലെ വലിയ സാഹിത്യസൃഷ്ടികള്‍ക്ക് ഗുണം ചെയ്തു.
പതിറ്റാണ്ടുകളോളം ക്യാന്‍സര്‍ പോലുള്ള രോഗവുമായി ഏകാധിപതികളും ജോലികളും ഉത്തരവാദിത്വങ്ങളും വിവാഹങ്ങളും അതിജീവിച്ചവര്‍ മറ്റൊരു കാരണവുമില്ലാതെ ഒരു പനികൊണ്ട് മരിക്കുന്നതിന് ഭയന്നിരിക്കുകയാണ്.
നമ്മളെ ഭയപ്പെടുത്തുന്നത് മരണം മാത്രമല്ല. സാഹചര്യങ്ങള്‍ കൂടിയാണ്. സ്വന്തക്കാരില്‍ നിന്നും ദൂരെ, സമാന സാഹചര്യങ്ങളില്‍ ഉള്ളവരുടെ ഇടയില്‍ ഒരു കരുണയുമില്ലാതെ ശബ്ദിക്കുന്ന യന്ത്രങ്ങള്‍ക്ക് അടുത്ത് അന്യഗ്രഹ ജീവികളെ പോലെ വേഷമിട്ട് വരാന്‍ ഒരു ഗുഡ്ബൈ പോലുമില്ലാതെ വിട പറയുന്നതിന് ഭയന്നു കൂടിയാണ്. അതേ, ഗാബോയുടെ ഏറ്റവും വലിയ ഭയം; ഏകാന്തത.
ജീവിതം അപ്രതീക്ഷിതമായ വഴികളിലൂടെയും മുന്നോട്ടുപോകുമെന്നതിനും അതിനാല്‍, നമ്മള് നന്നായി തന്നെ ജീവിക്കണമെന്നും ജീവിക്കുമെന്നുള്ള ഒരുനല്ല വാദത്തിന്റെ തെളിവല്ലേ ഈ മഹാവ്യാധി എന്ന് പറയപ്പെടുമോ?
സാഹിത്യാസ്വാദനത്തിന്റെ ഒരു വേറിട്ട പുസ്തകത്തെ പരിചയപ്പെടുത്താന്‍ സന്തോഷമുണ്ട്. ‘എന്ന് സ്വന്തം’. പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് വായനക്കാര്‍ എഴുതിയ കത്തുകള്‍. അതില്‍ വായനാനുഭവമുണ്ട്. ഉള്‍ക്കാഴ്ചകള്‍ ഉണ്ട്. ഒരു എഴുത്തുകാരന് എങ്ങനെ വായനക്കാരന് പ്രിയപ്പെട്ടവനാകുന്നു എന്ന തെളിമയുള്ള കാഴ്ചയുണ്ട്. മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന് ബെന്യാമിന് ആണ് ഈ പുസ്തകം സമാഹരിച്ചിട്ടുള്ളത്. ‘എന്ന് സ്വന്തം; ഇഷ്ടപ്പെട്ട എഴുത്തുകാര്‍ക്ക് ഒരു കത്ത്’
ലോക്ക് ഡൗണ്‍ കാലത്ത് ലോകമടച്ച് വീടുകള്‍ക്കുള്ളില്‍ അടഞ്ഞുപോയ കാലമുണ്ടല്ലോ അക്കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ പുസ്തകം. വീടുകള്‍ക്കുള്ളില്‍ അടഞ്ഞുപോവുകയും വല്ലാത്തൊരു ഒറ്റപ്പെടല്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ ആ സാഹചര്യത്തെ സര്‍ഗാത്മകമായി ബെന്യാമിന് ഉപയോഗപ്പെടുത്തിയതിന്റെ തെളിവു കൂടിയാണ് ഈ പുസ്തകം. ഫേയ്സ്ബുക്കില്‍ അദ്ദേഹം ആരംഭിച്ച വായനാചലഞ്ചുകള്, അതിനു ലഭിച്ച പ്രതികരണം. അതാണ് പുസ്തകത്തിന്റെ ഉറവിടം. ഇഷ്ടപ്പെട്ട എഴുത്തുകാര്‍ക്ക് ഒരു കത്ത് എന്ന ചലഞ്ച് എഴുപതോളം എഴുത്തുകാര്‍ക്ക് മുന്നൂറിലധികം കത്തുകള്‍ ബെന്യാമിന് ലഭിച്ചു. അതില്‍ നിന്ന് തിരഞ്ഞെടുത്ത കത്തുകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രിയപ്പെട്ട എഴുത്തുകാരനോട് പറയാന്‍ കാലങ്ങളായി മനസ്സില്‍ സൂക്ഷിച്ച വരികള്‍, അവരുടെ വായനാനുഭവങ്ങള്‍, അത് അവരെ സ്വാധീനിച്ച വിധം ഒക്കെ കത്തുകളില്‍ നിറഞ്ഞുനില്ക്കുന്നുവെന്ന് ബെന്യാമിന് സാക്ഷ്യപ്പെടുത്തുന്നു. ഗബ്രിയേല്‍ മാര്‍കേസിന്റെ മകന് റോഡ്രിഗോയുടെ കത്ത് ഈ പുസ്തകത്തിന് കാരണമായി എന്നും ബെന്യാമിന് സൂചിപ്പിക്കുന്നു.
മാധവിക്കുട്ടി. വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി വിജയന്, എ. അയ്യപ്പന്. അക്കിത്തം, ദസ്തയേവിസ്കി, വിലാസിനി, എം.ടി. വാസുദേവന്‍ നായര്‍, ഗബ്രിയേല്‍ മാര്‍ കേസ്, പത്മരാജന്, എം. മുകുന്ദന്, പൗലോ കൊയ്ലോ, ബാലചന്ദ്രന് ചുള്ളിക്കാട്, കുഞ്ചന്‍ നമ്പ്യാര്‍, കെ.ആര് മീര, റസ്കിന് ബോണ്ട്, സുഭാഷ് ചന്ദ്രന് തുടങ്ങി ബോബി ജോസ് കട്ടിക്കാട്ടില്‍ വരെ എത്തിനില്‍ക്കുന്ന കത്തുകള്‍ പുസ്തകത്തിലുണ്ട്.
ഖലീല്‍ ജിബ്രാന് സജീവ് എഴുതിയ കത്ത് അനുബന്ധമായി ചേര്‍ത്തുകൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കട്ടെ. ഈ പുസ്തകം വായിക്കുന്നത് എന്തിനാണെന്ന് അത് വായനക്കാരെ സാക്ഷ്യപ്പെടുത്തും.
ജിബ്രാന്,
താങ്കളെവിടെയാണ്? കാലത്തിന്റെ കൈയൊപ്പുകളില്‍ താങ്കളെ ഞാന്‍ കണ്ടതാണ്. പ്രവാചകന്റെയും കൊടുങ്കാറ്റിന്റെയും രൂപത്തില്‍. വിചിത്രമായ മൗനങ്ങളും ഈണങ്ങളും താങ്കള്‍ പ്രണയത്തിനോട് ചേര്‍ത്തുവച്ചു…ആ മൗനങ്ങളുടെ നിശ്വാസങ്ങളെ ചീകിയൊതുക്കി ഹൃദയത്തിന്റെ ധമനികളോട് ചേര്‍ന്നിരുന്നു. അങ്ങനെയാണ്, അതായിരുന്നു. താങ്കളെ ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. എന്റെ ഹൃദയം കൊണ്ടാണ് താങ്കളെ ഞാന്‍ കണ്ടത്. യാന്ത്രികമായ കണ്ണുകള്‍ പോലും പലപ്പോഴും കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഹൃദയം അനുവദിച്ചില്ല.
വസന്തത്തെ ചേര്‍ത്തു പിടിച്ചെങ്കിലും താങ്കള്‍ വേനലുകളെ പ്രണയിച്ചിരുന്നു. ഞാന്‍ താങ്കളെ കണ്ടിരുന്നു. ഒരുപക്ഷേ, അറിഞ്ഞിരുന്നു. കാരണം താങ്കള്‍ ജീവിച്ച നിറങ്ങളില്നിന്നുത്ഭവിച്ച കാറ്റ് എന്നിലേക്കെത്തിയിരുന്നു. അപ്പോള്‍ അറിയാതെ അറിഞ്ഞു ഞാന്‍ താങ്കളെ ഓര്‍ത്തിരുന്നു. പ്രണയത്തിന്റെ വേനലില്‍ ഒരുപക്ഷേ, ആ കാറ്റിനെ ഞാനും പ്രണയിച്ചിരുന്നിരിക്കാം.
പ്രണയപൂര്‍വ്വം
സജീവ്