സംഗീത സംവിധായകന് ഗിഫ്റ്റി കളരിക്കല്‍ 2023 മേയ് 13ന് വിട പറഞ്ഞു. പത്താം വയസു മുതല്‍ ദേവാലയ സംഗീത രംഗത്ത് പ്രവര്‍ത്തിച്ച, ദൈവത്തിന്റെ സമ്മാനമായി സംഗീതം ലഭിച്ച പ്രതിഭയായിരുന്നു ഗിഫ്റ്റി.
പത്തുവയസുള്ളപ്പോള്‍ തബല വായിച്ചാണ് ഗിഫ്റ്റി ദേവാലയ ഗായക സംഘത്തോടൊപ്പം ചേരുന്നത്. പിന്നീട് ഗിറ്റാറും ഹാര്‍മോണിയവും കീബോര്‍ഡും വായിക്കാന്‍ പരിശീലിച്ചു. നന്നായി പാടാനും കഴിവുണ്ടായിരുന്നു. പാട്ടുകള്‍ക്ക് സ്വന്തമായി സംഗീതം നല്കി ഗായക സംഘങ്ങളെ പഠിപ്പിക്കുമായിരുന്നു. അറിയപ്പെടുന്ന പല സംഗീത സംവിധായകരുടേയും പാട്ടുകള്‍ക്ക് ഓര്ക്കസ്ട്രേഷന് നല്‍കിയിട്ടുണ്ട്. നിരവധി ആല്‍ബങ്ങളുടെ പ്രാരംഭ ചര്‍ച്ച മുതല്‍ പ്രകാശനം വരെ ഒപ്പം ചേര്‍ന്നിട്ടുണ്ട്.
പ്രശസ്ത വയലിനിസ്റ്റ് വി.ജെ മരിയ ദാസ് വട്ടമാക്കല്‍ ഗിഫ്റ്റിയെ ഓര്‍ക്കുന്നതിങ്ങനെയാണ്. ” ചെറുപ്പം മുതലേ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. സംഗീതത്തിന് ജീവിതത്തില്‍ പ്രഥമ സ്ഥാനം നല്‍കിയിരുന്ന യഥാര്‍ത്ഥ കലാകാരനായിരുന്നു ഗിഫ്റ്റി. പീറ്റര്‍ ചേരാനല്ലൂര്‍, ജോണി സാഗരിക എന്നിവരുടെ പ്രധാനപ്പെട്ട ആല്‍ബങ്ങളിലെല്ലാം ഓര്ക്കസ്ട്രേഷന് നല്‍കിയിരുന്നത് ഗിഫ്റ്റിയായിരുന്നു. എന്നെ റെക്കോര്‍ഡിങ്ങുകളില്‍ വീണ്ടും സജീവമാക്കിയ സുഹൃത്തായിരുന്നു ഗിഫ്റ്റി. ഓര്ക്കസ്ട്രേഷന് നല്കുന്ന പാട്ടുകളില്‍ പത്തും പതിനഞ്ചും വയലിന് വായിപ്പിക്കുന്ന പതിവുണ്ടായിരുന്നു. സൗഹൃദ വലയത്തിലുണ്ടായിരുന്ന കലാകാരന്മാരെയെല്ലാം റെക്കോര്‍ഡിംഗുകള്‍ക്ക് ക്ഷണിക്കാന്‍ ഗിഫ്റ്റി എന്നും ശ്രമിച്ചിട്ടുണ്ട്. കലാകാരന്മാര് പരസ്പരം പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് തന്റെ ജീവിതം കൊണ്ട് സന്ദേശം നല്കിയ കലാകാരനായിരുന്നു ഗിഫ്റ്റി”
പീറ്റര്‍ ചേരാനെല്ലുര്‍ എന്ന സംഗീത സംവിധായകന് ഗിഫ്റ്റിയെക്കുറിച്ചു ഇങ്ങനെ ഓര്‍ക്കുന്നു. ‘എനിക്കു പതിനാലു വയസുള്ളപ്പോള്‍ മുതല്‍ ഗിഫ്റ്റിച്ചേട്ടനെ പരിചയമുണ്ട്. അന്ന് അദ്ദേഹത്തിനു കോട്ടയത്തെ ട്രാവന്‍കൂര്‍ സിമന്റ്സില്‍ ജോലിയുണ്ടായിരുന്നു. എന്നാല്‍ സംഗീത രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കുവാന്‍ വേണ്ടി ആ ജോലി അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. ഞാന്‍ ആദ്യമായി ഒരു പാട്ടിനു സംഗീതം നല്കിയപ്പോള് ഓര്ക്കസ്ട്രേഷന് നല്കാന് സമീപിച്ചതും ഗിഫ്റ്റിച്ചേട്ടനെയായിരുന്നു. പക്ഷേ സ്ഥലത്തില്ലാതിരുന്നതിനാല്‍ അന്ന് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് എന്നെ വില്‍സണ്‍ ഓഡിയോസിനു പരിചയപ്പെടുത്തിയത് ഗിഫ്റ്റിച്ചേട്ടനായിരുന്നു. വില്‍സണ്‍ ഓഡിയോസിനുവേണ്ടി പഴയകാല ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഗിഫ്റ്റിച്ചേട്ടനും ഞാനും ചേര്‍ന്ന് പുറത്തിറക്കിയിട്ടുണ്ട്.
പകരത്തിനു പകരമെന്നപോലെ ഗിഫ്റ്റിച്ചേട്ടനെ ഞാന്‍ ജോണി സാഗരികയ്ക്കും പരിചയപ്പെടുത്തി. പ്രപഞ്ചം എന്ന ആല്‍ബത്തിലെ പാട്ടുകള്‍ക്ക് ഞാന്‍ സംഗീതം നല്കിയപ്പോള് ഓര്ക്കസ്ട്രേഷന് നല്‍കിയത് ഗിഫ്റ്റിച്ചേട്ടനായിരുന്നു. തുടര്‍ന്ന് പ്രമുഖരായ പല നിര്‍മാതാക്കളുടേയും പ്രിയപ്പെട്ടയാളായി ഗിഫ്റ്റിച്ചേട്ടന് മാറുകയായിരുന്നു. ഞങ്ങളൊരുമിച്ച് പിന്നീട് കുറെ ആല്‍ബങ്ങള്‍ പുറത്തിറക്കി. സംഗീത രംഗത്ത് നിരവധി കലാകാരന്മാരെ എനിക്കു പരിചയപ്പെടുത്തിത്തന്നതും ഗിഫ്റ്റിച്ചേട്ടനായിരുന്നു. എന്നും ആരെയും സഹായിക്കാനുള്ള മനസുള്ള മനുഷ്യനായിരുന്നു. ഞങ്ങള്‍ നന്ദിയോടെ അദ്ദേഹത്തിനു പ്രണാമമര്‍പ്പിക്കുന്നു’.
കുറച്ചുകാലം ഗള്‍ഫ് നാടുകളില്‍ സംഗീതാധ്യാപകനായും ഗിഫ്റ്റി പ്രവര്‍ത്തിച്ചിട്ടുണ്ട്. കസെറ്റുകളുടെ സുവര്‍ണ കാലത്ത് ഗിഫ്റ്റി എന്ന പേര് നമുക്ക് പതിവായി കാണാന്‍ കഴിയുമായിരുന്നു. അനേകം പാട്ടുകളില്‍ തന്റെ കയ്യൊപ്പ് ചാര്ത്തികടന്നുപോയ ഗിഫ്റ്റി എന്ന മനുഷ്യസ്നേഹിക്കു പ്രണാമം.