‘ഞാന്‍ പണ്ടൊരു കൊലപാതകം നടത്തിയിട്ടുണ്ട്. ആളുകള്‍ എന്തു പറഞ്ഞാലും എനിക്കൊരു കുഴപ്പവുമില്ല.’ 2020 ല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ബ്രിജ് ഭൂഷണ് എന്ന പാലമെന്റ് അംഗം നടത്തിയ വെളിപ്പെടുത്തലാണിത്. അങ്ങനൊരു വെളിപ്പെടുത്തലിന്റെ പേരില്‍ അയാള്‍ക്കെതിരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല.
അതേ ബ്രിജ്ഭൂഷണ്, രാജ്യത്തെ ഏഴ് ഒന്നാംനിര ഗുസ്തിതാരങ്ങളോടും പ്രായപൂര്‍ത്തിയാകാത്ത ഒരു താരത്തോടും ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ഉയര്‍ന്നിട്ടും കനത്ത പ്രതിഷേധമുയര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ അനങ്ങുന്നേയില്ല.
എണ്‍പതുകളുടെ അവസാനത്തില്‍ രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ രംഗത്തുവന്ന ഇയാള്‍ 1991 മുതല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ എംപിയാണ്. ഇതിനിടയില്‍ യുപിഎ ഭരണകാലത്ത് നിര്‍ണ്ണായകമായ ഒരു അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തതിന്റെ പേരില്‍ ഇയാള്‍ ബിജെപി യില്‍ നിന്നു പുറത്താക്കപ്പെട്ടിരുന്നു. അന്നേരം സമാജ്വാദി പാര്‍ട്ടിയാണ് രക്ഷയ്ക്കെത്തിയത്. 2009 ല്‍ സമാജ്വാദി പാര്‍ട്ടിയുടെ സീറ്റ് തരപ്പെടുത്തി എംപിയായി. 2014ല്‍ ബിജെപി യില്‍ തിരിച്ചെത്തി മത്സരിച്ച് വീണ്ടും പാര്‍ലമെന്റില്‍ എത്തി. ആള് നിസ്സാര പുള്ളിയല്ല – കൊലപാതകം, സ്ത്രീ പീഢനം, ബൈക്ക് മോഷണം, മദ്യം കടത്തല്‍ എന്നിങ്ങനെ 38 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ചെറിയ പ്രാണികളെ മാത്രം കുടുക്കുന്ന ചിലന്തിവല പോലുള്ള നമ്മുടെ നീതിനിയമ സംവിധാനത്തിന് അയാളുടെ രോമത്തില്‍ തൊടാനുള്ള ആരോഗ്യമില്ല. ബാബറിപ്പള്ളി തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ് എന്നിവര്‍ക്കൊപ്പം ബ്രിജ് ഭൂഷണും ഉണ്ടായിരുന്നു.
ആ കേസിന്റെ ഗതിയെന്തായിരുന്നു എന്നതും ഇത്തരുണത്തില്‍ ഓര്‍ത്തിരിക്കാം. അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ആളുകള്‍ക്ക് അഭയം നല്കിയ കേസില്‍ 1990ല്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് ബിജെപിയുടെ ഈ താരപ്രചാരകന്.
രാഷ്ട്രീയക്കാരനാണെങ്കിലും ഗുസ്തിയോട് എന്നും അടുത്തു നിന്ന ഭൂഷണ് ‘ശക്തിശാലി’ എന്നാണ് തന്നെ വിശേഷിപ്പിക്കുന്നത്. യൗവ്വനത്തിന്റെ ഭൂരിഭാഗവും അയോധ്യയിലെ അഖാഡകളിലാണ് ഭൂഷണ് ചെലവഴിച്ചത്. പത്തു വര്‍ഷത്തോളമായി ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് ഏഷ്യയുടെ വൈസ് പ്രസിഡന്റുമാണ്. ദേശീയമോ അന്തര്‍ദേശീയമോ, ജൂനിയറോ സീനിയറോ ആകട്ടെ എല്ലാ ടൂര്‍ണമെന്റിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഗുസ്തി ഫെഡറേഷന്റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഭൂഷണിന്റേതായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്രയും വലിയ ആരോപണം ഉയര്‍ന്നിട്ടും ബ്രിജ് ബൂഷണെതിരായ നടപടികള്‍ വൈകുന്നത്. യുപിയിലെ ആറ് ജില്ലകളില്‍ ശക്തമായ സ്വാധീനമുള്ള, അന്‍പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ആഡംബരക്കാറുകളുടെയും ഗുണ്ടാപ്പടയുടെയും അകമ്പടിയോടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ വെറും മാഫിയാ പ്രവര്ത്തനത്തോളം തരംതാഴ്ത്തിയ ഒരാള്‍ക്ക് സംരക്ഷണമേകാനാണ് മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ അഭിമാനങ്ങളായ ഗുസ്തി താരങ്ങളെ പെരുവഴിയില്‍ സമരത്തിന് ഇറക്കി നിര്‍ത്തിയിരിക്കുന്നത്.
അവര്‍ ചെയ്യുന്ന സമരം രാജ്യത്തിന് നാണക്കേടാണെന്ന് പ്രഖ്യാപിച്ച പഴയ പയ്യോളി എക്സ്പ്രസ്, ഒളിംപിക്സിലെ തന്റെ പ്രകടനത്തെ തോല്‍പ്പിക്കുന്ന തരത്തില്‍ സമരക്കാരുടെ അടി കൊണ്ട് ഓടി രക്ഷപ്പെട്ടത് മാത്രമാണ് ജന്തര്‍ മന്തറില്‍ നിന്നും കണ്ട ഒരു നല്ല കാഴ്ച.
തങ്ങളുടെ പരാതി കള്ളമാണെന്നു പറയുന്ന ഗുസ്തി ഫെഡറേഷന് മേധാവി ബ്രിജ് ഭൂഷണെ നുണപരിശോധനയ്ക്ക് വിധേയനാകാന്‍ വെല്ലുവിളിച്ച് ജന്തര്‍മന്തറില്‍ സമരമിരിക്കുന്ന ഗുസ്തിതാരങ്ങള്‍ രംഗത്തുവന്നിരിക്കുന്നുവെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
ബ്രിജ് ഭൂഷണുമാത്രമല്ല, പരാതിക്കാരായ വനിതാതാരങ്ങള്‍ക്കും നുണപരിശോധന സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും അപ്പോള്‍ സത്യം തെളിയുമെന്നും ഒളിമ്പ്യന്‍ സാക്ഷി മാലിക് പറയുന്നു.
ബ്രിജ് ഭൂഷണെതിരേ നടപടിയാവശ്യപ്പെട്ട് താരങ്ങള്‍ നടത്തിവരുന്ന രാപകല്‍സമരം 18 ദിവസം പിന്നിടുമ്പോഴും അധികൃതര്‍ പലതരത്തില്‍ ഉറപ്പുകളുമായി സമീപിക്കുന്നുണ്ടെന്നും എന്നാല്‍ ഇനിയൊരിക്കല്‍ക്കൂടി ഉറപ്പുകളെ വിശ്വസിക്കാനില്ലെന്നും നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും ഒളിമ്പ്യന്‍ ബജ്റംഗ് പുനിയ പറയുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നിയമിച്ച ഇടക്കാലസമിതിയുടെ നേതൃത്വത്തില്‍ ഗുസ്തിമത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും ബ്രിജ് ഭൂഷണെ മാറ്റിനിര്‍ത്തണമെന്നുമാണ് പുനിയയുടെ അഭ്യര്‍ഥന. തങ്ങളുടെ പ്രതിഷേധം മത്സരങ്ങള്ക്കെതിരേയല്ല. ബ്രിജ് ഭൂഷണ് അധികാരം കൈയാളുന്നതിനെതിരേയാണ് .
ഇപ്പോള്‍, അനുദിനം സമരവേദിയിലേക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുന്നവരുടെ എണ്ണമേറുകയാണ്. കര്‍ഷകരും തൊഴിലാളിസംഘടനകളും വിദ്യാര്‍ഥികളും ജന്തര്മന്തറിലെത്തുന്നു. കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ഗുസ്തിതാരങ്ങള്‍ നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി പൊലീസിനോട് തത്സ്ഥിതി റിപ്പോര്‍ട്ട് തേടിയിരിക്കുന്നു. ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ,
രാജ്യത്തെ ചെറുപ്പക്കാര്‍ നവമാധ്യമങ്ങളിലൂടെ കടുത്ത പ്രതിഷേധത്തിന്റെ മുന കൂര്‍പ്പിക്കുന്നുണ്ട്.
ലോകം കണ്ട സകല ഏകാധിപതികളുടെയും അവസാനം എത്രമേല്‍ പരിതാപകരമായിരുന്നുവെന്ന് ‘എന്റയര്‍ പൊളിറ്റിക്സില്‍ ‘ ബിരുദധാരിയായ പ്രധാനമന്ത്രി അറിഞ്ഞിട്ടില്ല എങ്കിലും ചരിത്രത്തില്‍ അങ്ങനെ ചില കൗതുകങ്ങള്‍ കൂടിയുണ്ട്.