കൊച്ചി വാട്ടര്‍ മെട്രോയും തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോലെ മാറ്റത്തിന്റെ വലിയ അടയാളങ്ങളാണ് കേരളത്തിന്. മെട്രോ റെയിലും ജല മെട്രോ ഫെറി ബോട്ട് സര്‍വീസും സമന്വയിക്കുന്നത് ഇന്ത്യയിലെന്നല്ല ദക്ഷിണേഷ്യയില്‍ തന്നെ ആദ്യമാണ്. ദേശീയ മുഖ്യധാരയില്‍ പങ്കുചേര്‍ന്നുകൊണ്ടുള്ള ”സഹകരണ ഫെഡറലിസത്തിന്റെ” വികസനകുതിപ്പിലേക്കുള്ള ക്ഷണമായാണ് സംസ്ഥാനത്തെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി അവതരിപ്പിച്ചത്.
കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരിനും ഓഹരി പങ്കാളിത്തമുള്ള 1,136.83 കോടി രൂപയുടെ വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നത് ക്രെഡിറ്റന്സ്റ്റാല്ട്ട് ഫര് വിഡറോഫ്ബൗ (കെഎഫ്ഡബ്ല്യു) എന്ന ജര്‍മന്‍ ഫണ്ടിങ് ഏജന്‍സിയുടെ വായ്പാസഹായം കൊണ്ടാണ്. 2016-ല്‍ തുടങ്ങിയ പദ്ധതിയാണ്. കൊച്ചിന് ഷിപ് യാര്‍ഡില്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭമായാണ് അത്യാധുനിക വാട്ടര്‍ മെട്രോ ഫെറി ബോട്ടുകള്‍ നിര്‍മിക്കുന്നത് എന്നതാണ് അതിലെ ആകെയുള്ള മോദി ‘മുദ്ര’.
ശീതീകരിച്ച കാബിനും സൗരോര്‍ജത്തിലും ഡീസലിലും ഓടുന്ന ഇലക്ട്രിക്-ഹൈബ്രിഡ് എന്‍ജിനും അലുമിനിയത്തിന്റെ ഇരട്ട ചട്ടക്കൂടുമുള്ള, ജലവും അന്തരീക്ഷവും അത്രകണ്ട് മലിനപ്പെടുത്താത്ത, അതിനൂതന ഗതിനിയന്ത്രണ, ആശയവിനിമയ സംവിധാനമുള്ള, അപകടസാധ്യത തീരെ കുറവായ, ഭിന്നശേഷി സൗഹൃദമായ യാനങ്ങളും മെട്രോ റെയില്‍ ബ്രാന്‍ഡിന്റെ എല്ലാ പുതുമകളും സൗകര്യങ്ങളുമുള്ള ടെര്മിനലുകളുമൊക്കെയായി കേരളത്തിലെ ജലഗതാഗത മേഖലയുടെ മുഖഛായ മാറ്റുന്നതാണ് ജല മെട്രോ. ഷിപ് യാര്‍ഡില്‍ നിന്നു കൈമാറിയ എട്ട് മെട്രോ ബോട്ടുകള്‍ ആറു മാസത്തിലേറെയായി കൊച്ചികായലില്‍ വെറുതെ ട്രയല്‍ റണ്‍ നടത്തുകയായിരുന്നു. ഇതിനിടെ കൊച്ചി മുസിരിസ് ബിനാലെ ഉള്‍പ്പെടെ നവംബര്‍-ജനുവരി ടൂറിസ്റ്റ് സീസണ് കടന്നുപോയി. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയിട്ടു വേണമായിരുന്നു കൊച്ചി വാട്ടര്‍ മെട്രോ രാഷ്ട്രത്തിനു സമര്‍പ്പിക്കാനും വൈപ്പിനില്‍ നിന്ന് എറണാകുളം ഹൈക്കോര്‍ട്ട് ജെട്ടിയിലേക്കും വൈറ്റില നിന്ന് കാക്കാനാട്ടേക്കും മെട്രോ ബോട്ട് സര്‍വീസ് ആരംഭിക്കാനും!
കൊച്ചിയിലെ 10 ദ്വീപുകള്‍ ഉള്‍പ്പെടെ ആറു പഞ്ചായത്തുകളും മൂന്നു മുനിസിപ്പാലിറ്റികളുമായി ബന്ധപ്പെട്ട് 76 കിലോമീറ്റര്‍ വരുന്ന റൂട്ടില്‍ 38 ടെര്‍മിനലുകളും 78 ബോട്ടുകളുമാണ് ജല മെട്രോ ശൃംഖലയില്‍ വരേണ്ടത്. വര്‍ഷാവസാനമാകുമ്പോഴേക്കും കൊച്ചിന് ഷിപ് യാര്‍ഡ് 23 ബോട്ടുകള്‍ കൈമാറും. കൊച്ചി കായല്‍തുരുത്തുകളിലെ ടൂറിസം വികസനത്തിന് വഴിതെളിക്കുമെന്നു പ്രതീക്ഷിക്കുന്ന മെട്രോ യാനങ്ങള്‍ സംസ്ഥാനത്തെ ഉള്‍നാടന്‍ ജലഗതാഗത മേഖലയുടെ ആധുനികവത്കരണത്തിന്റെ പുത്തന്‍ ചാലുകളുടെ നിദര്‍ശനം കൂടിയാകും. സംസ്ഥാന ജലഗതാഗത വകുപ്പിന് ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ് ചട്ടങ്ങള്‍ക്ക് അനുസൃതമായ ആധുനിക കാറ്റമരാന്‍ യാനങ്ങളിലേക്കും കൂടുതല്‍ ലാഭകരമായ ടൂറിസ്റ്റ് ബോട്ട് ഓപ്പറേഷനിലേക്കും തിരിയാം. കോവളം-ബേക്കല്‍ ജലപാത വികസന പദ്ധതി പൂര്‍ത്തിയാക്കാനായാല്‍ ചരക്കുഗതാഗതത്തിന്റെ ലോജിസ്റ്റിക്സും തീരദേശ ടൂറിസം സാധ്യതകളും എത്രത്തോളം മാറും!
ഭാരതീയ ജനത യുവമോര്‍ച്ച തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനത്ത് സംഘടിപ്പിച്ച ‘യുവം 2023 കോണ്‍ക്ലേവ്’ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ അസാധാരണ റോഡ് ഷോ ആയി പരിണമിച്ചത് കേരളത്തെ ‘മോഡിഫൈ’ ചെയ്യാനുള്ള തീക്ഷ്ണമതികളായ യുവതയുടെ ആവേശതിമിര്പ്പിന്റെ തിരതല്ലലിലാണെന്ന് ബിജെപി വൃന്ദങ്ങള്‍ വ്യാഖ്യാനിക്കുന്നുണ്ട്. യുവതയുമായി മോദി സംവദിക്കും എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും തന്റെ ‘മന് കീ ബാത്ത്’ ശൈലിയില്‍ പ്രധാനമന്ത്രി ഏകപക്ഷീയമായി യുവാക്കളെ വികസനത്തിന്റെ രാഷ്ട്രീയത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ ക്ഷണിക്കുകയായിരുന്നു. അക്രമത്തിന്റെയും മതതീവ്രവാദത്തിന്റെയും മയക്കുമരുന്നിന്റെയുമൊക്കെ വഴികളിലേക്ക് യുവസമൂഹത്തെ തിരിച്ചുവിടുന്നവരെ തിരിച്ചറിഞ്ഞ് ദേശീയ ശക്തികളുടെ മുന്നേറ്റത്തിന്റെ വിശാലഭൂമികയിലേക്ക് യുവാക്കള്‍ കടന്നുവരണമെന്നായിരുന്നു ആഹ്വാനം. യുവാക്കളുടെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനം ലക്ഷ്യമിടുന്ന പദ്ധതികളുടെ പട്ടിക അദ്ദേഹം നിരത്തി: സ്കില്‍ ഇന്ത്യ മിഷന്, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ, സ്റ്റാന്‍ഡ്അപ് ഇന്ത്യ, ബേഠി ബചാവോ ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ മിഷന്, ഫിറ്റ് ഇന്ത്യ മൂവ്മെന്റ്. കേരളത്തിലെ ഇരു മുന്നണികളുടെയും പ്രത്യയശാസ്ത്രപരമായ പാപ്പരത്തം തുറന്നുകാട്ടുമ്പോഴും സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മയ്ക്ക് എന്തെങ്കിലും പ്രതിവിധി നിര്‍ദേശിക്കാന്‍ അദ്ദേഹത്തിനായില്ല.
രാജ്യം കയറ്റുമതിയിലൂടെ കൂടുതല്‍ വിദേശനാണ്യം നേടാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ചിലര്‍ സ്വര്ണകള്ളക്കടത്തിലാണ് ശ്രദ്ധചെലുത്തിയത് എന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം ഇടതുമുന്നണി വക്താക്കളെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കേരളത്തില്‍ ഉണ്ടായിരുന്ന രണ്ടുനാള്‍ ചില മുഖ്യധാരാ ചാനലുകളില്‍ പ്രധാന ചര്‍ച്ചാവിഷയമായത് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് എന്ന പരിരക്ഷയില്‍ വിപുലമായ തോതില്‍ സ്വര്‍ണകള്ളക്കടത്തു നടന്നതായി കണ്ടെത്തിയ കാലഘട്ടത്തില്‍ ഉദ്ഭവിച്ച മറ്റൊരു ദുരൂഹമായ ‘കമ്മിഷന്’ വെട്ടിപ്പിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളാണ്. റോഡ് അപകടങ്ങള്‍ കുറയ്ക്കാനും ട്രാഫിക് നിയമലംഘനങ്ങള്‍ തടയാനും പിഴ ഇനത്തില്‍ കോടികള്‍ സര്‍ക്കാര്‍ ഖജനാവിലേക്കു മുതല്‍ക്കൂട്ടാനും സേഫ് കേരള പദ്ധതിയുടെ പേരില്‍ സംസ്ഥാനത്ത് നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ആധാരമാക്കിയുള്ള 726 നിരീക്ഷണ ക്യാമറകള്‍ വിന്യസിക്കുന്നതിന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ വഴി നടപ്പാക്കിയ 232 കോടി രൂപയുടെ പദ്ധതിയെക്കുറിച്ചാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിണറായിയുടെ തുടര്‍ഭരണകാലത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപണങ്ങളുമായി രംഗത്തെത്തിയത്.
2017-ല്‍ കെല്‍ട്രോണ്‍ 75 കോടിയുടെ പദ്ധതിയാണ് ഗതാഗത വകുപ്പിന് സമര്‍പ്പിച്ചത്. ആറു വര്‍ഷം കൊണ്ട് പദ്ധതി തുക 232 കോടി രൂപയായി ഉയര്‍ന്നു. ടെന്‍ഡര്‍ ഇല്ലാതെ പദ്ധതി ഏറ്റെടുത്തശേഷം കെല്‍ട്രോണ്‍ സ്വന്തമായി ഒന്നും ഉല്പാദിപ്പിക്കാതെ സംസ്ഥാന ധനവകുപ്പിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുമ്പോള്‍തന്നെ സ്വകാര്യ കമ്പനികള്‍ക്ക് ഉപകരാര്‍ നല്കി. ബെംഗളൂരുവിലെ എസ്ആര്‍ഐടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി 2020-ല്‍ കെല്‍ട്രോണ്‍ എംഒയു ഒപ്പുവച്ചു. എഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രവൃത്തിപരിചയമില്ലാത്ത എസ്ആര്‍ഐടി മൂന്നു കമ്പനികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അവയ്ക്ക് ഉപകരാര്‍ നല്കിയത്രേ. ഒരു ഘട്ടത്തില്‍ 151 കോടി ചെലവു കണക്കാക്കിയിരുന്നത് പിന്നീട് 232 കോടിയായി ഉയര്‍ന്നു.
എഐ ക്യാമറ പദ്ധതിക്ക് സമഗ്ര അനുമതി നല്കി ഇക്കഴിഞ്ഞ 18-ലെ മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവില്‍ പറയുന്നത് ”വിവിധ ഘട്ടങ്ങളില്‍ പലപ്പോഴായി പല അനുമതികളും സര്‍ക്കാര്‍ നല്കിയതിനാല് പദ്ധതിയില്‍ നിന്ന് ഇനി തിരിച്ചുപോകാന്‍ കഴിയുകയില്ല” എന്നാണ്. ഇ-ടെന്‍ഡര്‍ വിളിച്ചാണ് ബെംഗളൂരു കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് കെല്‍ട്രോണ്‍ അവകാശപ്പെടുന്നു. അവര്‍ രണ്ടു കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയതിനെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും കെല്‍ട്രോണ്‍ എംഡി വിശദീകരിക്കുന്നു. 66 കോടിയുടെ മെയ്ന്റനന്‍സ് ചെലവും ജിഎസ്ടിയും ഉള്‍പ്പെടെയാണ് 232 കോടിയുടെ കരാര്‍ ഒപ്പുവച്ചതെന്നും പറയുന്നുണ്ട്. താന്‍ മന്ത്രിയാകുന്നതിനു മുമ്പുതന്നെ ഇടപാടെല്ലാം പൂര്‍ത്തിയായെന്നും കെല്‍ട്രോണിനാണ് ഇതില്‍ പൂര്‍ണ ഉത്തരവാദിത്തമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പ്രസ്താവിക്കുകയുണ്ടായി.
കേരളത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് അവിശ്വസനീയമായ വളര്‍ച്ച കൈവരിച്ച കണ്ണൂരിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേര്‍ന്ന് ബെംഗളൂരുവിലെ എസ്ആര്‍ഐടി സംയുക്ത സംരംഭമായി നെറ്റ് വര്‍ക്കിങ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് നടത്തിയിരുന്നുവെന്നും കോഴിക്കോടും തിരുവനന്തപുരത്തുമുള്ള ‘ഫണ്ടിങ്’ ഏജന്‍സികള്‍ക്കാണ് എസ്ആര്‍ഐടി എഐ ക്യാമറ പദ്ധതിയുടെ ഉപകരാര്‍ നല്‍കിയതെന്നും പറയുന്നു. കേരളത്തില്‍ 30,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയും അതിവേഗ ഇന്റര്‍നെറ്റ് ഡാറ്റാ ഹൈവേയും സൃഷ്ടിക്കാനുള്ള 1,516.76 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതിയുമായും എസ്ആര്‍ഐടിക്ക് ബന്ധമുണ്ട്. ചുരുക്കത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ – സ്വര്‍ണകള്ളക്കടത്തു കേസില്‍ പ്രതിയായി ഒരുവട്ടം ജയിലില്‍ കഴിഞ്ഞ അതിശക്തനായ ഈ ബ്യൂറോക്രാറ്റ് ഇപ്പോള്‍ ലൈഫ് മിഷന് കോഴക്കേസില്‍ പ്രതിയായി ജയിലിലാണ് – മറ്റു പല വിവാദ ഇടപാടുകള്‍ക്കും സമാന്തരമായി വികസിച്ചതാവണം ഈ എഐ ക്യാമറ ‘നോക്കുകൂലി’ വെട്ടിപ്പുകഥയും.
നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാനുള്ള ഓട്ടോമേറ്റഡ് സംവിധാനത്തിനപ്പുറം ഈ സിസിടിവി ക്യാമറ സംവിധാനത്തില്‍ എന്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഘടകമാണുള്ളതെന്ന് ആര്‍ക്കും വ്യക്തമാക്കാന്‍ കഴിയുന്നില്ല. രാത്രിയും ദൃശ്യം ചിത്രീകരിക്കാനാകും. എന്നാല്‍ അതു പരിശോധിച്ച് പിഴ നിശ്ചയിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. ഇതില്‍ എഐ എവിടെയാണ്?
കരാര്‍ സംബന്ധിച്ച ദുരൂഹതകള്‍ നീക്കി പദ്ധതിയുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ട് ദിനങ്ങള്‍ ഏറെ കടന്നുപോയിട്ടും സര്‍ക്കാര്‍ മൗനം തുടരുകയായിരുന്നു. ഇന്നേവരെ പിണറായി ഭരണകൂടത്തിന് എതിരെ ഉയര്‍ന്നിട്ടുള്ള ഒരു ആരോപണത്തിനും ജനാധിപത്യ മര്യാദ പാലിച്ചുകൊണ്ട് സുതാര്യമായ രീതിയില്‍ വിശദീകരണം നല്കാന് ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. കൂടുതല്‍ തെളിവുകള്‍ സഹിതം പ്രതിപക്ഷം ആരോപണങ്ങള്‍ കടുപ്പിച്ചപ്പോള്‍, സര്‍ക്കാര്‍ നേരത്തെ എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് പരിശോധനയ്ക്ക് അനുമതി നല്‍കിയിരുന്നുവെന്ന വാര്‍ത്ത വന്നു. തുടര്‍ന്ന്, കെല്‍ട്രോണ്‍ നടത്തിയ ഇടപാടുകളെ സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമഗ്ര അന്വേഷണം നടത്തും എന്ന വ്യവസായമന്ത്രിയുടെ അറിയിപ്പും. ആരെങ്കിലും ഇനി കോടതിയില്‍ പോയാലും സര്‍ക്കാര്‍ അന്വേഷണം തുടരുന്ന സബ്ജുഡീസ് വിഷയമായി ഇതിനെ അസ്പൃശ്യമാക്കാമല്ലോ!
ചെന്നിത്തല മത്രോഷ്ക എന്ന റഷ്യന്‍ പാവയുടെ ഒരു ഉപമാനം ഈ എഐ ദുരൂഹതയെ സൂചിപ്പിക്കാന്‍ പ്രയോഗിച്ചിരുന്നു. ഒന്നിനുള്ളില്‍ മറ്റൊന്നു മറച്ചുവയ്ക്കാവുന്ന വിധത്തില്‍ അനുപാതം കുറച്ച് കൊത്തിയെടുക്കുന്ന തടിപ്പാവകളാണ് മത്രോഷ്ക. പിണറായി സര്‍ക്കാരിന്റെ കാലത്തെ എണ്ണമറ്റ അഴിമതിക്കഥകളിലെ രാവണന് കോട്ട നിറയെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന കമ്മിഷന് ഇടപാടുകാരുടെ മത്രോഷ്ക രൂപകങ്ങളാണ്.