വിഷുവിന്റെ തലേന്ന് ബംഗാളില്‍, വിശ്വഭാരതി യൂണിവേഴ്സിറ്റി അധികാരികള്‍, ‘പ്രതിച്ചി’ എന്ന വീടിന്റെ ഉമ്മറവാതിലില്‍ മൂന്ന് പേജുകളിലായി നീളുന്ന വിശദീകരണം എഴുതി പതിപ്പിച്ചു. അത് ഒരു കുടിയൊഴിക്കല്‍ നോട്ടീസാണ്. ‘പ്രതിച്ചി’ വീട് പ്രസിദ്ധമാണ്. നൊബേല്‍ സമ്മാന ജേതാവായ പ്രഫ. അമര്‍ത്യാസെന്നിന്റെ വീട്. കഴിഞ്ഞ ജനുവരിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആ വീട്ടിലെത്തി അതിന്റെയും തര്‍ക്കത്തിലുള്ള ഭൂമിയുടെയും കൈവശാവകാശ രേഖകള്‍ സെന്നിനു നല്‍കിയിരുന്നു.
യൂണിവേഴ്സിറ്റിയുടെ ജോയിന്റ് രജിസ്ട്രാര്‍ എ.കെ മഹതോ ഒപ്പിട്ട കുടിയൊഴിക്കല്‍ നോട്ടീസില്‍ പ്രഫ. സെന്നിനെ വിശേഷിപ്പിച്ചിരിക്കുന്നത് ”അനധികൃത കുടിയേറ്റക്കാരന്” എന്നാണ്. ‘പ്രതിച്ചി’യില്‍ ഈ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ കൂടിയായ ഇന്ത്യയുടെ പ്രധാനമന്ത്രി, തൊട്ടടുത്ത് അസമില്‍ ‘ബിഹു’ ആഘോഷത്തിലായിരുന്നു. 11,298 കലാകാരന്മാര് പങ്കെടുത്ത ‘ബിഹു’ നൃത്ത-വാദ്യ മേളത്തിന് ഗിന്നസ് റെക്കോര്‍ഡും ലഭിച്ചു. നമ്മുടെ ദേശത്തിന്റെ സാംസ്കാരിക ഔന്നത്യത്തെ ലോകത്തിനു നമ്മള് സമര്‍പ്പിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹീമന്ത് ബിശ്വ ശര്‍മ്മയോടൊപ്പം അദ്ദേഹം പ്രഖ്യാപിക്കുമ്പോള്‍, ഇന്ത്യയുടെ അഭിമാനമായ ഒരു വ്യക്തിത്വത്തിനു ‘കുടിയൊഴിക്കല്‍’ നോട്ടീസ് നല്‍കുകയായിരുന്നു, തൊട്ടടുത്ത് ദേശത്ത്. ‘പ്രതിച്ചി’ എന്ന ബംഗാളി പദത്തിന് ‘പടിഞ്ഞാറ്’ എന്ന സൂചനയുണ്ട്. അത് കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന സംസ്കാരിക കവാടമെന്ന ധ്വനി ഉയര്‍ത്തുന്നു.
രബീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതി ഈ ഔന്നത്യത്തിന്റെ അടയാളം കൂടിയായിരുന്നല്ലോ. ദേശത്തിന്റെ ‘കുടിയൊഴിക്കലി’നെതിരായ കഥാ-ധര്‍മ്മബോധം ആ ക്യാംപസില്‍ കാണാം. വിശ്വഭാരതി സന്ദര്‍ശിച്ചവര്‍ മറക്കാത്ത ചില കലാശില്പങ്ങള് ആ ക്യാംപസിലുണ്ട്. രാംകിങ്കര്‍ ബെയ്ജിന്റെ ‘സന്താള്‍ കുടുംബം’ എന്ന പ്രസിദ്ധമായ ശില്പം ഓര്‍മിക്കുന്നു. തോളത്തെ മരത്തടിയില്‍ തൂക്കിയ തുണിത്തൊട്ടിലില്‍ കുഞ്ഞും മറുതൊട്ടിയില് വീട്ടുപകരണങ്ങളുമായി നീങ്ങുന്ന അമ്മ. തൊട്ടരുകില്‍ അവരുടെ വളര്‍ത്തുനായ. സ്വന്തം ഗ്രാമം വിട്ട് അവര്‍ പോകുകയാണ്. കുടിയൊഴിഞ്ഞു പോകേണ്ടിവരുന്ന (എന്തിന്റെ പേരിലായാലും) സാധാരണ മനുഷ്യരുടെ നേര്‍രൂപമാണ് ആ ശില്പം. യൂണിവേഴ്സിറ്റികളും കോളജ് ക്യാംപസുകളും ഒരു ജനാധിപത്യരാജ്യത്ത് നിറവേറ്റേണ്ട ധര്‍മ്മത്തെ ആ കലാരൂപം ഓര്‍മ്മപ്പെടുത്തുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ പ്രഫ. അമര്‍ത്യാസെന്‍ തന്റെ പ്രസിദ്ധമായ ‘ആര്‍ഗ്യൂമെന്റേറ്റീവ് ഇന്ത്യന്‍’ എന്ന പുസ്തകത്തില്‍ എഴുതിയതും ഈ കലാധര്‍മം തന്നെയാണ്. എന്താണ് ഇന്ത്യയുടെ സ്വത്വം, എന്താണ് ഈ രാഷ്ട്രത്തിന്റെ ജനാധിപത്യബോധം തുടങ്ങിയ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെന്നിന്റെ പുസ്തകം പല ‘ദേശസ്നേഹവാദി’കളെയും ചൊടിപ്പിച്ചിരുന്നു. അതിനെതിരായ കലഹത്തിന്റെ ക്ലൈമാക്സ് കൂടിയാണ് ഈ കുടിയൊഴിപ്പിക്കല്‍ നോട്ടീസ്.
”ഇന്ത്യ എന്ന ആശയം തന്നെ സ്വന്തം ജനങ്ങളെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്ന വിഭാഗീതയുടെ തീവ്രബോധത്തെ എതിര്‍ക്കുന്ന ഒന്നാണ്” എന്ന ടാഗോറിന്റെ പ്രസിദ്ധമായ വാക്യം (സി.എഫ് ആന്‍ഡ്രൂസിന് ടാഗോര്‍ അയച്ച കത്തില്‍ നിന്ന്) പ്രഫ. സെന്‍ തന്റെ പ്രഭാഷണങ്ങളില്‍ പലതിലും ആവര്‍ത്തിച്ചിരുന്നു. ‘കുടിയൊഴിക്കല്‍’ എന്ന വൈലോപ്പിള്ളിയുടെ കവിതയിലെ രസക്കൂട്ട്, ”നീ കുടിയൊഴിയുന്നില്ലെങ്കില് നിന്നെ ഞാന്‍ കുടിയൊഴിപ്പിക്കും” എന്ന വരികളാണല്ലോ. ജനാധിപത്യ വര്‍ത്തമാനങ്ങള്‍ കുടിയൊഴിഞ്ഞു തുടങ്ങുകയാണ് – അല്ലെങ്കില്‍ അവ കുടിയൊഴിപ്പിക്കപ്പെടുകയാണ്.
അന്നുതന്നെ ഡല്‍ഹിയില്‍ തുഗ്ലക്ക് ലെയ്നിലെ 12-ാം നമ്പര്‍ വീട്ടില്‍ നിന്ന് അയോഗ്യനായ ഒരു പാര്‍ലമെന്റംഗം (രാഹുല്‍ഗാന്ധി എന്നു പേര്) അവിടത്തെതന്നെ പത്തൊമ്പതു വര്‍ഷക്കാല താമസത്തിനുശേഷം പത്താംനമ്പര്‍ ജന്‍പഥിലെ തന്റെ അമ്മയുടെ വീട്ടിലേക്ക് കുടിയേറി. അയോഗ്യനായ അയാള്‍ കുടിയൊഴിയുന്നതു നോക്കി ”യോഗ്യരില്‍ പരമയോഗ്യരായ” 538 പാര്‍ലമെന്റംഗങ്ങള്‍ മൂക്കത്ത് വിരല്‍വച്ചു, ഒപ്പം ജനാധിപത്യ ഇന്ത്യയും! ഈ കുടിയൊഴിക്കലിന് നേതൃത്വം നല്കിയ കോടതി വിധിയെ ‘Lawfare’ എന്ന മിശ്രപദമുപയോഗിച്ചാണ് ഗൗതം ഭാട്ടിയ എന്ന നിയമവിദഗ്ദ്ധന്‍ വിശേഷിപ്പിച്ചത്. Law + Warfare = Law fare, ആയുധീകരിക്കപ്പെടുന്ന നിയമമെന്ന് സൂചന.
സ്കൂള്‍ പാഠപുസ്തകങ്ങളിലെ ചരിത്രപുസ്തകങ്ങളില്‍ നിന്ന് കുടിയൊഴിയേണ്ടിവരുന്ന ചരിത്ര ഏടുകള്‍ ഈ കാലത്തോട്, ഇന്ത്യയോട് പറയുന്നതെന്തായിരിക്കും? നിങ്ങള്‍ വേഗത്തില്‍ മറിച്ചുവിട്ട ചരിത്രത്താളുകളിലായിരുന്നു ഞങ്ങളുടെ ചരിത്രം എന്നായിരിക്കുമോ? കാടിറങ്ങിയ അരിക്കൊമ്പനെ പറമ്പികുളത്തേയ്ക്കു കുടിയൊഴിപ്പിച്ചുവിടുമ്പോള്, അവന് പറയുന്ന ചരിത്രത്തിലും അധിനിവേശത്തിന്റെ കഥകള്‍ ഉണ്ടാകുമോ?
പാഠപുസ്തകങ്ങളില്‍ നിന്ന് കുടിയൊഴിയേണ്ടിവന്ന മഹാനായ ദേശസ്നേഹി മൗലാന അബുള്‍കലാം ആസാദ് എന്ന ഭാരതരത്ന (ഈ പേര് ഇപ്പോള്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരിന്റെ പിറകില്‍ ഒളിപ്പിക്കുകയാണ്. സയ്യിദ് ഗുലാം മുഹിയുദ്ദീന് അഹമ്മദ് ബിന്‍ ഖൈറുദ്ദിന്‍ അല്‍ഹുസൈനി എന്ന് നീട്ടിവലിച്ചെഴുതാന് ഏറെ പണിയെടുക്കേണ്ടിവരുന്നു!) തന്റെ പ്രസിദ്ധമായ ആത്മകഥയില്‍, India Wins Freedom, ശ്രേഷ്ഠനായ ഭരണാധികാരിയുടെ ലക്ഷണം പറയുന്നുണ്ട് (ജവഹര്‍ലാല്‍ നെഹ്റുവിനെ അതായിട്ട് പിന്നാലെ സൂചിപ്പിക്കുകയും ചെയ്യുന്നു): ”ഒരു യഥാര്‍ത്ഥ ഭരണാധികാരിയുടെ ആദ്യലക്ഷണങ്ങളിലൊന്ന് അയാള്‍ക്ക് വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും മുകളില്‍ ഉയരാനും എല്ലാവരുടെയും ജീവനും സ്വത്തിനും ഉറപ്പുനല്‍കാനും കഴിയും എന്നതാണ്.”
ഉത്തരേന്ത്യയിലെ ചില ദേശങ്ങളില്‍ കോഴികള്‍ പക്ഷിവര്‍ഗ്ഗത്തില്‍ നിന്ന് മൃഗജാതിയിലേക്ക് കുടിയൊഴിപ്പിക്കപ്പെട്ടതോടെ തൊഴിലിടങ്ങളില്‍ നിന്ന് ചില വിഭാഗങ്ങള്‍ കുടിയൊഴിഞ്ഞ് തുടങ്ങിയിട്ടുണ്ട് എന്ന് മൗലാനാ ആസാദിനെ വായിക്കുമ്പോള്‍ വെറുതെ ഓര്‍ത്തുപോകുന്നു.
പ്രസാര്‍ ഭാരതിയെ (ആകാശവാണി, ദൂരദര്ശന്) പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്ന് കുടിയൊഴിപ്പിച്ച് ഹിന്ദുസ്ഥാന്‍ സമാചാറിന്റെ തൊഴുത്തില്‍ കെട്ടിയതിന്റെ മാധ്യമചരിത്രവും ‘കുടിയൊഴിക്കല്‍’ ചരിത്രത്തിലെ ഒരേടാണ്. ഇനിയും കുടിയൊഴിപ്പിക്കപ്പെടാനുള്ളവര് നീണ്ട ക്യൂവിലുണ്ട്. കെ.ജി.എസ്സിന്റെ ‘ബംഗാള്‍’ക്കവിത പ്രസിദ്ധീകരിക്കപ്പെട്ട് അന്പതുവര്ഷങ്ങള്ക്കിപ്പുറം അതിന്റെ അവസാന വരികളില്‍ ചിലത് വെറുതെ ഉരുവിട്ടുപോകുന്നു:
”എനിക്കൊന്നും മനസിലാവുന്നില്ല, സംശയങ്ങളും സങ്കടങ്ങളും മാത്രം. പത്രം, റേഡിയോ, ടെലിവിഷന്‍ ആരും നേരു പറയുന്നില്ല. അവിടെ എന്തോ നടക്കുന്നുണ്ട്, കാലം പഴയതല്ല… സഞ്ജയാ, എന്താണവിടെ നടക്കുന്നത്, എന്താണ്, എന്താണ്?”
(‘ബംഗാള്‍’).
പിന്കുറിപ്പ്: റോബര്‍ട്ട് ബ്രിസ്റ്റോ എന്ന പ്രഗത്ഭനായ ബ്രിട്ടീഷ് എന്‍ജിനീയറിന്റെ പേര് പശ്ചിമകൊച്ചിയുടെ കവാടത്തില്‍ നിന്ന് കുടിയൊഴിപ്പിച്ചോ? ബ്രിസ്റ്റോയുടെ നരച്ചു തുടങ്ങിയ പഴയൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മാരിസ് പള്ളിയുടെ ഭിത്തിയില്‍ തൂക്കിയിരുന്നു. അതിപ്പോഴും അവിടെയുണ്ടോ ആവോ? പേരുകള്‍ മായുമ്പോള്‍ ചരിത്രം മാറിമറിയുന്നു.