വിഷുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തിന് അപ്രതീക്ഷിതമായി സമ്മാനിച്ച പുതുപുത്തന്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കേരളരാഷ്ട്രീയത്തെ ആരും നിനച്ചിടാത്ത ചില വിസ്മയങ്ങളുടെ ട്രാക്കിലെത്തിക്കുമെന്നു കരുതുന്നവരുണ്ട്. ജഗന്മോഹനം എന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ നവയുഗ സെമി-ഹൈസ്പീഡ് ട്രെയിന്‍ തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍ ഫ്ളാഗ്ഓഫ് ചെയ്യാന്‍ പ്രധാനമന്ത്രി എത്തുന്നത് കഴിഞ്ഞ ഒന്‍പതുകൊല്ലത്തെ വാഴ്ചയില്‍ പങ്കുവയ്ക്കാന്‍ കഴിയാതെ പോയ ചില നിഗൂഢ അന്തര്‍ധാരകള്‍ തിരിച്ചറിഞ്ഞും ഭേദിക്കാന്‍ പറ്റാതിരുന്ന പ്രത്യയശാസ്ത്ര പത്മവ്യൂഹങ്ങളുടെ ദുര്‍ബല കണ്ണികള്‍ കണ്ടെത്തിയും ബിജെപി അനിതരസാധാരണമായ സമ്പര്‍ക്കക്രാന്തിയില്‍ ആറാടുമ്പോഴാണ്.
ഡല്‍ഹിയില്‍ നിന്ന് കാന്‍പുര്‍, അലഹാബാദ് വഴി വാരാണസിയിലേക്ക് 2019 ഫെബ്രുവരിയില്‍ രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ്ഓഫ് ചെയ്തതു മുതല്‍, ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലെ കടരാ മാതാ വൈഷ്ണോദേവി തീര്ഥാടനകേന്ദ്രത്തിലേക്കും, ഗാന്ധിനഗര്‍ കാപ്പിറ്റലില്‍ നിന്ന് മുംബൈ സെന്ട്രലിലേക്കും, ഡല്‍ഹിയില്‍ നിന്ന് ഉന വഴി ഹിമാചല്‍പ്രദേശിലെ അംബ് അംദൗരായിലേക്കും, ചെന്നൈയില്‍ നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്കും, സിക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടിലും ഉള്‍പ്പെടെ
മോദി ഇതുവരെ ഉദ്ഘാടനം ചെയ്ത 13 വന്ദേഭാരത് സര്‍വീസുകളുമായി ബന്ധപ്പെട്ട് ഉയരാത്ത കോലാഹലം കേരളത്തിലെ ആദ്യത്തെ വന്ദേഭാരതിന്റെ നാടകീയ ആഗമനത്തോടെ കൊണ്ടുപിടിക്കുന്നത് ഇവിടത്തെ സവിശേഷ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് കേരളത്തിലെ ക്രൈസ്തവസമൂഹങ്ങളിലേക്കും ഇസ്ലാമിക ന്യൂനപക്ഷവിഭാഗങ്ങളിലേക്കും പാലം തീര്‍ക്കുന്നതിന് ബിജെപിയും സംഘപരിവാറും ഈസ്റ്റര്‍, വിഷു, ഈദുല്‍ ഫിതര് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അരമന സന്ദര്‍ശനവും സാമുദായിക സ്നേഹസംഗമങ്ങളും ഗൃഹസന്ദര്‍ശന പരിപാടിയും മലയാറ്റൂര്‍ തീര്‍ഥാടനവും ഇഫ്താര്‍ വിരുന്നും മറ്റും സംഘടിപ്പിക്കുന്നതിനിടയിലാണ് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ തുടര്‍ഭരണം നടത്തുന്ന ഇടതുമുന്നണിയുടെ മുഖ്യമന്ത്രി പോലും അറിയാതെ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് വന്ദേഭാരത് ട്രെയിനിന്റെ ശീതീകരിച്ച 16 ചെയര്‍കാര്‍ കോച്ചുകള്‍ അടിയന്തരമായി തിരുവനന്തപുരത്ത് എത്തിക്കാന്‍ മോദി നിര്‍ദേശിക്കുന്നത്. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് കേരളത്തിലേക്കു കടന്നതു മുതല്‍ വഴിനീളെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗംഭീര വരവേല്പാണ് അതിനു ലഭിച്ചത്. തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍ക്കുള്ള ആദ്യ ട്രയല്‍ റണ്ണിനും സംസ്ഥാനത്ത് ഇന്നേവരെ മറ്റൊരു ട്രെയിനും ലഭിക്കാത്ത ആവേശോജ്വലമായ സ്വീകരണ പരമ്പരയാണ് പാര്‍ട്ടി ഒരുക്കിയിരുന്നത്.
മോദിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ദേശീയതാപ്രചോദനത്തോടെ രാജ്യത്ത് തദ്ദേശീയമായി രൂപകല്പന ചെയ്ത്, റിക്ലൈനിങ് സീറ്റ്, ബയോ-വാക്വം ടോയ്ലറ്റ്, വൈഫൈ, സിസിടിവി ക്യാമറ, ജിപിഎസ് എന്നിവ സഹിതം ലോകനിലവാരത്തില്‍ നിര്‍മിച്ച, മണിക്കൂറില്‍ 130 – 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന എയര്‍കണ്ടീഷന്‍ഡ് ചെയര്‍കാര്‍ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് ഇത്രവേഗം കേരളത്തിലെത്തുമെന്ന് ബിജെപിക്കാര്‍ പോലും പ്രതീക്ഷിച്ചിരുന്നതല്ല. നിലവിലെ റെയില്‍പ്പാതയിലെ 431 കൊടുംവളവുകളും 200 ഇടങ്ങളിലെ വേഗനിയന്ത്രണവും ട്രാക്കിന്റെ ബലക്കുറവും ഓട്ടോമാറ്റിക് സിഗ്നലിങ്, ഡബിള്‍ ഡിസ്റ്റന്‍സിങ് സിഗ്നല്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും കണക്കിലെടുത്താല്‍ കേരളത്തില്‍ വന്ദേഭാരത് സര്‍വീസ് സാങ്കേതികമായി പ്രായോഗികമല്ലെന്ന് രാജ്യത്തെ ‘മെട്രോമാന്’ ഇ. ശ്രീധരന് അഭിപ്രായപ്പെടുകയുണ്ടായി.
ആദ്യം തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍ക്കാണ് ട്രയല്‍ റണ്‍ നടത്തിയതെങ്കിലും എട്ടു കോച്ചുമായി വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോടു വരെ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തി. ഷൊര്‍ണൂര്‍-മംഗളൂരു സെക് ഷനില്‍ (306.57 കിമീ) ഇപ്പോള്‍ 110 കിലോമീറ്റര്‍ വേഗം സാധ്യമാണ്. ഇത് 130 കിലോമീറ്റര്‍ ആക്കാന്‍ പണികള്‍ ത്വരിതഗതിയില്‍ നടക്കുന്നു. തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍ പലയിടത്തും 110 കിലോമീറ്റര്‍ വരെ വേഗമാകാമെങ്കിലും മറ്റു ചില സെക് ഷനുകളില്‍ 70 – 80 കിലോമീറ്റര്‍ വേഗമേ സാധ്യമാകൂ. മൂന്നു ഘട്ടങ്ങളായി ട്രാക്ക് നവീകരണം നടത്തും. ഒന്നര വര്‍ഷം കൊണ്ട് 130 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകും. തുടര്‍ന്ന് 160 കിലോമീറ്റര്‍ വേഗം ഉറപ്പാക്കാനാകും.
ചെയര്‍കാര്‍ മാത്രമായുള്ള വന്ദേഭാരത് ട്രെയിനുകള്‍ 500 – 600 കിലോമീറ്റര്‍ ദൂരത്തില്‍ പകല്സഞ്ചാരത്തിനായുള്ളതാണ്. അടുത്ത ഡിസംബറോടെ സ്ലീപ്പര്‍ കോച്ചുകള്‍ ഇറങ്ങും. അതോടൊപ്പം നൂറു കിലോമീറ്റര്‍ അകലമുള്ള നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വന്ദേഭാരത് മെട്രോ ട്രെയിനുകളും നിര്‍മിച്ചുതുടങ്ങും. കേരളത്തില്‍ ചെയര്കാറിനു പുറമെ സ്ലീപ്പര്‍, മെട്രോ വന്ദേഭാരത് ട്രെയിനുകളും പ്രതീക്ഷിക്കാമെന്ന് കേന്ദ്രമന്ത്രി പറയുന്നു.
ചോദിക്കാതെതന്നെ കേന്ദ്രം അനുവദിച്ച അത്യാധുനിക വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിനെ തള്ളിപ്പറയാന്‍ കഴിയില്ലെങ്കിലും അത് തങ്ങളുടെ സ്വപ്നപദ്ധതിയായ കെ-റെയില്‍ സില്‍വര്‍ലൈന്‍ വേഗഇടനാഴിക്കു ബദലാകില്ല എന്ന വാദവുമായി മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കൂട്ടരും രംഗത്തിറങ്ങിയിട്ടുണ്ട്. സില്‍വര്‍ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും, വിശദ പദ്ധതി രേഖ (ഡിപിആര്‍) പൂര്‍ത്തിയാകുന്ന മുറയ്ക്ക് മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ച ചര്‍ച്ചയാകാമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് ഉയര്‍ത്തിക്കാട്ടി സില്‍വര്‍ലൈന്‍ വ്യാമോഹ ദുരന്തം പുനരുജ്ജീവിപ്പിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ആരൊക്കെ എതിര്‍ത്താലും, എന്തു വില കൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കും എന്ന് ജനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ കരകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും, 1,26,000 കോടി രൂപ ചെലവുവരുമെന്ന് നിതി ആയോഗ് കണക്കാക്കുന്ന, 33,670 കോടി വിദേശ വായ്പ വേണ്ടിവരുമെന്നു പറയുന്ന തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴിക്കായി വാശിപിടിക്കുന്നത് 11 ജില്ലകളിലായി 11 ഗ്രീന്‍ഫീല്‍ഡ് സ്റ്റേഷനുകളോട് അനുബന്ധിച്ച് വികസിപ്പിക്കുന്ന നിര്‍ദിഷ്ട ടൗണ്‍ഷിപ്പുകളുടെ റിയല്‍ എസ്റ്റേറ്റ് സാധ്യതകളും വിദേശവായ്പാ കമ്മീഷന്റെ തോതും കണക്കിലെടുത്താണെന്ന് വിലയിരുത്താന്‍ ഏതാനും വര്‍ഷമായി സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന കേസുകളുടെ പശ്ചാത്തലം മാത്രം നോക്കിയാല്‍ മതിയാകും. യുഎഇയിലെ ഒരു പ്രമുഖ പ്രവാസിയുടെ മൂന്നു വന്‍കിട ഷോപ്പിങ് മാളുകള്‍ ഈ പദ്ധതിയിലെ സ്റ്റേഷന് അലൈന്മെന്റിനോടു ചേര്‍ന്നുവരുന്നുണ്ട്!
നാലു മണിക്കൂര്‍ കൊണ്ട് 529.45 കിലോമീറ്റര്‍ താണ്ടുന്ന സ്റ്റാന്‍ഡേര്‍ഡ് ഗേജ് റെയില്‍ ഇടനാഴിയാണ് സില്‍വര്‍ലൈന്‍. സംസ്ഥാനത്തെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യവികസന പദ്ധതിയുടെ ചെലവ് 63,940 കോടിയാണ് കണക്കാക്കുന്നത്. മഹാപ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കാലാവസ്ഥാവ്യതിയാനം മൂലമുള്ള അതിതീവ്രമഴയും പ്രകൃതിദുരന്തങ്ങളും വിട്ടുമാറാത്ത അതിദുര്‍ബല പരിസ്ഥിതി മേഖലയില്‍, നീര്‍ത്തടങ്ങളും പാടങ്ങളും കായലും നദികളും പതിനായിരകണക്കിന് ഏക്കര്‍ കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും ഉള്‍പ്പെടെ പ്രകൃതിയെയും സാമൂഹികജീവിതസാഹമചര്യങ്ങളെയും താറുമാറാക്കുന്ന പദ്ധതി നടപ്പാക്കാന്‍ പ്രാഥമിക പഠനങ്ങള്‍ പോലും നടത്താതെയാണ് കെ-റെയില്‍ കേന്ദ്ര ഗവണ്മെന്റിന്റെ അനുമതിയില്ലാതെ അതിരടയാളക്കല്ലിടാന്‍ തുടങ്ങിയത്. ഉയര്‍ന്ന പ്രളയരേഖയില് നിന്ന് എട്ടു മീറ്റര്‍ ഉയരത്തില്‍ 292.73 കിലോമീറ്റര്‍ നീളത്തില്‍ എംബാങ്ക്മെന്റ് നിര്‍മിച്ചാണ് റെയില്‍പാത സ്ഥാപിക്കേണ്ടത്. പാതയുടെ ഇരുഭാഗത്തുമായി 7.87 അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് മതില്ക്കെട്ടുണ്ടാകും. 88 കിലോമീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കണം. നെടുങ്കന്‍ കോട്ട പോലെ നാടിനെ പകുത്തുകൊണ്ട് നിര്‍മിക്കുന്ന പാതയില്‍ 500 മീറ്റര്‍ ഇടവിട്ട് അണ്ടര്‍പാസിന് സൗകര്യമൊരുക്കുമത്രേ. ഇടനാട്ടിലും തീരമേഖലയിലും ഇതുമൂലമുണ്ടാകുന്ന പ്രളയക്കെടുതി മാത്രം പരിഗണിച്ചാല്‍ മതി എത്ര വിനാശകരമാണ് ഈ നിര്‍മിതി എന്നു ബോധ്യമാകാന്‍.
2021 ജൂണില്‍ മന്ത്രിസഭാ യോഗം ഭൂമി ഏറ്റെടുക്കലിന് അംഗീകാരം നല്കി. പദ്ധതിക്ക് വേണ്ട 1,383 ഹെക്ടറില്‍ 1,198 ഹെക്ടര്‍ സ്വകാര്യഭൂമിയാണ്, 185 ഹെക്ടര്‍ റെയില്‍വേ ഭൂമിയും. 30,000 കുടുംബങ്ങള്‍ കുടിയിറക്കപ്പെടും; ആയിരകണക്കിന് കടകളും ചെറുകിട വ്യവസായ യൂണിറ്റുകളും മറ്റും ഒഴിപ്പിക്കേണ്ടിവരും. 121 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 190 കിലോമീറ്റര്‍ ദൂരത്തില്‍ 6,744 കല്ലുകള്‍ സ്ഥാപിച്ചപ്പോഴേക്കും 250 കേസുകളിലായി ആയിരത്തിലേറെപ്പേര്‍ പ്രതിചേര്‍ക്കപ്പെട്ടു. കിടപ്പാടം സംരക്ഷിക്കുന്നതിന് സമരം ചെയ്തവരുടെ നെഞ്ചില്‍ തറച്ച മഞ്ഞക്കുറ്റികള്‍ പിഴുതെറിയാന്‍ കോടതി ഇടപെട്ടിട്ടും ഭൂവുടമകള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്വലിക്കുകയില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത്. 1,221 ഹെക്ടര്‍ ഭൂമി നിര്‍ദിഷ്ട പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുമെന്നു കാണിച്ച് സര്‍വേ നമ്പറുകള്‍ അടക്കം വിജ്ഞാപനം ചെയ്തത് ഇനിയും മരവിപ്പിച്ചിട്ടില്ല. ആയിരങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കി കെ-റെയില്‍ ഭീഷണി ഇപ്പോഴും അനിശ്ചിതമായി നിലനില്ക്കുന്നു.
സംസ്ഥാനത്ത് റെയില്‍വേയുടെ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകളുടെ വികസനത്തെ ബാധിക്കുന്നതാണ് സില്‍വര്‍ലൈന്‍ പദ്ധതിയെന്ന് റെയില്‍വേ ബോര്‍ഡ് കേരള ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അങ്കമാലി റെയില്‍വേ സ്റ്റേഷന് വികസനത്തിനും ഇതു തടസമാകും. ഏതാണ്ട് 200 കിലോമീറ്റര്‍ ഭാഗത്ത് സില്‍വര്‍ലൈന്‍ നിലവിലെ റെയില്‍പ്പാതയ്ക്കു സമാന്തരമായി പോകുന്നുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്കായി കെ-റെയില്‍ സമര്‍പ്പിച്ച ഡിപിആര്‍ വികലവും അപൂര്‍ണവുമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ജിയോടെക്നിക്കല്‍, ഹൈഡ്രൊളോജിക്കല് പഠനങ്ങള്‍, ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ, ലാന്‍ഡ് പ്ലാന്‍, കേന്ദ്രാനുമതി തുടങ്ങി പ്രാഥമിക ക്ലിയറന്സൊന്നുമില്ലാതെയാണ് തിടുക്കത്തില്‍ അതീവ രഹസ്യമായി ജപ്പാനില്‍ നിന്നു വായ്പ സംഘടിപ്പിക്കാന്‍ ഭൂമി ഏറ്റെടുത്തതായി തെളിയിക്കുന്ന മഞ്ഞക്കുറ്റികളുടെ ഡ്രോണ്‍ ചിത്രീകരണത്തിലൂടെ ശ്രമിച്ചതെന്നാണ് ആരോപണം. എന്തായാലും സില്‍വര്‍ലൈന്‍ അതിവേഗ റെയിലിന്റെ പേരു പറഞ്ഞ് ഇനിയും കേരളത്തിലെ പാവപ്പെട്ടവരുടെ ജീവിതം അവതാളത്തിലാക്കാന്‍ ആരെയും അനുവദിച്ചുകൂടാ.
രാജ്യത്തെ റെയില്‍വേയുടെ അടിസ്ഥാനസൗകര്യവികസനത്തിനായി ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റില്‍ 2.40 ലക്ഷം കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. പിഎം ഗതിശക്തി പരിയോജന, ദേശീയ ലോജിസ്റ്റിക്സ് നയം തുടങ്ങി പാതകളുടെ നവീകരണവും ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവുമായി ബന്ധപ്പെട്ട് വന്‍പദ്ധതികളാണ് റെയില്‍വേ ആസൂത്രണം ചെയ്യുന്നത്. കേരളത്തിലെ റെയില്‍വേ വികസനത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിക്കുന്നതെന്ന് റെയില്‍വേമന്ത്രി വ്യക്തമാക്കുന്നുണ്ട്. തിരുവനന്തപുരത്ത് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ്ഓഫ് ചെയ്യുന്ന ചടങ്ങില്‍, കേരളത്തിനായി മോദി വിഭാവന ചെയ്യുന്ന ഗതിശക്തിയുടെ തന്ത്രപ്രധാനമായ വശങ്ങള് വെളിപ്പെട്ടേക്കും.
റബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കുടിയേറ്റകര്ഷകര് ഒരുക്കമാണെന്ന പ്രസ്താവനയില്‍ നിന്നു തുടങ്ങി, ബിജെപി അധികാരത്തില്‍ തുടര്‍ന്നാല്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാകും എന്ന ആശങ്ക ക്രൈസ്തവര്ക്കില്ലെന്നും ചില അറബ് രാജ്യങ്ങളിലെ ഇസ്ലാമിക ഭരണക്രമത്തിലെ അനുഭവം വച്ചുകൊണ്ടാകാം ഇന്ത്യയിലെ ചില മുസ്ലിം വിഭാഗങ്ങള്‍ അരക്ഷിതാവസ്ഥയെക്കുറിച്ച് അത്തരം ആശങ്കകള്‍ വച്ചുപുലര്‍ത്തുന്നതെന്നും മറ്റുമുള്ള നിരീക്ഷണങ്ങള്‍ വരെ ചില വൈദികമേലധ്യക്ഷന്മാരുടെ ഭാഗത്തുനിന്നുണ്ടായത് സംഘ്പരിവാര്‍ തങ്ങള്‍ക്ക് അനുകൂലമായ വലിയൊരു രാഷ്ട്രീയമാറ്റത്തിന്റെ സൂചനയായാണ് കാണുന്നത്.
സംസ്ഥാനത്ത് എസ്.എന്‍.ഡി.പിയുമായി ബന്ധപ്പെട്ട് എന്‍ഡിഎ സഖ്യകക്ഷിയായി ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന്റെ മാതൃകയില്‍ കേരളത്തിലെ ക്രൈസ്തവ സഭകളിലേക്ക് ഒരു രാഷ്ട്രീയ പാലം തീര്‍ക്കുന്നതിന് സഹായകമായ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്കാന് ദേശീയതലത്തില്‍ ഏതാനും നാളുകളായി കൂടിയാലോചനകള്‍ തകൃതിയായി നടന്നുവരികയായിരുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്നതാണ് നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്ന പേരില്‍ ഉദയംകൊള്ളുന്ന ”കര്‍ഷകരോട് പ്രതിജ്ഞാബദ്ധതയുള്ള ദേശീയ മതനിരപേക്ഷ” പാര്‍ട്ടിയുടെ ഒറ്റതിരിഞ്ഞ മട്ടിലുള്ള ആദ്യ പ്രഖ്യാപനം. മധ്യകേരളത്തിലെ ക്രൈസ്തവ ശക്തികേന്ദ്രങ്ങളില്‍ ഏറെ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്ന കേരള കോണ്‍ഗ്രസിന്റെ ശിഥിലീകരണത്തിന്റെ തുടര്‍ച്ചയായി ഒരു ഘടകത്തില്‍ പിന്നെയും പിളര്‍പ്പുണ്ടാക്കിയാണ് പുതിയ ദേശീയസഖ്യകക്ഷി അവതരിക്കുന്നത്. 2004-ല്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ എന്‍ഡിഎ എംപി എന്ന നിലയില്‍ വാജ്പേയ് മന്ത്രിസഭയില്‍ നീതിന്യായ വകുപ്പ് സഹമന്ത്രിയായ കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ എന്‍ഡിഎയില്‍ നിന്നു പിന്മാറി, അന്ന് കടുത്ത അസ്തിത്വ പ്രതിസന്ധി നേരിട്ടിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ തന്നോടൊപ്പം ചേര്‍ത്തത് ജോണി നെല്ലൂരും കൂട്ടരും ഓര്‍ക്കുന്നുവെങ്കില്‍ അത് ദേശീയതലത്തില്‍ പുതിയ ഭാഗ്യാന്വേഷണത്തിനും രാഷ്ട്രീയ അതിജീവനത്തിനും പ്രേരണയായി എന്നു വരുമോ!