വടക്കന്‍ ബംഗാളിലെ ഗതാഗത സൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമങ്ങളില്‍ നിന്നുള്ള നാലായിരത്തിലധികം രോഗികളെ സ്വന്തമായി രൂപംകൊടുത്ത ബൈക്ക് ആംബുലന്‍സില്‍ ആശുപത്രികളില്‍ എത്തിച്ച് ജീവന് രക്ഷിച്ച മനുഷ്യസ്നേഹിയുടെ കഥയാണ് ബൈക്ക് ആംബുലന്‍സ് ദാദ. സാമൂഹികപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ ബിശ്വജിത്ത് ഝാ 2020ലാണ് കരീം ഉള് ഹക്കിന്റെ ജീവചരിത്രമെഴുതിയത്. തോട്ടം തൊഴിലാളിയായ കരീം ഉള് ഹക്കിന്റെ അമ്മ യഥാസമയം ചികിത്സാസൗകര്യം ലഭ്യമാക്കാന്‍ കഴിയാതെ മരണപ്പെടുന്നു. ഇതിന്റെ മനോവേദനയില്‍ ആരംഭിച്ച കരീമൂളിന്റെ പരിശ്രമം ‘ബൈക്ക് ആംബുലന്‍സ്’ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. 2018ല്‍ രാജ്യം പത്മശ്രീ നല്കി കരീം ഉള് ഹക്കിനെ ആദരിച്ചു.
പശ്ചിമബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയില്‍ മാള്‍ ബ്ലോക്കിന് കീഴില്‍ വരുന്ന ക്രാന്തി ബസാറിനു സമീപം രാജദംഗയിലെ ധാലാപാരി എന്ന സ്ഥലത്ത് നാലുവ മുഹമ്മദിന്റെയും ജഫറുന്നീസയുടെയും മകനായി 1965 ജൂണ്‍ ഏഴിനാണ് കരിമൂള് ജനിച്ചത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയായിരുന്നു അവന്. ദാരിദ്ര്യം നൃത്തമാടിയിരുന്ന കുടുംബത്തില്‍ കുട്ടിക്കാലം മുതല്‍ തന്നെ കരിമൂള് അമ്മയുമായി കൂടുതല്‍ അടുപ്പത്തില്‍ ആയിരുന്നു. അമ്മയുടെ സഹനങ്ങള്‍ അവന് മനസ്സിലാക്കി. മുന്‍കോപക്കാരനായ അച്ഛന് ഇടയ്ക്കിടയ്ക്ക് അമ്മയോട് ദേഷ്യപ്പെടുന്നതും അമ്മ കരയുന്നതും നിസ്സഹായനായ ആ കുട്ടിയെ വിഷമിപ്പിച്ചിരുന്നു. അമ്മയെ അവന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കും. അമ്മയ്ക്ക് ഒരാശ്വാസമായിരുന്നു ആ ആലിംഗനം. അമ്മയും മകനും തമ്മിലുള്ള ഈ സ്നേഹബന്ധം അമ്മയുടെ മരണം വരെ നിലനിന്നിരുന്നു.
തുച്ഛമായ വരുമാനമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പുത്രന്മാര് അടിസ്ഥാന വിദ്യാഭ്യാസം നേടണമെന്ന് പിതാവ് നാലുവ ആഗ്രഹിച്ചു. കരീമൂളും സഹോദരന് ഖലീലുരും ഗ്രാമത്തിലെ പ്രൈമറി സ്കൂളില്‍ പോയി. പക്ഷേ, കരീമൂള് പഠനത്തെ അത്ര ഗൗരവത്തില്‍ കണ്ടില്ല. കളിയിലും നാട്ടിന്‍പുറത്തെ സംഗീത പരിപാടി -പലഗാന് -യിലുമായിരുന്നു ആ കുട്ടിയുടെ താല്പര്യം. അതുമല്ലെങ്കില്‍ മുഹറക്കാലത്തെ വടിപ്പയറ്റിലും പങ്കെടുത്തു. ഇക്കാരണങ്ങള്‍ കരീമൂള് ധാരാളമായി അടിവാങ്ങാന്‍ കാരണമായി. ആ വേദനയില്‍ നാടുവിട്ടാലോ എന്ന് കരീമൂള് ആലോചിച്ചു. ബംഗ്ലാദേശിലേക്കുള്ള ഒളിച്ചോട്ടത്തിലാണ് അത് അവസാനിക്കുന്നത്. ബംഗ്ലാദേശ് പ്രസിഡന്റ് ആയിരുന്ന സിയാ ഉര് റഹ്മാന് 1981 ല്‍ കൊല്ലപ്പെട്ടപ്പോള്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. വീടുകളും കടകളും അഗ്നിക്കിരയായി. അവിടെ നിന്നു രക്ഷപ്പെട്ട് കരീമൂള് വീണ്ടും ജന്മദേശത്തെത്തി. ഒരു തേയില തോട്ടത്തിലെ ദിവസക്കൂലി തൊഴിലാളിയായി അയാള്‍ മാറി.
1995 ഡിസംബറിലെ തണുപ്പുള്ള ഒരു ദിവസം. അമ്മ ജെഫുന്നീസയുടെ ആരോഗ്യസ്ഥിതി വളരെ മോശമായി. പകല്‍ മുഴുവന്‍ വര്‍ദ്ധിച്ച അസ്വസ്ഥതകള്‍ കാണിച്ച ജെഫറുനീസ രാത്രിയില്‍ ബോധരഹിതയായി. അവരെ ഉടന്‍ തന്നെ ജല്‍പായ്ഗുഡി സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് കരിമൂള്ളിന് മനസ്സിലായി. 45 കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. ടെലികോം വിപ്ലവങ്ങള്‍ക്ക് മുമ്പുള്ള കാലത്ത് അത്രമേല്‍ സമ്പന്നരായ ചിലര്‍ക്ക് മാത്രമേ ലാന്‍ഡ് ഫോണ്‍ ഉണ്ടായിരുന്നുള്ളൂ. മൊബൈല്‍ ഫോണ്‍ സാധാരണക്കാരുടെ ഉപകരണവുമായിരുന്നില്ല. അതുകൊണ്ടാണ് പരിഭ്രാന്തനായ കരീമൂളിന് തണുത്ത രാത്രിയില്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ഒരു വാഹനം ലഭിക്കുന്നതിനായി കിലോമീറ്റര്‍ ദൂരെയുള്ള ക്രാന്തി ബസാറിലേക്ക് ഓടേണ്ടി വന്നത്. ഒരു ആംബുലന്‍സ് കിട്ടുക എന്നത് അസാധ്യമാണെന്ന് കരീമൂളിന് അറിയാമായിരുന്നു. അംബാസിഡര്‍ സ്വന്തമായുള്ള ഒരു ബിസിനസുകാരന്റെ സഹായം തേടിയെങ്കിലും രാത്രിയില്‍ ഡ്രൈവര്‍ സ്ഥലത്തില്ലാതിരുന്നതുകൊണ്ട് അതും ലഭ്യമായില്ല. സമയം കളയാനാകില്ലെന്ന് കരീമൂളിന് അറിയാമായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ആയില്ലെങ്കില്‍ അമ്മയെ നഷ്ടപ്പെടും. കരിമൂള് വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അമ്മ ശ്വാസത്തിനായി പിടയുകയായിരുന്നു. തനിക്കു മുമ്പില്‍ ലോകം തകര്‍ന്നുവീഴുന്നതുപോലെ അയാള്‍ക്ക് തോന്നി. പക്ഷേ, ഒന്നും ചെയ്യാനാകുമായിരുന്നില്ല അമ്മയെ രക്ഷിക്കാന്‍ പ്രാര്‍ഥിക്കുക മാത്രമായിരുന്നു അയാള്‍ക്ക് ചെയ്യാനാകുന്നത്. അല്ലെങ്കില്‍ ഒരു ആംബുലന്‍സ് അയച്ചു തരാന്‍ അല്ലാഹുവിനോട് ആവശ്യപ്പെടുക. നിസ്സഹായനായ കരീമൂള് വഴിയോരത്തിരുന്ന് ഹൃദയം പൊട്ടിക്കരഞ്ഞു. പിന്നീട് അമ്മയുടെ മുഖത്തെ വേദനയോര്‍ത്ത് വീട്ടിലേക്ക് പാഞ്ഞു. അമ്മയുടെ അരികിലിരുന്നു ആശുപത്രിയില്‍ കൊണ്ടുപോകാനാകാത്തതില് കണ്ണീരോടെ മാപ്പ് അപേക്ഷിച്ചു. അധികം താമസിയാതെ അമ്മ അന്ത്യശ്വാസം വലിച്ചു. അതിനുശേഷം കരീമൂള് വിഷാദവാനായി. ചികിത്സ കിട്ടാതെയും ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സോ മറ്റു വാഹനമോ കിട്ടാതെയാണ് അമ്മ മരിച്ചതെന്ന് കുറ്റബോധം അയാളെ വേട്ടയാടി. അടുത്ത ആറുമാസം അയാള്‍ക്ക് നന്നായി ഉറങ്ങുവാനോ ആളുകളോട് സംസാരിക്കാനോ നന്നായി ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ല. അമ്മയുടെ മരണ സാഹചര്യങ്ങളുടെ ഓര്മ അയാളെ പീഡിപ്പിച്ചു. അമ്മ ചികിത്സ കിട്ടാതെ മരിച്ചത് അയാള്‍ പലതവണ സ്വപ്നം കണ്ടു. ജോലി ചെയ്യാതെയും പകലും രാത്രിയും പുറത്തിറങ്ങാതെയും കരീമൂള് ദിവസങ്ങള്‍ കഴിച്ചുകൂട്ടി. ശരിയായ സമയത്ത് വേണ്ട ചികിത്സ കിട്ടാതെ മരണമടയുന്ന പാവപ്പെട്ടവര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്ന് ചിന്തയിലാണ് ഒടുവില്‍ കരീമൂള് എത്തിയത്. സ്ഥിര ജോലിയില്ലാത്ത ദിവസക്കൂലിക്കാരനായ അയാള്‍ക്ക് എന്ത് ചെയ്യാനാകും?
1999ല്‍ തേയില തോട്ടത്തില്‍ ജോലിചെയ്യുമ്പോള്‍ കൂടെയുള്ള തൊഴിലാളി ഐജുള് ഹക്ക് കുഴഞ്ഞുവീണു. ജോലിക്കാര്‍ ആംബുലന്‍സിന് ശ്രമിച്ചെങ്കിലും അവര്‍ക്ക് അത് കിട്ടിയില്ല. സമയം കടന്നു പോകുകയായിരുന്നു. കുഴഞ്ഞുവീണ രോഗിക്ക് അടിയന്തരസഹായം ആവശ്യമായിരുന്നു. ചികിത്സ കിട്ടാതെ ഐജുള് മരിക്കുമെന്ന് മനസ്സിലാക്കിയ കരീമൂള് അമ്മയുടെ മരണം ഓര്‍ത്തു. പെട്ടെന്നയാള്‍ മാനേജരുടെ ബൈക്ക് വാങ്ങി ഐജുളിനെ പിന്നിലിരുത്തി തുണികൊണ്ട് ചേര്‍ത്ത് കെട്ടുവാന്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അങ്ങനെ രോഗിയെ പിന്നില്‍ കെട്ടിവെച്ച് കരീമൂള് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോയി. രോഗിയെ പെട്ടെന്ന് തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അവിടെയുള്ള ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് അവിടേക്ക് പറഞ്ഞു. ഐജുളിന് അവിടെ ചികിത്സ കിട്ടുകയും സുഖം പ്രാപിക്കുകയും ചെയ്തു. സമയോചിതമായ ഇടപെടലാണ് ജീവന് രക്ഷിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഈ സംഭവം കരീമുളിന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. ഒരു മോട്ടോര്‍ ബൈക്കിന് ആംബുലന്‍സിന്റെ സേവനം നിര്‍വഹിക്കാനാവുമെന്ന് അയാള്‍ മനസ്സിലാക്കി. പാവപ്പെട്ട മനുഷ്യരെ സഹായിക്കാന്‍ ഒരു ബൈക്ക് സ്വന്തമാക്കണമെന്ന ആശയം കരിമൂളിന്റെ മനസ്സില്‍ സ്ഥാനം നേടി. അങ്ങനെ ചെയ്താല്‍ അമ്മയോട് ചെയ്യാന്‍ കഴിയാതിരുന്ന കടമയ്ക്ക് പ്രായശ്ചിത്തം ആകുമെന്നും അയാള്‍ ഉറപ്പിച്ചു. മകളുടെ വിവാഹത്തിന് കരുതിവച്ച പണം ഉപയോഗിച്ച് അയാള്‍ ഒരു ബൈക്ക് സ്വന്തമാക്കി. ആ ബൈക്ക് പിന്നീട് അനേകര്‍ക്ക് തുണയായി. നാലായിരത്തോളം പേരെ രക്ഷിക്കുന്ന ബൈക്ക് ആംബുലന്‍സ് ആയി അത് മാറി. കരീം ഉള് ഹക്ക്, ബൈക്ക് ആംബുലന്‍സ് ദാദയുമായി അറിയപ്പെട്ടു.
2016ല്‍ ബജാജ് മോട്ടേഴ്സ് അവരുടെ പ്രചരണത്തിന്റെ ഭാഗമായി ഇന്‍വിസിബിള്‍ ഇന്ത്യന്‍സ് പുറത്തിറക്കി (Invincible Indians: stories that invoke pride everyday). മോട്ടോര്‍ ബൈക്കുമായി ബന്ധപ്പെട്ട് സേവനമനുഷ്ഠിക്കുന്ന കരീം ഉള് ഹക്കിന്റെ ജീവിതകഥ ആ പരസ്യചിത്രത്തിന് വളരെ അനുയോജ്യമാണെന്ന് അവര്‍ മനസ്സിലാക്കി. കരീമൂളിന്റെ ഗ്രാമത്തില്‍ എത്തി അവര്‍ ഡോക്കുമെന്ററിയുടെ ചിത്രീകരണം നടത്തി. അതിനുശേഷം കരീമൂളിനെ നാസിക്കിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവസാന സീനില്‍ ബൈക്ക് മൂടിയിട്ടിരുന്ന കവര്‍ മാറ്റുന്ന രംഗം യഥാര്‍ത്ഥത്തില്‍ ഉള്ളതാണ്. അതില്‍ കരീമൂള് അഭിനയിക്കുകയല്ല ചെയ്തത്.
അദ്ദേഹത്തെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ വലിയൊരു വസ്തു തുണികൊണ്ടു മൂടിയിട്ടിരുന്നു. അദ്ദേഹത്തോട് ആ തുണി മാറ്റാന്‍ ആവശ്യപ്പെട്ടു. പറഞ്ഞതുപോലെ കരീമൂള് ചെയ്തു. അപ്പോള്‍ ഒരു രോഗിയെ സൗകര്യപ്രദമായി കൊണ്ടുപോകാന്‍ കഴിയുന്ന ബൈക്ക് ആംബുലന്‍സ് കണ്ട് അദ്ദേഹം അത്ഭുതപരതന്ത്രനായി. ഈ രംഗം ഡോക്യുമെന്ററിയില്‍ അതിമനോഹരമായി ചിത്രീകരിക്കപ്പെട്ടു. കരീമൂളിന്റെ പ്രതികരണം കാണുന്ന ആരുടേയും ഹൃദയമിടിപ്പിനെ അത് ബാധിക്കും. വാട്ടര്‍പ്രൂഫ് സ്ട്രെച്ചര്‍,ഓക്സിജന്‍ സിലിണ്ടറിനുള്ള പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന പ്രത്യേകമായി രൂപകല്പന ചെയ്ത ബജാജ് V15 മോട്ടോര്‍ ബൈക്ക് ആംബുലന്‍സ് അങ്ങനെ വിപണിയിലെത്തി. കരിമൂളിന്റെ വിശ്വസ്ത സഹയാത്രികനുമായി ആ ബൈക്ക്.
കരീം ഉള് ഹക്ക് തന്റെ ജീവിതം കെട്ടിപ്പടുത്തത് സ്വാമി വിവേകാനന്ദന്റെ വാക്കുകളുടെ അടിസ്ഥാനത്തിലാണ്. ദൈവത്തെ സേവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മനുഷ്യരെ സേവിക്കുക. ഇന്ത്യയിലെ മഹാനായ ഈ സന്യാസിയുടെ വാക്കും ജീവിതവും പ്രവ്യത്തിയുമാണ് തന്റെ ഏറ്റവും വലിയ പ്രചോദനം എന്ന് ബൈക്ക് ആംബുലന്‍സ് ദാദ പറയുന്നു. മാതൃഭുമി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് സ്മിത മീനാക്ഷിയാണ്.
അസാധാരണ പ്രവൃത്തികള്‍ ചെയ്യാന്‍ സാധാരണ മനുഷ്യര്‍ക്കും കഴിയുമെന്ന് പ്രഖ്യാപിക്കുന്നു ഈ പുസ്തകം.