നമ്മുടെ പാര്‍ലമെന്റിലും നിയമസഭകളിലും സഭാംഗങ്ങള്‍ നടത്തുന്ന ഗുണ്ടാ വിളയാട്ടത്തിന് പാര്‍ലമെന്ററി പ്രിവിലേജിന്റെ സംരക്ഷണ കവചം ഇനിയും നല്‍കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കോടിക്കണക്കിന് രൂപ ചെലവ് വരുന്ന പാര്‍ലമെന്റ് സമ്മേളനങ്ങളും നിയമസഭാ സമ്മേളനങ്ങളും ബഹളങ്ങളില്‍ അലങ്കോലപ്പെടുമ്പോള്‍ അന്നത്തെ അന്നത്തിന് ഉഴറുന്ന പൗരന്റെ പൗരാവകാശങ്ങളിലേക്ക് ചെളി വാരിയെറിയപ്പെടുന്നു.
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും അയക്കപ്പെടുന്ന ജനപ്രതിനിധികളുടെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ കൊണ്ട് പരാജയപ്പെടുത്തപ്പെടുന്നത് ജനങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും ആണ്. ഒരു ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും പവിത്രമായ ഇടമായി കരുതപ്പെടേണ്ട നിയമനിര്‍മ്മാണ സഭകളും പാര്‍ലമെന്റും ജനങ്ങളുടെ അവകാശങ്ങളും തങ്ങള്‍ തിരഞ്ഞെടുത്ത് തങ്ങളെ പ്രതിനിധീകരിക്കാന്‍ നിയമനിര്‍മ്മാണ സഭകളിലേക്ക് അയക്കുന്നവരില്‍ അര്‍പ്പിക്കുന്ന സ്വപ്നങ്ങളും പ്രതീക്ഷകളും ഗിലറ്റിന്‍ ചെയ്തു കളയുന്ന അറവുശാലകള്‍ ആയി അധഃപതിക്കുമ്പോള്‍ ഈ രാജ്യം ഇന്നലെ ചെയ്ത ഏതോ ദുഷ്കര്‍മ്മത്തിന്റെ ഫലമാണോ നാം ഇന്ന് ‘സഹിക്കുന്ന’നമ്മുടെ ജനപ്രതിനിധികള്‍ എന്ന സംശയം മുളയെടുക്കുന്നു.
തങ്ങളുടെ നിയോജക മണ്ഡലങ്ങളില്‍ നിന്ന് ജനങ്ങള്‍ തിരഞ്ഞെടുത്തുവിടുന്ന ജനപ്രതിനിധികള്‍ തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ഫലദായകമായ ചര്‍ച്ചകളിലൂടെ നേടി തരുമെന്നും നാം ഇന്ന് നേരിടുന്നതും വരുംകാലങ്ങളില്‍ അതിദാരുണമായ രീതിയില്‍ നേരിടേണ്ടി വന്നേക്കാവുന്നതുമായ പ്രകൃതി നാശത്തെക്കുറിച്ചും കാടുകളെയും ജലാശയങ്ങളെയും ജീവ വര്‍ഗ്ഗങ്ങളെയും മറ്റും സംരക്ഷിച്ചു നിര്‍ത്തേണ്ട മാര്‍ഗ്ഗങ്ങള്‍ തിരയുന്ന ചര്‍ച്ചകളിലേക്ക് മനസ്സ് തുറക്കുമെന്നും വെറുതെ മോഹിക്കുന്നവരായി ജനങ്ങള്‍ മാറുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ 105ഉം194ഉം അനുച്ഛേദങ്ങള്‍ പാര്‍ലമെന്റിനും നിയമനിര്‍മ്മാണ സഭകള്‍ക്കും അതിലെ അംഗങ്ങള്‍ക്കും പ്രത്യേകാവകാശങ്ങള്‍ വിഭാവനം ചെയ്യുന്നതിന്റെ പിന്നിലും ജനാധിപത്യക്രമത്തിന്റെ ബലിസ്റ്റീകരണം തന്നെയാണ് ലക്ഷ്യം. ഇന്ത്യാ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നത് മറ്റേതൊരു രാജ്യത്തിന്റെയും കാര്യത്തില്‍ എന്ന പോലെ ഇവിടുത്തെ പാര്‍ലമെന്റും നിയമനിര്‍മ്മാണ സഭകളും തന്നെയാണ്. ആ നിയമനിര്‍മ്മാണ സഭകളില്‍ ഉത്തരവാദിത്വബോധമുള്ള, ജനങ്ങളോട് കുറുള്ള, പ്രകൃതി ബോധമുള്ള ജനപ്രതിനിധികളുടെ എണ്ണം നാമമാത്രമായി ചുരുങ്ങുന്നത് വേദനാജനകം തന്നെ. നമ്മുടെ പാര്‍ലമെന്റിലും നിയമസഭകളിലും സഭാംഗങ്ങള്‍ നടത്തുന്ന ഗുണ്ടാ വിളയാട്ടത്തിന് പാര്‍ലമെന്ററി പ്രിവിലേജിന്റെ സംരക്ഷണ കവചം ഇനിയും നല്‍കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന പാര്‍ലമെന്റ് സമ്മേളനങ്ങളും നിയമസഭാ സമ്മേളനങ്ങളും ബഹളങ്ങളില്‍ അലങ്കോലപ്പെടുമ്പോള്‍ അന്നത്തെ അന്നത്തിന് ഉഴറുന്ന പൗരന്റെ പൗരാവകാശങ്ങളിലേക്ക് ചെളി വാരിയെറിയപ്പെടുന്നു.
ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പാര്‍ലമെന്റും നിയമസഭയും പ്രവര്‍ത്തിക്കുന്നതെന്ന് ഒരിക്കലും മറക്കരുത്.
മാര്‍ച്ച് മാസം 30 വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി ഇരുപത്തിയൊന്നാം തീയതി അവസാനിപ്പിച്ചത് ഏറ്റവും വേദനാജനകമാണ്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ ്അവഗണിച്ചതും പല നിര്‍ണായക ബില്ലുകളും ചര്‍ച്ചയില്ലാതെ ഗില്ലറ്റിന് ചെയ്തതും ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന പ്രവണതകളാണ്. മറുഭാഗം കേള്‍ക്കുക (audi alteram partem ) എന്ന സ്വാഭാവിക നിയമം ലംഘിക്കപ്പെടുകയാണ് ചര്‍ച്ചയില്ലാത്ത തീരുമാനങ്ങളില്‍ സംഭവിക്കുന്നത്.
ഏര്സ്കിന് മെയ്(Erskine May) ന്റെ ‘Treatise on the Law, Privileges, Proceedings and Usage of Parliament’നിയമനിര്‍മ്മാണ സഭകളുടെ പ്രത്യേക അവകാശത്തെക്കുറിച്ച് വിശാലമായി പ്രതിപാദിക്കുന്നുണ്ട്. ജനപ്രതിനിധിക്ക് ഭയലേശമെന്യ നിയമനിര്‍മ്മാണ സഭയ്ക്കുള്ളില്‍ തന്റെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള പ്രത്യേകാവകാശങ്ങളും നിയമ നിര്‍മ്മാണ സഭയ്ക്ക് മൊത്തത്തിലുള്ള അവകാശങ്ങളെയും സൂചിപ്പിക്കുന്ന ശുഭോതര്‍ക്കമായ ഒരാശയത്തിന്റെ പേരാണ് പാര്‍ലമെന്ററി പ്രിവിലേജ്. ഇത്തരം പ്രത്യേക അവകാശങ്ങള്‍ ജനപ്രതിനിധിയെ ഫലദായകവും ക്രിയാത്മകവും സ്വതന്ത്രവുമായ ആശയ വിനിമയത്തിന് സഹായിക്കും. ഭരണഘടനയുടെ അനുഛേദം 19 ല്‍ വിഭാവനം ചെയ്യുന്ന ആശയ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ചില യുക്തി സഹജമായ പരിമിതികള്‍ (reasonable restrictions) ഉണ്ടെങ്കിലും പാര്‍ലമെന്ററി പ്രിവിലേജില്‍ ജനപ്രതിനിധിക്ക് വിശാലമായ പരിധികള്‍ നിശ്ചയിക്കാത്ത സംവാദവകാശം നല്കുന്നു. അയാള്‍ പാര്‍ലമെന്റിന് അകത്തും നിയമസഭകള്ക്കുള്ളിലും പറയുന്ന കാര്യങ്ങള്‍ക്ക് പൂര്‍ണ്ണസംരക്ഷണം ലഭിക്കുന്നു; കോടതി വ്യവഹാരങ്ങളില്‍ നിന്ന്. പാര്‍ലമെന്റ് അഥവാ നിയമസഭ എന്ന നിലയില്‍ നിയമനിര്‍മ്മാണ സഭയ്ക്ക് സഭയുടെ അച്ചടക്കം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും സഭാ അലക്ഷ്യത്തിന് (contempt) ഒരാളെ ശിക്ഷിക്കുന്നതിനും അപമര്യാദയായി പെരുമാറുന്ന അംഗങ്ങളെ പുറത്താക്കുന്നതിനുള്ള അവകാശമുണ്ട്. നിയമനിര്‍മ്മാണ സഭയ്ക്ക് അതിന്റെ ആഭ്യന്തര കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപപ്പെടുത്താനും അതിന്റെ അംഗങ്ങളുടെ ഹാജര്‍ രേഖപ്പെടുത്താനും അംഗങ്ങളുടെ സേവനം ഉറപ്പുവരുത്താനും അധികാരമുണ്ട്. കൂടാതെ മറ്റ് അനേകം അധികാരങ്ങളും പാര്‍ലമെന്ററി പ്രിവിലേജ് നിയമസഭയിക്കും സാമാജികര്‍ക്കും നല്കുന്നു.
എന്നാല്‍ ഈ സാമാജികര്‍ ഓര്‍ക്കേണ്ട കാര്യം, ഈ പ്രത്യേക അവകാശങ്ങള്‍ ഇവരുടെ വ്യക്തിപരമായ താല്പര്യങ്ങള് സംരക്ഷിക്കുന്നതിലുപരി തങ്ങളെ തിരഞ്ഞെടുത്തു വിട്ട ജനങ്ങളുടെ, തങ്ങളുടെ നിയോജകമണ്ഡലങ്ങളുടെ താല്പര്യങ്ങളും അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്നതാണ്.