അമേരിക്കയെന്ന മുതലാളിത്ത രാജ്യം, അവിടത്തെ ഐടി മാലിന്യങ്ങള്‍ തള്ളാന്‍ വേണ്ടി കണ്ടുവച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യാ മഹാരാജ്യം!
ആ ചെയ്ത്ത് ശരിയോ എന്നു ചോദിച്ചാല്‍ സാമ്രാജ്യത്വ വിരുദ്ധരായ കമ്യൂണിസ്റ്റുകാര്‍ മുതല്‍ മുതലാളിത്ത അനുകൂലികളായ കോണ്ഗ്രസ്സുകാര് വരെ ശരിയല്ലാ ശരിയല്ലായെന്ന് ഒരേസ്വരത്തില്‍ മുദ്രാവാക്യം വിളിക്കും!
കൊച്ചി നഗരത്തിലെ ചീഞ്ഞളിഞ്ഞ മാലിന്യം കൊണ്ടുപോയി തള്ളുന്നതിനുവേണ്ടി കൊച്ചി കോര്പ്പറേഷന് ഭരിക്കുന്ന മനുഷ്യ സ്നേഹികളായ ഭരണാധികാരികള്‍ കണ്ടുപിടിച്ച ഇടമാണ് ബ്രഹ്മപുരം. എറണാകുളം ജില്ലയിലെ അമ്പലമുകളിന് സമീപം വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലാണ് ബ്രഹ്മപുരം. കൊച്ചി കോര്പറേഷന്, തൃക്കാക്കര, തൃപ്പൂണിത്തുറ , കളമശേരി, ആലുവ, അങ്കമാലി എന്നീ അഞ്ച് നഗരസഭകള്‍, ചേരാനെല്ലൂര്‍, കുമ്പളങ്ങി, വടവുകോട് -പുത്തന്‍കുരിശ് എന്നീ മൂന്ന് പഞ്ചായത്തുകള്‍- എന്നീ ഇടങ്ങളിലെ നഗരമാലിന്യമത്രയും ഈ കൊച്ചുഗ്രാമത്തില്‍ കൊണ്ടുതള്ളുന്നത് ശരിയോ എന്നു ചോദിച്ചാല്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല കോണ്‍ഗ്രസുകാരും മിണ്ടാതിരിക്കും!
ഇവിടെ ദിവസേന എത്തുന്ന മാലിന്യത്തിന്റെ തോത് മുന്നൂറിലേറെ ടണ്‍ ആണത്രേ. 200 ലേറെ ടണ്‍ ജൈവമാലിന്യവും അതിന്റെ പകുതിയോളം അജൈവ മാലിന്യവും. സംസ്കരണത്തിന്റെ കഥ ഇവിടം കൊണ്ടൊന്നും തീരില്ല, കോടികളുടെ അഴിമതി മാത്രം മുറക്ക് നടക്കുന്നു!
കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിനു വേണ്ടി കോര്പറേഷന് ചെലവഴിച്ചത് ഏകദേശം 150 കോടിരൂപ. മാലിന്യക്കടത്തിനും സംസ്കരണത്തിനുമായി വര്‍ഷംതോറും 10 കോടി രൂപ. മാലിന്യം മാത്രം ഒരു തരിപോലും കുറഞ്ഞില്ല. ശാസ്ത്രീയമായി സംസ്കരിച്ചു നീക്കാനായി ബയോമൈനിങ് നടത്താന്‍ കോര്‍പറേഷനു ചെലവഴിക്കേണ്ടി വരുന്നത് ഇനിയും 55 കോടിയോളം രൂപ. എങ്ങനുണ്ട് കണക്കിലെ കളികള്‍!
കോണ്‍ഗ്രസുകാര്‍ കോര്പറേഷന് ഭരിക്കുമ്പോള്‍ ഇതെന്തു നീതി ഇതെന്തു ഞായം പറയൂ പറയൂ കാണ്‍ഗ്രസേ….എന്ന് കമ്യൂണിസ്റ്റുകാരും, മാര്‍ക്സിസ്റ്റുകാര്‍ കോര്പറേഷന് ഭരിക്കുമ്പോള്‍, ഇതെന്തു നീതി ഇതെന്തു ഞായം പറയൂ പറയൂ മാര്‍ക്കിസ്റ്റേ എന്ന് കോണ്‍ഗ്രസുകാരും മുദ്രാവാക്യം വിളിക്കും! കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്നുതന്നെയാണ് തക്കവും തരവും പോലെ, പ്രബുദ്ധരും ജനാധിപത്യ പൗരാവകാശ മനുഷ്യാവകാശ വാദികളുമായ നമ്മള് കേരളീയരും പ്രഘോഷിക്കുന്നതെന്ന് ചെറിയൊരു മാലിന്യപ്രശ്നം കൊണ്ടുതന്നെ പിടികിട്ടിയില്ലേ? പിന്നെന്തിന് ഗര്‍വിഷ്ഠരും സ്വാര്‍ത്ഥരും പൗരാവകാശ മനുഷ്യാവകാശ നിഷേധികളും ആയ അമേരിക്കന്‍ സാമ്രാജ്യത്വത്തെ കുറ്റപ്പെടുത്തണം?
വലിയ മൃഗങ്ങള്‍ ചെറിയ മൃഗങ്ങളെ വിശന്നാല്‍ മാത്രം കൊന്നുതിന്നും. വലിയ മനുഷ്യര്‍ ചെറിയ മനുഷ്യരെ തക്കം കിട്ടുമ്പോഴൊക്കെ കൊന്നൊടുക്കും. വലിയ മനുഷ്യര്‍ ചെറിയ മനുഷ്യരുടെ ആവാസകേന്ദ്രങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടുചെന്നു തള്ളും! ‘സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്’ എന്നാണ് പുതുലോക ക്രമത്തിന്റെ മുദ്രാവാക്യം! ഇപ്പോള്‍ യോഗ്യന്മാരല്ല അതിജീവിക്കുന്നത്; കരുത്തന്മാരാണ്.
നമ്മുടെ വീട്ടില്‍ ഉണ്ടാകുന്ന മാലിന്യം ആരാന്റെ പുരയിടത്തിലേക്ക് എറിയുന്ന നമ്മള്, അതിരാവിലെ പള്ളിയിലേക്കും, ക്ഷേത്രത്തിലേക്കും കാറിലോ ബൈക്കിലോ പോകുമ്പോള്‍ തലേന്നത്തെ വീട്ടുമാലിന്യമത്രയും ക്യാരി ബാഗിലാക്കി കൂടെ കൊണ്ടുപോയി ഏതെങ്കിലും വഴിയരികില്‍ എറിഞ്ഞുകളയുന്ന പരിഷ്കാരത്തിന്റെ പേരാണ് സംസ്കാരം.
ബാലരമയുടെ അവസാനപ്പുറത്ത് കൊച്ചുപിള്ളേര് സങ്കല്‍പ്പിക്കും പോലെ ഈ ജനാധിപത്യത്തിലും ഏറെ ഭേദം മൃഗാധിപത്യം തന്നെയാണെന്ന് തോന്നിപ്പോകുന്നു!